നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഡേവിഡ് റോപ്പര്‍

നാം പ്രാധാന്യമുള്ളവരോ?

കുറച്ച് മാസങ്ങളായി, വിശ്വാസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു യുവാവുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു അവസരത്തില്‍ അദ്ദേഹം എഴുതി, ''നമ്മള്‍ കേവലം ചരിത്രത്തിന്റെ സമയരേഖയിലെ കൊച്ചു കൊച്ചു പൊട്ടുകള്‍ അല്ലാതൊന്നുമല്ല. നമുക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ?'

യിസ്രായേലിന്റെ പ്രവാചകനായിരുന്ന മോശെ അതു സമ്മതിക്കും: ''ഞങ്ങളുടെ ആയുഷ്‌കാലം ... അതു വേഗം തീരുകയും ഞങ്ങള്‍ പറന്നുപോകുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം 90:10). ജീവിതത്തിന്റെ ക്ഷണികത നമ്മെ വിഷമിപ്പിക്കുകയും നമുക്ക് പ്രാധാന്യമുണ്ടോ എന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

നമുക്കു പ്രാധാന്യമുണ്ട്. നമ്മെ സൃഷ്ടിച്ച ദൈവത്താല്‍ നാം ആഴമായി, നിത്യമായി സ്‌നേഹിക്കപ്പെടുന്നതിനാല്‍ നമുക്കു പ്രാധാന്യമുണ്ട്. ഈ സങ്കീര്‍ത്തനത്തില്‍ മോശെ പ്രാര്‍ത്ഥിക്കുന്നു, ''ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കണമേ' (വാക്യം 14). നാം പ്രാധാന്യമുള്ളവരാണ് കാരണം നാം ദൈവത്തിനു പ്രാധാന്യമുള്ളവരാണ്.

നമുക്കു ദൈവസ്‌നേഹം മറ്റുള്ളവരോട് കാണിക്കാന്‍ കഴിയുമെന്നതിനാല്‍ നമുക്കു പ്രാധാന്യമുണ്ട്. നമ്മുടെ ജീവിതം ഹ്രസ്വമാണെങ്കിലും, ദൈവസ്‌നേഹത്തിന്റെ ഒരു പൈതൃകം വെച്ചിട്ടുപോകാന്‍ നമുക്കു കഴിയുമെങ്കില്‍ അവ അര്‍ത്ഥശൂന്യമല്ല. പണം സമ്പാദിക്കാനും മികച്ച നിലയില്‍ വിരമിക്കല്‍ ജീവിതം നയിക്കാനുമല്ല നാം ഇവിടെ ഭൂമിയില്‍ ആയിരിക്കുന്നത്, മറിച്ച് മറ്റുള്ളവര്‍ക്ക് ദൈവസ്‌നേഹം കാണിച്ചുകൊടുത്തുകൊണ്ട് 'ദൈവത്തെ വെളിപ്പെടുത്തുവാന്‍' ആണ്.

ഒടുവിലായി, ഈ ഭൂമിയിലെ ജീവിതം ക്ഷണികമാണെങ്കിലും, ഞങ്ങള്‍ നിത്യതയ്ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാം എന്നേക്കും ജീവിക്കും. ദൈവം ''കാലത്തു തന്നേ (തന്റെ) ദയകൊണ്ടു നമ്മെ തൃപ്തരാക്കും'' എന്ന് ഉറപ്പുനല്‍കിയപ്പോള്‍ മോശെ ഉദ്ദേശിച്ചത് അതാണ്. ആ ''പ്രഭാതത്തില്‍'' നാം ജീവിക്കുവാനും സ്‌നേഹിക്കുവാനും എന്നെന്നേക്കുമായി സ്‌നേഹിക്കപ്പെടാനുമായി ഉയിര്‍ത്തെഴുന്നേല്ക്കും. അത് അര്‍ത്ഥവത്തായി തോന്നുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് അര്‍ത്ഥമുള്ളതെന്ന് എനിക്കറിയില്ല.

വീണ്ടും പരാജയപ്പെട്ടു

എന്റെ പ്രസംഗ-തയ്യാറാക്കലിന്റെ ആരംഭ നാളുകളില്‍, ഞാന്‍ ചില ഞായറാഴ്ച പ്രഭാതങ്ങളെ സമീപിച്ചിരുന്നത് ഒരു പുഴുവിനു സമാനമായിട്ടായിരുന്നു. തലേ ആഴ്ചയില്‍, ഞാന്‍ മികച്ച ഭര്‍ത്താവോ, പിതാവോ, സുഹൃത്തോ ആയിരുന്നില്ല. ദൈവം എന്നെ വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് ശരിയായ ജീവിതത്തിന്റെ ഒരു ട്രാക്ക് റെക്കോര്‍ഡ് സ്ഥാപിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അതിനാല്‍ എനിക്ക് കഴിയുന്നത്ര മികച്ച രീതിയില്‍ പ്രഭാഷണം നടത്തുകയും അടുത്ത ആഴ്ച നന്നായി ജീവിക്കാന്‍ ശ്രമിക്കുമെന്നും ഞാന്‍ ശപഥം ചെയ്തു.

അത് ശരിയായ സമീപനമായിരുന്നില്ല. ഗലാത്യര്‍ 3-ല്‍, ദൈവം നിരന്തരം തന്റെ ആത്മാവിനെ നമുക്കു പ്രദാനം ചെയ്യുന്നുവെന്നും ഒരു സൗജന്യ ദാനമായി നമ്മിലൂടെ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നും പറയുന്നു - നാം എന്തെങ്കിലും ചെയ്തതിനാലോ നാം അതിന് അര്‍ഹരായതിനാലോ അല്ല.

അബ്രഹാമിന്റെ ജീവിതം ഇത് പ്രകടമാക്കുന്നു. ചില സമയങ്ങളില്‍ അവന്‍ ഒരു ഭര്‍ത്താവെന്ന നിലയില്‍ പരാജയപ്പെട്ടു. ഉദാഹരണത്തിന്, സ്വന്തം ജീവന്‍ രക്ഷിക്കാനായി നുണ പറഞ്ഞ് അവന്‍ രണ്ടു പ്രാവശ്യം സാറയുടെ ജീവന്‍ അപകടത്തിലാക്കി (ഉല്പത്തി 12:10-20; 20:1-18). എന്നിട്ടും അവന്റെ വിശ്വാസം ''അവനു നീതിയായി കണക്കാക്കപ്പെട്ടു'' (ഗലാത്യര്‍ 3:6). പരാജയങ്ങള്‍ക്കിടയിലും അബ്രഹാം തന്നെത്തന്നെ ദൈവത്തിന്റെ കൈകളില്‍ ഏല്‍പ്പിച്ചു, അവന്റെ വംശത്തിലൂടെ ലോകത്തിന് രക്ഷ എത്തിക്കാന്‍ ദൈവം അവനെ ഉപയോഗിച്ചു.

മോശമായി പെരുമാറുന്നതിന് ഒരു ന്യായീകരണവുമില്ല. അനുസരണത്തോടെ തന്നെ അനുഗമിക്കാന്‍ യേശു നമ്മോട് ആവശ്യപ്പെട്ടിട്ടുണ്ട്, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവിടുന്ന് നല്‍കുന്നു. കഠിനവും അനുതാപമില്ലാത്തതുമായ ഒരു ഹൃദയം എല്ലായ്പോഴും നമുക്കുവേണ്ടിയുള്ള അവന്റെ ഉദ്ദേശ്യങ്ങളെ തടസ്സപ്പെടുത്തും. പക്ഷേ നമ്മെ ഉപയോഗിക്കാനുള്ള അവന്റെ കഴിവ് നമ്മുടെ നല്ല പെരുമാറ്റത്തിന്റെ ഒരു നീണ്ട ലിസ്റ്റിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. നാം ആയിരിക്കുന്ന അവസ്ഥയില്‍ നമ്മിലൂടെ പ്രവര്‍ത്തിക്കാനുള്ള ദൈവത്തിന്റെ സന്നദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ് അത് - അതായത് കൃപയാല്‍ രക്ഷിക്കപ്പെടുകയും വളരുകയും ചെയ്യുക. അവന്റെ കൃപയ്ക്കായി നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതില്ല - അതു സൗജന്യമാണ്.

കൊയ്ത്തു വരെ വിശ്വസ്തന്‍

എനിക്കറിയാവുന്ന ഒരു സ്ത്രീ ഒരു പ്രാദേശിക പാര്‍ക്കില്‍ ഒരു പരിപാടി ആസൂത്രണം ചെയ്യുകയും സമീപത്തുള്ള എല്ലാ കുട്ടികളെയും പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു. അയല്‍ക്കാരുമായി തന്റെ ക്രിസ്്തീയ വിശ്വാസം പങ്കുവെക്കാനുള്ള ആ അവസരത്തെക്കുറിച്ച് അവള്‍ ആവേശത്തിലായിരുന്നു.

തന്നെ സഹായിക്കാന്‍ അവള്‍ തന്റെ മൂന്ന് കൊച്ചുമക്കളെയും രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും നിയമിച്ചു, അവര്‍ക്കു ജോലികള്‍ പകുത്തു നല്‍കി. നിരവധി ഗെയിമുകളും മറ്റ് പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു, ഭക്ഷണം തയ്യാറാക്കി, കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ യേശുവിനെക്കുറിച്ച് ഒരു ബൈബിള്‍ കഥ തയ്യാറാക്കി, അവര്‍ ഒത്തുകൂടുന്നതിനായി കാത്തിരുന്നു.

ആദ്യത്തെ ദിവസം ഒരു കുട്ടി പോലും വന്നില്ല. രണ്ടാം ദിവസവും അങ്ങനെ തന്നേ. മൂന്നാം ദിവസവും ആരും വന്നില്ല. എന്നിരുന്നാലും, ഓരോ ദിവസവും എന്റെ സ്‌നേഹിത അവളുടെ പേരക്കുട്ടികളോടും സഹായികളോടും ഒപ്പം അതാതു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്തു.

നാലാം ദിവസം, ഒരു കുടുംബം വിനോദയാത്രയോടുള്ള ബന്ധത്തില്‍ സമീപത്ത് എത്തിയതു ശ്രദ്ധിച്ച അവര്‍ ഗെയിമുകളില്‍ ചേരാന്‍ കുട്ടികളെ ക്ഷണിച്ചു. ഒരു കൊച്ചു പെണ്‍കുട്ടി വന്നു, ഗെയിമുകളില്‍ പങ്കെടുത്തു, അവരോടൊപ്പം ഭക്ഷണം കഴിച്ചു, യേശുവിനെക്കുറിച്ചുള്ള കഥ ശ്രദ്ധിച്ചു. ഒരുപക്ഷേ വര്‍ഷങ്ങളോളം അവള്‍ അത് ഓര്‍ക്കും. ഫലം എന്താകുമെന്ന് ആര്‍ക്കറിയാം? ഗലാത്യലേഖനത്തിലൂടെ ദൈവം നമ്മെ പ്രോത്സാഹിപ്പിക്കുന്നു: ''നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും. ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്യുക' (6:9-10).

എണ്ണത്തെക്കുറിച്ചോ വിജയത്തിന്റെ മറ്റ് ദൃശ്യമായ മാനദണ്ഡങ്ങളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല. നാം ചെയ്യേണ്ട കാര്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുകയും കൊയ്ത്ത് അവനു വിട്ടുകൊടുക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ജോലി. അതിന്റെ ഫലങ്ങള്‍ ദൈവമാണു നിര്‍ണ്ണയിക്കുന്നത്.

വിഡ്ഢിവേഷം കെട്ടുക

ഒരു സെമിനാരിയുടെ അമ്പതാം വാര്‍ഷികത്തില്‍ ഞാന്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍ എന്നിവരെ അഭിസംബോധന ചെയ്ത ദിവസമാണ് എന്റെ ജീവിതത്തില്‍ നേരിട്ടിട്ടുള്ള ഏറ്റവും അപമാനകരമായ അനുഭവം. എന്റെ പ്രസംഗം കൈയില്‍ പിടിച്ച് ഞാന്‍ പ്രസംഗപീഠത്തെ സമീപിച്ചു, വിശാലമായ ജനക്കൂട്ടത്തെ നോക്കി, പക്ഷേ മുന്‍നിരയില്‍ അക്കാദമിക് ഗൗണ്‍ ധരിച്ച് വളരെ ഗൗരവത്തോടെ ഇരിക്കുന്ന പ്രശസ്തരായ പ്രൊഫസര്‍മാരുടെ മേല്‍ എന്റെ കണ്ണു പതിച്ചു. പെട്ടെന്ന് എന്റെ സ്ഥലകാലബോധം നഷ്ടപ്പെടുകയും എന്റെ വായ വരളുകയും എന്റെ തലച്ചോറ് എന്നില്‍ നിന്ന് അകന്നുപോകയും ചെയ്തു. ആദ്യത്തെ കുറച്ച് വാക്കുകള്‍ പറയുമ്പോള്‍ ഞാന്‍ ഇടറി, തുടര്‍ന്ന് മെച്ചപ്പെടാന്‍ തുടങ്ങി. എന്റെ പ്രഭാഷണത്തില്‍ ഞാന്‍ എവിടെ എത്തി എന്നറിയാതിരുന്നതിനാല്‍ ഞാന്‍ പരിഭ്രാന്തിയോടെ പേജുകള്‍ മറിക്കുകയും എന്തെല്ലാമോ അസംബന്ധങ്ങള്‍ സംസാരിക്കുകയും ചെയ്തു. അതു കേട്ടു സദസ്സ് അന്ധാളിച്ചു. എങ്ങനെയോ ഞാന്‍ പ്രസംഗം മുഴുമിപ്പിച്ച് എന്റെ കസേരയിലേക്ക് മടങ്ങി, തറയിലേക്ക് നോക്കിയിരുന്നു. എനിക്ക് മരിച്ചാല്‍ കൊള്ളാമെന്നു തോന്നി.

എന്നിരുന്നാലും, താഴ്മയിലേക്കു നയിക്കുമെങ്കില്‍ അപമാനം ഒരു നല്ല കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കി, കാരണം ഇതാണ് ദൈവത്തിന്റെ ഹൃദയത്തെ തുറക്കുന്ന താക്കോല്‍. തിരുവെഴുത്തു പറയുന്നു, ''ദൈവം നിഗളികളോട് തിര്‍ത്തുനില്ക്കുകയും താഴ്മയുള്ളവര്‍ക്കു കൃപ നല്കുകയും ചെയ്യുന്നു'' (യാക്കോബ് 4:6). അവന്‍ താഴ്മയുള്ളവരുടെമേല്‍ കൃപ ചൊരിയുന്നു. ദൈവം തന്നെ പറഞ്ഞു, ''അരിഷ്ടനും മനസ്സു തകര്‍ന്നവനും എന്റെ വചനത്തിങ്കല്‍ ിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും'' (യെശയ്യാവ് 66:2). നാം ദൈവമുമ്പാകെ താഴുമ്പോള്‍ അവന്‍ നമ്മെ ഉയര്‍ത്തുന്നു (യാക്കോബ് 4:10).

അപമാനവും ലജ്ജയും ദൈവത്തിന്റെ രൂപപ്പെടുത്തലിനായി നമ്മെ അവങ്കലേക്ക് അടുപ്പിക്കും. നാം വീഴുമ്പോള്‍ നാം അവന്റെ കൈകളിലേക്കാണു വീഴുന്നത്.

കര്‍ത്താവിന്റെ മുമ്പാകെ നൃത്തം ചെയ്യുക

വര്‍ഷങ്ങള്‍ക്കുമുമ്പ് , ഞാനും ഭാര്യയും ഒരു ചെറിയ പള്ളി സന്ദര്‍ശിച്ചു, അവിടെ ആരാധനാ വേളയില്‍ ഒരു സ്ത്രീ ഇടനാഴിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. അവളോടൊപ്പം താമസിയാതെ മറ്റുള്ളവരും ചേര്‍ന്നു. കരോലിനും ഞാനും പരസ്പരം നോക്കി, ഞങ്ങള്‍ക്കിടയില്‍ പറയാത്ത ഒരു കരാര്‍ പാസായി: ''ഞാനില്ല!'' ഗൗരവമേറിയ ആരാധനാക്രമത്തെ അനുകൂലിക്കുന്ന സഭാ പാരമ്പര്യങ്ങളില്‍ നിന്നാണ് ഞങ്ങള്‍ വന്നത്, ഈ ആരാധനാരീതി ഞങ്ങളുടെ ആശ്വാസമേഖലയ്ക്ക് അപ്പുറമായിരുന്നു.

എന്നാല്‍ മറിയയുടെ ''വെറുംചിലവി''നെക്കുറിച്ചുള്ള മര്‍ക്കൊസിന്റെ കഥയ്ക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍, യേശുവിനോടുള്ള നമ്മുടെ സ്നേഹം മറ്റുള്ളവര്‍ക്ക് അസുഖകരമായ രീതിയില്‍ പ്രകടിപ്പിക്കാമെന്ന് അത് സൂചിപ്പിക്കുന്നു (മര്‍ക്കൊസ് 14:1-9). ഒരു വര്‍ഷത്തെ വേതനം മറിയയുടെ അഭിഷേകത്തില്‍ ഉള്‍പ്പെട്ടിരുന്നു. ശിഷ്യന്മാരെ പരിഹസിക്കുന്ന ഒരു ''വിവേകശൂന്യമായ'' പ്രവൃത്തിയായിരുന്നു അത്. അവരുടെ പ്രതികരണത്തെ വിവരിക്കാന്‍ മര്‍ക്കൊസ് ഉപയോഗിക്കുന്ന വാക്കിന്റെ അര്‍ത്ഥം ''ചീറുക'' എന്നാണ്, ഒപ്പം പുച്ഛവും പരിഹാസവും നിര്‍ദ്ദേശിക്കുന്നു. യേശുവിന്റെ പ്രതികരണത്തെ ഭയന്ന് മറിയ ചൂളിപ്പോയിരുന്നിരിക്കാം. എന്നാല്‍ അവളുടെ ഭക്തിപ്രവൃത്തിയെ അവന്‍ അഭിനന്ദിക്കുകയും തന്റെ ശിഷ്യന്മാര്‍ക്കെതിരെ അവളെ പ്രതിരോധിക്കുകയും ചെയ്തു. കാരണം, യേശു അവളുടെ പ്രവൃത്തിയുടെ പിന്നിലെ സ്‌നേഹം കണ്ടു. അതിനെ അപ്രായോഗികമായ പ്രവൃത്തി എന്നു ചിലര്‍ കരുതിയേക്കാം. യേശു പറഞ്ഞു, ''അവളെ വിടുവിന്‍; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തത്' (വാ. 6).

അനൗപചാരികവും ഔപചാരികവും നിശബ്ദവും ഉത്സാഹഭരിതവും എന്നിങ്ങനെ വിവിധ ആരാധനാരീതികള്‍ യേശുവിനോടുള്ള സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥമായ ഒഴുക്കിനെ പ്രതിനിധീകരിക്കുന്നു. സ്‌നേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന എല്ലാ ആരാധനകള്‍ക്കും അവന്‍ യോഗ്യനാണ്.

അനായാസം അതു ചെയ്യുന്നു

ഞാനും അച്ഛനും മരങ്ങള്‍ വെട്ടിയിട്ട് രണ്ടു പേര്‍ക്കുപയോഗിക്കാവുന്ന വട്ടവാള്‍ കൊണ്ട് മുറിക്കുന്നു. ഞാന്‍ ചെറുപ്പവും ഊര്‍ജ്ജസ്വലനുമായതിനാല്‍ ഞാന്‍ വാള്‍ അമര്‍ത്തി മുറിക്കാന്‍ ശ്രമിക്കാറുണ്ട്. ''അനായാസം അതു ചെയ്യുന്നു'' അച്ഛന്‍ പറയും. ''വാള്‍ ജോലി ചെയ്യാന്‍ അനുവദിക്കുക.''

ഫിലിപ്പിയ ലേഖനത്തിലെ പൗലൊസിന്റെ വാക്കുകളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു: ''നിങ്ങളില്‍ ദൈവമല്ലോ ...
പ്രവര്‍ത്തിക്കുന്നത്'' (2:13). അനായാസം അതു ചെയ്യുന്നു. നമ്മെ രൂപാന്തരപ്പെട്ടുത്തുന്നതിനുള്ള വേല അവിടുന്ന് ചെയ്യട്ടെ.

ക്രിസ്തു പറഞ്ഞ കാര്യങ്ങള്‍ വായിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനേക്കാള്‍ ഉപരിയായ കാര്യമാണ് വളര്‍ച്ച എന്നത് എന്നാണ് സി. എസ്. ലൂയിസ് പറഞ്ഞത്. അദ്ദേഹം വിശദീകരിച്ചു, ''ഒരു യഥാര്‍ത്ഥ വ്യക്തി, ക്രിസ്തു. . . നിങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യുന്നു. . . ക്രമേണ നിങ്ങളെ എന്നേക്കുമായി മാറ്റുന്നു. . . ഒരു പുതിയ ചെറിയ ക്രിസ്തുവായി, ഒരു സത്ത. . . അവന്റെ ശക്തി, സന്തോഷം, അറിവ്, നിത്യത എന്നിവയില്‍ പങ്കുവഹിക്കുന്ന ഒരു വ്യക്തിയായി...'

ദൈവം ഇന്ന് ആ പ്രക്രിയയിലാണ്. യേശുവിന്റെ കാല്‍ക്കല്‍ ഇരുന്ന് അവനു പറയാനുള്ളത് സ്വീകരിക്കുക. പ്രാര്‍ത്ഥിക്കുക. ''ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിക്കുക'' (യൂദാ 1:21), നിങ്ങള്‍ അവന്റേതാണെന്ന് ദിവസം മുഴുവന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുക. അവന്‍ നിങ്ങളെ ക്രമേണ മാറ്റുന്നുവെന്ന ഉറപ്പില്‍ ഉറച്ചുനില്‍ക്കുക.

''എന്നാല്‍ നാം നീതിക്കായി വിശപ്പും ദാഹവും ഉള്ളവരാകേണ്ടതല്ലേ?'' താങ്കള്‍ ചോദിക്കുന്നു. ഒരു ചെറിയ കുട്ടി ഒരു അലമാരയില്‍ ഉയരത്തില്‍ ഇരിക്കുന്ന ഒരു സമ്മാനം എടുക്കാന്‍ ശ്രമിക്കുന്നതായി ചിത്രീകരിക്കുക, അവന്റെ കണ്ണുകള്‍ മോഹത്തോടെ തിളങ്ങുന്നു. ആ ആഗ്രഹം മനസ്സിലാക്കിയ പിതാവ് സമ്മാനം അവന് എടുത്തുകൊടുക്കുന്നു.

പ്രവൃത്തി ദൈവത്തിന്റേതാണ്; സന്തോഷം നമ്മുടേതാണ്. അനായാസം അത് ചെയ്യുന്നു. നാം ഒരു ദിവസം അവിടെയെത്തും.

ഭാവി മരംവെട്ടുകാരന്‍

ഞാന്‍ കോളേജില്‍ പഠിക്കുന്ന ഒരു വര്‍ഷം, ഞാന്‍ വിറക് വെട്ടുകയും അടുക്കിവയ്ക്കുകയും വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഇത് ഒരു കഠിനമായ ജോലിയായിരുന്നു, അതിനാല്‍ 2 രാജാക്കന്മാര്‍ 6-ാം അധ്യായത്തിലെ മരംവെട്ടുകാരനോട് എനിക്കു സഹാനുഭൂതിയുണ്ട്.

എലീശയുടെ പ്രവാചകന്മാര്‍ക്കുള്ള വിദ്യാലയം അഭിവൃദ്ധി പ്രാപിച്ചു, അവരുടെ ക്ലാസ് മുറി വളരെ ചെറുതായിത്തീര്‍ന്നു. കാട്ടിലേക്ക് പോയി മരങ്ങള്‍ വെട്ടിക്കൊണ്ടുവന്ന് അവരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്ന് ആരോ നിര്‍ദ്ദേശിച്ചു. എലീശ സമ്മതിച്ച് ജോലിക്കാരോടൊപ്പം പോയി. കാര്യങ്ങള്‍ വളരെ നന്നായി നടക്കുന്നതിനിടയിലാണ് ആരുടെയോ കോടാലി വെള്ളത്തില്‍ വീണത് (വാ. 5).

ചിലര്‍ അഭിപ്രായപ്പെടുന്നത് എലീശ ഒരു വടികൊണ്ട് വെള്ളത്തില്‍ പരതി നോക്കി കോടാലി കണ്ടെത്തിയശേഷം കമ്പുകൊണ്ട് പതുക്കെ പൊക്കിയെടുത്തു എന്നാണ്. അങ്ങനെയായിരുന്നുവെങ്കില്‍ അത് എടുത്തുപറയേണ്ട കാര്യമില്ല. ഇല്ല, അതൊരു അത്ഭുതമായിരുന്നു: ദൈവത്തിന്റെ കരത്താല്‍ കോടാലി ചലിച്ച് പൊങ്ങിക്കിടക്കാന്‍ തുടങ്ങി, അങ്ങനെ ആ മനുഷ്യന് അത് വീണ്ടെടുക്കാന്‍ കഴിഞ്ഞു (വാ. 6-7).

ലളിതമായ അത്ഭുതം അഗാധമായ ഒരു സത്യം ഉള്‍ക്കൊള്ളുന്നു: നഷ്ടപ്പെട്ട കോടാലി, നഷ്ടപ്പെട്ട താക്കോലുകള്‍, നഷ്ടപ്പെട്ട ഗ്ലാസുകള്‍, നഷ്ടപ്പെട്ട ഫോണുകള്‍ എന്നിങ്ങനെ നമ്മെ വിഷമിപ്പിക്കുന്ന ചെറിയ കാര്യങ്ങളെക്കുറിച്ച് ദൈവം ശ്രദ്ധാലുവാണ്. നഷ്ടപ്പെട്ടവയെ അവന്‍ എല്ലായ്പ്പോഴും പുനഃസ്ഥാപിക്കുകയില്ല, പക്ഷേ നമ്മുടെ ദുരിതത്തില്‍ അവന്‍ നമ്മെ മനസ്സിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ രക്ഷയുടെ ഉറപ്പിന് അടുത്തായി, ദൈവത്തിന്റെ കരുതലിന്റെ ഉറപ്പ് അത്യാവശ്യമാണ്. അതില്ലാതെ നമുക്ക് ലോകത്ത് ഒറ്റപ്പെടല്‍ അനുഭവപ്പെടും, അസംഖ്യം ആശങ്കകള്‍ക്ക് നാം വിധേയരാകും. അവന്‍ കരുതുന്നുവെന്നും നമ്മുടെ നഷ്ടങ്ങള്‍ - അവ എത്ര ചെറുതായിരുന്നാലും - അവനെ ചലിപ്പിക്കുമെന്നും അറിയുന്നത് നല്ലതാണ്. നമ്മുടെ ആശങ്കകള്‍ അവന്റെ ആശങ്കകളാണ്.

അലറിയ എലി

വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനും മക്കളും കുറച്ചുദിവസം പര്‍വതനിരകളിലെ ഒരു വനത്തില്‍ ക്യാമ്പു ചെയ്തു. ഈ സ്ഥലം ഒരു കടുവ സംരക്ഷണ കേന്ദ്രമായിരുന്നു, എങ്കിലും അസുഖകരമായ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ഞങ്ങള്‍ കഴിയുന്നത്ര സുരക്ഷിതരായിരിക്കാന്‍ ശ്രമിച്ചു. ഒരു അര്‍ദ്ധരാത്രിയില്‍, എന്റെ മകന്‍ രോഹിത് കൂടാരത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നത് ഞാന്‍ കേട്ടു. ഞാന്‍ എന്റെ ഫ്‌ളാഷ്ലൈറ്റ് എടുത്ത് അത് ഓണാക്കി, അവനു മുമ്പില്‍ ഒരു യഥാര്‍ത്ഥ അപകടമായിരിക്കാം ഞാന്‍ കാണാന്‍ പോകുന്നതെന്ന് ഞാന്‍ പ്രതീക്ഷിച്ചു.

അവിടെ, നാലിഞ്ച് ഉയരമുള്ള ഒരു എലി നിവര്‍ന്നിരുന്ന് കൈകാലുകള്‍ വായുവില്‍ ചലിപ്പിക്കുന്നത് ഞാന്‍ കണ്ടു. അത് രോഹിതിന്റെ തൊപ്പി മുറുകെ കടിച്ചു പിടിച്ചിരുന്നു. ആ ചെറിയ ജീവി അവന്റെ തലയില്‍ നിന്ന് തൊപ്പി വിട്ടുപിരിയുന്നതുവരെ വലിച്ചിഴച്ചിരുന്നു. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍, എലി തൊപ്പി ഉപേക്ഷിച്ച് ഓടിപ്പോയി. ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ കൂടാരങ്ങളിലേക്ക് നൂണ്ടു കടന്നു. എന്നിരുന്നാലും, ഞാന്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരുന്നു, ഉറങ്ങാന്‍ കഴിയാതെ മറ്റൊരു വേട്ടക്കാരനെക്കുറിച്ച് ചിന്തിച്ചു - പിശാച്.

യേശുവിനെ സാത്താന്‍ പരീക്ഷിക്കുന്നത് ചിന്തിക്കുക (മത്തായി 4:1-11). അവന്‍ തന്റെ പ്രലോഭനങ്ങളെ തിരുവെഴുത്തുകളുമായി കൂട്ടിക്കലര്‍ത്തി. ഓരോ ഉത്തരത്തിലും, ദൈവം ഈ വിഷയത്തില്‍ സംസാരിച്ചിട്ടുണ്ടെന്നും അതിനാല്‍ താന്‍ അതിന് അനുസരണക്കേടു കാണിക്കില്ലെന്നും യേശു അവനെ ഓര്‍മിപ്പിച്ചു. ഇത് പിശാച് ഓടിപ്പോകാന്‍ കാരണമായി.

സാത്താന്‍ നമ്മെ വിഴുങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അവന്‍ എലിയെപ്പോലെയുള്ള ഒരു സൃഷ്ടിയാണെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്. യോഹന്നാന്‍ പറഞ്ഞു, ''നിങ്ങളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനല്ലോ'' (1 യോഹന്നാന്‍ 4:4).

ഒരു പഴയ മണ്‍ പാത്രം

വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ വളരെയധികം കളിമണ്‍പാത്രങ്ങള്‍ ശേഖരിച്ചു. എനിക്കിഷ്ടപ്പെട്ട ഒന്ന് ഒരു പുരാവസ്തു സ്ഥലത്തു നിന്നും കുഴിച്ചെടുത്ത അബ്രഹാമിന്റെ കാലത്തെ ഒരു പാത്രമാണ്. കുറഞ്ഞപക്ഷം ഞങ്ങളുടെ ഭവനത്തിലുള്ള എന്നെക്കാള്‍ പ്രായമുള്ള ഒരു വസ്തു അതാണ്. അത് കാണാന്‍ അത്ര ഭംഗിയുള്ളതല്ല: കറപിടിച്ച്, പൊട്ടല്‍ വീണ്, അടര്‍ന്നുപോയ, തേച്ചുകഴുകേണ്ട അവസ്ഥയിലാണത്. ഞാന്‍ മണ്ണില്‍നിന്നും നിര്‍മ്മിക്കപ്പെട്ട ഒരു മനുഷ്യനാണ് എന്ന് എന്നെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതിനാണ് ഞാന്‍ അതു സൂക്ഷിച്ചിരിക്കുന്നത്. ദുര്‍ബ്ബലവും ബലഹീനവും ആണെങ്കിലും ഞാന്‍ അളവറ്റതും വിലയേറിയതുമായ ഒരു നിധി വഹിക്കുന്നുണ്ട് - 'ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളത്'' (2 കൊരിന്ത്യര്‍ 4:7).

പൗലൊസ് തുടരുന്നു: 'ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍
എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും
നശിച്ചുപോകുന്നില്ല'' (വാ. 8-9). കഷ്ടം സഹിക്കുന്നവര്‍, ബുദ്ധിമുട്ടുന്നവര്‍, ഉപദ്രവം അനുഭവിക്കുന്നവര്‍, വീണുകിടക്കുന്നവര്‍. നമ്മിലുള്ള യേശുവിന്റെ ശക്തിയുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമാണിവ.

'യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു'' (വാ. 10).ഓരോ ദിവസവും സ്വയത്തിനു മരിച്ച യേശുവിന്റെ സവിശേഷത ഈ മനോഭാവമായിരുന്നു. ഈ മനോഭാവം തന്നെയാണ് നമ്മുടെ സവിശേഷതയായും ഇരിക്കേണ്ടത്-നമ്മില്‍ വസിക്കുന്നവന്റെ പര്യാപ്തതയില്‍ പൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ട് സ്വയ-പ്രയത്‌നത്തിനു മരിക്കാനുള്ള ഒരു ഒരുക്കം.

'യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിനു'' (വാ. 10). ഇതാണ് ഫലം: യേശുവിന്റെ സൗന്ദര്യം ഒരു പഴയ മണ്‍പാത്രത്തില്‍ ദൃശ്യമാകുക.

രൂപകല്‍പ്പന ചെയ്ത ഒരു അപര്യാപ്തത

യെരുശലേമിന്റെ കിഴക്കു വശത്ത് പ്രകൃത്യാ ഉള്ള ഒരു ഉറവുണ്ട്.പുരാതന കാലങ്ങളില്‍ പട്ടണത്തിന്റെ ഏക ജലസ്രോതസ്സായിരുന്നു അത്, മതിലിനു പുറത്തായിരുന്നു അതു സ്ഥിതി ചെയ്തിരുന്നത് എന്നതിനാല്‍ അത് യെരുശലേമിന്റെ ഏറ്റവും വലിയ അപകട സാധ്യതയുടെ ഇടമായിരുന്നു. തുറന്ന ഉറവ് എന്നതിനര്‍ത്ഥം, പട്ടണത്തെ മറ്റു നിലയില്‍ കീഴടക്കാന്‍ കഴിയാതെ വരുമ്പോള്‍ ശത്രുക്കള്‍ക്ക് ഉറവ് വഴിതിരിച്ചു വിട്ടോ, അടച്ചുകളഞ്ഞോ കീഴടങ്ങാന്‍ പട്ടണത്തെ പ്രേരിപ്പിക്കാന്‍ കഴിയും.

പാറ തുരന്ന് 1750 അടി ദൈര്‍ഘ്യമുള്ള തുരങ്കത്തിലൂടെ വെള്ളത്തെ നഗരമധ്യത്തിലുള്ള താഴത്തെ കുളത്തിലെത്തിച്ചാണ് ഹിസ്‌കിയാ രാജാവ് ഈ പ്രശ്നം പരിഹരിച്ചത് (2 രാജാക്കന്മാര്‍ 20:20; 2 ദിനവൃത്താന്തങ്ങള്‍ 32:2-4). എന്നാല്‍ ഇതിലെല്ലാം ഹിസ്‌കീയാവ് 'അതു വരുത്തിയവങ്കലേക്ക് നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പേണ്ട അതു നിരൂപിച്ചവനെ ഓര്‍ത്തതുമില്ല'' (യെശയ്യാവ് 22:11).

എന്തു നിരൂപിച്ചവനെ? യെരൂശലേമിന്റെ ജലസ്രോതസ്സ് സംരക്ഷണമില്ലാത്ത നിലയില്‍ ആയിരിക്കണം എന്ന നിലയില്‍ നഗരത്തെ പ്ലാന്‍ ചെയ്തത് ദൈവം തന്നെയാണ്. നഗരനിവാസികള്‍ തങ്ങളുടെ രക്ഷയ്ക്കായി പൂര്‍ണ്ണമായും ദൈവത്തില്‍ ആശ്രയിക്കണം എന്നതിന്റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലായിരുന്നു മതിലിനു പുറത്തുള്ള ജലസ്രോതസ്സ്.

നമ്മുടെ അപര്യാപ്തതകള്‍ നമ്മുടെ നന്മയ്ക്കായിട്ടാണോ നിലകൊള്ളുന്നത്? തീര്‍ച്ചയായും, അപ്പൊസ്തലനായ പൗലൊസ് പറയുന്നത് തന്റെ ബലഹീനതകളില്‍ താന്‍ 'പ്രശംസിക്കും'' എന്നാണ്, കാരണം ബലഹീനതകളിലാണ് യേശുവിന്റെ ശക്തിയുടെ സൗന്ദര്യം തന്നില്‍ വെളിപ്പെടുന്നത് (2 കൊരിന്ത്യര്‍ 12:9-10) ാേരോ പരിമിതിയെയും ദൈവത്തെ നമ്മുടെ ശക്തിയായി വെളിപ്പെടുത്തുന്ന ദാനമായി കാണുവാന്‍ നമുക്കു കഴിയുമോ?