വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ മകന്‍ ജോഷും ഞാനും ഒരു മലമ്പാതയിലൂടെ പോകുമ്പോള്‍, ദൂരെ പൊടിപടലങ്ങള്‍ ഉയരുന്നതു കണ്ടു. ഞങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍, ഒരു മൃഗം മണ്ണില്‍ മാളം ഉണ്ടാക്കുന്നതു കണ്ടു. അതിന്റെ തലയും തോളും മാളത്തിനുള്ളിലായിരുന്നു. അതു മുന്‍കാലുകള്‍കൊണ്ട് ആവേശപൂര്‍വ്വം കുഴിക്കുകയും പിന്‍കാലുകള്‍കൊണ്ടു മണ്ണു പുറകോട്ടു തെറിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതു തന്റെ ജോലിയില്‍ മുഴുകിയിരുന്നതിനാല്‍ ഞങ്ങളെ ശ്രദ്ധിച്ചില്ല.

എനിക്ക് ആവേശത്തെ എതിര്‍ത്തു നില്‍ക്കാന്‍ കഴിയാതെ അടുത്തു കിടന്ന ഒരു നീണ്ട വടികൊണ്ട് അതിനെ പിന്നില്‍ നിന്നു തട്ടി. ഞാന്‍ മൃഗത്തെ ഉപദ്രവിച്ചില്ല, പക്ഷേ അതു വായുവില്‍ കുതിച്ചുയര്‍ന്നു ഞങ്ങളുടെ നേരെ തിരിഞ്ഞു. ജോഷും ഞാനും നൂറു മീറ്റര്‍ ഓട്ടത്തില്‍ പുതിയ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു!

എന്റെ ധൈര്യത്തില്‍ നിന്നു ഞാന്‍ ചിലതു പഠിച്ചു: ചിലപ്പോള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതാണു നല്ലത്. യേശുവിലുള്ള സഹവിശ്വാസികളുമായുള്ള ബന്ധത്തില്‍ ഇതു പ്രത്യേകിച്ചും സത്യമാണ്. ‘അടങ്ങിപ്പാര്‍ക്കുവാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേലചെയ്യുവാനും അഭിമാനം തോന്നണം” (1 തെസ്സലൊനീക്യര്‍ 4:11) എന്ന് അപ്പൊസ്തലനായ പൗലൊസ് തെസ്സലൊനീക്യരെ പ്രോത്സാഹിപ്പിച്ചു. നാം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദൈവകൃപയാല്‍ തിരുവെഴുത്തുകള്‍ പങ്കുവെക്കുന്നതിനുള്ള അവസരം അന്വേഷിക്കുകയും സൗമ്യമായ ഭാഷയില്‍ മറ്റുള്ളവരെ തിരുത്തുകയും വേണം. എങ്കിലും ശാന്തമായ ജീവിതം നയിക്കാന്‍ പഠിക്കുകയും മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അപ്പോള്‍ ദൈവകുടുംബത്തിനു വെളിയിലുള്ളവര്‍ക്ക് ഇത് ഒരു മാതൃകയായിത്തീരുന്നു (വാ. 11). ‘അനോന്യം സ്‌നേഹിക്കുവാന്‍” ആണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് (വാ. 9).