ചൈനീസ് ഐതിഹ്യമനുസരിച്ച്, ഒരു മനുഷ്യന് ഒരിക്കല്‍ തന്റെ വിലയേറിയ കുതിരകളിലൊന്ന് നഷ്ടപ്പെട്ടപ്പോള്‍ അയല്‍ക്കാരന്‍ അതില്‍ ദുഃഖം പ്രകടിപ്പിച്ചു. എങ്കിലും ആ മനുഷ്യന്‍ അതില്‍ ഉത്ക്കണ്ഠാകുലനല്ലായിരുന്നു. അയാള്‍ പറഞ്ഞു, ‘ഇത് എനിക്ക് ഒരു പക്ഷേ നല്ലതിനായിരിക്കുമോയെന്ന് ആര്‍ക്കറിയാം?” അതിശയകരമെന്നു പറയട്ടെ, നഷ്ടപ്പെട്ട കുതിര മറ്റൊരു കുതിരയുമായി വീട്ടിലേക്ക് മടങ്ങിയെത്തി. കൂട്ടുകാരന്‍ അഭിനന്ദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഇതൊരു പക്ഷേ എനിക്ക് ഒരു മോശമായ കാര്യമായിരിക്കുമോയെന്ന് ആര്‍ക്കറിയാം?” പുതിയ കുതിരയുടെ പുറത്തു കയറിയപ്പോള്‍ മകന്‍ വീണു കാലൊടിഞ്ഞു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിവുള്ള എല്ലാ പുരുഷന്മാരെയും റിക്രൂട്ട് ചെയ്യാനായി സൈന്യം ഗ്രാമത്തില്‍ എത്തുന്നതുവരെ ഇത് നിര്‍ഭാഗ്യകരമാണെന്ന്് എല്ലാവരും കരുതി. മകന്റെ പരിക്കു കാരണം, അവനെ അവര്‍ റിക്രൂട്ട് ചെയ്തില്ല, അത് ആത്യന്തികമായി അവനെ മരണത്തില്‍നിന്ന് ഒഴിവാക്കുന്നതായിരുന്നു.

ഒരു ബുദ്ധിമുട്ട് പ്രച്ഛന്നവേഷത്തിലെത്തുന്ന ഒരു അനുഗ്രഹമാകാമെന്ന് – മറിച്ചും – പഠിപ്പിക്കുന്ന ചൈനീസ് പഴമൊഴിയുടെ പിന്നിലെ കഥയാണിത്. ഈ പുരാതനജ്ഞാനത്തിന് സഭാപ്രസംഗി 6:12-നോടു യോജിപ്പുണ്ട്. അവിടെ എഴുത്തുകാരന്‍ നിരീക്ഷിക്കുന്നു: ‘മനുഷ്യന്റെ ജീവിതകാലത്ത് … അവന് എന്താണു നല്ലതെന്ന് ആര്‍ക്കറിയാം?” ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് നമ്മില്‍ ആര്‍ക്കും അറിയില്ല. ഒരു പ്രതികൂലസാഹചര്യത്തിനു ഗുണപരമായ നേട്ടങ്ങളും അഭിവൃദ്ധിക്കു ദോഷകരമായ ഫലങ്ങളും ഉണ്ടായേക്കാം.

ഓരോ ദിവസവും പുതിയ അവസരങ്ങളും സന്തോഷങ്ങളും പോരാട്ടങ്ങളും കഷ്ടപ്പാടുകളും വാഗ്ദാനം ചെയ്യുന്നു. ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളെന്ന നിലയില്‍, നമുക്ക് ദൈവത്തിന്റെ പരമാധികാരത്തില്‍ വിശ്രമിക്കാനും നല്ലതും മോശവുമായ സന്ദര്‍ഭങ്ങളിലും ദൈവത്തെ വിശ്വസിക്കാനും കഴിയും. ദൈവം ‘രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു” (7:14). നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളിലും ദൈവം നമ്മോടൊപ്പമിരുന്ന് തന്റെ സ്‌നേഹപൂര്‍വ്വമായ പരിപാലനം വാഗ്ദാനം ചെയ്യുന്നു.