നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പോഹ് ഫാംഗ് ചിയ

നിങ്ങളുടെ അയൽക്കാരനെ സ്‌നേഹിക്കുക

അത് യൂത്ത് ഗ്രൂപ്പിലെ ഒരു രസകരമായ ഗെയിം മാത്രമായിരുന്നു, പക്ഷേ അത് ഞങ്ങൾക്ക് ഒരു പാഠമായിരുന്നു: അയൽക്കാരെ മാറ്റുന്നതിനുപകരം, അവരെ സ്‌നേഹിക്കാൻ പഠിക്കുക. എല്ലാവരും ഒരു വലിയ വൃത്തമായി ഇരിക്കുകയും ഒരാളെ നടുവിൽ നിർത്തുകയു ചെയ്യുന്നു. നിൽക്കുന്ന ആൾ ഇരിക്കുന്ന ഒരാളോട് ചോദിക്കുന്നു, “നീ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുന്നുണ്ടോ?” ഇരിക്കുന്ന വ്യക്തിക്ക് രണ്ട് തരത്തിൽ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും: ഉവ്വ് അല്ലെങ്കിൽ ഇല്ല. തന്റെ അയൽക്കാരനെ മറ്റൊരാളുമായി കൈമാറ്റം ചെയ്യണോ എന്ന് അവൻ തീരുമാനിക്കണം.

യഥാർത്ഥ ജീവിതത്തിലും നമ്മുടെ “അയൽക്കാരെ” തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കുന്നില്ലേ? വിശേഷിച്ചും നമുക്ക് ഇണങ്ങിച്ചേരാൻ കഴിയാത്ത ഒരു സഹപ്രവർത്തകനോ അല്ലെങ്കിൽ ശരിയല്ലാത്ത സമയങ്ങളിൽ പുൽത്തകിടി വെട്ടാൻ ഇഷ്ടപ്പെടുന്ന ഒരു അയൽവാസിയോ ഉള്ളപ്പോൾ. എന്നിരുന്നാലും, പലപ്പോഴും, നമ്മെ ബുദ്ധിമുട്ടിക്കുന്ന അയൽക്കാരോടൊപ്പം ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ട്.

യിസ്രായേല്യർ വാഗ്ദത്ത ദേശത്ത് താമസം ആരംഭിച്ചപ്പോൾ, തങ്ങളുടെ അയല്ക്കാരോടൊപ്പം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള സുപ്രധാന നിർദ്ദേശങ്ങൾ ദൈവം അവർക്ക് നൽകി: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” (ലേവ്യാപുസ്തകം 19:18), അതിൽ പരദൂഷണമോ കിംവദന്തികളോ പ്രചരിപ്പിക്കാതിരിക്കുക, നമ്മുടെ അയൽക്കാരെ മുതലെടുക്കാതിരിക്കുക, ആളുകൾക്ക് എതിരെ എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ നേരിട്ട് അഭിമുഖീകരിക്കുക (വാ. 9-18) എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാവരേയും സ്‌നേഹിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, യേശു നമ്മിൽ പ്രവർത്തിക്കുന്നതനുസരിച്ച് മറ്റുള്ളവരോട് സ്‌നേഹപൂർവ്വം പെരുമാറാൻ നമുക്കു കഴിയും. അവന്റെ ജനമെന്ന നിലയിൽ നാം നമ്മുടെ സ്വത്വത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനുള്ള ജ്ഞാനവും കഴിവും ദൈവം നൽകും.

നന്ദിയുള്ള ഹൃദയങ്ങൾ

ഹാൻസിൽ പാർച്ച്‌മെന്റ് ഒരു പ്രതിസന്ധിയിലായി. ടോക്യോ ഒളിമ്പിക്‌സിലെ സെമിഫൈനലിനായി തെറ്റായ സ്ഥലത്താണ് അദ്ദേഹം ബലിറങ്ങിയത്. കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്തുമെന്ന പ്രതീക്ഷയില്ലാതെ അദ്ദേഹം കുടുങ്ങി. എന്നാൽ നന്ദിയോടെ പറയട്ടെ, ഗെയിമുകളിൽ സഹായിക്കുന്ന സന്നദ്ധപ്രവർത്തകയായ ട്രിജന സ്റ്റോജ്‌കോവിച്ച് അദ്ദേഹത്തെ കണ്ടു. അവൾ അദ്ദേഹത്തിന് ടാക്‌സിയിൽ പോകാൻ കുറച്ച് പണം കൊടുത്തു. അങ്ങനെ ഹാൻസിൽ കൃത്യസമയത്ത് സെമിഫൈനലിലെത്തി, ഒടുവിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ സ്വന്തമാക്കി. പിന്നീട്, സ്റ്റോജ്‌കോവിച്ചിനെ കണ്ടെത്താനായി അദ്ദേഹം തിരികെ പോയി, അവളുടെ ദയയ്ക്ക് നന്ദി പറഞ്ഞു.

ലൂക്കൊസ് 17-ൽ, തന്നെ സൗഖ്യമാക്കിയതിന് നന്ദി പറയാൻ യേശുവിന്റെ അടുക്കൽ മടങ്ങിവന്ന ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പറ്റി നാം വായിക്കുന്നു (വാ. 15-16). യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ, അവിടെ പത്തു കുഷ്ഠരോഗികളെ കണ്ടുമുട്ടി. അവരെല്ലാം യേശുവിനോട് സൗഖ്യത്തിനായി അപേക്ഷിച്ചു, എല്ലാവരും അവന്റെ കൃപയും ശക്തിയും അനുഭവിച്ചു. സുഖം പ്രാപിച്ചതിൽ പത്തുപേർ സന്തോഷിച്ചു, എന്നാൽ ഒരാൾ മാത്രം മടങ്ങിവന്നു നന്ദി അറിയിച്ചു. അവൻ ''ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു'' (വാ. 15-16).

ഓരോ ദിവസവും നാം പലവിധത്തിൽ ദൈവാനുഗ്രഹം അനുഭവിക്കുന്നു. ദീർഘനാളത്തെ കഷ്ടപ്പാടുകൾക്കുശേഷം പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്നതോ അപരിചിതരിൽ നിന്ന് സമയോചിതമായ സഹായം സ്വീകരിക്കുന്നതോ പോലെ അത് നാടകീയമായിരിക്കാം. ചിലപ്പോൾ, ഒരു ബാഹ്യജോലി പൂർത്തിയാക്കാൻ നല്ല കാലാവസ്ഥ പോലെയുള്ള സാധാരണ രീതികളിലും അവന്റെ അനുഗ്രഹങ്ങൾ വരാം. ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പോലെ, നമ്മോടുള്ള ദയയ്ക്ക് ദൈവത്തിന് നന്ദി പറയാൻ നമുക്ക് ഓർക്കാം.

അവസരം തക്കത്തിലുപയോഗിക്കുക

യൂണിവേഴ്‌സിറ്റി പ്രവേശനം കാത്തിരിക്കുമ്പോൾ, ഇരുപതുകാരിയായ ഷിൻ യി, തനിക്കു ലഭിച്ച മൂന്നു മാസത്തെ ഇടവേളയിൽ ഒരു യൂത്ത് മിഷൻ ഓർഗനൈസേഷനിൽ സേവനമനുഷ്ഠിക്കാൻ തീരുമാനിച്ചു. അഭിമുഖ  സംഭാഷണങ്ങൾ തടയുന്ന കോവിഡ് 19 നിയന്ത്രണങ്ങൾ നിലനില്ക്കുന്ന സമയമായതിനാൽ, ഇത് അതിനുള്ള വിചിത്രമായ സമയമായി തോന്നി. എന്നാൽ ഷിൻ യി ഉടൻ ഒരു വഴി കണ്ടെത്തി. "പതിവുപോലെ തെരുവിലോ ഷോപ്പിംഗ് മാളുകളിലോ ഫാസ്റ്റ് ഫുഡ് സെന്ററുകളിലോ വിദ്യാർത്ഥികളുമായി സംസാരിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല," അവൾ പറഞ്ഞു. "എന്നാൽ പരസ്പരം പ്രാർത്ഥിക്കുന്നതിനായി സൂം വഴി ക്രിസ്തീയ വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തുന്നതും അവിശ്വാസികളുമായി ഫോൺ കോളുകളിലൂടെ സുവിശേഷം അറിയിക്കുന്നതും ഞങ്ങൾ തുടർന്നു."

"സുവിശേഷകന്റെ പ്രവൃത്തി ചെയ്ക" എന്ന്  അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഉത്സാഹിപ്പിച്ച കാര്യം ഷിൻ യി ചെയ്തു  (2 തിമൊഥെയൊസ് 4:5). തങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്ന ഉപദേശകരെ ആളുകൾ അന്വേഷിക്കുമെന്ന് പൗലൊസ് മുന്നറിയിപ്പ് നൽകി (വാ. 3-4). എന്നിരുന്നാലും ധൈര്യമായിരിക്കാനും ''സമയത്തും അസമയത്തും ഒരുങ്ങിയിരിക്കാനും'' തിമൊഥെയൊസ് ആഹ്വാനം ചെയ്യപ്പെട്ടു. അവൻ "സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ'' ശാസിക്കയും തർജ്ജനം ചെയ്കയും പ്രബോധിപ്പിക്കയും വേണം (വാ. 2).

നാമെല്ലാവരും സുവിശേഷകരോ പ്രസംഗകരോ ആകാൻ വിളിക്കപ്പെട്ടിട്ടില്ലെങ്കിലും, നമുക്ക് ചുറ്റുമുള്ളവരുമായി നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ നമുക്ക് ഓരോരുത്തർക്കും ഒരു പങ്കു വഹിക്കാനാകും. ക്രിസ്തുവിനെ കൂടാതെ അവിശ്വാസികൾ നശിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾക്ക് ശക്തിയും പ്രോത്സാഹനവും ആവശ്യമാണ്. ദൈവത്തിന്റെ സഹായത്താൽ, നമുക്ക് എപ്പോൾ വേണമെങ്കിലും എവിടെയും അവന്റെ സുവിശേഷം അറിയിക്കാം.

തിങ്കളാഴ്ചയ്ക്കുവേണ്ടി നന്ദിയുള്ളവരാകുക

തിങ്കളാഴ്ചകളെ ഞാൻ ഭയപ്പെട്ടിരുന്നു. ചില സമയങ്ങളിൽ, മുമ്പു ഞാൻ ചെയ്തിരുന്ന ജോലിക്കു പോകാനായി ഞാൻ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ, ഞാൻ കുറച്ച് നേരം സ്‌റ്റേഷനിൽ ഇരുന്ന്, കുറച്ച് മിനിറ്റുകളെങ്കിലും ഓഫീസിലെത്തുന്നതു വൈകിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജോലികൾ സമയത്തു തീർക്കുന്നതിനെക്കുറിച്ചും ക്ഷിപ്രകോപിയായ ഒരു ബോസിന്റെ മാനസികാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും വേവലാതിപ്പെടുമ്പോൾ എന്റെ ഹൃദയം അതിദ്രുതം മിടിക്കും.

നമ്മിൽ ചിലർക്ക്, മറ്റൊരു മടുപ്പിക്കുന്ന ജോലിവാരം ആരംഭിക്കുന്നത് പ്രത്യേകിച്ച് ബുദ്ധിമുട്ടായിരിക്കും. നമ്മുടെ ജോലി നമുക്ക് അമിതമായോ അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്തതായോ തോന്നിയേക്കാം. ശലോമോൻ രാജാവ് ജോലിയുടെ അദ്ധ്വാനത്തെക്കുറിച്ച് ഇങ്ങനെ എഴുതി: “സൂര്യന്നു കീഴെ പ്രയത്‌നിക്കുന്ന സകലപ്രയത്‌നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം? അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല’’ (സഭാപ്രസംഗി 2:22-23).

ജ്ഞാനിയായ രാജാവ് ജോലിയുടെ സമ്മർദ്ദം കുറയ്ക്കുന്നതിനോ കൂടുതൽ പ്രതിഫലദായകമാക്കുന്നതിനോ ഉള്ള പ്രതിവിധി നൽകിയില്ലെങ്കിലും, കാഴ്ചപ്പാടിൽ ഒരു മാറ്റം അവൻ വാഗ്ദാനം ചെയ്തു. നമ്മുടെ ജോലി എത്ര പ്രയാസമേറിയതാണെങ്കിലും, ദൈവത്തിന്റെ സഹായത്താൽ അതിൽ “സംതൃപ്തി കണ്ടെത്തുന്നതിന്’’ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു (വാ. 24). ക്രിസ്തുവിനെപ്പോലെയുള്ള സ്വഭാവം പ്രകടിപ്പിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുമ്പോൾ ഒരുപക്ഷേ അതു സംഭവിക്കും. അല്ലെങ്കിൽ നമ്മുടെ സേവനത്തിലൂടെ അനുഗ്രഹിക്കപ്പെട്ട ഒരാളിൽ നിന്ന് കേൾക്കുമ്പോൾ അതു സംഭവിക്കും. അതുമല്ലെങ്കിൽ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തെ നേരിടാൻ ദൈവം നൽകിയ ജ്ഞാനം നാം ഓർക്കുമ്പോഴായിരിക്കാം അത്. നമ്മുടെ ജോലി പ്രയാസകരമാണെങ്കിലും, നമ്മുടെ വിശ്വസ്തനായ ദൈവം നമ്മോടൊപ്പമുണ്ട്. അവിടുത്തെ സാന്നിധ്യത്തിനും ശക്തിക്കും ഇരുണ്ട ദിവസങ്ങളെപ്പോലും പ്രകാശിപ്പിക്കാൻ കഴിയും. അവിടുത്തെ സഹായത്താൽ, തിങ്കളാഴ്ചയ്ക്കു നമുക്ക് നന്ദിയുള്ളവരായിരിക്കാം.

യഥാർത്ഥ സ്വാതന്ത്ര്യം

ഓരോരുത്തൻ സ്വന്ത ഗുണമല്ല; മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. 1 കൊരിന്ത്യർ 10:24

ട്രെയിനിൽ വായനക്കിടെ ജാൻവി പുസ്തകത്തിന്റെ മാർജിനിൽ കുറിപ്പെഴുതുന്നുണ്ടായിരുന്നു. അടുത്തിരുന്ന ഒരു അമ്മയുടെയും കുഞ്ഞിന്റെയും സംഭാഷണം കേട്ട അവൾ വായന നിർത്തി. തന്റെ ലൈബ്രറി പുസ്തകത്തിൽ കുത്തിവരച്ചതിന് അമ്മ കുഞ്ഞിനെ ശകാരിക്കുകയായിരുന്നു. ജാൻവി പെട്ടെന്ന് തന്റെ പേന മാറ്റിവെച്ചു; തന്നെ അനുകരിച്ചുകൊണ്ടാണ് ആ കുഞ്ഞ് അങ്ങനെ ചെയ്തത് എന്നവൾക്ക് മനസ്സിലായി. ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകത്തിൽ വരക്കുന്നതും സ്വന്തം പുസ്തകത്തിൽ എഴുതുന്നതും തമ്മിലുള്ള വ്യത്യാസം ആ കുഞ്ഞിന് തിരിച്ചറിയാനാകില്ല എന്ന് ജാൻവിക്ക് മനസ്സിലായി.

ജാൻവിയുടെ ഈ പ്രവൃത്തി പൗലോസ് അപ്പസ്തോലന്റെ, 1 കൊരിന്ത്യർ 10:23, 24 വചനങ്ങളെ ഓർമിപ്പിച്ചു: "സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്, എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്, എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്തഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേക്ഷിക്കട്ടെ.” 

കൊരിന്തിലെ പുതിയ സഭയിലെ വിശ്വാസികൾ ക്രിസ്തുവിലുള്ള അവരുടെ സ്വാതന്ത്ര്യം സ്വന്തം താല്പര്യങ്ങൾക്കുള്ള അവസരമായി കണ്ടു. എന്നാൽ ഇത് മറ്റുള്ളവരുടെ പ്രയോജനത്തിനും വളർച്ചക്കും ഉപയുക്തമായ അവസരമായി കാണണമെന്ന് പൗലോസ് എഴുതി. യഥാർത്ഥ സ്വാതന്ത്ര്യം ഒരാൾക്ക് ബോധിച്ചതുപോലെ ചെയ്യാനുള്ള അവകാശമല്ല, മറിച്ച്, ദൈവത്തിനെന്നപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് പഠിപ്പിച്ചു.

നാം നമ്മെത്തന്നെ ശുശ്രൂഷിക്കാതെ മറ്റുള്ളവരെ പണിതുയർത്താനായി നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോഴാണ് കർത്താവിന്റെ പാത പിൻതുടരുന്നത്.

 

ഇടുക്കുവാതിൽ കഫെ

ആ ‘ഇടുക്കുവാതിൽ കഫെ’ കണ്ടെത്തി പ്രവേശിക്കുന്നവരെ എല്ലാത്തരം രുചികരമായ ഭക്ഷണങ്ങളും കാത്തിരിക്കുന്നു. തായ്‌വാൻ നഗരമായ തായ്‌നാനിൽ സ്ഥിതിചെയ്യുന്ന ഈ കഫെ അക്ഷരാർത്ഥത്തിൽ മതിലിലെ ഒരു ദ്വാരമാണ്. അതിന്റെ പ്രവേശന കവാടത്തിന് കഷ്ടിച്ച് നാല്പത് സെന്റിമീറ്റർ വീതിയാണ് (പതിനാറ് ഇഞ്ചിൽ താഴെ). ഒരു ശരാശരി വ്യക്തിക്ക് ഇതിൽ കൂടി ഞെരുങ്ങി മാത്രമേ അകത്തു കടക്കുവാൻ കഴിയൂ! ഇത്രത്തോളം വെല്ലുവിളി ഉണ്ടായിരുന്നിട്ടും, ഈ പ്രത്യേക കഫെ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു.
ലൂക്കോസ് 13: 22-30 ൽ വിവരിച്ചിരിക്കുന്ന ഇടുങ്ങിയ വാതിലിന്റെ കാര്യത്തിൽ ഇത് സത്യമായിരിക്കുമോ? ആരോ യേശുവിനോട് ചോദിച്ചു, “കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ?” (വാ. 23). അതിനു മറുപടിയായി, ദൈവരാജ്യത്തിലേക്കുള്ള "ഇടുക്കുവാതിലിലൂടെ കടക്കാൻ പോരാടുവിൻ" എന്ന് യേശു ആ വ്യക്തിയോട് ആഹ്വാനം ചെയ്തു (വാ. 24). യേശു യഥാർത്ഥത്തിൽ ചോദിക്കുകയായിരുന്നു, "രക്ഷിക്കപ്പെട്ടവരിൽ നീയും ഉൾപ്പെടുമോ?" എന്ന് . യഹൂദന്മാർ അഹങ്കരിക്കേണ്ട ആവശ്യമില്ലെന്നു പറയാൻ യേശു ഈ സാദൃശ്യം ഉപയോഗിച്ചു. അബ്രഹാമിന്റെ സന്തതികളായതിനാലോ അല്ലെങ്കിൽ നിയമം പാലിച്ചതിനാലോ ദൈവരാജ്യത്തിൽ ഉൾപ്പെടുമെന്ന് അവരിൽ പലരും വിശ്വസിച്ചു. പക്ഷേ, “വീട്ടുടയവൻ എഴുന്നേറ്റു വാതിൽ അടയ്ക്കുന്നത്തിന് മുമ്പായി” മാനസാന്തരപ്പെടുവാൻ യേശു അവരെ ആഹ്വാനം ചെയ്തു.
നമ്മുടെ കുടുംബ പശ്ചാത്തലത്തിനോ പ്രവൃത്തികൾക്കോ ​​നമ്മെ ദൈവവുമായി അടുപ്പിക്കുവാൻ കഴിയില്ല. യേശുവിലുള്ള വിശ്വാസത്തിന് മാത്രമേ നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയൂ (എഫെസ്യർ 2: 8-9; തീത്തൊസ് 3: 5-7). വാതിൽ ഇടുങ്ങിയതാണ്, എന്നാൽ യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി അത് വിശാലമായി തുറന്നിട്ടിരിക്കുന്നു. തന്റെ രാജ്യത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ഇന്ന് അവൻ നമ്മെ ക്ഷണിക്കുന്നു.

​​നന്ദിയുണ്ട്, പക്ഷേ വേണ്ട

ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഒരു ക്രിസ്ത്യൻ സ്കൂളിന് ഒരു കോർപ്പറേഷനിൽ നിന്ന് വലിയ ഒരു തുക സംഭാവന ലഭിച്ചു. നൂലാമാലകൾ ഒന്നും ഇല്ലെന്ന് പരിശോധിച്ചതിന് ശേഷം അവർ ആ പണം സ്വീകരിച്ചു. എന്നാൽ പിന്നീട്, സ്കൂൾ ബോർഡിൽ പ്രതിനിധീകരിക്കപ്പെടണമെന്ന് കോർപ്പറേഷൻ അഭ്യർത്ഥിച്ചു. സ്കൂൾ ഡയറക്ടർ പണം തിരികെ നൽകി. സ്കൂളിന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ച്ച വരുന്നത് അനുവദിക്കുവാൻ അവർ വിസമ്മതിച്ചു. അവർ പറഞ്ഞു, "ദൈവപ്രവൃത്തി ദൈവമാർഗ്ഗത്തിൽ ചെയ്യുന്നതാണ് കൂടുതൽ പ്രധാനം.''

സഹായം നിരസിക്കുവാൻ നിരവധി കാരണങ്ങളുണ്ട്, ഇത് അതിലൊന്നാണ്. ബൈബിളിൽ നാം മറ്റൊന്ന് കാണുന്നു. പ്രവാസത്തിലേക്കു പോയ യഹൂദന്മാർ യെരുശലേമിൽ തിരിച്ചെത്തിയപ്പോൾ, കോരെശ് രാജാവ് മന്ദിരം പുനർനിർമ്മിക്കുവാൻ അവരെ നിയോഗിച്ചു (എസ്രാ 3). അവരുടെ അയൽക്കാർ അവരോടു: "ഞങ്ങൾ നിങ്ങളോടു കൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്ന പോലെ ഞങ്ങളും അന്വേഷിക്കുന്നു" (4:2) എന്നുപറഞ്ഞപ്പോൾ, യിസ്രായേൽ തലവന്മാർ നിരസിച്ചു. സഹായവാഗ്ദാനം സ്വീകരിക്കുക വഴി, മന്ദിരത്തിന്റെ പുനർനിർമ്മാണ പദ്ധതിയുടെ സമഗ്രതയിൽ വിട്ടുവീഴ്ച്ച സംഭവിക്കുമെന്നും തങ്ങളുടെ അയൽക്കാർ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനാൽ വിഗ്രഹാരാധന തങ്ങളുടെ സമൂഹത്തിൽ നുഴഞ്ഞുകയറാമെന്നുമുള്ള നിഗമനത്തിൽ അവർ എത്തി. യിസ്രായേല്യരുടെ തീരുമാനം ശരിയായിരുന്നു. അവരുടെ "അയൽക്കാർ" നിർമ്മാണം നിരുത്സാഹപ്പെടുത്താൻ സാദ്ധ്യമായതെല്ലാം ചെയ്തു.

പരിശുദ്ധാത്മാവിന്റെ സഹായത്താലും യേശുവിൽ ജ്ഞാനികളായ വിശ്വാസികളുടെ ഉപദേശത്താലും നമുക്ക് വിവേചനബുദ്ധി വളർത്തിയെടുക്കുവാൻ സാധിക്കും. സൂക്ഷ്മമായ ആത്മീയഅപകടങ്ങൾ മറഞ്ഞിരിക്കുന്ന സൗഹാർദപരമായ വാഗ്ദാനങ്ങൾ ധൈര്യത്തോടെ നമുക്ക് വേണ്ടെന്നു പറയാം, കാരണം തന്റെഹിതത്താൽനടത്തപ്പെടുന്ന ദൈവവേലയ്ക്ക് ഒരിക്കലും തന്റെ കരുതലിന്റെ കുറവ് ഉണ്ടായിരിക്കയില്ല.

നന്നായി ജീവിക്കുക

ജീവിച്ചിരിക്കുന്നവർക്കായി സൗജന്യ ശവസംസ്‌കാരം. സൗത്ത് കൊറിയയിലുള്ള ഒരു സ്ഥാപനം നൽകിയിരുന്ന സേവനം അതായിരുന്നു. 2012 ൽ ഈ സ്ഥാപനം ആരംഭിച്ചതിന് ശേഷം 25000 ൽ അധികം ആളുകൾ, കൗമാരക്കാർ മുതൽ വിരമിച്ചവർ വരെ ഇത്തരം "ജീവിക്കുന്ന ശവസംസ്കാരത്തിൽ" പങ്കെടുക്കുകയും, അവരുടെ മരണം സംഭവിച്ചു എന്ന് കരുതി ജീവിതം കൂടുതൽ മെച്ചപ്പെടുകയും ചെയ്തു. "കൃത്രിമ ശവസംസ്കാരങ്ങൾ അതിൽ പങ്കെടുക്കുന്നവർക്ക് അവരുടെ ജീവിതത്തെപ്പറ്റി ഒരു സത്യസന്ധമായ ബോധ്യവും, നന്ദി പ്രദർശനവും, ക്ഷമിക്കുവാൻ സഹായിക്കുകയും കുടുംബാംഗങ്ങളും ബന്ധുക്കളുമായി ബന്ധം പുതുക്കുവാനും സഹായിക്കും എന്നാണ്" ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.

ഈ വാക്കുകളിൽ സഭാപ്രസംഗിയുടെ പുസ്തകം എഴുതിയ അധ്യാപകന്റെ ജ്ഞാനം പ്രധിധ്വനിക്കുന്നു, "അതല്ലോ (മരണം) സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും" (സഭാ.7: 2). മരണം നമ്മെ ഓർമ്മപ്പെടുത്തുന്നത് നമുക്ക് നന്നായി ജീവിക്കുവാനും സ്നേഹിക്കുവാനും വളരെ ചുരുങ്ങിയ സമയമേ ഉള്ളൂ എന്നതിന്റെ സംഷിപ്തതയാണ്. അത് ദൈവം നമുക്ക് തന്നിട്ടുള്ള ചില ദാനങ്ങളായ – ധനം, ബന്ധങ്ങൾ, അനുഭൂതികൾ - എന്നിവയിൽ  നിന്ന് നമ്മുടെ പിടി അയക്കുകയും അവയെ ഈ ഭൂമിയിൽ സ്വാതന്ത്ര്യത്തോടെ അനുഭവിക്കുവാനും അതോടൊപ്പം തന്നെ നമ്മുടെ നിക്ഷേപങ്ങളെ "പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചു കൊൾവാനും സാധിക്കും"(മത്താ.6: 20).

മരണം ഏതു സമയത്തും നമ്മുടെ വാതിലിൽ മുട്ടിക്കോണ്ട് കടന്നു വരാം. എന്നിരുന്നാലും മാതാപിതാക്കളോടൊപ്പമുള്ള ആ യാത്ര മാറ്റി വയ്ക്കുവാനോ, ദൈവത്തെ സേവിക്കാനുള്ള  തീരുമാനം തടസ്സപ്പെടുത്തുവാനോ നമ്മുടെ ജോലിക്കായി കുട്ടികളോടൊപ്പം ചിലവിടേണ്ട സമയത്തിൽ വിട്ടുവീഴ്‌ച 

വരുത്തുവാനോ ഒരു പക്ഷേ അത് നമ്മളെ നിർബന്ധിക്കില്ല. ദൈവത്തിന്റെ സഹായത്താൽ നമുക്ക് ജ്ഞാനത്തോടെ ജീവിക്കുവാൻ പഠിക്കാം.

ഒരു അപ്രതീക്ഷിത അതിഥി

സാക്ക് ഏകാകിയായിരുന്നു. നഗരവീഥികളിലൂടെ നടക്കുമ്പോൾ ആളുകളുടെ ശത്രുതയോടെയുള്ള നോട്ടം അയാൾക്കനുഭവപ്പെടും. എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായി. സാക്ക് പിന്നീട് വളരെ പ്രമുഖനായ ഒരു ക്രിസ്തീയ നേതാവും കൈസര്യയിലെ സഭയുടെ പാസ്റ്ററുമായി മാറിയെന്ന് സഭാ പിതാക്കന്മാരിൽ ഒരാളായ അലക്‌സാണ്ട്രിയയിലെ ക്ലെമന്റ് പറയുന്നു. അതേ, നമ്മൾ സംസാരിക്കുന്നത് യേശുവിനെ കാണാൻ ഒരു കാട്ടത്തിമേൽ കയറിയ ചുങ്കക്കാരനായ സക്കായിയെക്കുറിച്ചാണ് (ലൂക്കൊസ് 19:1-10).

മരത്തിൽ കയറാൻ അവനെ പ്രേരിപ്പിച്ചതെന്താണ്? റോമാ സാമ്രാജ്യത്തെ സേവിക്കുന്നതിനായി സ്വന്തം ജനങ്ങളുടെമേൽ കനത്ത നികുതി ചുമത്തിയതിനാലാണ് ചുങ്കക്കാരെ രാജ്യദ്രോഹികളായി ജനം കണ്ടിരുന്നത്. എന്നിട്ടും അവരെ സ്വീകരിക്കുന്ന കാര്യത്തിൽ യേശു പ്രശസ്തനായിരുന്നു. യേശു തന്നെയും സ്വീകരിക്കുമോ എന്ന് സക്കായി ചിന്തിച്ചിരിക്കാം. എന്നിരുന്നാലും പൊക്കക്കുറവു കാരണം ജനക്കൂട്ടത്തിനു നടുവിലുള്ള യേശുവിനെ കാണാൻ അവനു കഴിഞ്ഞില്ല (വാ. 3). അവനെ കാണുന്നതിനായിരിക്കാം അവൻ മരത്തിൽ കയറിയത്.

യേശു സക്കായിയെയും അന്വേഷിച്ചു. സക്കായി ഇരിക്കുന്ന വൃക്ഷത്തിനു ചുവട്ടിലെത്തിയപ്പോൾ അവൻ തലപൊക്കി നോക്കി പറഞ്ഞു, ''സക്കായിയേ, വേഗം ഇറങ്ങിവാ: ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു'' (വാ. 5). ഭ്രഷ്ട് കല്പിക്കപ്പെട്ട ഈ വീട്ടിൽ ഒരു അതിഥിയാകേണ്ടത് അത്യാവശ്യമാണെന്ന് യേശു കരുതി. അതു സങ്കൽപ്പിച്ചു നോക്കുക! സമൂഹം തള്ളിക്കളഞ്ഞ ഒരുവനോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ലോക രക്ഷകൻ.

സക്കായിയെപ്പോലെ നമ്മുടെ ഹൃദയങ്ങളോ ബന്ധങ്ങളോ ജീവിതമോ നന്നാക്കേണ്ടതുണ്ടെങ്കിൽ, നമുക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. നാം അവനിലേക്ക് തിരിയുമ്പോൾ യേശു ഒരിക്കലും നമ്മെ തള്ളിക്കളയുകയില്ല. നഷ്ടപ്പെട്ടതും തകർന്നതുമായ കാര്യങ്ങൾ പുനഃസ്ഥാപിക്കാനും നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥവും ലക്ഷ്യവും നൽകാനും അവനു കഴിയും.

ദൈവത്തിന്റെ കരുതൽ

ഗ്രാമത്തിൽ നിന്ന് വളരെ വളരെയകന്ന് ഞങ്ങൾ വനത്തിന്റെ കൂടുതൽ ഉള്ളിലേക്കു സഞ്ചരിച്ചു. ഒന്നോ അതിലധകിമോ മണിക്കൂർ സഞ്ചരിച്ചുകഴിഞ്ഞപ്പോൾ വെള്ളത്തിന്റെ കാതടപ്പിക്കുന്ന ഇരമ്പം കേട്ടു. ഞങ്ങൾ നടപ്പു വേഗത്തിലാക്കി, താമസിയാതെ ഒരു തെളിഞ്ഞ പ്രദേശത്തെത്തി, ചാരനിറത്തിലുള്ള പാറകൾക്കിടയിലൂടെ കുതിച്ചു ചാടുന്ന വെള്ളത്തിന്റെ വെളുത്ത തിരശ്ശീല സൃഷ്ടിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചയാണ് ഞങ്ങളെ സ്വീകരിച്ചത്. അതിമനോഹരം!

ഒരു മണിക്കൂർ മുമ്പ് ഞങ്ങൾ യാത്രയാരംഭിച്ച ഗ്രാമത്തിൽനിന്നുള്ള ഞങ്ങളുടെ വഴികാട്ടി, അന്നു രാത്രി അവിടെ തങ്ങാമെന്നു തീരുമാനിച്ചു. മികച്ച ആശയം, പക്ഷേ ഭക്ഷണം എവിടെനിന്നു കിട്ടും? ഞങ്ങൾ ഒന്നും കൊണ്ടുവന്നിട്ടില്ല. എന്റെ സുഹൃത്തുക്കൾ ചുറ്റുമുള്ള വനത്തിലേക്കു പോയി, പലതരം പഴങ്ങളും ഇലകളും കുറച്ച് മത്സ്യങ്ങളുമായി മടങ്ങിവന്നു. ഭക്ഷണം വിചിത്രമായ തോന്നി, എങ്കിലും അതിന്റെ രുചി സ്വർഗ്ഗതുല്യമായിരുന്നു!

സൃഷ്ടി ദൈവത്തിന്റെ അത്യധികമായ കരുതലിനെ പ്രഖ്യാപിക്കുന്നുവെന്ന് ഇതെന്നെ ഓർമ്മപ്പെടുത്തി. ''ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു'' എന്നതിൽനിന്നും അവന്റെ ഔദാര്യത്തിന്റെ തെളിവ് നമുക്കു കാണാം (ഉല്പത്തി 1:12). ദൈവം നമുക്കു ഭക്ഷണത്തിനായി ''ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും'' (വാ. 29) നൽകി.

നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദൈവത്തെ വിശ്വസിക്കാൻ ചിലസമയങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? എന്തുകൊണ്ട് ഒന്നു നടക്കാൻ പ്രകൃതിയിലേക്ക് ഇറങ്ങിക്കൂടാ? നിങ്ങൾ കാണുന്ന കാര്യങ്ങൾ യേശുവിന്റെ വാക്കുകളെ നിങ്ങളെ ഓർമ്മപ്പെടുത്തട്ടെ:  ''നാം എന്തു തിന്നും എന്തു കുടിക്കും എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത് . . . സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ'' (മത്തായി 6:31-32).