യൂണിവേഴ്‌സിറ്റി പ്രവേശനം കാത്തിരിക്കുമ്പോൾ, ഇരുപതുകാരിയായ ഷിൻ യി, തനിക്കു ലഭിച്ച മൂന്നു മാസത്തെ ഇടവേളയിൽ ഒരു യൂത്ത് മിഷൻ ഓർഗനൈസേഷനിൽ സേവനമനുഷ്ഠിക്കാൻ തീരുമാനിച്ചു. അഭിമുഖ  സംഭാഷണങ്ങൾ തടയുന്ന കോവിഡ് 19 നിയന്ത്രണങ്ങൾ നിലനില്ക്കുന്ന സമയമായതിനാൽ, ഇത് അതിനുള്ള വിചിത്രമായ സമയമായി തോന്നി. എന്നാൽ ഷിൻ യി ഉടൻ ഒരു വഴി കണ്ടെത്തി. “പതിവുപോലെ തെരുവിലോ ഷോപ്പിംഗ് മാളുകളിലോ ഫാസ്റ്റ് ഫുഡ് സെന്ററുകളിലോ വിദ്യാർത്ഥികളുമായി സംസാരിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,” അവൾ പറഞ്ഞു. “എന്നാൽ പരസ്പരം പ്രാർത്ഥിക്കുന്നതിനായി സൂം വഴി ക്രിസ്തീയ വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തുന്നതും അവിശ്വാസികളുമായി ഫോൺ കോളുകളിലൂടെ സുവിശേഷം അറിയിക്കുന്നതും ഞങ്ങൾ തുടർന്നു.”

“സുവിശേഷകന്റെ പ്രവൃത്തി ചെയ്ക” എന്ന്  അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഉത്സാഹിപ്പിച്ച കാര്യം ഷിൻ യി ചെയ്തു  (2 തിമൊഥെയൊസ് 4:5). തങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്ന ഉപദേശകരെ ആളുകൾ അന്വേഷിക്കുമെന്ന് പൗലൊസ് മുന്നറിയിപ്പ് നൽകി (വാ. 3-4). എന്നിരുന്നാലും ധൈര്യമായിരിക്കാനും ”സമയത്തും അസമയത്തും ഒരുങ്ങിയിരിക്കാനും” തിമൊഥെയൊസ് ആഹ്വാനം ചെയ്യപ്പെട്ടു. അവൻ “സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ” ശാസിക്കയും തർജ്ജനം ചെയ്കയും പ്രബോധിപ്പിക്കയും വേണം (വാ. 2).

നാമെല്ലാവരും സുവിശേഷകരോ പ്രസംഗകരോ ആകാൻ വിളിക്കപ്പെട്ടിട്ടില്ലെങ്കിലും, നമുക്ക് ചുറ്റുമുള്ളവരുമായി നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ നമുക്ക് ഓരോരുത്തർക്കും ഒരു പങ്കു വഹിക്കാനാകും. ക്രിസ്തുവിനെ കൂടാതെ അവിശ്വാസികൾ നശിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾക്ക് ശക്തിയും പ്രോത്സാഹനവും ആവശ്യമാണ്. ദൈവത്തിന്റെ സഹായത്താൽ, നമുക്ക് എപ്പോൾ വേണമെങ്കിലും എവിടെയും അവന്റെ സുവിശേഷം അറിയിക്കാം.