സങ്കടവും സന്തോഷവും
നാലാഴ്ചയ്ക്കുള്ളിൽ മൂന്ന് വേർപാടുകൾ അനുഭവിച്ച ആഞ്ചലയുടെ കുടുംബം ദുഃഖത്താൽ പുളഞ്ഞു. അവളുടെ അനന്തരവന്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന്, ആഞ്ചലയും അവളുടെ രണ്ട് സഹോദരിമാരും മൂന്ന് ദിവസം അടുക്കള മേശയ്ക്ക് ചുറ്റും ഒത്തുകൂടി, ഒരു പാത്രം വാങ്ങാനും ഭക്ഷണം എടുക്കാനും ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും മാത്രമാണ് പുറത്തുപോയത്. മേസന്റെ മരണത്തിൽ അവർ കരയുമ്പോൾ, ഇളയ സഹോദരിയുടെ ഉള്ളിൽ വളരുന്ന പുതിയ ജീവിതത്തിന്റെ അൾട്രാസൗണ്ട് ഫോട്ടോകളിൽ അവർ സന്തോഷിച്ചു.
കാലക്രമേണ, എസ്രായുടെ പഴയനിയമ പുസ്തകത്തിൽ നിന്ന് ആഞ്ചല ആശ്വാസവും പ്രതീക്ഷയും കണ്ടെത്തി. ബാബിലോന്യർ ദേവാലയം നശിപ്പിക്കുകയും അവരുടെ പ്രിയപ്പെട്ട നഗരത്തിൽ നിന്ന് അവരെ നാടുകടത്തുകയും ചെയ്ത ശേഷം ദൈവജനം യെരൂശലേമിലേക്ക് മടങ്ങുന്നതിനെ അത് വിവരിക്കുന്നു (എസ്രാ 1 കാണുക). ആലയ പുനർനിർമ്മിക്കുന്നത് എസ്രാ വീക്ഷിക്കവേ, ദൈവത്തെ സന്തോഷിപ്പിക്കുന്ന സ്തുതികൾ കേട്ടു (3:10-11). എന്നാൽ പ്രവാസത്തിനു മുമ്പുള്ള ജീവിതത്തെ ഓർത്തിരുന്നവരുടെ കരച്ചിലും അവൻ ശ്രദ്ധിച്ചു (വാ. 12).
ഒരു വാക്യം പ്രത്യേകിച്ച് ആഞ്ചലയെ ആശ്വസിപ്പിച്ചു: 'അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ടു ഘോഷം ബഹുദൂരം കേട്ടു' (വാ. 13). അഗാധമായ ദുഃഖത്തിൽ മുങ്ങിയാലും സന്തോഷം പ്രത്യക്ഷപ്പെടുമെന്ന് അവൾ തിരിച്ചറിഞ്ഞു.
നാമും പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ ദുഃഖിച്ചേക്കാം, അല്ലെങ്കിൽ മറ്റൊരു നഷ്ടത്തിൽ വിലപിച്ചേക്കാം. അങ്ങനെയെങ്കിൽ, അവൻ നമ്മെ കേൾക്കുകയും അവന്റെ കരങ്ങളിൽ നമ്മെ ചേർക്കുകയും ചെയ്യുന്നു എന്നറിഞ്ഞുകൊണ്ട്, നമ്മുടെ വേദനയുടെ കരച്ചിൽ സന്തോഷിക്കുന്ന നിമിഷങ്ങൾക്കൊപ്പം ദൈവത്തോട് പ്രകടിപ്പിക്കാം.
പുനഃസ്ഥാപിക്കുന്ന ദൈവം
1966 നവംബർ 4-ന്, ഇറ്റലിയിലെ ഫ്‌ളോറൻസിലുണ്ടായ ഒരു വിനാശകരമായ വെള്ളപ്പൊക്കത്തിൽ, ജോർജിയോ വസാരിയുടെ വിഖ്യാത കലാസൃഷ്ടിയായ ദി ലാസ്റ്റ് സപ്പർ, ചെളിയും എണ്ണയും നിറഞ്ഞ വെള്ളക്കെട്ടിൽ പന്ത്രണ്ട് മണിക്കൂറിലധികം മുങ്ങിക്കിടന്നു. പെയിന്റ് അലിയുകയും തടി ഫ്രെയിമിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതിനാൽ, ഈ കലാസൃഷ്ടി വീണ്ടെടുക്കാൻ കഴിയില്ലെന്നു പലരും വിശ്വസിച്ചു. എന്നിരുന്നാലും, വിദഗ്ധരുടെയും സന്നദ്ധപ്രവർത്തകരുടെയും അമ്പതു വർഷത്തെ മടുപ്പിക്കുന്ന സംരക്ഷണ ശ്രമത്തിനു ശേഷം, വിലയേറിയ പെയിന്റിംഗ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.
ബാബിലോന്യർ യിസ്രായേലിനെ കീഴടക്കിയപ്പോൾ, ആളുകൾക്ക് നിരാശ തോന്നി-ചുറ്റും മരണവും നാശവും പുനഃസ്ഥാപനത്തിന്റെ ആവശ്യകതയും ആയിരുന്നു എങ്ങും (വിലാപങ്ങൾ 1 കാണുക). പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിൽ, ദൈവം യെഹെസ്‌കേൽ പ്രവാചകനെ ഒരു ദർശനത്തിൽ ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ ഒരു താഴ് വരയിലേക്ക് കൊണ്ടുപോയി. 'ഈ അസ്ഥികൾ ജീവിക്കുമോ?' ദൈവം ചോദിച്ചു. യെഹെസ്‌കേൽ മറുപടി പറഞ്ഞു, 'യഹോവയായ കർത്താവേ, നീ അറിയുന്നു' (യെഹെസ്‌കേൽ 37:3). അപ്പോൾ ദൈവം അവനോട്, അസ്ഥികൾ ജീവിക്കേണ്ടതിന് അവയോടു പ്രവചിക്കാൻ പറഞ്ഞു. 'ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു' (വാ. 7) യെഹെസ്‌കേൽ വിവരിച്ചു. ഈ ദർശനത്തിലൂടെ, യിസ്രായേലിന്റെ പുനഃസ്ഥാപനം തന്നിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ദൈവം യെഹെസ്‌കേലിനോട് വെളിപ്പെടുത്തി.
ജീവിതത്തിൽ കാര്യങ്ങൾ തകരുകയും അറ്റകുറ്റപ്പണികൾക്ക് അതീതമാണ് അവ എന്നു നമുക്ക് തോന്നുകയും ചെയ്യുമ്പോൾ, നമ്മുടെ തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കാൻ കഴിയുമെന്ന് ദൈവം നമുക്ക് ഉറപ്പുനൽകുന്നു. അവൻ നമുക്ക് പുതിയ ശ്വാസവും പുതിയ ജീവിതവും നൽകും.
പിടിച്ചു നിർത്തുന്ന പ്രത്യാശ
'എനിക്ക് പൂക്കൾ അയച്ചുതന്നതിനാൽ ഡാഡി വീട്ടിലേക്ക് വരുമെന്ന് എനിക്കറിയാം.' യുദ്ധസമയത്ത് പപ്പയെ കാണാതായപ്പോൾ ഞങ്ങളുടെ അമ്മയോട് ഏഴുവയസ്സുള്ള എന്റെ സഹോദരി പറഞ്ഞ വാക്കുകളായിരുന്നു അത്. പിതാവ് തന്റെ ദൗത്യത്തിനായി പുറപ്പെടുന്നതിന് മുമ്പ്, എന്റെ സഹോദരിയുടെ ജന്മദിനത്തിനായി പൂക്കൾ മുൻകൂട്ടി ഓർഡർ ചെയ്തിരുന്നു. അദ്ദേഹം ഇല്ലാതിരുന്ന സമയത്ത് അവ എത്തി. പക്ഷേ അവൾ പറഞ്ഞത് ശരിയായിരുന്നു: ഡാഡി വീട്ടിലേക്ക് വന്നു-ഒരു ഭീകരമായ പോരാട്ടത്തിനു ശേഷം. പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും അവൾ പ്രതീക്ഷയിൽ മുറുകെ പിടിക്കാനുള്ള ഓർമ്മപ്പെടുത്തലായി പൂക്കൾ വെച്ചിരുന്ന പാത്രം സൂക്ഷിക്കുന്നു.
തകർന്നതും പാപപങ്കിലവുമായ ലോകത്ത് ചിലപ്പോൾ പ്രത്യാശ മുറുകെ പിടിക്കുന്നത് എളുപ്പമല്ല. പിതാക്കന്മാർ എപ്പോഴും വീട്ടിൽ വരാറില്ല, കുട്ടികളുടെ ആഗ്രഹങ്ങൾ ചിലപ്പോൾ നടക്കാതെ പോകും. എന്നാൽ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപോലും ദൈവം പ്രത്യാശ നൽകുന്നു. മറ്റൊരു യുദ്ധസമയത്ത്, പ്രവാചകനായ ഹബക്കൂക്ക് യഹൂദയിലെ ബാബിലോണിയൻ അധിനിവേശത്തെ പ്രവചിച്ചു (ഹബക്കൂക്ക് 1:6; 2 രാജാക്കന്മാർ 24 കാണുക) എന്നാൽ ദൈവം എപ്പോഴും നല്ലവനാണെന്ന് അപ്പോഴും ഉറപ്പിച്ചു പറഞ്ഞു (ഹബക്കൂക്ക് 1:12-13). പണ്ട് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയ ഓർത്തുകൊണ്ട് ഹബക്കൂക്ക് ഇങ്ങനെ പ്രഖ്യാപിച്ചു: ''അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്‌നം നിഷ്ഫലമായ്‌പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.' (3:17-18).
ചില വ്യാഖ്യാതാക്കൾ ഹബക്കൂക്കിന്റെ പേരിന്റെ അർത്ഥം 'പറ്റിനിൽക്കുക' എന്നാണ് എന്നു വിശ്വസിക്കുന്നു. പരിശോധനകളിൽപ്പോലും നമുക്ക് നമ്മുടെ ആത്യന്തികമായ പ്രത്യാശയും സന്തോഷവുമായി ദൈവത്തോട് പറ്റിനിൽക്കാൻ കഴിയും, കാരണം അവൻ നമ്മെ മുറുകെ പിടിക്കുന്നു, ഒരിക്കലും കൈവിടുകയില്ല.
ആത്മാവിന് മാത്രം ചെയ്യാൻ കഴിയുന്നത്
തൊണ്ണൂറ്റി നാല് വയസ്സുള്ള ജർമ്മൻ ദൈവശാസ്ത്രജ്ഞനായ ജർഗൻ മോൾട്ട്മാൻ എഴുതിയ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ ചർച്ചയ്ക്കിടെ, ഒരു അഭിമുഖക്കാരൻ അദ്ദേഹത്തോട് ചോദിച്ചു: 'നിങ്ങൾ എങ്ങനെയാണ് പരിശുദ്ധാത്മാവിനെ പ്രവർത്തനക്ഷമമാക്കുന്നത്? നിങ്ങൾ ഒരു ഗുളിക കഴിക്കാമോ? ഫാർമസ്യൂട്ടിക്കൽ കമ്പനികൾ [ആത്മാവിനെ വിതരണം] ചെയ്യുന്നുണ്ടോ?' മോൾട്ട്മാന്റെ പുരികങ്ങൾ ഉയർന്നു. തല കുലുക്കി അദ്ദേഹം ചിരിച്ചു, ഉച്ചാരണഭേദമുള്ള ഇംഗ്ലീഷിൽ മറുപടി പറഞ്ഞു. 'എനിക്കെന്തു ചെയ്യാൻ കഴിയും? ഒന്നും ചെയ്യേണ്ടതില്ല. ആത്മാവിനായി കാത്തിരിക്കുക, ആത്മാവ് വരും.''
നമ്മുടെ ഊർജ്ജവും വൈദഗ്ധ്യവുമാണ് കാര്യങ്ങളെ സംഭവിപ്പിക്കുന്നത് എന്ന നമ്മുടെ തെറ്റായ വിശ്വാസത്തെ മോൾട്ട്മാൻ ഉയർത്തിക്കാട്ടി. ദൈവം കാര്യങ്ങൾ സംഭവിപ്പിക്കുന്നുവെന്ന് പ്രവൃത്തികൾ വെളിപ്പെടുത്തുന്നു. സഭയുടെ തുടക്കത്തിൽ, അതിന് മാനുഷിക തന്ത്രവുമായോ ശ്രദ്ധേയമായ നേതൃത്വവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. പകരം, പരിഭ്രാന്തരും നിസ്സഹായരും അമ്പരപ്പുള്ളവരുമായ ശിഷ്യന്മാർ ഇരുന്ന മുറിയിലേക്കാണ് ആത്മാവ് 'കൊടിയ കാറ്റടിക്കുന്നതുപോലെ' എത്തിയത് (2:2). അടുത്തതായി, ഭിന്നതയുള്ള ആളുകളെ ഒരു പുതിയ സമൂഹത്തിലേക്ക് കൂട്ടിച്ചേർത്ത് ആത്മാവ് എല്ലാ വംശീയ മേധാവിത്വങ്ങളെയും തകർത്തു. തങ്ങളുടെ ഉള്ളിൽ ദൈവം ചെയ്യുന്നതെന്തെന്ന് കണ്ട് ശിഷ്യന്മാരും ആരെയും പോലെ ഞെട്ടി. അവർ ഒന്നും സംഭവിപ്പിച്ചില്ല; 'ആത്മാവ് അവരെ പ്രാപ്തമാക്കി' (വാ. 4).
സഭയും-ലോകത്തിലെ നമ്മുടെ പങ്കിട്ട ജോലിയും-നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കൊണ്ടല്ല നിർവചിക്കപ്പെടുന്നത്. ആത്മാവിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നാം പൂർണ്ണമായും ആശ്രയിക്കുന്നു. ധൈര്യത്തോടെയും സ്ഥിരതയോടെയും ആയിരിക്കാൻ ആത്മാവ് നമ്മെ അനുവദിക്കുന്നു. പെന്തക്കോസ്ത് ആഘോഷിക്കുന്ന ഈ ദിനത്തിൽ നമുക്ക് ആത്മാവിനായി കാത്തിരിക്കുകയും പ്രതികരിക്കുകയും ചെയ്യാം.
ചെറുതെങ്കിലും മഹത്തരം
എനിക്ക് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിയുമോ? തന്റെ വേഗത വളരെ കുറവാണെന്ന് കോളേജ് നീന്തൽക്കാരി ആശങ്കപ്പെട്ടു. എന്നാൽ ഗണിത പ്രൊഫസറായ കെൻ ഓനോ അവളുടെ നീന്തൽ വിദ്യകൾ പഠിച്ചപ്പോൾ, അവളുടെ സമയം ആറ് മുഴു സെക്കൻഡ് കൊണ്ട് എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ദേഹം മനസ്സിലാക്കി-ആ മത്സര തലത്തിലെ ഗണ്യമായ വ്യത്യാസമായിരുന്നു അത്. നീന്തൽക്കാരിയുടെ പുറത്ത് സെൻസറുകൾ ഘടിപ്പിച്ചിട്ട്, അവളുടെ സമയം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന മാറ്റങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. പകരം, ഓനോ ചെറിയ തിരുത്തൽ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു, അത് പ്രയോഗിച്ചാൽ, നീന്തൽക്കാരിയെ വെള്ളത്തിൽ കൂടുതൽ കാര്യക്ഷമമാക്കുകയും വിജയകരമായ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യും.
ആത്മീയ കാര്യങ്ങളിൽ ചെറിയ തിരുത്തൽ പ്രവർത്തനങ്ങൾ നമുക്കും വലിയ മാറ്റമുണ്ടാക്കും. പ്രവാസത്തിനുശേഷം ദൈവത്തിന്റെ ആലയം പുനർനിർമ്മിക്കാൻ, അവരുടെ നേതാവായ സെരുബ്ബാബേലിനോടൊപ്പം പോരാടുന്ന നിരുത്സാഹിതരായ യെഹൂദന്മാരുടെ ഒരു ശേഷിപ്പിനെ സെഖര്യാവ് പ്രവാചകൻ സമാനമായ ഒരു തത്വം പഠിപ്പിച്ചു. എന്നാൽ 'സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ,' എന്നു സൈന്യങ്ങളുടെ യഹോവ സെരുബ്ബാബേലിനോട് പറഞ്ഞു (സെഖര്യാവ് 4:6).
സെഖര്യാവ് പ്രഖ്യാപിച്ചതുപോലെ, 'അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?' (വാ. 10). ശലോമോൻ രാജാവിന്റെ കാലത്ത് നിർമ്മിച്ച ആലയവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രവാസികൾ ആശങ്കാകുലരായിരുന്നു. എന്നാൽ ഓനോയുടെ നീന്തൽക്കാരി ഒളിമ്പിക്‌സിൽ പ്രവേശിച്ചതുപോലെ - ചെറിയ തിരുത്തലുകൾക്ക് കീഴടങ്ങി മെഡൽ നേടി - നമ്മുടെ ചെറിയ പ്രവൃത്തികൾ അവനെ മഹത്വപ്പെടുത്തുന്നെങ്കിൽ, ദൈവത്തിന്റെ സഹായത്തോടുകൂടിയ ഒരു ചെറിയ, ശരിയായ പരിശ്രമം പോലും വിജയകരമായ സന്തോഷം നൽകുമെന്ന് സെരുബ്ബാബേലിന്റെ നിർമ്മാതാക്കളുടെ സംഘം മനസ്സിലാക്കി. ദൈവത്തിൽ ചെറുത് മഹത്തരമായി മാറുന്നു.