1966 നവംബർ 4-ന്, ഇറ്റലിയിലെ ഫ്‌ളോറൻസിലുണ്ടായ ഒരു വിനാശകരമായ വെള്ളപ്പൊക്കത്തിൽ, ജോർജിയോ വസാരിയുടെ വിഖ്യാത കലാസൃഷ്ടിയായ ദി ലാസ്റ്റ് സപ്പർ, ചെളിയും എണ്ണയും നിറഞ്ഞ വെള്ളക്കെട്ടിൽ പന്ത്രണ്ട് മണിക്കൂറിലധികം മുങ്ങിക്കിടന്നു. പെയിന്റ് അലിയുകയും തടി ഫ്രെയിമിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതിനാൽ, ഈ കലാസൃഷ്ടി വീണ്ടെടുക്കാൻ കഴിയില്ലെന്നു പലരും വിശ്വസിച്ചു. എന്നിരുന്നാലും, വിദഗ്ധരുടെയും സന്നദ്ധപ്രവർത്തകരുടെയും അമ്പതു വർഷത്തെ മടുപ്പിക്കുന്ന സംരക്ഷണ ശ്രമത്തിനു ശേഷം, വിലയേറിയ പെയിന്റിംഗ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.

ബാബിലോന്യർ യിസ്രായേലിനെ കീഴടക്കിയപ്പോൾ, ആളുകൾക്ക് നിരാശ തോന്നി-ചുറ്റും മരണവും നാശവും പുനഃസ്ഥാപനത്തിന്റെ ആവശ്യകതയും ആയിരുന്നു എങ്ങും (വിലാപങ്ങൾ 1 കാണുക). പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിൽ, ദൈവം യെഹെസ്‌കേൽ പ്രവാചകനെ ഒരു ദർശനത്തിൽ ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ ഒരു താഴ് വരയിലേക്ക് കൊണ്ടുപോയി. “ഈ അസ്ഥികൾ ജീവിക്കുമോ?” ദൈവം ചോദിച്ചു. യെഹെസ്‌കേൽ മറുപടി പറഞ്ഞു, “യഹോവയായ കർത്താവേ, നീ അറിയുന്നു” (യെഹെസ്‌കേൽ 37:3). അപ്പോൾ ദൈവം അവനോട്, അസ്ഥികൾ ജീവിക്കേണ്ടതിന് അവയോടു പ്രവചിക്കാൻ പറഞ്ഞു. “ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു” (വാ. 7) യെഹെസ്‌കേൽ വിവരിച്ചു. ഈ ദർശനത്തിലൂടെ, യിസ്രായേലിന്റെ പുനഃസ്ഥാപനം തന്നിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ദൈവം യെഹെസ്‌കേലിനോട് വെളിപ്പെടുത്തി.

ജീവിതത്തിൽ കാര്യങ്ങൾ തകരുകയും അറ്റകുറ്റപ്പണികൾക്ക് അതീതമാണ് അവ എന്നു നമുക്ക് തോന്നുകയും ചെയ്യുമ്പോൾ, നമ്മുടെ തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കാൻ കഴിയുമെന്ന് ദൈവം നമുക്ക് ഉറപ്പുനൽകുന്നു. അവൻ നമുക്ക് പുതിയ ശ്വാസവും പുതിയ ജീവിതവും നൽകും.