ഹാൻസിൽ പാർച്ച്‌മെന്റ് ഒരു പ്രതിസന്ധിയിലായി. ടോക്യോ ഒളിമ്പിക്‌സിലെ സെമിഫൈനലിനായി തെറ്റായ സ്ഥലത്താണ് അദ്ദേഹം ബസ്സിറങ്ങിയത്. കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്തുമെന്ന പ്രതീക്ഷയില്ലാതെ അദ്ദേഹം കുടുങ്ങി. എന്നാൽ നന്ദിയോടെ പറയട്ടെ, ഗെയിമുകളിൽ സഹായിക്കുന്ന സന്നദ്ധപ്രവർത്തകയായ ട്രിജന സ്റ്റോജ്‌കോവിച്ച് അദ്ദേഹത്തെ കണ്ടു. അവൾ അദ്ദേഹത്തിന് ടാക്‌സിയിൽ പോകാൻ കുറച്ച് പണം കൊടുത്തു. അങ്ങനെ ഹാൻസിൽ കൃത്യസമയത്ത് സെമിഫൈനലിലെത്തി, ഒടുവിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ സ്വന്തമാക്കി. പിന്നീട്, സ്റ്റോജ്‌കോവിച്ചിനെ കണ്ടെത്താനായി അദ്ദേഹം തിരികെ പോയി, അവളുടെ ദയയ്ക്ക് നന്ദി പറഞ്ഞു.

ലൂക്കൊസ് 17-ൽ, തന്നെ സൗഖ്യമാക്കിയതിന് നന്ദി പറയാൻ യേശുവിന്റെ അടുക്കൽ മടങ്ങിവന്ന ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പറ്റി നാം വായിക്കുന്നു (വാ. 15-16). യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ, അവിടെ പത്തു കുഷ്ഠരോഗികളെ കണ്ടുമുട്ടി. അവരെല്ലാം യേശുവിനോട് സൗഖ്യത്തിനായി അപേക്ഷിച്ചു, എല്ലാവരും അവന്റെ കൃപയും ശക്തിയും അനുഭവിച്ചു. സുഖം പ്രാപിച്ചതിൽ പത്തുപേർ സന്തോഷിച്ചു, എന്നാൽ ഒരാൾ മാത്രം മടങ്ങിവന്നു നന്ദി അറിയിച്ചു. അവൻ “ഉച്ചത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന് അവന്റെ കാൽക്കൽ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു” (വാ. 15-16).

ഓരോ ദിവസവും നാം പലവിധത്തിൽ ദൈവാനുഗ്രഹം അനുഭവിക്കുന്നു. ദീർഘനാളത്തെ കഷ്ടപ്പാടുകൾക്കുശേഷം പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്നതോ അപരിചിതരിൽ നിന്ന് സമയോചിതമായ സഹായം സ്വീകരിക്കുന്നതോ പോലെ അത് നാടകീയമായിരിക്കാം. ചിലപ്പോൾ, ഒരു ബാഹ്യജോലി പൂർത്തിയാക്കാൻ നല്ല കാലാവസ്ഥ പോലെയുള്ള സാധാരണ രീതികളിലും അവന്റെ അനുഗ്രഹങ്ങൾ വരാം. ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പോലെ, നമ്മോടുള്ള ദയയ്ക്ക് ദൈവത്തിന് നന്ദി പറയാൻ നമുക്ക് ഓർക്കാം.