കുറ്റകൃത്യം ഞെട്ടിക്കുന്നതായിരുന്നു, അത് ചെയ്തയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, ഏകാന്തതടവിൽവച്ച് ആ മനുഷ്യനിൽ മാനസികവും ആത്മീയവുമായ രോഗശാന്തിയുടെ ഒരു പ്രക്രിയ ആരംഭിച്ചു. അത് മാനസാന്തരത്തിലേക്കും യേശുവുമായുള്ള പുനഃസ്ഥാപിതമായ ബന്ധത്തിലേക്കും നയിച്ചു. ഈ ദിവസങ്ങളിൽ മറ്റ് തടവുകാരുമായി പരിമിതമായ ആശയവിനിമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ദൈവകൃപയാൽ, അവന്റെ സാക്ഷ്യത്താൽ ചില സഹതടവുകാർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും അവനിൽ പാപമോചനം കണ്ടെത്തുകയും ചെയ്തു.

മോശെ, ഇപ്പോൾ വലിയ വിശ്വാസവീരനായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യം ചെയ്തവനായിരുന്നു. “തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു” (പുറപ്പാട് 2:11-12). ഈ പാപം ചെയ്തിട്ടും, ദൈവം തന്റെ കൃപയാൽ തന്റെ അപൂർണ ദാസനെ ഉപേക്ഷിച്ചില്ല. പിന്നീട്, തന്റെ ജനത്തെ അവരുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ അവൻ മോശെയെ തിരഞ്ഞെടുത്തു (3:10). റോമർ 5:14-ൽ നാം വായിക്കുന്നു, “ആദാമിന്റെ ലംഘനത്തിനു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.” എന്നാൽ പിൻവരുന്ന വാക്യങ്ങളിൽ പൗലൊസ് പ്രസ്താവിക്കുന്നത് നമ്മുടെ മുൻകാല പാപങ്ങൾ പരിഗണിക്കാതെ തന്നെ, നമുക്കു മാറ്റം വരുത്തുവാനും അവനുമായി നിരപ്പുപ്രാപിക്കുവാനും “ദൈവകൃപ” നമ്മെ സഹായിക്കുന്നു(വാ. 15-16) എന്നാണ്.

നാം ചെയ്ത കാര്യങ്ങൾ ദൈവത്തിന്റെ ക്ഷമയെ അറിയുന്നതിനും അവന്റെ മഹത്വത്തിനായി ഉപയോഗിക്കപ്പെടുന്നതിനും നമ്മെ അയോഗ്യരാക്കുന്നു എന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ അവന്റെ കൃപ നിമിത്തം, യേശുവിൽ നാം രൂപാന്തരപ്പെടുകയും മറ്റുള്ളവരെ നിത്യതയിലേക്ക് നയിക്കുന്നതിനു സഹായിക്കുവാൻ തക്കവണ്ണം നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു.