Month: ഫെബ്രുവരി 2021

പ്രഭാതം തോറും പുതിയത്

എന്റെ സഹോദരന്‍ പോള്‍ കടുത്ത അപസ്മാരവുമായി പൊരുതിയാണ് വളര്‍ന്നത്, അവന്‍ കൗമാരപ്രായത്തിലേക്ക് കടന്നപ്പോള്‍ അത് കൂടുതല്‍ വഷളായി. ഒരു സമയം ആറുമണിക്കൂറിലധികം തുടര്‍ച്ചയായി രോഗബാധ അനുഭവപ്പെട്ടിരുന്നതിനാല്‍, രാത്രികാലങ്ങള്‍ അവനും എന്റെ മാതാപിതാക്കള്‍ക്കും അതികഠിനമായിരുന്നു. രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനോ ദിവസത്തിന്റെ ഒരു ഭാഗമെങ്കിലും അവനെ സുബോധത്തോടെ ഇരുത്തുന്നതിനോ സഹായകരമായ ഒരു ചികിത്സ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല, എന്റെ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയില്‍ നിലവിളിച്ചു: 'ദൈവമേ, ദൈവമേ, ഞങ്ങളെ സഹായിക്കണമേ!''

അവരുടെ വികാരങ്ങള്‍ തകരുകയും അവരുടെ ശരീരം തളര്‍ന്നുപോവുകയും ചെയ്‌തെങ്കിലും, ഓരോ പുതിയ ദിവസത്തിനും മതിയായ ബലം പോളിനും എന്റെ മാതാപിതാക്കള്‍ക്കും ദൈവത്തില്‍ നിന്ന് ലഭിച്ചു. കൂടാതെ, വിലാപങ്ങളുടെ പുസ്തകം ഉള്‍പ്പെടെയുള്ള ബൈബിളിലെ വാക്യങ്ങളില്‍ നിന്ന് എന്റെ മാതാപിതാക്കള്‍ക്ക് ആശ്വാസം ലഭിച്ചു. 'കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പ്പും'' ഓര്‍മ്മിച്ചുകൊണ്ട് ബാബിലോന്യ സൈന്യം യെരൂശലേമിനെ നശിപ്പിച്ചതില്‍ യിരെമ്യാവ് ദുഃഖിച്ചു (3:19). എന്നിട്ടും യിരെമ്യാവിന് പ്രതീക്ഷ നഷ്ടപ്പെട്ടില്ല. 'രാവിലെതോറും പുതിയതായ'' ദൈവത്തിന്റെ കാരുണ്യം അവന്‍ ഓര്‍മ്മിച്ചു (വാ. 23). എന്റെ മാതാപിതാക്കളും അങ്ങനെ തന്നെ ചെയ്തു.

നിങ്ങള്‍ അഭിമുഖീകരിക്കുന്നതെന്തായാലും, എല്ലാ പ്രഭാതത്തിലും ദൈവം വിശ്വസ്തനാണെന്ന് അറിയുക. അവന്‍ അനുദിനം നമ്മുടെ ശക്തി പുതുക്കുകയും പ്രത്യാശ നല്‍കുകയും ചെയ്യുന്നു. ചിലപ്പോള്‍, എന്റെ കുടുംബത്തിനു ചെയ്തതുപോലെ, അവന്‍ ആശ്വാസം നല്‍കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, ഒരു പുതിയ മരുന്ന് ലഭ്യമായി, ഇത് പോളിന്റെ തുടര്‍ച്ചയായ രാത്രികാല രോഗബാധ നിര്‍ത്തുകയും എന്റെ കുടുംബത്തിന് പുനഃസ്ഥാപന ഉറക്കവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും നല്‍കുകയും ചെയ്തു.

നമ്മുടെ ആത്മാക്കള്‍ നമ്മുടെ ഉള്ളില്‍ ക്ഷീണിക്കുമ്പോള്‍ (വാ. 20), ദൈവത്തിന്റെ കരുണ രാവിലെതോറും പുതിയതാണെന്ന വാഗ്ദാനങ്ങള്‍ നമുക്ക് ഓര്‍മ്മിക്കാം.

ഇനിമേല്‍ നിങ്ങളല്ല

1859 ലെ വേനല്‍ക്കാലത്ത്, നയാഗ്ര വെള്ളച്ചാട്ടം മുറിച്ചുകടക്കുന്ന ആദ്യത്തെ വ്യക്തിയായി മിസ്റ്റര്‍ ചാള്‍സ് ബ്‌ളോണ്ടിന്‍ മാറി. ഇത് പിന്നീട് നൂറുകണക്കിന് തവണ അദ്ദേഹം ചെയ്തു. ഒരിക്കല്‍ മാനേജര്‍ ഹാരി കോള്‍കോര്‍ഡിനെ പുറത്തിരുത്തിക്കൊണ്ട് അദ്ദേഹം ഇത് ചെയ്തു. ബ്‌ളോണ്ടിന്‍ കോള്‍കോര്‍ഡിന് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കി: 'നോക്കൂ, ഹാരി. . . നിങ്ങള്‍ ഇപ്പോള്‍ കോള്‍കോര്‍ഡ് അല്ല, നിങ്ങള്‍ ബ്‌ളോണ്ടിന്‍ ആണ് . . . . ഞാന്‍ ആടുകയാണെങ്കില്‍, എന്നോടൊപ്പം ആടുക. സ്വയം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, നമ്മള്‍ രണ്ടുപേരും നമ്മുടെ മരണത്തിലേക്ക് നിപതിക്കും.''

ചുരുക്കത്തില്‍ പൗലൊസ്് ഗലാത്യ വിശ്വാസികളോട് പറഞ്ഞു: ക്രിസ്തുവിലുള്ള വിശ്വാസം കൂടാതെ നിങ്ങള്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനാവില്ല. എന്നാല്‍ ഇതാ സന്തോഷവാര്‍ത്ത - നിങ്ങള്‍ അതു ചെയ്യേണ്ടതില്ല! ദൈവത്തിലേക്കുള്ള വഴി സമ്പാദിക്കാനുള്ള നമ്മുടെ ഒരു ശ്രമവും ഒരിക്കലും വിജയിക്കയില്ല. അതുകൊണ്ട് നമ്മുടെ രക്ഷയില്‍ നാം നിഷ്‌ക്രിയരാണോ? അല്ല! ക്രിസ്തുവിനോട് പറ്റിനില്‍ക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. യേശുവിനോട് പറ്റിനില്‍ക്കുകയെന്നാല്‍ പഴയതും സ്വതന്ത്രവുമായ ജീവിതരീതിയോടു മരിക്കുക എന്നതാണ്; നമ്മള്‍ സ്വയം മരിച്ചുപോയതുപോലെയാണിത്. എന്നിരുന്നാലും, നാം ജീവിക്കുന്നു. എന്നാല്‍ നാം 'ഇപ്പോള്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്‌നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്'' (ഗലാത്യര്‍ 2:20).

ഇന്ന് നാം എവിടെയാണ് കയറിന്മേല്‍ നടക്കുവാന്‍ ശ്രമിക്കുന്നത്? തന്നിലേക്ക് കയറില്‍ നടക്കാന്‍ ദൈവം നമ്മെ വിളിച്ചിട്ടില്ല; അവനോട് പറ്റിനില്‍ക്കാനും അവനോടൊപ്പം ഈ ജീവിതം നടക്കാനും അവന്‍ നമ്മെ വിളിച്ചിരിക്കുന്നു.

ഭയത്തെ അഭിമുഖീകരിക്കുക

വാറന്‍ ഒരു പള്ളിയുടെ പാസ്റ്ററായി ഒരു ചെറിയ പട്ടണത്തിലേക്ക് മാറി. അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് പ്രാഥമിക വിജയം ലഭിച്ച ശേഷം, നാട്ടുകാരില്‍ ഒരാള്‍ അദ്ദേഹത്തിനെതിരായി മാറി. വാറന്‍ ഭയാനകമായ പ്രവൃത്തികള്‍ ചെയ്യുന്നു എന്നാരോപിച്ച് ഒരു കഥ തയ്യാറാക്കിയ ഇയാള്‍ ഈ കഥ പ്രാദേശിക പത്രങ്ങള്‍ക്കു നല്‍കുകയും പ്രദേശവാസികള്‍ക്ക് മെയില്‍ വഴി വിതരണം ചെയ്യുന്നതിനായി തന്റെ ആരോപണങ്ങള്‍ ലഘുലേഖയായി അച്ചടിക്കുകയും ചെയ്തു. വാറനും ഭാര്യയും തീവ്രമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ആളുകള്‍ ആ നുണ വിശ്വസിച്ചാല്‍, അവരുടെ ജീവിതം അവസാനിക്കും.

ദാവീദ് രാജാവ് ഒരിക്കല്‍ സമാനമായ അനുഭവം നേരിട്ടു. ഒരു ശത്രുവിന്റെ അപവാദ ആക്രമണത്തെ അവന്‍ നേരിട്ടു. 'ഇടവിടാതെ അവര്‍ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ
നേരെ തിന്മയ്ക്കായിട്ടാകുന്നു'' (സങ്കീ. 56: 5). നിരന്തരമായ ഈ ആക്രമണം അവനു ഭയവും കണ്ണുനീരും നല്‍കി (വാ. 8). എന്നാല്‍ പോരാട്ടത്തിന്റെ മധ്യത്തില്‍ അവന്‍ ഈ ശക്തമായ പ്രാര്‍ത്ഥന നടത്തി: 'ഞാന്‍ ഭയപ്പെടുന്ന നാളില്‍ നിന്നില്‍ ആശ്രയിക്കും.... ജഡത്തിന് എന്നോട് എന്തുചെയ്യുവാന്‍ കഴിയും?'' (വാ. 3, 4).

ദാവീദിന്റെ പ്രാര്‍ത്ഥന ഇന്ന് നമുക്ക് ഒരു മാതൃകയാക്കാന്‍ കഴിയും. ഞാന്‍ ഭയപ്പെടുമ്പോള്‍ - ഭയത്തിന്റെയോ ആരോപണത്തിന്റെയോ സമയങ്ങളില്‍, നാം ദൈവത്തിലേക്ക് തിരിയുന്നു. ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു - നാം നമ്മുടെ യുദ്ധത്തെ ശക്തമായ കൈകളില്‍ ഏല്പിക്കുന്നു. കേവലം മനുഷ്യരായവര്‍ക്ക് എന്നെ എന്തുചെയ്യാന്‍ കഴിയും? അവനോടുചേര്‍ന്ന് സാഹചര്യത്തെ നേരിടുമ്പോഴാണ്, നമുക്കെതിരായ ശക്തികള്‍ എത്രത്തോളം ദുര്‍ബ്ബലമാണെന്ന് നാം ഓര്‍ക്കുന്നത്.

വാറനെക്കുറിച്ചുള്ള കഥ പത്രം അവഗണിച്ചു. ചില കാരണങ്ങളാല്‍, ലഘുലേഖകള്‍ ഒരിക്കലും വിതരണം ചെയ്യപ്പെട്ടില്ല. ഇന്ന് നിങ്ങള്‍ എന്ത് പോരാട്ടത്തെയാണ് ഭയപ്പെടുന്നത്? ദൈവത്തോട് സംസാരിക്കുക. നിങ്ങളോട് ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ അവന്‍ തയ്യാറാണ്.

മനുഷ്യനായിരിക്കുക

'മിസ്റ്റര്‍ സിംഗര്‍മാന്‍ , നിങ്ങള്‍ എന്തിനാണ് കരയുന്നത്?' പ്രധാന കരകൗശല വിദഗ്ധന്‍ ഒരു തടിപ്പെട്ടി നിര്‍മ്മിക്കുന്നത് നോക്കിക്കൊണ്ടിരുന്ന പന്ത്രണ്ടു വയസ്സുകാരനായ ആല്‍ബെര്‍ട്ട് ചോദിച്ചു.

അദ്ദേഹം പറഞ്ഞു, 'എന്റെ പിതാവ് കരഞ്ഞതിനാലും മുത്തച്ഛന്‍ കരഞ്ഞതിനാലും ഞാന്‍ കരയുന്നു.' തന്റെ ബാലനായ സഹായിയോടുള്ള മരപ്പണിക്കാരന്റെ ഉത്തരം ലിറ്റില്‍ ഹൗസ് ഓണ്‍ ദി പ്രെയറിയിലെ വികാര നിര്‍ഭരമായ ഒരു രംഗമാണ്. 'ശവപ്പെട്ടി ഉണ്ടാക്കുന്നതിനൊപ്പം കണ്ണുനീര്‍ വരും' സിംഗര്‍മാന്‍ വിശദീകരിച്ചു.

'ചില പുരുഷന്മാര്‍ കരയാറില്ല, കാരണം അത് ബലഹീനതയുടെ ലക്ഷണമാണെന്ന് അവര്‍ ഭയപ്പെടുന്നു,' അദ്ദേഹം പറഞ്ഞു. ''കരയാന്‍ കഴിയുമ്പോഴാണ് ഒരു പുരുഷന്‍ പുരുഷനാകുന്നത് എന്നാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്.'

യെരൂശലേമിനോടുള്ള തന്റെ കരുതലിനെ ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനോട് താരതമ്യം ചെയ്തപ്പോള്‍ വികാരങ്ങള്‍ യേശുവിന്റെ കണ്ണില്‍ നിറഞ്ഞിരിക്കണം (മത്തായി 23:37). അവന്റെ കണ്ണുകളില്‍ കണ്ടതോ അവന്റെ കഥകളില്‍ കേട്ടതോ ആയ കാര്യങ്ങള്‍ അവന്റെ ശിഷ്യന്മാരെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ശക്തനായിരിക്കുക എന്നതിന്റെ അര്‍ത്ഥം സംബന്ധിച്ച് അവന്റെ ആശയം വ്യത്യസ്തമായിരുന്നു. അവര്‍ അവനോടൊപ്പം ആലയത്തില്‍ നിന്നും നടക്കുമ്പോള്‍ അതു വീണ്ടും സംഭവിച്ചു. കൂറ്റന്‍ കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ച മതിലുകളിലേക്കും അവരുടെ ആലയത്തിന്റെ അലങ്കാരത്തിലേക്കും (24:1) അവിടുത്തെ ശ്രദ്ധ ക്ഷണിച്ച ശിഷ്യന്മാര്‍ മനുഷ്യനേട്ടത്തിന്റെ കരുത്ത് ശ്രദ്ധയില്‍പെടുത്തി. എ.ഡി. 70 ല്‍ തകര്‍ക്കപ്പെടാന്‍ പോകുന്ന ഒരു ദൈവാലയം യേശു കണ്ടു.

ആരോഗ്യമുള്ള ആളുകള്‍ക്ക് എപ്പോള്‍ കരയണമെന്നും എന്തുകൊണ്ടു കരയണമെന്നും അറിയാമെന്ന് ക്രിസ്തു നമുക്ക് കാണിച്ചുതരുന്നു. അവന്‍ കരഞ്ഞു, കാരണം അവന്റെ ഹൃദയത്തെ തകര്‍ക്കുന്നതെന്താണെന്ന് ഇനിയും കാണാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്കായി പിതാവ് കരുതുകയും ആത്മാവ് ഞരങ്ങുകയും ചെയ്യുന്നു.

ഒരിക്കലും ഏകരല്ല

'ഇതിന് ഭവനരാഹിത്യം, വിശപ്പ്, രോഗം എന്നിവയേക്കാള്‍ വേദനാജനകമാകാന്‍ കഴിയും' ദി ഇക്കണോമിസ്റ്റിന്റെ 1843 ലെ മാസികയില്‍ മാഗി ഫെര്‍ഗൂസണ്‍ എഴുതി. അവളുടെ വിഷയം? ഏകാന്തത. ഏകാന്തത അനുഭവപ്പെടുക എന്നാല്‍ എന്താണെന്നുള്ളതിന്റെ ഹൃദയഭേദകമായ ഉദാഹരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, സാമൂഹികമോ, സാമ്പത്തികമോ ആയ ഏറ്റക്കുറച്ചിലുകള്‍ നോക്കാതെ തന്നെ ഏകാന്തതയുടെ വര്‍ദ്ധിച്ചുവരുന്ന നിരക്ക് ഫെര്‍ഗൂസണ്‍ വിശദീകരിച്ചു.

ഒറ്റയ്ക്കാണെന്നു തോന്നുന്നതിന്റെ വേദന നമ്മുടെ കാലത്തെ മാത്രം പുതുമയല്ല. ഒറ്റപ്പെടലിന്റെ വേദന പുരാതന പുസ്തകമായ സഭാപ്രസംഗിയുടെ പേജുകളില്‍ പ്രതിധ്വനിക്കുന്നു. ശലോമോന്‍ രാജാവ് എഴുതിയെന്നുവിശ്വസിക്കപ്പെടുന്ന ഈ പുസ്തകം അര്‍ത്ഥവത്തായ ബന്ധങ്ങളില്ലെന്ന് തോന്നുന്നവരുടെ സങ്കടം പകര്‍ത്തുന്നു (4:7-8). കാര്യമായ സ്വത്ത് സമ്പാദിക്കാന്‍ കഴിയുമെങ്കിലും അത് പങ്കിടാന്‍ ആരുമില്ലാത്തതിനാല്‍ അതില്‍ നിന്ന് വിലയേറിയ ഒരു കാര്യവും അനുഭവിക്കുന്നില്ല എന്ന് സഭാപ്രസംഗി വിലപിക്കുന്നു.

അതോടൊപ്പം കൂട്ടുകെട്ടിന്റെ മനോഹാരിത സഭാപ്രസംഗി തിരിച്ചറിഞ്ഞു - നിങ്ങള്‍ക്ക് സ്വന്തമായി നേടാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ നേടാന്‍ സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കുന്നുവെന്ന് അവന്‍ എഴുതി (വാ. 9); ആവശ്യ സമയങ്ങളില്‍ കൂട്ടാളികള്‍ സഹായിക്കുന്നു (വാ. 10); പങ്കാളികള്‍ ആശ്വാസം നല്‍കുന്നു (വാ. 11); കൂടാതെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ സംരക്ഷണം നല്‍കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിയും (വാ. 12).

ഏകാന്തത ഒരു സുപ്രധാന പോരാട്ടമാണ് - സൗഹൃദത്തിന്റെയും സമൂഹത്തിന്റെയും നേട്ടങ്ങള്‍ നല്‍കുന്നതിനും സ്വീകരിക്കുന്നതിനുമായി ദൈവം നമ്മെ സൃഷ്ടിച്ചു. നിങ്ങള്‍ ഒറ്റയ്ക്കാണ് എന്നു തോന്നുന്നുവെങ്കില്‍, മറ്റുള്ളവരുമായി അര്‍ത്ഥവത്തായ ബന്ധം സ്ഥാപിക്കാന്‍ നിങ്ങളെ സഹായിക്കുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുക. അതിനിടയില്‍, യേശുവിന്റെ ആത്മാവ് എല്ലായ്‌പ്പോഴും നമ്മോടൊപ്പമുള്ളതിനാല്‍ വിശ്വാസി ഒരിക്കലും ഒറ്റയ്ക്കല്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ പ്രോത്സാഹനം കണ്ടെത്തുക (മത്തായി 28:20).