എന്റെ സഹോദരന്‍ പോള്‍ കടുത്ത അപസ്മാരവുമായി പൊരുതിയാണ് വളര്‍ന്നത്, അവന്‍ കൗമാരപ്രായത്തിലേക്ക് കടന്നപ്പോള്‍ അത് കൂടുതല്‍ വഷളായി. ഒരു സമയം ആറുമണിക്കൂറിലധികം തുടര്‍ച്ചയായി രോഗബാധ അനുഭവപ്പെട്ടിരുന്നതിനാല്‍, രാത്രികാലങ്ങള്‍ അവനും എന്റെ മാതാപിതാക്കള്‍ക്കും അതികഠിനമായിരുന്നു. രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനോ ദിവസത്തിന്റെ ഒരു ഭാഗമെങ്കിലും അവനെ സുബോധത്തോടെ ഇരുത്തുന്നതിനോ സഹായകരമായ ഒരു ചികിത്സ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല, എന്റെ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയില്‍ നിലവിളിച്ചു: ‘ദൈവമേ, ദൈവമേ, ഞങ്ങളെ സഹായിക്കണമേ!”

അവരുടെ വികാരങ്ങള്‍ തകരുകയും അവരുടെ ശരീരം തളര്‍ന്നുപോവുകയും ചെയ്‌തെങ്കിലും, ഓരോ പുതിയ ദിവസത്തിനും മതിയായ ബലം പോളിനും എന്റെ മാതാപിതാക്കള്‍ക്കും ദൈവത്തില്‍ നിന്ന് ലഭിച്ചു. കൂടാതെ, വിലാപങ്ങളുടെ പുസ്തകം ഉള്‍പ്പെടെയുള്ള ബൈബിളിലെ വാക്യങ്ങളില്‍ നിന്ന് എന്റെ മാതാപിതാക്കള്‍ക്ക് ആശ്വാസം ലഭിച്ചു. ‘കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പ്പും” ഓര്‍മ്മിച്ചുകൊണ്ട് ബാബിലോന്യ സൈന്യം യെരൂശലേമിനെ നശിപ്പിച്ചതില്‍ യിരെമ്യാവ് ദുഃഖിച്ചു (3:19). എന്നിട്ടും യിരെമ്യാവിന് പ്രതീക്ഷ നഷ്ടപ്പെട്ടില്ല. ‘രാവിലെതോറും പുതിയതായ” ദൈവത്തിന്റെ കാരുണ്യം അവന്‍ ഓര്‍മ്മിച്ചു (വാ. 23). എന്റെ മാതാപിതാക്കളും അങ്ങനെ തന്നെ ചെയ്തു.

നിങ്ങള്‍ അഭിമുഖീകരിക്കുന്നതെന്തായാലും, എല്ലാ പ്രഭാതത്തിലും ദൈവം വിശ്വസ്തനാണെന്ന് അറിയുക. അവന്‍ അനുദിനം നമ്മുടെ ശക്തി പുതുക്കുകയും പ്രത്യാശ നല്‍കുകയും ചെയ്യുന്നു. ചിലപ്പോള്‍, എന്റെ കുടുംബത്തിനു ചെയ്തതുപോലെ, അവന്‍ ആശ്വാസം നല്‍കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, ഒരു പുതിയ മരുന്ന് ലഭ്യമായി, ഇത് പോളിന്റെ തുടര്‍ച്ചയായ രാത്രികാല രോഗബാധ നിര്‍ത്തുകയും എന്റെ കുടുംബത്തിന് പുനഃസ്ഥാപന ഉറക്കവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും നല്‍കുകയും ചെയ്തു.

നമ്മുടെ ആത്മാക്കള്‍ നമ്മുടെ ഉള്ളില്‍ ക്ഷീണിക്കുമ്പോള്‍ (വാ. 20), ദൈവത്തിന്റെ കരുണ രാവിലെതോറും പുതിയതാണെന്ന വാഗ്ദാനങ്ങള്‍ നമുക്ക് ഓര്‍മ്മിക്കാം.