1859 ലെ വേനല്‍ക്കാലത്ത്, നയാഗ്ര വെള്ളച്ചാട്ടം മുറിച്ചുകടക്കുന്ന ആദ്യത്തെ വ്യക്തിയായി മിസ്റ്റര്‍ ചാള്‍സ് ബ്‌ളോണ്ടിന്‍ മാറി. ഇത് പിന്നീട് നൂറുകണക്കിന് തവണ അദ്ദേഹം ചെയ്തു. ഒരിക്കല്‍ മാനേജര്‍ ഹാരി കോള്‍കോര്‍ഡിനെ പുറത്തിരുത്തിക്കൊണ്ട് അദ്ദേഹം ഇത് ചെയ്തു. ബ്‌ളോണ്ടിന്‍ കോള്‍കോര്‍ഡിന് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കി: ‘നോക്കൂ, ഹാരി. . . നിങ്ങള്‍ ഇപ്പോള്‍ കോള്‍കോര്‍ഡ് അല്ല, നിങ്ങള്‍ ബ്‌ളോണ്ടിന്‍ ആണ് . . . . ഞാന്‍ ആടുകയാണെങ്കില്‍, എന്നോടൊപ്പം ആടുക. സ്വയം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, നമ്മള്‍ രണ്ടുപേരും നമ്മുടെ മരണത്തിലേക്ക് നിപതിക്കും.”

ചുരുക്കത്തില്‍ പൗലൊസ്് ഗലാത്യ വിശ്വാസികളോട് പറഞ്ഞു: ക്രിസ്തുവിലുള്ള വിശ്വാസം കൂടാതെ നിങ്ങള്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനാവില്ല. എന്നാല്‍ ഇതാ സന്തോഷവാര്‍ത്ത – നിങ്ങള്‍ അതു ചെയ്യേണ്ടതില്ല! ദൈവത്തിലേക്കുള്ള വഴി സമ്പാദിക്കാനുള്ള നമ്മുടെ ഒരു ശ്രമവും ഒരിക്കലും വിജയിക്കയില്ല. അതുകൊണ്ട് നമ്മുടെ രക്ഷയില്‍ നാം നിഷ്‌ക്രിയരാണോ? അല്ല! ക്രിസ്തുവിനോട് പറ്റിനില്‍ക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. യേശുവിനോട് പറ്റിനില്‍ക്കുകയെന്നാല്‍ പഴയതും സ്വതന്ത്രവുമായ ജീവിതരീതിയോടു മരിക്കുക എന്നതാണ്; നമ്മള്‍ സ്വയം മരിച്ചുപോയതുപോലെയാണിത്. എന്നിരുന്നാലും, നാം ജീവിക്കുന്നു. എന്നാല്‍ നാം ‘ഇപ്പോള്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്‌നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്” (ഗലാത്യര്‍ 2:20).

ഇന്ന് നാം എവിടെയാണ് കയറിന്മേല്‍ നടക്കുവാന്‍ ശ്രമിക്കുന്നത്? തന്നിലേക്ക് കയറില്‍ നടക്കാന്‍ ദൈവം നമ്മെ വിളിച്ചിട്ടില്ല; അവനോട് പറ്റിനില്‍ക്കാനും അവനോടൊപ്പം ഈ ജീവിതം നടക്കാനും അവന്‍ നമ്മെ വിളിച്ചിരിക്കുന്നു.