വാറന്‍ ഒരു പള്ളിയുടെ പാസ്റ്ററായി ഒരു ചെറിയ പട്ടണത്തിലേക്ക് മാറി. അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് പ്രാഥമിക വിജയം ലഭിച്ച ശേഷം, നാട്ടുകാരില്‍ ഒരാള്‍ അദ്ദേഹത്തിനെതിരായി മാറി. വാറന്‍ ഭയാനകമായ പ്രവൃത്തികള്‍ ചെയ്യുന്നു എന്നാരോപിച്ച് ഒരു കഥ തയ്യാറാക്കിയ ഇയാള്‍ ഈ കഥ പ്രാദേശിക പത്രങ്ങള്‍ക്കു നല്‍കുകയും പ്രദേശവാസികള്‍ക്ക് മെയില്‍ വഴി വിതരണം ചെയ്യുന്നതിനായി തന്റെ ആരോപണങ്ങള്‍ ലഘുലേഖയായി അച്ചടിക്കുകയും ചെയ്തു. വാറനും ഭാര്യയും തീവ്രമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ആളുകള്‍ ആ നുണ വിശ്വസിച്ചാല്‍, അവരുടെ ജീവിതം അവസാനിക്കും.

ദാവീദ് രാജാവ് ഒരിക്കല്‍ സമാനമായ അനുഭവം നേരിട്ടു. ഒരു ശത്രുവിന്റെ അപവാദ ആക്രമണത്തെ അവന്‍ നേരിട്ടു. ‘ഇടവിടാതെ അവര്‍ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ
നേരെ തിന്മയ്ക്കായിട്ടാകുന്നു” (സങ്കീ. 56: 5). നിരന്തരമായ ഈ ആക്രമണം അവനു ഭയവും കണ്ണുനീരും നല്‍കി (വാ. 8). എന്നാല്‍ പോരാട്ടത്തിന്റെ മധ്യത്തില്‍ അവന്‍ ഈ ശക്തമായ പ്രാര്‍ത്ഥന നടത്തി: ‘ഞാന്‍ ഭയപ്പെടുന്ന നാളില്‍ നിന്നില്‍ ആശ്രയിക്കും…. ജഡത്തിന് എന്നോട് എന്തുചെയ്യുവാന്‍ കഴിയും?” (വാ. 3, 4).

ദാവീദിന്റെ പ്രാര്‍ത്ഥന ഇന്ന് നമുക്ക് ഒരു മാതൃകയാക്കാന്‍ കഴിയും. ഞാന്‍ ഭയപ്പെടുമ്പോള്‍ – ഭയത്തിന്റെയോ ആരോപണത്തിന്റെയോ സമയങ്ങളില്‍, നാം ദൈവത്തിലേക്ക് തിരിയുന്നു. ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു – നാം നമ്മുടെ യുദ്ധത്തെ ശക്തമായ കൈകളില്‍ ഏല്പിക്കുന്നു. കേവലം മനുഷ്യരായവര്‍ക്ക് എന്നെ എന്തുചെയ്യാന്‍ കഴിയും? അവനോടുചേര്‍ന്ന് സാഹചര്യത്തെ നേരിടുമ്പോഴാണ്, നമുക്കെതിരായ ശക്തികള്‍ എത്രത്തോളം ദുര്‍ബ്ബലമാണെന്ന് നാം ഓര്‍ക്കുന്നത്.

വാറനെക്കുറിച്ചുള്ള കഥ പത്രം അവഗണിച്ചു. ചില കാരണങ്ങളാല്‍, ലഘുലേഖകള്‍ ഒരിക്കലും വിതരണം ചെയ്യപ്പെട്ടില്ല. ഇന്ന് നിങ്ങള്‍ എന്ത് പോരാട്ടത്തെയാണ് ഭയപ്പെടുന്നത്? ദൈവത്തോട് സംസാരിക്കുക. നിങ്ങളോട് ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ അവന്‍ തയ്യാറാണ്.