‘സമയം കടന്നുപോയി. യുദ്ധം വന്നു.’ സ്വന്തം ഭാഷയില്‍ ബൈബിള്‍ ലഭ്യമാക്കുന്നതിനുവേണ്ടി, ദക്ഷിണ സുഡാനിലെ കെലിക്കോജനങ്ങളുടെ പോരാട്ടത്തില്‍ നേരിട്ട കാലതാമസത്തെക്കുറിച്ച് അവരുടെ ബിഷപ്പായ സെമി നിഗോ വിവരിച്ചതിങ്ങനെയാണ്. കെലിക്കോഭാഷയില്‍ ഒറ്റ വാക്കുപോലും അന്നുവരെ അച്ചടിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ബിഷപ്പ് നിഗോയുടെ മുത്തച്ഛന്‍ ധൈര്യത്തോടെ ഒരു ബൈബിള്‍ വിവര്‍ത്തനപദ്ധതി ആരംഭിച്ചിരുന്നുവെങ്കിലും, യുദ്ധവും അശാന്തിയും ആ ശ്രമത്തെ തടസ്സപ്പെടുത്തി. എന്നിട്ടും, വടക്കന്‍ ഉഗാണ്ടയിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും തങ്ങളുടെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കു നേരെ ആവര്‍ത്തിച്ച് ആക്രമണം നടത്തിയിട്ടും ബിഷപ്പും സഹവിശ്വാസികളും ഈ പദ്ധതി സജീവമായി മുന്നോട്ടു കൊണ്ടുപോയി.

അവരുടെ സ്ഥിരോത്സാഹം ഫലം കണ്ടു. മൂന്നു പതിറ്റാണ്ടിനുശേഷം, കെലിക്കോ ഭാഷയിലെ പുതിയനിയമം അഭയാര്‍ത്ഥികള്‍ ആവേശത്തോടെയും ആഘോഷത്തോടെയും ഏറ്റുവാങ്ങി. ‘കെലിക്കോയുടെ പ്രചോദനം വാക്കുകള്‍ക്ക് അതീതമാണ്,” ഒരു പ്രോജക്ട് കണ്‍സള്‍ട്ടന്റ് പറഞ്ഞു.

കെലിക്കോയുടെ സമര്‍പ്പണം ദൈവം യോശുവയില്‍നിന്നാവശ്യപ്പെട്ട സ്ഥിരോത്സാഹത്തെ പ്രതിഫലിപ്പിക്കുന്നു. ദൈവം അവനോടു പറഞ്ഞതുപോലെ, ‘ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുത്; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും” (യോശുവ 1:8). തുല്യ സ്ഥിരതയോടെ, കെലിക്കോ ജനത തിരുവെഴുത്തിന്റെ വിവര്‍ത്തനം പിന്തുടര്‍ന്നു. ‘അവരെ ഇപ്പോള്‍ നിങ്ങള്‍ ക്യാമ്പുകളില്‍ കണ്ടുമുട്ടുമ്പോള്‍ അവര്‍ പുഞ്ചിരിക്കുന്നു,” ഒരു വിവര്‍ത്തകന്‍ പറഞ്ഞു. ബൈബിള്‍ കേള്‍ക്കുന്നതും മനസ്സിലാക്കുന്നതും ‘അവര്‍ക്കു പ്രത്യാശ നല്‍കുന്നു.” കെലിക്കോ ജനത്തെപ്പോലെ തിരുവെഴുത്തിന്റെ ശക്തിയും ജ്ഞാനവും അന്വേഷിക്കുന്നത് നാം ഒരിക്കലും ഉപേക്ഷിക്കരുത്.