‘ഇതിന് ഭവനരാഹിത്യം, വിശപ്പ്, രോഗം എന്നിവയേക്കാള്‍ വേദനാജനകമാകാന്‍ കഴിയും’ ദി ഇക്കണോമിസ്റ്റിന്റെ 1843 ലെ മാസികയില്‍ മാഗി ഫെര്‍ഗൂസണ്‍ എഴുതി. അവളുടെ വിഷയം? ഏകാന്തത. ഏകാന്തത അനുഭവപ്പെടുക എന്നാല്‍ എന്താണെന്നുള്ളതിന്റെ ഹൃദയഭേദകമായ ഉദാഹരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, സാമൂഹികമോ, സാമ്പത്തികമോ ആയ ഏറ്റക്കുറച്ചിലുകള്‍ നോക്കാതെ തന്നെ ഏകാന്തതയുടെ വര്‍ദ്ധിച്ചുവരുന്ന നിരക്ക് ഫെര്‍ഗൂസണ്‍ വിശദീകരിച്ചു.

ഒറ്റയ്ക്കാണെന്നു തോന്നുന്നതിന്റെ വേദന നമ്മുടെ കാലത്തെ മാത്രം പുതുമയല്ല. ഒറ്റപ്പെടലിന്റെ വേദന പുരാതന പുസ്തകമായ സഭാപ്രസംഗിയുടെ പേജുകളില്‍ പ്രതിധ്വനിക്കുന്നു. ശലോമോന്‍ രാജാവ് എഴുതിയെന്നുവിശ്വസിക്കപ്പെടുന്ന ഈ പുസ്തകം അര്‍ത്ഥവത്തായ ബന്ധങ്ങളില്ലെന്ന് തോന്നുന്നവരുടെ സങ്കടം പകര്‍ത്തുന്നു (4:7-8). കാര്യമായ സ്വത്ത് സമ്പാദിക്കാന്‍ കഴിയുമെങ്കിലും അത് പങ്കിടാന്‍ ആരുമില്ലാത്തതിനാല്‍ അതില്‍ നിന്ന് വിലയേറിയ ഒരു കാര്യവും അനുഭവിക്കുന്നില്ല എന്ന് സഭാപ്രസംഗി വിലപിക്കുന്നു.

അതോടൊപ്പം കൂട്ടുകെട്ടിന്റെ മനോഹാരിത സഭാപ്രസംഗി തിരിച്ചറിഞ്ഞു – നിങ്ങള്‍ക്ക് സ്വന്തമായി നേടാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ നേടാന്‍ സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കുന്നുവെന്ന് അവന്‍ എഴുതി (വാ. 9); ആവശ്യ സമയങ്ങളില്‍ കൂട്ടാളികള്‍ സഹായിക്കുന്നു (വാ. 10); പങ്കാളികള്‍ ആശ്വാസം നല്‍കുന്നു (വാ. 11); കൂടാതെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ സംരക്ഷണം നല്‍കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിയും (വാ. 12).

ഏകാന്തത ഒരു സുപ്രധാന പോരാട്ടമാണ് – സൗഹൃദത്തിന്റെയും സമൂഹത്തിന്റെയും നേട്ടങ്ങള്‍ നല്‍കുന്നതിനും സ്വീകരിക്കുന്നതിനുമായി ദൈവം നമ്മെ സൃഷ്ടിച്ചു. നിങ്ങള്‍ ഒറ്റയ്ക്കാണ് എന്നു തോന്നുന്നുവെങ്കില്‍, മറ്റുള്ളവരുമായി അര്‍ത്ഥവത്തായ ബന്ധം സ്ഥാപിക്കാന്‍ നിങ്ങളെ സഹായിക്കുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുക. അതിനിടയില്‍, യേശുവിന്റെ ആത്മാവ് എല്ലായ്‌പ്പോഴും നമ്മോടൊപ്പമുള്ളതിനാല്‍ വിശ്വാസി ഒരിക്കലും ഒറ്റയ്ക്കല്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ പ്രോത്സാഹനം കണ്ടെത്തുക (മത്തായി 28:20).