ഒരു കുടുംബത്തിന്റെ ഒരു പ്രഭാതത്തിലെ പ്രാര്‍ത്ഥന സമയം അത്ഭുതകരമായ ഒരു പ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്. ‘ആമേന്‍” എന്ന് ഡാഡി പറഞ്ഞയുടനെ, അഞ്ചുവയസ്സുകാരന്‍ കാവി പ്രഖ്യാപിച്ചു, ‘ഞാന്‍ ജോണിനുവേണ്ടി പ്രാര്‍ത്ഥിച്ചു, കാരണം പ്രാര്‍ത്ഥനയ്ക്കിടെ അവന്‍ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു.”

മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി നമ്മെ ആഹ്വാനം ചെയ്യുമ്പോള്‍, നിങ്ങളുടെ പത്തുവയസ്സുള്ള സഹോദരന്റെ പ്രാര്‍ത്ഥനാരീതിയെക്കുറിച്ചു പ്രാര്‍ത്ഥിക്കുന്നതല്ല തിരുവെഴുത്തു ലക്ഷ്യം വയ്ക്കുന്നത് എന്നെനിക്ക് ഉറപ്പുണ്ട്. എങ്കിലും കുറഞ്ഞപക്ഷം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നെങ്കിലും കാവി മനസ്സിലാക്കി.

മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യം വേദാധ്യാപകനായ ഓസ്വാള്‍ഡ് ചേംബേഴ്‌സ് ഊന്നിപ്പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘മദ്ധ്യസ്ഥത നിങ്ങളെ ദൈവത്തിന്റെ സ്ഥാനത്തു നിര്‍ത്തുന്നു; അതില്‍ ദൈവത്തിന്റെ മനസ്സും കാഴ്ചപ്പാടും ഉണ്ട്.” ദൈവത്തെക്കുറിച്ചും നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തെക്കുറിച്ചും നമുക്കുള്ള അറിവിന്റെ വെളിച്ചത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണത്.

മധ്യസ്ഥപ്രാര്‍ത്ഥനയുടെ ഒരു മികച്ച ഉദാഹരണം ദാനീയേല്‍ 9 ല്‍ കാണാം. യെഹൂദന്മാര്‍ ബാബിലോണില്‍ എഴുപതു വര്‍ഷം പ്രവാസജീവിതം നയിക്കുമെന്ന ദൈവത്തിന്റെ അസ്വസ്ഥപ്പെടുത്തുന്ന വാഗ്ദത്തം പ്രവാചകന്‍ മനസ്സിലാക്കി (യിരെമ്യാവ് 25:11-12). ആ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതായി മനസ്സിലാക്കിയ ദാനീയേല്‍ പ്രാര്‍ത്ഥിക്കാന്‍ തയ്യാറായി. ദാനീയേല്‍ ദൈവകല്പനകളെ പരാമര്‍ശിച്ചു (ദാനീയേല്‍ 9:4-6), തന്നെത്താന്‍ താഴ്ത്തി (വാ. 8), ദൈവത്തിന്റെ സ്വഭാവത്തെ ആദരിച്ചു (വാ. 9), പാപം ഏറ്റുപറഞ്ഞു (വാ. 15), തന്റെ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവകരുണയെ ആശ്രയിച്ചു (വാ. 18). ദാനീയേലിനു ദൈവത്തില്‍ നിന്ന് ഉടനടി ഉത്തരം ലഭിച്ചു (വാ.21).

എല്ലാ പ്രാര്‍ത്ഥനകളും അത്തരമൊരു നാടകീയമായ പ്രതികരണത്തോടെ അവസാനിക്കുന്നില്ല, മറിച്ച് മറ്റുള്ളവരെ പ്രതിനിധീകരിച്ച് ദൈവത്തെ വിശ്വസിച്ചും അവനില്‍ ആശ്രയിച്ചുംകൊണ്ട് ദൈവത്തിങ്കലേക്കു ചെല്ലുവാന്‍ നമുക്ക് ധൈര്യപ്പെടാം.