വര്‍ഷങ്ങള്‍ക്കുമുമ്പ്, ഞാന്‍ ഒരു ക്രിസ്തീയ സംഘടനയില്‍ ഒരു തസ്തികയിലേക്ക് അപേക്ഷിക്കുകയും മദ്യം, പുകവലി, ചിലതരം വിനോദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ഒരു പട്ടിക അവര്‍ എനിക്കു നല്‍കുകയും ചെയ്തു. ”ഞങ്ങളുടെ ജീവനക്കാരില്‍ നിന്ന് ക്രിസ്തീയ പെരുമാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു” എന്നായിരുന്നു വിശദീകരണം. എനിക്ക് ഈ ലിസ്റ്റുമായി യോജിക്കാന്‍ കഴിയുമായിരുന്നു, കാരണം എന്റെ വിശ്വാസവുമായി പൊരുത്തപ്പെടാത്തവയായിരുന്നു അവയെല്ലാം. പക്ഷേ, എന്നിലെ താര്‍ക്കികന്‍ ചിന്തിച്ചു, എന്തുകൊണ്ട് അവര്‍ക്ക് ധാര്‍ഷ്ട്യം, വിവേകശൂന്യത, പാരുഷ്യം, ആത്മീയ നിസ്സംഗത, വിധിക്കല്‍ എന്നിവയെക്കുറിച്ച് ഒരു പട്ടികയില്ല? ഇവയൊന്നും ഇവിടെ സൂചിപ്പിച്ചിട്ടില്ല. 

യേശുവിനെ അനുഗമിക്കുന്നത് നിയമങ്ങളുടെ ഒരു പട്ടികയാല്‍ നിര്‍വചിക്കാനാവില്ല. ഇത് അളവുകൊണ്ടു കണക്കാക്കാന്‍ പ്രയാസമുള്ളതും എന്നാല്‍ ”മനോഹരം” എന്നു വിശേഷിപ്പിക്കാവുന്നതുമായ ഒരു സൂക്ഷ്മ ജീവിത നിലവാരമാണ്.

മത്തായി 5:3-10 ലെ ഭാഗ്യാവസ്ഥകള്‍ ആ സൗന്ദര്യത്തെ സംഗ്രഹിക്കുന്നു: യേശുവിന്റെ ആത്മാവ് ഉള്ളില്‍ വസിക്കുകയും ആത്മാവിലാശ്രയിക്കുകയും ചെയ്യുന്നവര്‍ താഴ്മയുള്ളവരും സ്വയം പുകഴ്ത്താത്തവരുമാണ്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ അവരെ വല്ലാതെ സ്പര്‍ശിക്കുന്നു. അവര്‍ സൗമ്യരും ദയയുള്ളവരുമാണ്. തങ്ങളിലും മറ്റുള്ളവരിലും നന്മ കാണാന്‍ അവര്‍ കൊതിക്കുന്നു. പോരാടി പരാജയപ്പെടുന്നവരോട് അവര്‍ കരുണയുള്ളവരാണ്. യേശുവിനോടുള്ള സ്‌നേഹത്തില്‍ അവര്‍ ദൃഢമനസ്സുള്ളവരാണ്. അവര്‍ സമാധാനകാംക്ഷികളും സമാധാനത്തിന്റെ ഒരു പൈതൃകം വെച്ചിട്ടുപോകുന്നവരുമാണ്. അവരെ ദുരുപയോഗം ചെയ്യുന്നവരോട് അവര്‍ ദയ കാണിക്കുകയും തിന്മയ്ക്കു നന്മ പകരം ചെയ്യുകയും ചെയ്യുന്നു. അവര്‍ ഭാഗ്യവാന്മാരാണ്, ആഴമേറിയ അര്‍ത്ഥത്തില്‍ ”സന്തോഷം” എന്നയര്‍ത്ഥമാണ് ആ വാക്കിന്.

ഇത്തരത്തിലുള്ള ജീവിതം മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതും യേശുവിന്റെ അടുത്തു വന്ന് അവിടുത്തോട് ആവശ്യപ്പെടുന്നവര്‍ക്കു ലഭിക്കുന്നതുമാണ്.