അതൊരു മിന്നല്‍ കൊടുങ്കാറ്റായിരുന്നു, ഞാനും ആറുവയസ്സുള്ള മകളും ചില്ലുവാതിലിലൂടെ മിന്നലിന്റെ പ്രദര്‍ശനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ”കൊള്ളാം! ദൈവം എത്ര വലിയവനാണ്” എന്നവള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. എനിക്കും അങ്ങനെ തോന്നി. ഞങ്ങള്‍ എത്ര ചെറുതാണെന്നും ദൈവം എത്ര ശക്തനാണെന്നും ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും വ്യക്തമായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിലെ വരികള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു, ”വെളിച്ചം പിരിഞ്ഞു പോകുന്നതും കിഴക്കന്‍കാറ്റു ഭൂമിമേല്‍ വ്യാപിക്കുന്നതും ആയ വഴി ഏത്?” (ഇയ്യോബ് 38:24)  

ഇയ്യോബിനെ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ടായിരുന്നു (വാ. 34-41). അവന്റെ ജീവിതം തകര്‍ന്നുപോയി. അവന്റെ മക്കള്‍ മരിച്ചു. അവന്‍ തകര്‍ന്നു. അവന്‍ രോഗിയായി. അവന്റെ സുഹൃത്തുക്കള്‍ ഒരു സഹാനുഭൂതിയും കാട്ടിയില്ല. വിശ്വാസം ഉപേക്ഷിക്കാന്‍ ഭാര്യ അവനെ ഉത്സാഹിപ്പിച്ചു (2:9). ഒടുവില്‍, ഇയ്യോബ് ദൈവത്തോട് ചോദിച്ചു, ”എന്തുകൊണ്ട്?” (അ. 24). ദൈവം ഒരു കൊടുങ്കാറ്റില്‍ നിന്നുകൊണ്ടു പ്രതികരിച്ചു (അ. 38).

ലോകത്തിന്റെ ഭൗതിക ഘടകങ്ങളുടെമേലുള്ള തന്റെ നിയന്ത്രണത്തെക്കുറിച്ചു ദൈവം ഇയ്യോബിനെ ഓര്‍മ്മിപ്പിച്ചു (അ. 38). അതവനെ ആശ്വസിപ്പിച്ചു, ”ഞാന്‍ നിന്നെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാല്‍ നിന്നെ കാണുന്നു” (42:5) എന്നവന്‍ പ്രതികരിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ”ദൈവമേ! അങ്ങ് എന്റെ പെട്ടിയില്‍ ഒതുങ്ങുകയില്ലെന്ന് ഞാന്‍ കാണുന്നു” എന്നാണ് ഇയ്യോബ് പറഞ്ഞത്.

ജീവിതം തകര്‍ന്നടിയുമ്പോള്‍, ചിലപ്പോള്‍ നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആശ്വാസകരമായ കാര്യം, തറയില്‍ കിടന്ന് മിന്നലിനെ വീക്ഷിക്കുക എന്നതാണ്. ലോകത്തെ സൃഷ്ടിച്ച ദൈവം നമ്മെയും പരിപാലിക്കാന്‍ തക്കവണ്ണം വലിയവനും സ്‌നേഹസമ്പന്നനും ആണെന്ന് ഇതു നമ്മെ ഓര്‍മ്മിപ്പിക്കും. നമ്മുടെ ദൈവത്തിന്റെ ശക്തിയെയും മഹത്വത്തെയും കുറിച്ചു പറയുന്ന പ്രിയപ്പെട്ട ആരാധനാ ഗാനങ്ങള്‍ ആലപിക്കാന്‍ പോലും നാം ആരംഭിച്ചേക്കാം.