ഒരു പ്രശസ്ത ഇംഗ്ലീഷ് സിനിമയില്‍, ഒരു പ്രായമായ സംഗീതജ്ഞന്‍ ഒരു സന്ദര്‍ശക പുരോഹിതനുവേണ്ടി പിയാനോയില്‍ തന്റെ ചില ഗാനങ്ങള്‍ വായിച്ചു. ലജ്ജിതനായ പുരോഹിതന്‍ താന്‍ രാഗങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്ന് സമ്മതിച്ചു. ”ഇതിനെക്കുറിച്ച് എന്തുപറയുന്നു?” പരിചിതമായ ഒരു മെലഡി വായിച്ചുകൊണ്ട് സംഗീതജ്ഞന്‍ ചോദിച്ചു. ”താങ്കളാണ് അതെഴുതിയത് എന്നു ഞാനറിഞ്ഞില്ല” പുരോഹിതന്‍ പറഞ്ഞു. ”ഞാനും അറിഞ്ഞിരുന്നില്ല,” അദ്ദേഹം മറുപടി നല്‍കി, ”അതു മൊസാര്‍ട്ട് ആണ്!” പ്രേക്ഷകര്‍ പിന്നീട് കണ്ടെത്തുന്നതുപോലെ, മൊസാര്‍ട്ടിന്റെ വിജയം ഈ സംഗീതജ്ഞനില്‍ കടുത്ത അസൂയ ഉളവാക്കിയിരുന്നു – മൊസാര്‍ട്ടിന്റെ മരണത്തില്‍ ഒരു പങ്കുവഹിക്കാന്‍പോലും അതയാളെ പ്രേരിപ്പിച്ചു.

മറ്റൊരു അസൂയക്കഥയുടെ പിന്നിലും ഒരു ഗാനമുണ്ട്. ഗൊല്യാത്തിന്റെമേല്‍ ദാവീദ് വിജയം നേടിയശേഷം യിസ്രായേല്യര്‍ ഹൃദയം തുറന്നു പാടി, ”ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ” (1 ശമൂവേല്‍ 18:7). താരതമ്യം ശൗലിനു സന്തോഷകരമായിരുന്നില്ല. ദാവീദിന്റെ വിജയത്തില്‍ അസൂയയും സിംഹാസനം നഷ്ടപ്പെടുമോ എന്ന ഭയവും (വാ. 8-9) നിമിത്തം ദാവീദിന്റെ ജീവനെടുക്കാനായി ശൗല്‍ അവനെ ദീര്‍ഘകാലം പിന്തുടര്‍ന്നു. 

സംഗീതത്തെച്ചൊല്ലി ഈ സംഗീതജ്ഞനോ, അധികാരത്തെച്ചൊല്ലി ശൗലോ ചെയ്തതുപോലെ, നാമും സാധാരണയായി നമുക്കു സമാനമായതും എന്നാല്‍ ഉയര്‍ന്ന നിലയിലും കഴിവുകളുള്ളവരോട് അസൂയപ്പെടാന്‍ പരീക്ഷിക്കപ്പെടാറുണ്ട്. അത് അവരുടെ ജോലിയുടെ തെറ്റ് കണ്ടുപിടിക്കുന്നതിലൂടെ ആയാലും അല്ലെങ്കില്‍ അവരുടെ വിജയത്തെ ചെറുതായിക്കാണിക്കുന്നതിലൂടെ ആയാലും, നമ്മുടെ ”എതിരാളികളെ” തകര്‍ക്കാന്‍ നാം ശ്രമിക്കും.

ശൗലിനെ ദൗത്യനിര്‍വഹണത്തിനായി ദൈവം തിരഞ്ഞെടുത്തതാണ് (10:6-7, 24), അതവനില്‍ അസൂയയേക്കാള്‍ സുരക്ഷിതത്വം ഉറപ്പിക്കേണ്ടതായിരുന്നു. നമുക്കെല്ലാവര്‍ക്കും അതുല്യമായ വിളികളുണ്ട് (എഫെസ്യര്‍ 2:10), അതിനാല്‍ അസൂയയെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് ഉപേക്ഷിക്കുക എന്നതാണ്. പകരം പരസ്പരം മറ്റുള്ളവരുടെ വിജയങ്ങള്‍ ആഘോഷിക്കാം.