Month: സെപ്റ്റംബർ 2021

നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം

ഭക്ഷണമേശയ്ക്കരികിലിരുന്ന്, എനിക്കു ചുറ്റുമുള്ള സന്തോഷമുളവാക്കുന്ന അലങ്കോലങ്ങൾ ഞാൻ നോക്കി. അമ്മായിമാർ, അമ്മാവന്മാർ, കസിനുകൾ, അനന്തരവർ, മരുമക്കൾ എന്നിവർ ഭക്ഷണം ആസ്വദിക്കുകയും ഞങ്ങളുടെ കുടുംബ പുനഃസമാഗമത്തെ ഒരുമിച്ച് സന്തോഷിക്കുകയും ചെയ്തു. ഞാനും അതെല്ലാം ആസ്വദിക്കുകയായിരുന്നു. എന്നാൽ ഒരു ചിന്ത എന്റെ ഹൃദയത്തെ തുളച്ചു: കുട്ടികളില്ലാത്ത, സ്വന്തമെന്നു വിളിക്കാൻ കുടുംബമില്ലാത്ത ഒരേയൊരു സ്ത്രീ നീ മാത്രമാണ്. 

എന്നെപ്പോലെ അവിവാഹിതരായ പല സ്ത്രീകൾക്കും സമാനമായ അനുഭവങ്ങളുണ്ട്. എന്റെ സംസ്കാരത്തിൽ, വിവാഹത്തെയും കുട്ടികളെയും വളരെയധികം വിലമതിക്കുന്ന ഒരു ഏഷ്യൻ സംസ്കാരത്തിൽ, സ്വന്തമായി ഒരു കുടുംബം ഇല്ലാത്തത് അപൂർണ്ണതയുടെ ഒരു പരിവേഷമാണു നൽകുന്നത്. നിങ്ങൾ ആരാണെന്ന് നിർവചിക്കുകയും നിങ്ങളെ സമ്പൂർണ്ണമാക്കുകയും ചെയ്യുന്ന ഒന്ന് നിങ്ങൾക്കില്ലെന്നാണതിനർത്ഥം.

അതുകൊണ്ടാണ് ദൈവം എന്റെ ''ഓഹരി'' എന്ന സത്യം എന്നെ ആശ്വസിപ്പിക്കുന്നത് (സങ്കീർത്തനം 73:26). യിസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭൂമി അനുവദിച്ചു നൽകിയപ്പോൾ, പുരോഹിത ഗോത്രമായ ലേവിക്ക് ഒന്നും ലഭിച്ചില്ല. പകരം, ദൈവം അവരുടെ ഓഹരിയും അവകാശവും ആയിരിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു (ആവർത്തനം 10:9). അവർക്ക് അവനിൽ പൂർണ്ണ സംതൃപ്തി കണ്ടെത്താനും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ അവനിൽ ആശ്രയിക്കാനും കഴിഞ്ഞു.

നമ്മിൽ ചിലരെ സംബന്ധിച്ചിടത്തോളം, ഇല്ലായ്മ എന്ന ബോധത്തിന് കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരിക്കാം. ഒരുപക്ഷേ ഒരു മികച്ച ജോലിക്കോ ഉയർന്ന വിദ്യാഭ്യാസ നേട്ടത്തിനോ വേണ്ടി നാം ആഗ്രഹിക്കുന്നു. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, ദൈവത്തെ നമ്മുടെ ഓഹരിയായി സ്വീകരിക്കാൻ നമുക്കു കഴിയും. അവൻ നമ്മെ സമ്പൂർണ്ണരാക്കുന്നു. അവനിൽ നമുക്ക് ഒന്നിനും കുറവില്ല.  

സന്തോഷകരമായ പഠനം

ഇന്ത്യയിലെ മൈസൂർ നഗരത്തിൽ, രണ്ടു ട്രെയിൻ കോച്ചുകൾ പരസ്പരം ബന്ധിപ്പിച്ചു നിർമ്മിച്ച ഒരു സ്കൂൾ ഉണ്ട്. ഉപേക്ഷിച്ച കോച്ചുകൾ വാങ്ങി പുനർനിർമ്മിക്കാൻ പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ സൗത്ത് വെസ്‌റ്റേൺ റെയിൽവേ കമ്പനിയുമായി ചേർന്നു പ്രവർത്തിച്ചു. യൂണിറ്റുകൾ പ്രധാനമായും വലിയ ലോഹപ്പെട്ടികളായിരുന്നു, എങ്കിലും തൊഴിലാളികൾ അവയിൽ കൈവരികളും ഫാനുകളും ലൈറ്റുകളും ഡെസ്‌കുകളും സ്ഥാപിച്ച് ഉപയോഗ യോഗ്യമാക്കി. തൊഴിലാളികൾ ചുവരുകൾ പെയിന്റു ചെയ്യുകയും അകത്തും പുറത്തും വർണ്ണാഭമായ ചുവർച്ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അതിശയകരമായ പരിവർത്തനം സംഭവിച്ചതിനാൽ ഇപ്പോൾ അറുപത് വിദ്യാർത്ഥികൾ അവിടെ ക്ലാസുകളിൽ പങ്കെടുക്കുന്നു.

''നിങ്ങളുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുക'' എന്ന അപ്പൊസ്തലനായ പൗലൊസിന്റെ കല്പന നാം പാലിക്കുമ്പോൾ അതിലും അതിശയകരമായ ഒന്ന് സംഭവിക്കുന്നു (റോമർ 12:2). ലോകത്തിൽ നിന്നും അതിന്റെ വഴികളിൽ നിന്നും നമ്മെ അഴിച്ചുമാറ്റാൻ പരിശുദ്ധാത്മാവിനെ നാം അനുവദിക്കുമ്പോൾ, നമ്മുടെ ചിന്തകളും മനോഭാവങ്ങളും മാറാൻ തുടങ്ങുന്നു. നാം കൂടുതൽ സ്‌നേഹമുള്ളവരും കൂടുതൽ പ്രത്യാശയുള്ളവരും ആന്തരിക സമാധാനം നിറഞ്ഞവരുമായിത്തീരുന്നു (8:6).

മറ്റൊന്നുകൂടി സംഭവിക്കുന്നു. ഈ പരിവർത്തന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, പലപ്പോഴും ഒരു ട്രെയിൻ യാത്രയേക്കാൾ കൂടുതൽ നിർത്തലുകളും പുറപ്പെടലുകളും ഉണ്ടെങ്കിലും, നമ്മുടെ ജീവിതത്തെക്കുറിച്ച് ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ പ്രക്രിയ നമ്മെ സഹായിക്കുന്നു. ''ദൈവഹിതം എന്തെന്നു തിരിച്ചറിയാൻ പഠിക്കുന്ന'' ഒരു സ്ഥലത്തേക്ക് അത് നമ്മെ കൊണ്ടുപോകുന്നു (12:2). അവിടുത്തെ ഹിതം പഠിക്കുന്നതിൽ പ്രത്യേകതകൾ ഉൾപ്പെടാം അല്ലെങ്കിൽ ഉൾപ്പെടാതിരിക്കാം, പക്ഷേ അതിൽ എല്ലായ്‌പ്പോഴും അവന്റെ സ്വഭാവത്തോടും ലോകത്തിലെ അവന്റെ പ്രവർത്തനത്തോടും നമ്മെത്തന്നെ അനുരൂപപ്പെടുത്തുന്നത് ഉൾപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ രൂപാന്തരപ്പെട്ട സ്‌കൂളിന്റെ പേരായ നാലി കാലി എന്നതിന് ''സന്തോഷകരമായ പഠനം'' എന്നാണർത്ഥം. ദൈവത്തിന്റെ രൂപാന്തരശക്തി എങ്ങനെയാണ് അവന്റെ ഹിതത്തിന്റെ സന്തോഷകരമായ പഠനത്തിലേക്ക് നിങ്ങളെ നയിക്കുന്നത്?

ഈഖാബോദിന്റെ പലായനം

ദി ലെജെൻഡ് ഓഫ് സ്ലീപ്പി ഹോളോ എന്ന പുസ്തകത്തിൽ (ഒരു ഇംഗ്ലീഷ് നോവൽ) എഴുത്തുകാരൻ, കട്രീന എന്ന സുന്ദരിയായ യുവതിയെ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന ഒരു സ്‌കൂൾ അധ്യാപകനായ ഈഖാബോദ് ക്രെയിനിന്റെ കഥ പറയുന്നു. കൊളോണിയൽ നാട്ടിൻപുറത്തെ ഭീതിയിലാഴ്ത്തുന്ന തലയില്ലാത്ത കുതിരക്കാരനാണ് കഥയുടെ താക്കോൽ. ഒരു രാത്രിയിൽ, കുതിരപ്പുറത്ത് വരുന്ന പ്രേതത്തെ ഈഖാബോദ് കാണുകയും ഭയന്ന് പ്രദേശത്തു നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. ഈ ''കുതിരക്കാരൻ'' യഥാർത്ഥത്തിൽ കത്രീനയെ മോഹിച്ച ഈഖാബോദിന്റെ എതിരാളിയാണെന്ന് വായനക്കാരനു വ്യക്തമാണ്; തുടർന്ന് അയാൾ അവളെ വിവാഹം കഴിക്കുന്നു.

ഈഖാബോദ് എന്ന പേർ ബൈബിളിലാണ് ആദ്യം കാണുന്നത്, അതിനും ഒരു ഇരുണ്ട പശ്ചാത്തലമുണ്ട്. ഫെലിസ്ത്യരുമായി യുദ്ധം ചെയ്യുമ്പോൾ യിസ്രായേല്യർ വിശുദ്ധ നിയമപ്പെട്ടകം യുദ്ധക്കളത്തിലേക്കു കൊണ്ടുവന്നു. മോശം നീക്കമായിരുന്നു അത്. യിസ്രായേലിന്റെ സൈന്യം പരാജയപ്പെടുകയും പെട്ടകം പിടിക്കപ്പെടുകയും ചെയ്തു. മഹാപുരോഹിതനായ ഏലിയുടെ മക്കളായ ഹോഫ്‌നിയും ഫിനെഹാസും കൊല്ലപ്പെട്ടു (1 ശമൂവേൽ 4:17). ഏലിയും മരിച്ചു (വാ.18). ഫിനെഹാസിന്റെ ഗർഭിണിയായ ഭാര്യ ഈ വാർത്ത കേട്ടപ്പോൾ, ''അവൾക്കു പ്രസവവേദന തുടങ്ങി; അവൾ നിലത്തു വീണു പ്രസവിച്ചു'' (വാ. 19). പക്ഷേ അവൾ മരിച്ചുപോയി. തന്റെ അവസാന വാക്കുകളിലൂടെ ''മഹത്വം യിസ്രായേലിൽനിന്നു പൊയ്‌പ്പോയി എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് (അക്ഷരികാർത്ഥം, ''മഹത്വമില്ല'') എന്നു പേരിട്ടു'' (വാ. 22). 

ഭാഗ്യവശാൽ ദൈവം അതിലും വലിയൊരു കഥ തുറക്കുകയായിരുന്നു. അവന്റെ മഹത്വം ആത്യന്തികമായി യേശുവിൽ വെളിപ്പെടുവാൻ പോകയായിരുന്നു. ''നീ [പിതാവ്] എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു'' (യോഹന്നാൻ 17:22).

ഇന്ന് പെട്ടകം എവിടെയാണെന്ന് ആർക്കും അറിയില്ല, പക്ഷേ പ്രശ്‌നമില്ല. ഈഖാബോദ് ഓടിപ്പോയിരിക്കുന്നു. യേശുവിലൂടെ ദൈവം തന്റെ മഹത്വം നമുക്കു തന്നിരിക്കുന്നു!

പരിമിതിയില്ലാത്തവൻ

സമയപരിധിക്കുള്ളിൽ തീർക്കേണ്ട, പെരുകിവരുന്ന ജോലികളുടെ ഭാരത്തിൽ വലിഞ്ഞുമുറുകിയ ശരീരവും ചുരുങ്ങിയ വയറുമായി ഷോപ്പിംഗ് മാളിലെ ഫുഡ് കോർട്ടിൽ ഞാൻ ഇരിക്കുകയായിരുന്നു. ഞാൻ എന്റെ ഭക്ഷണപ്പൊതി അഴിച്ച് ഒരുപിടി ഭക്ഷിക്കുമ്പോഴേക്കും ആളുകൾ അവരുടെ സ്വന്തം ജോലിഭാരങ്ങളെക്കുറിച്ച് ആവലാതി പറഞ്ഞുകൊണ്ട് എനിക്കു ചുറ്റും കൂടി. നാമെല്ലാവരും എത്രമാത്രം പരിമിതരാണ് ഞാൻ സ്വയം ചിന്തിച്ചു, സമയത്തിലും ഊർജ്ജത്തിലും പ്രാപ്തിയിലും പരിമിതിയുള്ളവർ.

ചെയ്യേണ്ടവയുടെ ഒരു പുതിയ പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ചും അടിയന്തിര ജോലികൾക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചും ഞാൻ ചിന്തിച്ചു, പക്ഷേ ഞാൻ ഒരു പേന എടുക്കുമ്പോഴേക്കും മറ്റൊരു ചിന്ത എന്റെ മനസ്സിലേക്ക് കടന്നുവന്നു: അപരിമേയനും പരിമിതിയില്ലാത്തവനും, അവൻ ആഗ്രഹിക്കുന്നതെല്ലാം അനായാസമായി നിറവേറ്റുന്നവനുമായ ഒരുവനെക്കുറിച്ചുള്ള ചിന്ത.

ഈ ദൈവത്തിന്, ഉള്ളംകൈകൊണ്ട് വെള്ളം അളക്കുകയും ചാണു കൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും ചെയ്യാൻ കഴിയുമെന്ന് യെശയ്യാവ് പറയുന്നു (യെശയ്യാവ് 40:12). അവൻ ആകാശത്തിലെ നക്ഷത്രങ്ങൾക്ക് പേരിടുകയും അവയുടെ പാതയിൽ അവയെ പുറപ്പെടുവിക്കുകയും ചെയ്യുന്നു (വാ. 26), അവൻ ലോകത്തിന്റെ ഭരണാധികാരികളെ അറിയുകയും അവരുടെ ഭരണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു (വാ. 23), ദ്വീപുകളെ വെറും പൊടിപടലങ്ങളായും രാജ്യങ്ങളെ കടലിലെ തുള്ളികൾ പോലെയും കണക്കാക്കുന്നു (വാ. 15). ''നിങ്ങൾ എന്നെ ആരോടു സദൃശമാക്കും?'' അവൻ ചോദിക്കുന്നു (വാ. 25). ''യഹോവ നിത്യദൈവമാണ്,'' യെശയ്യാവ് മറുപടി പറയുന്നു. ''അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല'' (വാ. 28). 

സമ്മർദ്ദവും അമിതാധ്വാനവും നമുക്ക് ഒരിക്കലും നല്ലതല്ല, എന്നാൽ ഈ ദിവസം അവ ശക്തമായ പാഠം നൽകുന്നു. പരിമിതിയില്ലാത്ത ദൈവം എന്നെപ്പോലെയല്ല. അവൻ ആഗ്രഹിക്കുന്നതെല്ലാം അവൻ നിറവേറ്റുന്നു. ഞാൻ ഭക്ഷണം പൂർത്തിയാക്കി, ഒരിക്കൽ കൂടി അല്പനേരം നിർത്തി. നിശബ്ദമായി ആരാധിച്ചു.

നന്നായി വിശ്രമിക്കുക

ക്ലോക്ക് രാത്രി 1:55 എന്നു മിന്നി. രാത്രി വൈകിയുള്ള വാചക സംഭാഷണത്തിന്റെ ഭാരത്താൽ ഉറക്കം വരുന്നില്ല. മമ്മിയെപ്പോലെ എന്നെ കെട്ടിപ്പിടിക്കുന്ന ചുളുങ്ങിയ ഷീറ്റുകൾ എടുത്തു മാറ്റി ഞാൻ നിശബ്ദമായി സോഫയിലേക്കു ചാഞ്ഞു. ഉറങ്ങാൻ എന്തുചെയ്യണമെന്ന് ഞാൻ ഗൂഗിളിൽ തിരഞ്ഞു, പകരം എന്തുചെയ്യരുതെന്ന് ഞാൻ കണ്ടെത്തി: മയങ്ങുകയോ കാപ്പി കുടിക്കുകയോ നന്നാ വൈകി ജോലി ചെയ്യുകയോ ചെയ്യരുത്. ചെക്ക്. എന്റെ ടാബ്‌ലെറ്റിൽ കൂടുതൽ വായിക്കുന്നതിനിടയിൽ വൈകി ''സ്‌ക്രീൻ'' ഉപയോഗിക്കരുതെന്നും കണ്ടു. അയ്യോ. ടെക്സ്റ്റിംഗ് ഒരു നല്ല ആശയമായിരുന്നില്ല. നന്നായി വിശ്രമിക്കുന്ന കാര്യം വരുമ്പോൾ, എന്തു ചെയ്യരുത് എന്ന വലിയ പട്ടികയുണ്ട്. 

പഴയനിയമത്തിൽ, വിശ്രമിക്കുന്നതിനായി ശബ്ബത്തിൽ എന്തുചെയ്യരുതെന്ന നിയമങ്ങൾ ദൈവം കൈമാറി. പുതിയ നിയമത്തിൽ യേശു ഒരു പുതിയ വഴി വാഗ്ദാനം ചെയ്തു. നിയന്ത്രണങ്ങൾ ഊന്നിപ്പറയുന്നതിനുപകരം, യേശു ശിഷ്യന്മാരെ ബന്ധത്തിലേക്ക് വിളിച്ചു. ''അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ; എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും'' (മത്തായി 11:28). മുൻ വാക്യത്തിൽ, യേശു തനിക്കു പിതാവുമായുള്ള—അവൻ നമുക്കു വെളിപ്പെടുത്തിയ വ്യക്തി—ഐക്യത്തിന്റെ നിരന്തരമായ ബന്ധത്തെ ചൂണ്ടിക്കാണിച്ചു. പിതാവിൽ നിന്ന് യേശു അനുഭവിച്ച നിരന്തരമായ സഹായം നമുക്കും അനുഭവിക്കാവുന്ന ഒന്നാണ്. 

നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ചില വിനോദങ്ങൾ ഒഴിവാക്കാൻ തക്കവിധം നാം ബുദ്ധിമാന്മാരാണെങ്കിലും, ക്രിസ്തുവിൽ നന്നായി വിശ്രമിക്കുന്നത് നിയന്ത്രണത്തേക്കാൾ കൂടുതൽ ബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ എന്റെ റീഡർ ഓഫ് ചെയ്യുകയും ''എന്റെ അടുക്കൽ വരുവിൻ'' എന്ന യേശുവിന്റെ ക്ഷണത്തിന്റെ തലയിണയിൽ എന്റെ ഭാരം താഴ്ത്തി വയ്ക്കുകയും ചെയ്തു.