ഇന്ത്യയിലെ മൈസൂർ നഗരത്തിൽ, രണ്ടു ട്രെയിൻ കോച്ചുകൾ പരസ്പരം ബന്ധിപ്പിച്ചു നിർമ്മിച്ച ഒരു സ്കൂൾ ഉണ്ട്. ഉപേക്ഷിച്ച കോച്ചുകൾ വാങ്ങി പുനർനിർമ്മിക്കാൻ പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ സൗത്ത് വെസ്‌റ്റേൺ റെയിൽവേ കമ്പനിയുമായി ചേർന്നു പ്രവർത്തിച്ചു. യൂണിറ്റുകൾ പ്രധാനമായും വലിയ ലോഹപ്പെട്ടികളായിരുന്നു, എങ്കിലും തൊഴിലാളികൾ അവയിൽ കൈവരികളും ഫാനുകളും ലൈറ്റുകളും ഡെസ്‌കുകളും സ്ഥാപിച്ച് ഉപയോഗ യോഗ്യമാക്കി. തൊഴിലാളികൾ ചുവരുകൾ പെയിന്റു ചെയ്യുകയും അകത്തും പുറത്തും വർണ്ണാഭമായ ചുവർച്ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അതിശയകരമായ പരിവർത്തനം സംഭവിച്ചതിനാൽ ഇപ്പോൾ അറുപത് വിദ്യാർത്ഥികൾ അവിടെ ക്ലാസുകളിൽ പങ്കെടുക്കുന്നു.

”നിങ്ങളുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുക” എന്ന അപ്പൊസ്തലനായ പൗലൊസിന്റെ കല്പന നാം പാലിക്കുമ്പോൾ അതിലും അതിശയകരമായ ഒന്ന് സംഭവിക്കുന്നു (റോമർ 12:2). ലോകത്തിൽ നിന്നും അതിന്റെ വഴികളിൽ നിന്നും നമ്മെ അഴിച്ചുമാറ്റാൻ പരിശുദ്ധാത്മാവിനെ നാം അനുവദിക്കുമ്പോൾ, നമ്മുടെ ചിന്തകളും മനോഭാവങ്ങളും മാറാൻ തുടങ്ങുന്നു. നാം കൂടുതൽ സ്‌നേഹമുള്ളവരും കൂടുതൽ പ്രത്യാശയുള്ളവരും ആന്തരിക സമാധാനം നിറഞ്ഞവരുമായിത്തീരുന്നു (8:6).

മറ്റൊന്നുകൂടി സംഭവിക്കുന്നു. ഈ പരിവർത്തന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, പലപ്പോഴും ഒരു ട്രെയിൻ യാത്രയേക്കാൾ കൂടുതൽ നിർത്തലുകളും പുറപ്പെടലുകളും ഉണ്ടെങ്കിലും, നമ്മുടെ ജീവിതത്തെക്കുറിച്ച് ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ പ്രക്രിയ നമ്മെ സഹായിക്കുന്നു. ”ദൈവഹിതം എന്തെന്നു തിരിച്ചറിയാൻ പഠിക്കുന്ന” ഒരു സ്ഥലത്തേക്ക് അത് നമ്മെ കൊണ്ടുപോകുന്നു (12:2). അവിടുത്തെ ഹിതം പഠിക്കുന്നതിൽ പ്രത്യേകതകൾ ഉൾപ്പെടാം അല്ലെങ്കിൽ ഉൾപ്പെടാതിരിക്കാം, പക്ഷേ അതിൽ എല്ലായ്‌പ്പോഴും അവന്റെ സ്വഭാവത്തോടും ലോകത്തിലെ അവന്റെ പ്രവർത്തനത്തോടും നമ്മെത്തന്നെ അനുരൂപപ്പെടുത്തുന്നത് ഉൾപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ രൂപാന്തരപ്പെട്ട സ്‌കൂളിന്റെ പേരായ നാലി കാലി എന്നതിന് ”സന്തോഷകരമായ പഠനം” എന്നാണർത്ഥം. ദൈവത്തിന്റെ രൂപാന്തരശക്തി എങ്ങനെയാണ് അവന്റെ ഹിതത്തിന്റെ സന്തോഷകരമായ പഠനത്തിലേക്ക് നിങ്ങളെ നയിക്കുന്നത്?