സമയപരിധിക്കുള്ളിൽ തീർക്കേണ്ട, പെരുകിവരുന്ന ജോലികളുടെ ഭാരത്തിൽ വലിഞ്ഞുമുറുകിയ ശരീരവും ചുരുങ്ങിയ വയറുമായി ഷോപ്പിംഗ് മാളിലെ ഫുഡ് കോർട്ടിൽ ഞാൻ ഇരിക്കുകയായിരുന്നു. ഞാൻ എന്റെ ഭക്ഷണപ്പൊതി അഴിച്ച് ഒരുപിടി ഭക്ഷിക്കുമ്പോഴേക്കും ആളുകൾ അവരുടെ സ്വന്തം ജോലിഭാരങ്ങളെക്കുറിച്ച് ആവലാതി പറഞ്ഞുകൊണ്ട് എനിക്കു ചുറ്റും കൂടി. നാമെല്ലാവരും എത്രമാത്രം പരിമിതരാണ് ഞാൻ സ്വയം ചിന്തിച്ചു, സമയത്തിലും ഊർജ്ജത്തിലും പ്രാപ്തിയിലും പരിമിതിയുള്ളവർ.

ചെയ്യേണ്ടവയുടെ ഒരു പുതിയ പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ചും അടിയന്തിര ജോലികൾക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചും ഞാൻ ചിന്തിച്ചു, പക്ഷേ ഞാൻ ഒരു പേന എടുക്കുമ്പോഴേക്കും മറ്റൊരു ചിന്ത എന്റെ മനസ്സിലേക്ക് കടന്നുവന്നു: അപരിമേയനും പരിമിതിയില്ലാത്തവനും, അവൻ ആഗ്രഹിക്കുന്നതെല്ലാം അനായാസമായി നിറവേറ്റുന്നവനുമായ ഒരുവനെക്കുറിച്ചുള്ള ചിന്ത.

ഈ ദൈവത്തിന്, ഉള്ളംകൈകൊണ്ട് വെള്ളം അളക്കുകയും ചാണു കൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും ചെയ്യാൻ കഴിയുമെന്ന് യെശയ്യാവ് പറയുന്നു (യെശയ്യാവ് 40:12). അവൻ ആകാശത്തിലെ നക്ഷത്രങ്ങൾക്ക് പേരിടുകയും അവയുടെ പാതയിൽ അവയെ പുറപ്പെടുവിക്കുകയും ചെയ്യുന്നു (വാ. 26), അവൻ ലോകത്തിന്റെ ഭരണാധികാരികളെ അറിയുകയും അവരുടെ ഭരണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു (വാ. 23), ദ്വീപുകളെ വെറും പൊടിപടലങ്ങളായും രാജ്യങ്ങളെ കടലിലെ തുള്ളികൾ പോലെയും കണക്കാക്കുന്നു (വാ. 15). ”നിങ്ങൾ എന്നെ ആരോടു സദൃശമാക്കും?” അവൻ ചോദിക്കുന്നു (വാ. 25). ”യഹോവ നിത്യദൈവമാണ്,” യെശയ്യാവ് മറുപടി പറയുന്നു. ”അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല” (വാ. 28). 

സമ്മർദ്ദവും അമിതാധ്വാനവും നമുക്ക് ഒരിക്കലും നല്ലതല്ല, എന്നാൽ ഈ ദിവസം അവ ശക്തമായ പാഠം നൽകുന്നു. പരിമിതിയില്ലാത്ത ദൈവം എന്നെപ്പോലെയല്ല. അവൻ ആഗ്രഹിക്കുന്നതെല്ലാം അവൻ നിറവേറ്റുന്നു. ഞാൻ ഭക്ഷണം പൂർത്തിയാക്കി, ഒരിക്കൽ കൂടി അല്പനേരം നിർത്തി. നിശബ്ദമായി ആരാധിച്ചു.