ക്ലോക്ക് രാത്രി 1:55 എന്നു മിന്നി. രാത്രി വൈകിയുള്ള വാചക സംഭാഷണത്തിന്റെ ഭാരത്താൽ ഉറക്കം വരുന്നില്ല. മമ്മിയെപ്പോലെ എന്നെ കെട്ടിപ്പിടിക്കുന്ന ചുളുങ്ങിയ ഷീറ്റുകൾ എടുത്തു മാറ്റി ഞാൻ നിശബ്ദമായി സോഫയിലേക്കു ചാഞ്ഞു. ഉറങ്ങാൻ എന്തുചെയ്യണമെന്ന് ഞാൻ ഗൂഗിളിൽ തിരഞ്ഞു, പകരം എന്തുചെയ്യരുതെന്ന് ഞാൻ കണ്ടെത്തി: മയങ്ങുകയോ കാപ്പി കുടിക്കുകയോ നന്നാ വൈകി ജോലി ചെയ്യുകയോ ചെയ്യരുത്. ചെക്ക്. എന്റെ ടാബ്‌ലെറ്റിൽ കൂടുതൽ വായിക്കുന്നതിനിടയിൽ വൈകി ”സ്‌ക്രീൻ” ഉപയോഗിക്കരുതെന്നും കണ്ടു. അയ്യോ. ടെക്സ്റ്റിംഗ് ഒരു നല്ല ആശയമായിരുന്നില്ല. നന്നായി വിശ്രമിക്കുന്ന കാര്യം വരുമ്പോൾ, എന്തു ചെയ്യരുത് എന്ന വലിയ പട്ടികയുണ്ട്. 

പഴയനിയമത്തിൽ, വിശ്രമിക്കുന്നതിനായി ശബ്ബത്തിൽ എന്തുചെയ്യരുതെന്ന നിയമങ്ങൾ ദൈവം കൈമാറി. പുതിയ നിയമത്തിൽ യേശു ഒരു പുതിയ വഴി വാഗ്ദാനം ചെയ്തു. നിയന്ത്രണങ്ങൾ ഊന്നിപ്പറയുന്നതിനുപകരം, യേശു ശിഷ്യന്മാരെ ബന്ധത്തിലേക്ക് വിളിച്ചു. ”അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ; എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി 11:28). മുൻ വാക്യത്തിൽ, യേശു തനിക്കു പിതാവുമായുള്ള—അവൻ നമുക്കു വെളിപ്പെടുത്തിയ വ്യക്തി—ഐക്യത്തിന്റെ നിരന്തരമായ ബന്ധത്തെ ചൂണ്ടിക്കാണിച്ചു. പിതാവിൽ നിന്ന് യേശു അനുഭവിച്ച നിരന്തരമായ സഹായം നമുക്കും അനുഭവിക്കാവുന്ന ഒന്നാണ്. 

നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ചില വിനോദങ്ങൾ ഒഴിവാക്കാൻ തക്കവിധം നാം ബുദ്ധിമാന്മാരാണെങ്കിലും, ക്രിസ്തുവിൽ നന്നായി വിശ്രമിക്കുന്നത് നിയന്ത്രണത്തേക്കാൾ കൂടുതൽ ബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ എന്റെ റീഡർ ഓഫ് ചെയ്യുകയും ”എന്റെ അടുക്കൽ വരുവിൻ” എന്ന യേശുവിന്റെ ക്ഷണത്തിന്റെ തലയിണയിൽ എന്റെ ഭാരം താഴ്ത്തി വയ്ക്കുകയും ചെയ്തു.