എന്റെ ഭർത്താവും മകനും ഒരു സിനിമ കാണുന്നതിനായി ടെലിവിഷൻ ചാനലുകളിൽ തിരഞ്ഞുകൊണ്ടിരുന്നു; ഒടുവിൽ അവരുടെ പ്രിയപ്പെട്ട സിനിമകൾ ഇതിനകം തന്നെ ഓടിക്കൊണ്ടിരിക്കുകയാണെന്നവർ കണ്ടെത്തി. അവസാന രംഗങ്ങൾ അവർ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ, തിരയൽ ഒരു കളിയായി മാറി. അവർക്ക് പ്രിയപ്പെട്ട എട്ട് സിനിമകൾ കണ്ടെത്താൻ അവർക്കു കഴിഞ്ഞു. എന്തുകൊണ്ടാണ് അവർ തുടക്കം മുതൽ കാണുന്നതിന് ഒരു സിനിമ തിരഞ്ഞെടുക്കാത്തത് എന്നു ഞാൻ നിരാശയോടെ ചോദിച്ചു. എന്റെ ഭർത്താവ് ചിരിച്ചു: ”ആരാണ് ഒരു മഹത്തായ അന്ത്യത്തെ ഇഷ്ടപ്പെടാത്തത്?”

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെയോ സിനിമകളുടെയോ അവസാനത്തിനായി ഞാനും കാത്തിരിക്കാറുണ്ടെന്ന് എനിക്കു സമ്മതിക്കേണ്ടി വന്നു. ഞാൻ എന്റെ ബൈബിൾ മറിച്ചു മറിച്ച് എനിക്കു പ്രിയപ്പെട്ട ഭാഗങ്ങളിലേക്കോ, കൂടുതൽ രസകരവും മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ കഥകളിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നിരുന്നാലും നമ്മെ രൂപാന്തരപ്പെടുത്തുന്നതിനും യേശുവിലുള്ള വിശ്വാസികളെ സംബന്ധിച്ച് അവനെഴുതുന്ന കഥ നന്നായി അവസാനിക്കുമെന്ന് സ്ഥിരീകരിക്കുന്നതിനുമായി പരിശുദ്ധാത്മാവ് ദൈവത്തിന്റെ വിശ്വസനീയവും ജീവിത-സംബന്ധിയുമായ എല്ലാ വാക്കുകളും ഉപയോഗിക്കുന്നു.

ക്രിസ്തു തന്നെത്തന്നെ ”അല്ഫയും ഓമേഗയും, ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും” ആയി പ്രഖ്യാപിക്കുന്നു (വെളിപ്പാട് 22:13). തന്റെ ജനം നിത്യജീവൻ അവകാശമാക്കുമെന്ന് അവൻ പ്രഖ്യാപിക്കുകയും (വാ. 14). ”ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്ന്” കുറയ്ക്കുകയോ അതിനോടു കൂട്ടുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു (വാ. 18-19). 

ബൈബിളിലെ എല്ലാം നമുക്കറിയുകയോ മനസ്സിലാകുകയോ ഇല്ലായിരിക്കാം, പക്ഷേ യേശു വീണ്ടും വരുന്നുവെന്ന് നമുക്കറിയാം. അവൻ തന്റെ വചനം പാലിക്കും. അവൻ പാപത്തെ ഇല്ലാതാക്കുകയും എല്ലാ തെറ്റുകളെയും ശരിയാക്കുകയും, എല്ലാറ്റിനെയും പുതിയതാക്കുകയും, നമ്മുടെ സ്‌നേഹസമ്പന്ന രാജാവായി എന്നേക്കും വാഴുകയും ചെയ്യും. ഇപ്പോൾ, അതു നമ്മുടെ പുതിയ തുടക്കത്തിലേക്കു നയിക്കുന്ന ഒരുമഹത്തായ അന്ത്യമാണ്!