ഒരു കുടുംബാംഗത്തിന്റെ കടുത്ത ഭക്ഷണ അലർജിക്കു ആശ്വാസം നൽകാൻ ചികിത്സ തുടങ്ങിയപ്പോൾ, ഞാൻ വളരെ ആവേശഭരിതയാകുകയും അതിനെക്കുറിച്ച് സദാസമയവും സംസാരിക്കുകയും ചെയ്തു. തീവ്രമായ പ്രക്രിയയെക്കുറിച്ച് ഞാൻ വിവരിക്കുകയും പ്രോഗ്രാം സൃഷ്ടിച്ച ഡോക്ടറെ പ്രശംസിക്കുകയും ചെയ്തു. അവസാനം, ചില സുഹൃത്തുക്കൾ പറഞ്ഞു, ”എല്ലായ്‌പ്പോഴും രോഗസൗഖ്യത്തിനുള്ള ബഹുമതി ദൈവത്തിന് ലഭിക്കണമെന്നാണ് ഞങ്ങൾ കരുതുന്നത്.” അവരുടെ പ്രസ്താവന എന്നെ ഒരു നിമിഷം നിശ്ചലയാക്കി. ആത്യന്തിക സൗഖ്യദായകനിൽ നിന്ന് ഞാൻ കണ്ണുകൾ മാറ്റി രോഗസൗഖ്യത്തെ ഒരു വിഗ്രഹമാക്കി മാറ്റിയോ?

ദൈവം അവരെ സുഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന താമ്രസർപ്പത്തിനു ധൂപം കാട്ടാൻ തുടങ്ങിയപ്പോൾ, യിസ്രായേൽ ജനം സമാനമായ ഒരു കെണിയിൽ വീണു. ഹിസ്‌ക്കീയാവ് അതു വിഗ്രഹാരാധനയാണെന്നു തിരിച്ചറിഞ്ഞ് ”മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെ ഉടച്ചുകളഞ്ഞതുവരെ” (2 രാജാക്കന്മാർ 18:4) ഈ ആരാധന അവർ നടത്തിവന്നു.

അനവധി നൂറ്റാണ്ടുകൾക്ക് മുമ്പ്, ഒരു കൂട്ടം വിഷസർപ്പങ്ങൾ യിസ്രായേൽ പാളയത്തെ ആക്രമിച്ചു. സർപ്പങ്ങൾ ആളുകളെ കടിച്ചു, പലരും മരിച്ചു (സംഖ്യാപുസ്തകം 21:6). ആത്മീയ കലാപമാണ് പ്രശ്‌നത്തിനു കാരണമായതെങ്കിലും ആളുകൾ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു. ദൈവം കരുണ കാണിക്കുകയും, ഒരു പിച്ചള സർപ്പത്തെ നിർമ്മിച്ച് ഒരു കൊടിമരത്തിൽ ഉറപ്പിക്കാനും എല്ലാവർക്കും കാണത്തക്കവിധം ഉയർത്തി നാട്ടാനും ദൈവം മോശെയോട് നിർദ്ദേശിച്ചു. കടിയേറ്റ ആളുകൾ അതിനെ നോക്കിയപ്പോൾ അവർ സൗഖ്യം പ്രാപിച്ചു (വാ. 4-9).

നിങ്ങൾക്ക് ദൈവം നൽകിയ ദാനങ്ങളെക്കുറിച്ച് ചിന്തിക്കുക. അവയിൽ ഏതെങ്കിലും, അവന്റെ കാരുണ്യത്തിന്റെയും കൃപയുടെയും തെളിവുകൾ ആകുന്നതിനുപകരം ആരാധനാ വസ്തുക്കളായിത്തീർന്നിട്ടുണ്ടോ? എല്ലാ നല്ല ദാനങ്ങളുടെയും ഉറവിടമായ (യാക്കോബ് 1:17) നമ്മുടെ പരിശുദ്ധനായ ദൈവം മാത്രമാണ് ആരാധനയ്ക്കു യോഗ്യൻ.