ഞാൻ മറ്റൊരു രാജ്യത്ത് അവധിക്കാലം ചിലവഴിക്കാനെത്തിയപ്പോൾ, ഒരു പോക്കറ്റടിക്കാരൻ എന്റെ സാധനങ്ങൾ അപഹരിക്കാൻ ശ്രമിച്ചതിൽ അതിശയിക്കാനില്ലായിരുന്നു. ഇടവഴികളിൽ കാണുന്ന മോഷ്ടാക്കളുടെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഞാൻ വായിച്ചിരുന്നു, അതിനാൽ എന്റെ പഴ്‌സ് സംരക്ഷിക്കാൻ എന്തുചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും, അതു സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഭാഗ്യവശാൽ, എന്റെ പഴ്‌സ് തട്ടിയെടുത്ത യുവാവിന്റെ വിരലുകൾക്കു വഴുക്കലുണ്ടായിരുന്നതിനാൽ, പഴ്‌സ് തറയിലേക്ക് വീഴുകയും ഞാനതു പെട്ടെന്നെടുക്കുകയും ചെയ്തു. പക്ഷേ, മുന്നറിയിപ്പുകൾ ഞാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആ സംഭവം എന്നെ ഓർമ്മപ്പെടുത്തി.

മുന്നറിയിപ്പുകളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കാൻ നാം ഇഷ്ടപ്പെടുന്നില്ല, കാരണം അവ ജീവിതം ആസ്വദിക്കുന്നതിനു തടസ്സമാണെന്നു നാം കരുതുന്നു. പക്ഷേ അവ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, ദൈവത്തിന്റെ വരാനിരിക്കുന്ന രാജ്യത്തെക്കുറിച്ചു പ്രസംഗിക്കാൻ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ യേശു നമുക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി (മത്തായി 10:7). അവൻ പറഞ്ഞു, ”മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും” (വാ. 32-33).

നമുക്ക് ഒരു തിരഞ്ഞെടുപ്പ് ഉണ്ട്. ദൈവം തന്റെ സ്‌നേഹത്തിൽ, ഒരു രക്ഷകനെയും നിത്യതയോളം നാം അവിടുത്തെ സന്നിധിയിൽ ഇരിക്കുന്നതിനുള്ള ഒരു പദ്ധതിയും നൽകി. എന്നാൽ നാം ദൈവത്തിൽ നിന്ന് പിന്തിരിയുകയും അവന്റെ രക്ഷാ സന്ദേശവും ഇന്നും എന്നേക്കുമായി അവൻ വാഗ്ദാനം ചെയ്യുന്ന യഥാർത്ഥ ജീവിതവും നിരസിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അവനോടൊപ്പം ജീവിക്കാനുള്ള അവസരം നമുക്ക് നഷ്ടപ്പെടും.  

നമ്മെ സ്‌നേഹിക്കുകയും സൃഷ്ടിക്കുകയും ചെയ്തവനിൽ നിന്ന് എന്നെന്നേക്കുമായി നാം അകന്നുപോകുന്നതിൽ നിന്ന് നമ്മെ രക്ഷിക്കുന്നതു തിരഞ്ഞെടുത്ത യേശുവിൽ നമുക്ക് ആശ്രയിക്കാം.