രണ്ട് സ്ത്രീകൾ ഇടനാഴിയിലെ എതിർ സീറ്റുകളിലിരുന്ന് പരസ്പരം നോക്കി സംസാരിക്കുകയായിരുന്നു. ഫ്‌ളൈറ്റ് രണ്ട് മണിക്കൂറായിരുന്നു, അതിനാൽ എനിക്ക് അവരുടെ ഇടപാടുകൾ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവർക്ക് പരസ്പരം അറിയാമെന്നും ഒരുപക്ഷേ ബന്ധുക്കളാകാമെന്നും വ്യക്തമായിരുന്നു. രണ്ടുപേരിൽ ഇളയ സ്ത്രീ (മിക്കവാറും അറുപതു വയസ്സുകാണും) മൂത്തയാൾക്ക് (അവൾ തൊണ്ണൂറുകളിൽ ആണ്) തന്റെ ബാഗിൽനിന്ന് ആപ്പിൾ കഷണങ്ങൾ എടുത്തു കൊടുത്തുകൊണ്ടിരുന്നു. തുടർന്ന് വീട്ടിലുണ്ടാക്കിയ സാൻഡ്‌വിച്ചുകളും ഒടുവിൽ കൈയും മുഖവും വൃത്തിയാക്കാൻ ഒരു ടവലും നൽകി. ഒടുവിൽ ഒട്ടും ചുളിവില്ലാത്ത ഒരു പത്രവും. ഓരോന്നും കൈമാറിയിരുന്നത് വളരെ ആർദ്രതയോടും ആദരവോടും കൂടിയായിരുന്നു. വിമാനത്തിൽ നിന്നു പുറത്തുകടക്കാൻ ഞങ്ങൾ നിൽക്കുമ്പോൾ, ഞാൻ ഇളയ സ്ത്രീയോട് പറഞ്ഞു, ”നിങ്ങൾ അവളെ പരിപാലിക്കുന്ന രീതി ഞാൻ ശ്രദ്ധിച്ചു. അത് മനോഹരം ആയിരുന്നു.” അവൾ മറുപടി പറഞ്ഞു, ”അവൾ എന്റെ ഉത്തമസുഹൃത്താണ്. അവൾ എന്റെ അമ്മയാണ്.”

നമുക്കെല്ലാവർക്കും അത്തരത്തിലുള്ള എന്തെങ്കിലും പറയാൻ കഴിയുമെങ്കിൽ അത് മഹത്തരമല്ലേ? ചില മാതാപിതാക്കൾ മികച്ച സുഹൃത്തുക്കളെപ്പോലെയാണ്. ചില മാതാപിതാക്കൾ അങ്ങനെയല്ല. ആ ബന്ധങ്ങൾ എല്ലായ്‌പ്പോഴും സങ്കീർണ്ണമാണ് എന്നതാണ് സത്യം. പൗലൊസ് തിമൊഥെയൊസിന് എഴുതിയ കത്ത് ആ സങ്കീർണ്ണതയെ അവഗണിക്കുന്നില്ലെങ്കിലും, മാതാപിതാക്കളെയും മുത്തശ്ശിമാരെയും – നമ്മുടെ ”ബന്ധുക്കളെയും” നമ്മുടെ ”സ്വന്തം കുടുംബത്തെയും” – പരിപാലിക്കുന്നതിലൂടെ നമ്മുടെ ”ഭക്തി സ്വന്ത കുടുംബത്തിൽ കാണിക്കാൻ” ആഹ്വാനം ചെയ്യുന്നു (1 തിമൊഥെയൊസ് 5:4, 8).

നാമെല്ലാവരും പലപ്പോഴും അത്തരം പരിചരണം നൽകുന്നത് കുടുംബാംഗങ്ങൾ നമ്മോടു നല്ല രീതിയിൽ പെരുമാറിയിരുന്നു അല്ലെങ്കിൽ പെരുമാറുന്നു എങ്കിൽ മാത്രമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ അർഹരാണെങ്കിൽ മാത്രം. എന്നാൽ അങ്ങനെ പെരുമാറുന്നതിന് പൗലൊസ് അതിലും മനോഹരമായ ഒരു കാരണം വാഗ്ദാനം ചെയ്യുന്നു. അവരെ പരിപാലിക്കുക, കാരണം ”അതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു” (വാ. 4).