നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജോൺ ബ്ലയ് സ്

ഞങ്ങൾക്ക് യേശുവിന്റെ സഹായം വേണം

ഒടുവിൽ ആ ദിവസം വന്നെത്തി - എന്റെ പിതാവ് തകർക്കപ്പെടാത്തവനല്ലെന്നു ഞാൻ തിരിച്ചറിഞ്ഞ ദിവസം. ഒരു ആൺകുട്ടിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ ശക്തിയും നിശ്ചയദാർഢ്യവും എനിക്കറിയാമായിരുന്നു. പക്ഷേ, പ്രായപൂർത്തിയായ എന്റെ ആദ്യകാലങ്ങളിൽ, പിതാവിന്റെ പുറത്തു പരിക്കേറ്റു, എന്റെ അച്ഛൻ മർത്യനാണെന്ന് ഞാൻ മനസ്സിലാക്കി. അച്ഛനെ സഹായിക്കാനായി ഞാൻ വീട്ടിൽ നിന്നു. അച്ഛനെ കുളിമുറിയിൽ കൊണ്ടുപോകാനും വസ്ത്രം ധരിപ്പിക്കാനും ഒരു ഗ്ലാസ് വെള്ളം വായിലേക്ക് അടുപ്പിക്കാനും പോലും എന്റെ സഹായം ആവശ്യമായിരുന്നു. അത് അദ്ദേഹത്തെ വിനയാന്വിതനാക്കി. ചെറിയ ജോലികൾ ചെയ്യാൻ അദ്ദേഹം ചില പ്രാരംഭ ശ്രമങ്ങൾ നടത്തി, പക്ഷേ “നിന്റെ സഹായമില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല’’ എന്നു സമ്മതിച്ചു. ഒടുവിൽ അദ്ദേഹം ക്രമേണ തന്റെ ദൃഢസ്വഭാവം വീണ്ടെടുത്തു, എന്നാൽ ആ അനുഭവം ഞങ്ങൾ രണ്ടുപേരെയും ഒരു പ്രധാന പാഠം പഠിപ്പിച്ചു - ഞങ്ങൾക്ക് പരസ്പരം വേണം.

നമുക്കു പരസ്പരം ആവശ്യമുള്ളപ്പോൾ, നമുക്ക് യേശുവിനെ കൂടുതൽ ആവശ്യമുണ്ട്. യോഹന്നാൻ 15 ൽ, മുന്തിരിവള്ളിയുടെയും കൊമ്പുകളുടെയും ചിത്രങ്ങൾ നാം മുറുകെ പിടിക്കുന്ന ഒന്നായി തുടരുന്നു. എങ്കിലും മറ്റൊരു പദപ്രയോഗം, ആശ്വസിപ്പിക്കുന്നതോടൊപ്പം, നമ്മുടെ സ്വാശ്രയത്വത്തിന്മേലുള്ള കനത്ത പ്രഹരവുമാണ്. നമ്മുടെ മനസ്സിലേക്ക് എളുപ്പത്തിൽ കടന്നുവരുന്ന ചിന്ത, എനിക്ക് സഹായം ആവശ്യമില്ല എന്നതാണ്. യേശു പറയുന്നതു വ്യക്തമാണ് “എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല’’ (വാ. 5). ഒരു ശിഷ്യന്റെ പ്രധാന സവിശേഷതകളായ “സ്‌നേഹം, സന്തോഷം, സമാധാനം’’ (ഗലാത്യർ 5:22) എന്നിങ്ങനെയുള്ള ഫലം കായ്ക്കുന്നതിനെക്കുറിച്ചാണ് ക്രിസ്തു സംസാരിക്കുന്നത്.  ഫലം കായ്ക്കുന്നതിനായിട്ടാണ് യേശു നമ്മെ വിളിക്കുന്നത്. അവനിലുള്ള നമ്മുടെ പൂർണ്ണമായ ആശ്രയം ഫലവത്തായ ഒരു ജീവിതം നൽകുന്നു, പിതാവിന്റെ മഹത്വത്തിനായി ജീവിക്കുന്ന ഒരു ജീവിതം! (യോഹന്നാൻ 15:8).

വീട്ടിൽ വിശ്വാസ സംഭാഷണങ്ങൾ

"വീടിനെ പോലെ മറ്റൊരിടമില്ല. വീടിനെ പോലെ മറ്റൊരിടമില്ല." ദി വിസാർഡ് ഓഫ് ഓസിൽ ഡൊറോത്തി പറഞ്ഞ അവിസ്മരണീയമായ വരികൾ, സ്റ്റാർ വാർസ് മുതൽ ദ ലയൺ കിംഗ് വരെയുള്ള നാം ഇഷ്ടപ്പെടുന്ന നിരവധി കഥകളിൽ കണ്ടെത്തിയ ഒരു കഥ പറയുന്ന രീതി വെളിപ്പെടുത്തുന്നു. അത് അറിയപ്പെടുന്നത് "ഒരു ജയാളിയുടെ യാത്ര" എന്നാണ്. ചുരുക്കത്തിൽ: ഒരു സാധാരണ വ്യക്തി ഒരു സാധാരണ ജീവിതം നയിക്കുന്നു, തുടർന്ന് ഒരു അസാധാരണ സാഹസികത അവതരിപ്പിക്കപ്പെടുന്നു. ആ കഥാപാത്രം വീടു വിട്ട് പരീക്ഷകളും, പരീക്ഷണങ്ങളും മാത്രമല്ല ഉപദേശകരും എതിരാളികളും കാത്തിരിക്കുന്ന മറ്റൊരു ലോകത്തിലേക്ക് യാത്രചെയ്യുന്നു. അവളോ അവനോ പരീക്ഷകളിൽ വിജയിക്കുകയും വീരശൂരപരാക്രമം തെളിയിക്കുകയും ചെയ്‌താൽ, പറയാനുള്ള കഥകളും നേടിയ വിവേകവുമായി വീട്ടിലേക്ക് മടങ്ങുന്നതാണ് അവസാന ഘട്ടം. അവസാന ഭാഗം വളരെ നിർണ്ണായകമാണ്.

ഭൂതബാധിതനായ വ്യക്തിയുടെ കഥ ജയാളിയുടെ യാത്രയുടെ സമാനമാണ്. അവസാന ഭാഗത്തു ആ മനുഷ്യൻ യേശുവിനോട് "താനും കൂടെ പോരട്ടെ" എന്ന് പറയുന്നത് ശ്രദ്ധേയമാണ് (മർക്കോസ് 5:18). എങ്കിലും യേശു അവനോട് “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെല്ലുവാൻ” പറയുന്നു (വാ.19). ഈ മനുഷ്യന്റെ ജീവിതത്തിൽ തന്റെ വീട്ടിൽ, തന്നെ നന്നായി അറിയാവുന്ന തന്റെ ജനത്തിന്റെ അടുക്കലേക്ക് മടങ്ങി തന്റെ അത്ഭുതകരമായ കഥ പറയേണ്ടത് വളരെ പ്രധാനമായിരുന്നു.

ദൈവം നമ്മെ വിവിധ വിധത്തിലും സാഹചര്യത്തിലുമാണ് വിളിക്കുന്നത്. എന്നാൽ നമ്മിൽ ചിലർക്ക്, നമ്മുടെ വീടുകളിലേക്ക് മടങ്ങി നമ്മെ നന്നായി അറിയുന്നവരോട് നമ്മുടെ കഥ പറയുക എന്നത് നിർണ്ണായകമാണ്. ചിലർക്കുള്ള വിളി "വീട് പോലെ മറ്റൊരിടമില്ല" എന്നാണ്.

നമ്മുടെ പിതാവ്

മിക്ക പ്രഭാതങ്ങളിലും ഞാൻ കർത്താവിന്റെ പ്രാർത്ഥന ഉരുവിടാറുണ്ട്. ആ പ്രാർഥനയിൽ ഞാൻ എന്നെത്തന്നെ ഉറപ്പിക്കാതെ ഒരു പുതിയ ദിവസം സാധാരണ തുടങ്ങാറില്ല. ഈയിടെ ഒരിക്കൽ ഞാൻ അതിന്റെ ആദ്യത്തെ വാക്കുകൾ - "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" – എന്നു പറഞ്ഞതേയുള്ളൂ, എന്റെ ഫോൺ റിങ്ങ് ചെയ്തു. അപ്പോൾ രാവിലെ 5:43 മാത്രമേ ആയിരുന്നുള്ളൂ എന്നതിനാൽ അത് എന്നെ ഞെട്ടിച്ചു. ഫോൺ ഡിസ്പ്ലേയിൽ "ഡാഡ് (പിതാവ്)" എന്ന് എഴുതിയിരുന്നു. ഞാൻ ഉത്തരം നൽകുന്നതിന് മുമ്പ്, കോൾ പെട്ടെന്ന് അവസാനിച്ചു. എന്റെ പിതാവ് അബദ്ധത്തിൽ വിളിച്ചതാണെന്ന് ഞാൻ ഊഹിച്ചു. തീർച്ചയായും, അങ്ങനെതന്നെ ആയിരുന്നു. എന്നാൽ ഇത് ഒരു യാദൃശ്ചികത ആയിരുന്നോ? ആയിരിക്കാം. പക്ഷേ, ദൈവകരുണയാൽ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ആ ദിവസം, സ്വർഗീയ പിതാവിന്റെ സാന്നിധ്യത്തിന്റെ ഉറപ്പ് ആവശ്യമായിരുന്നു!
ഒരു നിമിഷം അതിനെക്കുറിച്ച് ചിന്തിക്കുക. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചപ്പോൾ, പ്രാർത്ഥന ആരംഭിക്കുവാൻ ഈ വാക്കുകളാണ് തിരഞ്ഞെടുത്തത് - “.. ഞങ്ങളുടെ പിതാവേ,”(മത്താ. 6: 9). അതു യാദൃശ്ചികമാണോ? അല്ല, യേശുവിന്റെ വാക്കുകൾ ഒരിക്കലും യാദൃശ്ചികമായിരുന്നില്ല. നമുക്കെല്ലാവർക്കും നമ്മുടെ ഭൗമിക പിതാക്കന്മാരുമായി വ്യത്യസ്ത ബന്ധങ്ങളാണുള്ളത് – ചിലത് നല്ലതായിരിക്കും, ചിലത് അത്ര നല്ലതായിരിക്കില്ല. എന്നാൽ, നാം പ്രാർത്ഥിക്കുമ്പോൾ "എന്റെ" പിതാവേ അല്ലെങ്കിൽ "നിങ്ങളുടെ" പിതാവേ എന്നല്ല, മറിച്ച് "ഞങ്ങളുടെ" പിതാവേ എന്നാണ് അഭിസംബോധന ചെയ്യുന്നത് ;നമ്മെ കാണുന്നവനും നമ്മെ കേൾക്കുന്നവനും, നമ്മൾ അവനോട് യാചിക്കുംമുമ്പേ നമുക്ക് എന്താണ് വേണ്ടതെന്ന് അറിയുന്നവനും (വാ. 8) ആയ നമ്മുടെ പിതാവ്.
എന്തൊരു അത്ഭുതകരമായ ഉറപ്പ്! പ്രത്യേകിച്ച് നമ്മൾ വിസ്മരിക്കപ്പെട്ടതായോ, ഒറ്റപ്പെട്ടതായോ, ഉപേക്ഷിക്കപ്പെട്ടതായോ, അല്ലെങ്കിൽ അത്ര വിലപ്പെട്ടവരല്ലെന്നോ തോന്നുന്ന അവസരങ്ങളിൽ . ഓർക്കുക, നമ്മൾ എവിടെയാണെങ്കിലും, രാത്രിയോ പകലോ ഏതുസമയത്താണെങ്കിലും, സ്വർഗ്ഗസ്ഥനായ പിതാവ് എപ്പോഴും നമ്മുടെ സമീപം ഉണ്ട്.

​​വെളിപ്പെടുത്തലും ഉറപ്പും

2019-ൽ ഉണ്ടായ ചില ശിശുക്കളുടെ ലിംഗ വെളിപ്പെടുത്തലുകൾ നാടകീയമായിരുന്നു.ജൂലൈയിൽ, ഒരു കാർ നീലപുക പുറപ്പെടുവിക്കുന്നത് ഒരു വിഡിയോയിൽ കാണിച്ചു - "ഇത് ഒരു ആൺകുട്ടിയാണ്!'' സെപ്റ്റംബറിൽ, ഒരു കാർഷിക വിമാനം,"ഇത് ഒരു പെൺകുട്ടിയാണ്" എന്ന് പ്രഖ്യാപിക്കുവാൻ നൂറു കണക്കിന് ഗാലൻ പിങ്ക് വെള്ളം താഴേക്ക് ഒഴിച്ചു. എന്നാൽ, ഈ കുട്ടികൾ വളരേണ്ട ലോകത്തെക്കുറിച്ചുള്ള ഒരു സുപ്രധാന കാര്യം മറനീക്കിയ മറ്റൊരു വെളിപ്പെടുത്തൽ 2019-ന്റെ അവസാനത്തിൽ, "യൂ വേർഷൻ'' എന്ന ഓൺലൈൻ മൊബൈൽ ബൈബിൾ ആപ്പ് നടത്തി - ആവർഷത്തിൽ ഏറ്റവും കൂടുതൽ പങ്കിട്ടതും, അടയാളപ്പെടുത്തിയതും ബുക്ക്-മാർക്ക്ചെയ്യപ്പെട്ടതുമായ വാക്യം, ഫിലിപ്പിയർ 4:6 ആണെന്ന്;"ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്."

അത് തികച്ചും അതിശയകരമായ ഒരു വെളിപ്പെടുത്തലാണ്!ഇന്ന് ആളുകൾ പല കാര്യങ്ങളിലും ഉത്കണ്ഠാകുലരാണ് - നമ്മുടെ ആൺമക്കളുടെയും പെൺമക്കളുടെയും ആവശ്യങ്ങൾ മുതൽ, കുടുംബങ്ങളും സുഹൃത്തുക്കളും കടന്നുപോകുന്നഅസംഖ്യം വഴികളും, പ്രകൃതിദുരന്തങ്ങും, യുദ്ധങ്ങളും വരെഅതിനു കാരണമാകുന്നു. എന്നാൽ ഈ ആശങ്കകൾക്കെല്ലാം നടുവിൽ, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്" എന്ന് പറയുന്ന വാക്യത്തിൽ പലരും പറ്റി നിൽക്കുന്നു എന്നതാണ് നല്ല വാർത്ത. കൂടാതെ അതേ ആളുകൾ "എല്ലാറ്റിലും" അപേക്ഷകൾ ദൈവത്തോട് അറിയിക്കുവാൻ മറ്റുള്ളവരെയും തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തിലെ ഉത്കണ്ഠകളെ ധൈര്യത്തോടെഅഭിമുഖീകരിക്കുന്ന മാനസികാവസ്ഥ സ്തോത്രം കരേറ്റലിന്റേതാണ്.

"വർഷത്തിലെ വാക്യം" ആയില്ലെങ്കിലും അതിനെ തുടർന്നുള്ള വാക്യം ഇതാണ് - "എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും"(വാ.7).അത് തികച്ചും സമാധാനം നൽകുന്നതാണ്.

പിതാവിന്റെ സ്വരം

എന്റെ സുഹൃത്തിന്റെ പിതാവ് അടുത്തിടെ മരിച്ചു. പെട്ടെന്നൊരു ദിവസം അസുഖം വന്ന് സ്ഥിതി വഷളായി, ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം പോയി. എന്റെ സുഹൃത്തിനും തന്റെ പിതാവിനും തമ്മിൽ ശക്തമായ ആത്മബന്ധമുണ്ടായിരുന്നു, അവർക്കിനിയും ധാരാളം ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരങ്ങൾ തേടുവാനും സംഭാഷണങ്ങൾ നടത്തുവാനും ഉണ്ടായിരുന്നു. പറയാത്ത ഒരുപാട് കാര്യങ്ങൾ .. .ഇപ്പോൾ അവന്റെ പിതാവ്പോയി. എന്റെ സുഹൃത്ത് ഒരു പരിശീലനം ലഭിച്ച കൗൺസിലറാണ്. ദു:ഖത്തിന്റെ ഉയർച്ച താഴ്ചകൾ അവനറിയാം. മറ്റുള്ളവരുടെ വിഷമകരമായ സമയങ്ങളിൽ അവർക്കെങ്ങനെ ആശ്വാസം കൊടുക്കണമെന്നവനറിയാം. എന്നിട്ടും അവൻ എന്നോട് പറഞ്ഞു, “ചില ദിവസങ്ങളിൽ ഞാൻഎന്റെപിതാവിന്റെ സ്വരം കേൾക്കുവാൻ കൊതിക്കും. എല്ലാറ്റിലും എനിക്കേറ്റവും വലുത്, എന്റെ പിതാവിന്റെ സ്നേഹമുളള സ്വരമായിരുന്നു.” 

യേശുവിന്റെ ഭൗമികശുശ്രൂഷയുടെ തുടക്കത്തിൽ നടന്ന ഒരു പ്രധാന സംഭവം, യോഹന്നാന്റെ കൈകളാൽ നടന്ന അവന്റെ സ്നാനം ആയിരുന്നു. യോഹന്നാൻ എതിർക്കുവാൻ ശ്രമിച്ചെങ്കിലും, മനുഷ്യവർഗ്ഗവുമായി താതാത്മ്യം പ്രാപിപ്പാൻ അത് അനിവാര്യമാണെന്ന് യേശു തറപ്പിച്ചുപറഞ്ഞു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” (മത്തായി 3:15). യേശു ചോദിച്ചതുപോലെ യോഹന്നാൻ ചെയ്തു. തുടർന്ന്, യോഹന്നാൻ സ്നാപകനും ജനത്തിനും യേശു ആരാണന്നു വ്യക്തമാക്കിയ ഒരു കാര്യം സംഭവിച്ചു, അത് യേശുവിന്റെയും ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരിക്കണം. സ്വർഗ്ഗത്തിൽ നിന്നുള്ള പിതാവിന്റെ ശബ്ദം ഉറപ്പുനൽകി: "ഇത് ഞാൻ സ്നേഹിക്കുന്ന എന്റെ മകനാണ്" (3:17). 

വിശ്വാസികളുടെ ഹൃദയത്തിലുമുള്ള അതേ ശബ്ദം, നമ്മോടുള്ള അവന്റെ വലിയ സ്നേഹത്തിന്റെ ഉറപ്പ് നൽകുന്നു (1 യോഹ. 3: 1).

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ

എത്തിയൊ? /ഇതുവരെ ഇല്ല. / എത്തിയോ? / ഇതുവരെ ഇല്ല. ഞങ്ങളുടെ കുട്ടികൾ ചെറുതായിരുന്നപ്പോൾ നടത്തിയ ആദ്യത്തെ (തീർച്ചയായും അവസാനത്തേതല്ല) 16 മണിക്കൂർ മടക്കയാത്രയിൽ അങ്ങോട്ടുമിങ്ങോട്ടും കളിച്ച കളിയാണത്. മൂത്ത രണ്ടു കുട്ടികളും കളിയെ സജീവമാക്കി നിർത്തി. അവർ ചോദിക്കുന്ന ഒരോ തവണയും ഒരു രൂപ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ഒരു കൂന രൂപ ഉണ്ടായേനെ. കുട്ടികൾക്ക് അഭിനിവേശമായിരുന്നു ആ ചോദ്യത്തോട്, പക്ഷേ ഞാനും (ഡ്രൈവർ) ഒരുപോലെ ആശ്ചര്യത്തോടെ എത്തിയോ? എന്ന് ചിന്തിച്ചുകൊണ്ടിരുന്നു, ഉത്തരം ഇതുവരെ ഇല്ല, പക്ഷേ ഉടനേ.

സത്യം പറഞ്ഞാൽ, ഉച്ചത്തിൽ ചോദിച്ചില്ലെങ്കിലും മിക്ക മുതിർന്നവരും ഈ ചോദ്യത്തിന്റെ വകഭേതങ്ങളാണ് ചോദിക്കുന്നത്. പക്ഷേ നാം ഒരേ കാരണത്താലാണ് ചോദിക്കുന്നത്—നാം തളർന്നിരിക്കുന്നു, ദുഃഖംകൊണ്ട് നമ്മുടെ “കണ്ണ് കുഴിഞ്ഞിരിക്കുന്നു” (സങ്കീർത്തനങ്ങൾ 6:7). നാം സന്ധ്യാ വാർത്ത മുതൽ ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളും ഒരിക്കലും തീരാത്ത ആരോഗ്യപ്രശ്നങ്ങളും ബന്ധങ്ങളിലെ തകർച്ചയും തുടങ്ങി സകല കാര്യങ്ങളേയും കുറിച്ചുള്ള “ഞരക്കംകൊണ്ട് തകർന്നിരിക്കുന്നു” (വാ. 6). നാം നിലവിളിക്കുന്നു: “എത്തിയോ? എത്രത്തോളം? കർത്താവേ, എത്രത്തോളം?

സങ്കീർത്തനക്കാരനു ഈ ക്ഷീണാവസ്ഥയെ നന്നായി അറിയാം, അതുകൊണ്ട് ആ പ്രധാന ചോദ്യം സത്യസന്ധമായി ദൈവത്തോട് ചോദിക്കുന്നു. കരുതുന്ന പിതാവിനേപ്പോലെ അവൻ ദാവീദിന്റെ കരച്ചിൽ കേൾക്കുകയും അവന്റെ വലിയ കരുണയിൽ അവ കൈക്കൊള്ളുകയും ചെയ്തു (വാ. 9). ചോദിക്കാൻ ഒരു നാണക്കേടും ഇല്ലായിരുന്നു. അതുപോലെ എനിക്കും നിങ്ങൾക്കും സ്വർഗ്ഗസ്ഥനായ പിതാവിന്റെ സന്നിധിയിലേക്ക് ധൈര്യത്തോടെ “എത്ര നാൾ?” എന്ന സത്യസന്ധമായ നിലവിളിയുമായി സമീപിക്കാം. അവന്റെ ഉത്തരം “ഇതുവരെ ആയില്ല, പക്ഷേ ഉടനേ, ഞാൻ നല്ലവനാണ്, എന്നിൽ ആശ്രയിക്കൂ“ എന്നാകാം.

നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ നൽകുക

വിജയിയായ ഒരു ബിസിനസുകാരൻ തന്റെ ജീവിതത്തിന്റെ അവസാന ദശാബ്ദങ്ങൾ തന്റെ സമ്പത്ത് സമ്മാനിക്കുവാനായി വിനിയോഗിച്ചു. കോടീശ്വരനായിരുന്ന അയാൾ വടക്കേ അയർലണ്ടിലെ സമാധാനശ്രമം, വിയറ്റ്നാമിലെ ആരോഗ്യസംവിധാനം അങ്ങനെ പലവിധ കാര്യങ്ങൾക്ക് പണം സംഭാവന ചെയ്തു. മരിക്കുന്നതിനു കുറച്ചു നാൾ മുൻപ് ന്യൂയോർക്കിലെ ഒരു ദ്വീപ് ഒരു ടെക്നോളജി ഹബ് ആക്കി മാറ്റാൻ അയാൾ 35 കോടി ഡോളർ ചിലവഴിച്ചു. ആ മനുഷ്യൻ പറഞ്ഞത് “ജീവിച്ചിരിക്കുമ്പോൾ കൊടുക്കുന്നതിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കൊടുക്കുന്നത് വൈകിപ്പിക്കുന്നതിൽ ഞാൻ കാരണമൊന്നും കാണുന്നില്ല... അതുമല്ല മരിച്ചതിനു ശേഷം കൊടുക്കുന്നതിനേക്കാൾ എത്രയോ സന്തോഷകരമാണ് ജീവിച്ചിരിക്കുമ്പോൾ കൊടുക്കുന്നത്.” ജീവിച്ചിരിക്കുമ്പോൾ കൊടുക്കുക—എത്ര മനോഹരമായ മനോഭാവമാണ്.

ജന്മനാ അന്ധനായ മനുഷ്യനെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണത്തിൽ, “ആര് പാപംചെയ്തു“ എന്ന് നിർണ്ണയിക്കാൻ യേശുവിന്റെ ശിഷ്യന്മാർ ശ്രമിക്കുകയായിരുന്നു. അവരുടെ ചോദ്യത്തെ സംബോധന ചെയ്തു യേശു പറഞ്ഞു, “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രേ. എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു“(വാ. 3–4). നമ്മുടെ പ്രവൃത്തി യേശുവിന്റെ അത്ഭുതങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമാണെങ്കിലും, എങ്ങനെ നമ്മെത്തന്നെ നൽകിയാലും, നമ്മൾ അത് ഒരുക്കത്തോടെയും സ്നേഹത്തിന്റെ ആത്മാവിലും ചെയ്യണം. സമയത്തിലൂടെയോ സമ്പത്തിലൂടെയോ പ്രവൃത്തികളിലൂടെയോ ദൈവത്തിന്റെ പ്രവൃത്തികൾ വെളിപ്പെടണം എന്നതാകണം നമ്മുടെ ലക്ഷ്യം.

ദൈവം നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. തിരിച്ച് നമുക്കും ജീവിച്ചിരിക്കുമ്പോൾ നൽകാം.

നമ്മുടെ സഭാകൂടിവരവ് നമുക്ക് ആവശ്യമാണ്

സതേൺ ബാപ്റ്റിസ്റ്റ് പ്രാസംഗികന്റെ മൂത്ത മകനായിട്ടാണ് ഞാൻ വളർന്നത്. എല്ലാ ഞായറാഴ്ചയും ഞാൻ പള്ളിയിൽ ഉണ്ടാകണമെന്നത് നിർബന്ധമായ കാര്യമായിരുന്നു. കഠിനമായ പനിയോ മറ്റോ വന്നാൽ ഒഴിവുണ്ടായിരുന്നു.. സത്യത്തിൽ  പള്ളിയിൽ പോകുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു, പനിയുള്ളപ്പോൾ പോലും പലപ്പോഴും പോയിട്ടുണ്ട്. പക്ഷേ ലോകം മാറിപ്പോയി. സ്ഥിരമായി പള്ളിയിൽ പോകുന്നവരുടെ എണ്ണം പഴയതുപോലെയില്ല. തീർച്ചയായും, പെട്ടന്നുള്ള ചോദ്യമാണ് എന്തുകൊണ്ട് എന്നത് .  വിഭിന്നമായ ധാരാളം ഉത്തരങ്ങൾ ഉണ്ട്. എഴുത്തുകാരിയായ കേതലിൻ നോറിസ് ഈ ഉത്തരങ്ങളെ എതിർത്തത്,  "എന്തിനാണ് നാം പള്ളിയിൽ പോകുന്നത് "എന്ന അവരുടെ  ചോദ്യത്തിന് അവർക്ക് ഒരു പാസ്റ്ററിൽ നിന്ന് കിട്ടിയ മറുപടി വെച്ചായിരുന്നു : " നാം പള്ളിയിൽ പോകേണ്ടത് മറ്റുള്ളവർക്ക് വേണ്ടിയാണ്. കാരണം, അവിടെ  ആർക്കെങ്കിലും നമ്മെ ആവശ്യമുണ്ടാകാം. "

നാം പള്ളിയിൽ  പോകുന്നതിന്റെ കാരണം ഒരിക്കലും ഇത് മാത്രമല്ല.പക്ഷേ  എബ്രായ ലേഖനം  എഴുതിയ ലേഖകന്റെ ഹൃദയസ്പന്ദനം കൂടി ആ പാസ്റ്ററുടെ  മറുപടിയിൽ പ്രതിധ്വനിക്കുന്നുണ്ട്. വിശ്വാസത്തെ മുറുകെ പിടിക്കുവാനും, അത് സാധ്യമാകുന്നതിനായി "സഭാ യോഗങ്ങളെ  ഉപേക്ഷിക്കാതെ "(എബ്രായർ 10:24) ഇരിക്കാനും ലേഖകൻ വിശ്വാസികളെ ഉത്ബോധിപ്പിക്കുന്നു. ഇല്ലെങ്കിൽ അന്യോന്യം പ്രോത്സാഹിപ്പിക്കുക എന്ന നിർണായകമായ കാര്യം നമ്മുടെ അസാന്നിധ്യം മൂലം നഷ്ടമാകും. "സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ "(വാ.25) നമുക്കെല്ലാം പരസ്പര പ്രോൽസാഹനം ആവശ്യമാണ്. 

സഹോദരീ സഹോദരന്മാരേ, കൂട്ടായ്മകൾ തുടർന്നു കൊണ്ടിരിക്കുക. എന്തുകൊണ്ടെന്നാൽ നിങ്ങളെ അവിടെ ആർക്കെങ്കിലും ആവശ്യമുണ്ടായിരിക്കാം. എന്നാൽ അതുപോലെതന്നെ ശരിയായ കാര്യമാണ്, തിരിച്ച്  നിങ്ങൾക്കും അവരെ ഉപകരിക്കും എന്നത്.

സത്യാരാധകർ

ഒടുവിൽ അവൾക്ക് ആ പള്ളി സന്ദർശിക്കാൻ അവസരം ലഭിച്ചു. പള്ളിക്കുള്ളിൽ ഏറ്റവും താഴത്തെ നിലയിൽ ഒരു ചെറിയ ഗുഹപോലുള്ള സ്ഥലത്ത് അവളെത്തി. മെഴുകുതിരികളും തൂക്കുവിളക്കുകളും ആ തറയെ പ്രകാശമാനമാക്കുന്നുണ്ട്. അവിടെ ആ ചെറിയ മാർബിൾ തറയിൽ 14 കതിരുകളുള്ള വെള്ളിയിൽ തീർത്ത ഒരു നക്ഷത്രത്തമുണ്ട്. ബത്‌ലെഹേമിലെ നേറ്റിവിറ്റി ഗ്രോട്ടോയിലാണവൾ നിൽക്കുന്നത് - ആ നക്ഷത്രമുള്ളിടത്താണ് ക്രിസ്തു ജനിച്ചത് എന്നാണ് പാരമ്പര്യം പറയുന്നത്. എന്നാൽ, ദൈവം ആ സ്ഥലത്തേക്കാൾ എത്രയോ വലിയവനാണ് എന്ന തിരിച്ചറിവ് മൂലം എഴുത്തുകാരിയായ ആനി ഡില്ലാർഡിനെ ഇക്കാര്യം അധികം സ്വാധീനിച്ചില്ല.

എന്നിരുന്നാലും, ഇത്തരം സ്ഥലങ്ങൾക്ക് നമ്മുടെ വിശ്വാസ കഥകളിൽ ചെറുതല്ലാത്ത സ്ഥാനമുണ്ട്. ഇതു പോലുള്ള മറ്റൊരു സ്ഥലമാണ് കിണറിനരികെ യേശുവും ശമര്യക്കാരത്തി സ്ത്രീയും തമ്മിൽ നടന്ന സംഭാഷണത്തിൽ പരാമർശവിധേയമായ, അവളുടെ "പൂർവ്വികർ ആരാധിച്ചിരുന്ന"മല (യോഹ. 4:20). ഇത് ഗെരെസീം മലയാണ് (ആവ.11:29). ഈ സ്ഥലം ശമര്യക്കാർക്ക് പവിത്രമായതായിരുന്നു. യരുശലേമാണ് യഥാർത്ഥ ആരാധനാസ്ഥലം എന്ന യഹൂദന്മാരുടെ വാദത്തെ ശമര്യർ എതിർത്തത് ഈ മലയുപയോഗിച്ചായിരുന്നു (വാ.20). എന്നിരുന്നാലും ആരാധനക്ക് സ്ഥലവുമായല്ല, മറിച്ച് ഒരു വ്യക്തിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനുള്ള സമയം വന്നെത്തിയിരിക്കുന്നു എന്ന്  യേശു പറഞ്ഞു: "സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കുന്ന നാഴിക വരുന്നു" (വാ.23). ആ സ്ത്രീ മശീഹായിലുള്ള തന്റെ വിശ്വാസം പരസ്യമാക്കി; എന്നാൽ താൻ അവനോടാണ് സംസാരിക്കുന്നത് എന്നറിഞ്ഞില്ല. അപ്പോൾ"യേശു അവളോട്: 'നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹാ' എന്ന് പറഞ്ഞു"(വാ.26).

ദൈവം ഒരു മലയിലോ ഭൗതിക സ്ഥലത്തോ ഒതുങ്ങുന്നില്ല. അവൻ എവിടെയും നമ്മോടൊപ്പമുണ്ട്. നമ്മുടെ യഥാർത്ഥ പ്രയാണം നാം പ്രാഗത്‌ഭ്യത്തോടെ "ഞങ്ങളുടെ പിതാവേ" എന്ന് വിളിച്ച് അവിടുത്ത കൃപാസനത്തോട് സമീപിക്കുന്നതാണ്; അവൻ തീർച്ചയായും അവിടെയുണ്ട്. 

ദൈവം നിങ്ങൾക്കായി പാടുന്നു

പതിനേഴ് മാസത്തിന് ശേഷം ഞങ്ങളുടെ ആദ്യത്തെ കുട്ടി- ഒരാൺകുട്ടി  ജനിച്ചു, ഒപ്പം തന്നെ ഒരു പെൺകുട്ടിയും ജനിച്ചു. ഒരു മകളെ ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിച്ചു, പക്ഷെ എനിക്ക് അല്പം അസ്വസ്ഥത തോന്നി കാരണം ചെറിയ ആൺകുട്ടികളെക്കുറിച്ചു അറിയാമെങ്കിലും, എനിക്ക് ഈ മേഖല അപരിചിതമായിരുന്നു. ഞങ്ങൾ അവൾക്ക് സാറാ എന്ന് പേരിട്ടു, ഒപ്പം എനിക്കു ലഭിച്ച ഒരു പദവി എന്നത് എന്റെ ഭാര്യക്ക് വിശ്രമിക്കാനായി അവളെ ആട്ടി ഉറക്കുക എന്നതായിരുന്നു. എന്തിനാണെന്നറിയില്ലെങ്കിലും ഞാൻ അവളെ പാടിയുറക്കുവാൻ ആരംഭിച്ചു. "യു ആർ മൈ സൺ ഷൈൻ" (നീയാണെന്റെ സൂര്യകിരണം) എന്ന പാട്ടായിരുന്നു ഞാൻ തിരഞ്ഞെടുത്തത്. അവളെ എടുത്തുകൊണ്ട് നിൽക്കുകയാണെങ്കിലും അവളുടെ തൊട്ടിലിനരികിലാണെങ്കിലും ആ പാട്ട് ഞാൻ അക്ഷരാർത്ഥത്തിൽ അവൾക്കായി പാടുകയും, അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്തു. ഇപ്പോൾ അവൾ അവളുടെ ഇരുപതുകളിലാണ്, ഇപ്പോഴും ഞാൻ അവളെ സൺഷൈൻ ( സൂര്യകിരണം) എന്നാണ് വിളിക്കുന്നത്.

മാലാഖമാർ പാടുന്നതിനെപ്പറ്റി നാം ചിന്തിക്കാറുണ്ട്. എന്നാൽ ദൈവം പാടുന്നതിനെപ്പറ്റി അവസാനമായി നിങ്ങൾ ചിന്തിച്ചതെപ്പോഴാണ്? അതുതന്നെ- ദൈവം പാടുന്നു. അതിലുമുപരിയായി, ദൈവം നിങ്ങൾക്കായി പാടുന്നതിനെപ്പറ്റി അവസാനമായി നിങ്ങൾ ചിന്തിച്ചതെപ്പോഴാണ്? യെരുശലേമിനോടുള്ള തന്റെ സന്ദേശത്തിൽ സെഫന്യാവ് വളരെ വ്യക്തമായി പറയുന്നു "നിന്റെ ദൈവമായ യഹോവ" നിന്നിൽ അത്യന്തം സന്തോഷിക്കും; "ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും" (3:17). ഇത് യെരുശലേമിനായുള്ള സന്ദേശമാണെങ്കിലും, യേശുവിനെ രക്ഷകനായി സ്വീകരിച്ച നാമോരോരുത്തർക്കുംവേണ്ടി ദൈവം പാടുന്നു. ഏതു പാട്ടാണ് ദൈവം പാടുന്നത്? ദൈവവചനം ആ കാര്യത്തിൽ വ്യക്തത നൽകുന്നില്ല. എന്നാൽ ആ പാട്ട് അവിടുത്തെ സ്നേഹത്തിൽ നിന്നും ഉടലെടുത്തതാണ്, അതിനാൽ അത് സത്യവും ശ്രേഷ്ഠവും നേരും മനോഹരവും ശുദ്ധവും പ്രശംസനീയവുമാണ് എന്ന് നമുക്ക് വിശ്വസിക്കാം.(ഫിലി.4:8)