വടക്കെ അമേരിക്കയിൽ കാട്ടുപോത്തുകൾ വിഹരിച്ചിരുന്ന ഒരു സ്ഥലം. യഥാർത്ഥത്തിൽ അവ മാത്രമായിരുന്നു തുടക്കത്തിൽ അവിടെയുണ്ടായിരുന്നത്. കുടിയേറ്റക്കാർ കന്നുകാലികളും കൃഷിയുമായി അവിടെയെത്തുന്നതുവരെ സമതല ഇന്ത്യക്കാർ കാട്ടുപോത്തുകളെ വേട്ടയാടി. പിന്നീട്, രണ്ടാം ലോകമഹായുദ്ധ കാലത്തെ പേൾ ഹാർബറിനുശേഷം ഈ ഭൂമി ഒരു രാസവസ്തു നിർമ്മാണ ശാല പ്രവർത്തിക്കുന്ന സ്ഥലമായി മാറി. പിന്നീട് ശീതയുദ്ധകാലത്തെ ആയുധ നിരായുധീകരണ കേന്ദ്രമായി. എന്നാൽ ഒരു ദിവസം അവിടെ കഷണ്ടിത്തലയൻ കഴുകന്മാരുടെ കൂട്ടത്തെ കണ്ടെത്തി, താമസിയാതെ റോക്കി മൗണ്ടൻ ആഴ്‌സണൽ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ് ജനിച്ചു – കൊളറാഡോയിലെ ഡെൻവർ മെട്രോപോലീസിന്റെ അരികിലുള്ള പതിനയ്യായിരം ഏക്കർ വിസ്തൃതിയുള്ള പുൽപ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, വനഭൂമി എന്നിവ ഉൾപ്പെട്ട ആവാസ വ്യവസ്ഥയായിരുന്നു അത്. ഇത് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ, നഗരവല്ക്കരണത്തിൽ നിന്നുള്ള അഭയകേന്ദ്രങ്ങളിൽ അല്ലെങ്കിൽ സങ്കേതങ്ങളിൽ ഒന്നാണ്. മുന്നൂറിലധികം ഇനം പക്ഷിമൃഗാദികളുടെ സുരക്ഷിതമായ, സംരക്ഷിത ഭവനമാണത്. കറുത്ത കാലുള്ള ഫെററ്റുകൾ മുതൽ മാളത്തിൽ പാർക്കുന്ന മൂങ്ങകൾ മുതൽ കഷണ്ടി കഴുകന്മാർ വരെ – നിങ്ങൾ ഊഹിച്ചത് ശരിയാണ്: കാട്ടുപോത്തുകളുടെയും അഭയകേന്ദ്രം.

“ദൈവം നമുക്കു സങ്കേതമാകുന്നു” (62:8) എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ഏതൊരു ഭൗമിക സങ്കേതത്തേക്കാളും വളരെ വലുതായി ദൈവം നമ്മുടെ യഥാർത്ഥ സങ്കേതമാണ്. സുരക്ഷിതവും സംരക്ഷിതവുമായ സാന്നിധ്യമാണ്. അതിൽ “നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നു” (പ്രവൃത്തികൾ 17:28). “എല്ലാക്കാലത്തും” നമുക്ക് ആശ്രയിക്കാൻ കഴിയുന്ന നമ്മുടെ സങ്കേതമാണ് അവൻ (സങ്കീർത്തനം 62:8). നമ്മുടെ എല്ലാ പ്രാർത്ഥനകളും ധൈര്യത്തോടെ കൊണ്ടുവരാൻ കഴിയുന്ന നമ്മുടെ സങ്കേതമാണ് അവൻ.

ദൈവം നമ്മുടെ സങ്കേതമാണ്. അവൻ ആദിയിൽ ആരായിരുന്നോ, ഇപ്പോഴും അതുതന്നെയാണ്, എന്നും അങ്ങനെതന്നെയായിരിക്കും.