എനിക്കു കണ്ണുകള്‍ അടച്ചുകൊണ്ട് ഞാന്‍ വളര്‍ന്ന വീട്ടിലേക്കു തിരികെ പോകാന്‍ കഴിയും. ഞാന്‍ എന്റെ പിതാവിനോടൊപ്പം നക്ഷത്രനിരീക്ഷണം നടത്തിയത് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ബൈനോക്കുലര്‍ ഞങ്ങള്‍ മാറിമാറി ഉപയോഗിച്ചുകൊണ്ട് മിന്നിത്തിളങ്ങുന്ന കൊച്ചുകൊച്ചു പൊട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ചൂടും തീയും ആയി ജനിച്ച ഈ പ്രകാശത്തിന്റെ പൊട്ടുകള്‍ മിനുസമാര്‍ന്ന, മഷിക്കറുപ്പുള്ള ആകാശത്തിന്റെ പശ്ചാത്തലത്തില്‍ വേറിട്ടു നിന്നു.

നിങ്ങളെത്തന്നെ ഒരു തിളങ്ങുന്ന നക്ഷത്രമായി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ സംസാരിക്കുന്നത് മനുഷ്യനേട്ടത്തിന്റെ ഉയരങ്ങളിലെത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് തകര്‍ച്ചയുടെയും തിന്മയുടെയും ഇരുണ്ട പശ്ചാത്തലത്തിനെതിരെ നില്‍ക്കുന്നതിനെക്കുറിച്ചാണ്. “അവര്‍ ജീവന്റെ വചനം പ്രമാണിക്കുകയും” പിറുപിറുപ്പും തര്‍ക്കവും ഒഴിവാക്കുകയും ചെയ്താല്‍ ദൈവം അവരിലും അവരിലൂടെയും പ്രകാശിക്കുമെന്ന് അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ വിശ്വാസികളോടു പറഞ്ഞു (ഫിലിപ്പിയര്‍ 2:14-16).

മറ്റ് വിശ്വാസികളുമായുള്ള നമ്മുടെ ഐക്യവും ദൈവത്തോടുള്ള വിശ്വസ്തതയും നമ്മെ ലോകത്തില്‍നിന്ന് അകറ്റുന്നു. ഇവ സ്വാഭാവികമായി വരുന്നില്ല എന്നതാണ് പ്രശ്‌നം. പ്രലോഭനങ്ങളെ മറികടക്കാന്‍ നാം നിരന്തരം പരിശ്രമിക്കുന്നതിനാല്‍, ദൈവവുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ കഴിയും. നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരുമായി ഐക്യപ്പെടാന്‍ നാം സ്വാര്‍ത്ഥതയ്‌ക്കെതിരെ പോരാടുന്നു.

എന്നിട്ടും പ്രത്യാശയ്ക്കു വകയുണ്ട്. ഓരോ വിശ്വാസിയിലും ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവ് സ്വയനിയന്ത്രണമുള്ളവരും ദയയുള്ളവരും വിശ്വസ്തരുമായിരിക്കാന്‍ നമ്മെ ശക്തിപ്പെടുത്തുന്നു (ഗലാത്യര്‍ 5:22-23). നമ്മുടെ സ്വാഭാവിക ശേഷിക്ക് അപ്പുറത്തേക്കു ജീവിക്കാന്‍ നമ്മെ വിളിച്ചിരിക്കുന്നതിനാല്‍ ദൈവത്തിന്റെ അമാനുഷിക സഹായം ഇതു സാധ്യമാക്കുന്നു (ഫിലിപ്പിയര്‍ 2:13). ഓരോ വിശ്വാസിയും ആത്മാവിന്റെ ശക്തിയാല്‍ ഒരു ‘തിളങ്ങുന്ന നക്ഷത്രം’ ആയിത്തീര്‍ന്നാല്‍, ദൈവത്തിന്റെ വെളിച്ചം നമുക്കു ചുറ്റുമുള്ള അന്ധകാരത്തെ എങ്ങനെ അകറ്റുമെന്നു ചിന്തിക്കുക!