പടക്കംപൊട്ടുന്നതു പോലെ തോന്നിക്കുന്ന എന്തോ ഒന്ന് ജോവാനെ ഉറക്കത്തിൽ നിന്ന് ഉണർത്തി. ഗ്ലാസ് തകർന്നിരിക്കുന്നു. താൻ തനിച്ചല്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുകൊണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ അവൾ എഴുന്നേറ്റു. ഇരുണ്ട തെരുവുകൾ ശൂന്യമായിരുന്നു, വീട്ടിൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നു തോന്നി – അപ്പോഴാണ് അവൾ തകർന്ന കണ്ണാടി കണ്ടത്.

ഗ്യാസ് ലൈനിൽ നിന്ന് അര ഇഞ്ച് മാത്രം മാറി വെടിയുണ്ട തറച്ചിരിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അത് ലൈനിൽ കൊണ്ടിരുന്നെങ്കിൽ, ഒരുപക്ഷേ അവൾ ജീവനോടെ പുറത്തുവരുമായിരുന്നില്ല. അടുത്തുള്ള അപ്പാർട്ടുമെന്റുകളിൽ നിന്ന് അബദ്ധത്തിൽ വന്ന ബുള്ളറ്റാണതെന്ന് പിന്നീട് അവർ കണ്ടെത്തി, പക്ഷേ ഇപ്പോൾ ജോവാൻ വീട്ടിലിരിക്കാൻ ഭയപ്പെട്ടു. അവൾ സമാധാനത്തിനായി പ്രാർത്ഥിച്ചു, ഗ്ലാസ് വൃത്തിയാക്കിയ ശേഷം അവളുടെ ഹൃദയം ശാന്തമായി.

121-ാം സങ്കീർത്തനം, കഷ്ടകാലങ്ങളിൽ ദൈവത്തെ നോക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മുടെ ”സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു” എന്നതിനാൽ നമുക്ക് സമാധാനവും ശാന്തതയും കൈവരിക്കാൻ കഴിയുമെന്ന് ഇവിടെ നാം കാണുന്നു (വാ. 2). പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം നമ്മെ സഹായിക്കുകയും – നാം ഉറങ്ങുമ്പോൾ പോലും – നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു (വാ. 3), മാത്രമല്ല അവൻ ഒരിക്കലും ഉറങ്ങുന്നില്ല (വാ. 4). അവൻ രാവും പകലും (വാ. 6), ”ഇന്നും എന്നെന്നേക്കും” (വാ. 8) നമ്മെ പരിപാലിക്കുന്നു.

ഏതുതരം സാഹചര്യങ്ങളിൽ നാം അകപ്പെട്ടാലും ദൈവം നമ്മെ കാണുന്നു. നാം അവങ്കലേക്കു തിരിയുന്നതിനായി അവിടുന്നു കാത്തിരിക്കുന്നു. നാം അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ സാഹചര്യങ്ങൾ എല്ലായ്‌പ്പോഴും മാറില്ലായിരിക്കാം, എന്നാൽ അതിനിടയിലും അവിടുന്ന് തന്റെ സമാധാനം വാഗ്ദാനം ചെയ്യുന്നു.