1830 ൽ, സ്‌കോട്ടിഷ് മിഷനറി അലക്‌സാണ്ടർ ഡഫിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ, ദക്ഷിണാഫ്രിക്കയുടെ തീരത്തുവെച്ച് ഒരു കൊടുങ്കാറ്റിൽ കപ്പൽ തകർന്നു. അദ്ദേഹവും സഹയാത്രികരും വിജനമായ ഒരു ചെറിയ ദ്വീപിൽ എത്തിപ്പെട്ടു. കുറച്ചു സമയത്തിനുശേഷം, കപ്പൽ ജോലിക്കാരിലൊരാൾ, ഡഫിന്റെ കൈവശമുണ്ടായിരുന്ന ബൈബിളിന്റെ ഒരു കോപ്പി കടൽത്തീരത്ത് അടിഞ്ഞതു കണ്ടെത്തി. പുസ്തകം ഉണങ്ങിയപ്പോൾ, ഡഫ് 107-ാം സങ്കീർത്തനം രക്ഷപ്പെട്ടവരെ വായിച്ചു കേൾപ്പിച്ചു, അവർ ധൈര്യപ്പെട്ടു. ഒടുവിൽ, ഒരു രക്ഷാപ്രവർത്തനത്തിനും മറ്റൊരു കപ്പൽച്ചേതത്തിനും ശേഷം ഡഫ് ഇന്ത്യയിലെത്തി.

ദൈവം യിസ്രായേല്യരെ വിടുവിച്ച ചില വഴികൾ 107-ാം സങ്കീർത്തനം വിവരിക്കുന്നു. ഡഫും കപ്പൽ യാത്രക്കാരും ഈ വാക്യങ്ങളോടു താദാത്മ്യപ്പെട്ട് ആശ്വസിച്ചു: ”അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു” (വാ. 29-30). എന്നാൽ, യിസ്രായേല്യരെപ്പോലെ, അവരും ”യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും” (വാ. 31) സ്തുതിച്ചു.       

സങ്കീർത്തനം 107:28-30 നു സമാന്തരമായ ഒരു സംഭവം പുതിയ നിയമത്തിൽ നാം കാണുന്നു (മത്തായി 8:23-27; മർക്കൊസ് 4:35-41). അതിശക്തമായ കൊടുങ്കാറ്റ് ആരംഭിക്കുമ്പോൾ യേശുവും ശിഷ്യന്മാരും കടലിൽ ഒരു പടകിലായിരുന്നു. ശിഷ്യന്മാർ ഭയത്തോടെ നിലവിളിച്ചപ്പോൾ – ജഡത്തിൽ വെളിപ്പെട്ട ദൈവം ആയ – യേശു കടലിനെ ശാന്തമാക്കി. നമുക്കും ധൈര്യപ്പെടാം! നമ്മുടെ ശക്തനായ ദൈവവും രക്ഷകനുമായവൻ നമ്മുടെ നിലവിളികൾ കേൾക്കുകയും പ്രതികരിക്കുകയും നമ്മുടെ കൊടുങ്കാറ്റുകൾക്കു നടുവിലും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.