നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് രെമി ഒയെഡെലെ

ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍

പതിനേഴാം നൂറ്റാണ്ടിലെ തത്ത്വചിന്തകനായ തോമസ് ഹോബ്‌സ്, മനുഷ്യജീവിതം അതിന്റെ സ്വാഭാവിക അവസ്ഥയില്‍ ''ഏകാന്തവും ദരിദ്രവും നീചവും ക്രൂരവും ഹ്രസ്വവുമാണ്'' എന്ന പ്രസിദ്ധമായ വാചകം എഴുതി. മറ്റുള്ളവരുടെ മേല്‍ ആധിപത്യം നേടാനുള്ള ശ്രമത്തില്‍ യുദ്ധത്തിലേക്കു നീങ്ങുന്നതാണ് നമ്മുടെ സഹജാവബോധം അദ്ദേഹം വാദിച്ചു; അതിനാലാണ് ക്രമസമാധാന പാലനത്തിന് സ്ഥാപിത സര്‍ക്കാര്‍ ആവശ്യമായിരിക്കുന്നത്.

''എനിക്കു മുമ്പേ വന്നവര്‍ ഒക്കെയും കള്ളന്‍മാരും കവര്‍ച്ചക്കാരും അത്രേ'' (യോഹന്നാന്‍ 10:8) എന്ന് യേശു പറഞ്ഞപ്പോള്‍ മനുഷ്യരാശിയുടെ ഇരുണ്ട കാഴ്ചപ്പാട് വിശദീകരിക്കുന്നു. എന്നാല്‍ നിരാശയുടെ മദ്ധ്യേ യേശു പ്രത്യാശ നല്‍കുന്നു. ''മോഷ്ടിക്കുവാനും അറുക്കുവാനും മുടിക്കുവാനും അല്ലാതെ, കള്ളന്‍ വരുന്നില്ല'' എന്നാല്‍ ഒരു സന്തോഷവാര്‍ത്ത: ''അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായി ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നത്'' (വാ. 10).

23-ാം സങ്കീര്‍ത്തനം നമ്മുടെ ഇടയന്‍ നല്‍കുന്ന ജീവിതത്തിന്റെ ഉന്മേഷകരമായ ഒരു ചിത്രം വരയ്ക്കുന്നു. അവനില്‍, നമുക്ക് 'മുട്ടുണ്ടാകയില്ല'' (വാ. 1) പ്രാണനെ തണുപ്പിക്കുന്നു (വാ. 3). അവിടുത്തെ പരിപൂര്‍ണ്ണ ഹിതത്തിന്റെ ശരിയായ പാതകളിലേക്ക് അവന്‍ നമ്മെ നയിക്കുന്നു, അതിനാല്‍ നാം ഇരുണ്ട കാലത്തെ അഭിമുഖീകരിക്കുമ്പോഴും നാം ഭയപ്പെടേണ്ടതില്ല. നമ്മെ ആശ്വസിപ്പിക്കാന്‍ അവിടുന്ന് സന്നിഹിതനാണ് (വാ. 3-4). പ്രതികൂല സാഹചര്യങ്ങളില്‍ അവന്‍ നമ്മെ വിജയിപ്പിക്കുകയും അനുഗ്രഹങ്ങളാല്‍ നമ്മെ നിറയ്ക്കുകയും ചെയ്യുന്നു (വാ. 5). അവന്റെ നന്മയും സ്‌നേഹവും അനുദിനം നമ്മെ അനുഗമിക്കുന്നു, അവിടുത്തെ സാന്നിധ്യത്തിന്റെ പദവി എന്നേക്കും നമുക്കുണ്ട് (വാ. 6).

ഇടയന്റെ ആഹ്വാനത്തിന് ഉത്തരം നല്‍കുകയും അവിടുന്ന് നമുക്ക് നല്‍കാനായി വന്ന സമ്പന്നവും സമൃദ്ധവുമായ ജീവിതം അനുഭവിക്കുകയും ചെയ്യട്ടെ.

ഒരാണ്ടത്തെ ബൈബിള്‍ വായന

ഒരു ദിവസം ഒരു പെട്രോള്‍ ബങ്കില്‍ ബാങ്ക് കാര്‍ഡ് ഇല്ലാതെ വീട്ടില്‍ നിന്നിറങ്ങിയ ഒരു സ്ത്രീയെ സ്റ്റെല്ല കണ്ടു. കുഞ്ഞിനൊപ്പം വഴിയില്‍ കുടുങ്ങിയ അവള്‍ വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു. ആ സമയത്ത് തനിക്ക് ജോലിയില്ലായിരുന്നുവെങ്കിലും അപരിചിതയ്ക്ക് പെട്രോള്‍ അടിക്കാന്‍ സ്റ്റെല്ല 500 രൂപ ചെലവഴിച്ചു . ദിവസങ്ങള്‍ക്കുശേഷം, സ്റ്റെല്ല വീട്ടിലെത്തിയപ്പോള്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റ് സമ്മാനങ്ങളും അടങ്ങിയ പെട്ടി തന്റെ പൂമുഖത്ത് കാത്തിരിക്കുന്നതു കണ്ടു. അപരിചിതയുടെ സുഹൃത്തുക്കള്‍ സ്റ്റെല്ലയുടെ ദയാപ്രവൃത്തി തിരികെ നല്‍കിക്കൊണ്ട്് പ്രതികരിക്കുകയും അവള്‍ നല്‍കിയ 500 രൂപ അവളുടെ കുടുംബത്തിന് അവിസ്മരണീയമായ ക്രിസ്തുമസിന്റെ അനുഗ്രഹമായി മാറ്റുകയും ചെയ്തു.

ഈ ഹൃദയസ്പര്‍ശിയായ കഥ കൊടുക്കുന്നതിനെക്കുറിച്ച് യേശു പറഞ്ഞ കാര്യത്തെ ചിത്രീകരിക്കുന്നു, ''കൊടുപ്പിന്‍; എന്നാല്‍ നിങ്ങള്‍ക്കും കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ്നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും'' (ലൂക്കൊസ് 6:38).

ഇത് കേള്‍ക്കാനും നാം കൊടുക്കുന്നതില്‍ നിന്ന് നമുക്ക് എന്തു കിട്ടും എന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇതു നമ്മില്‍ പ്രലോഭനമുണ്ടാക്കിയേക്കാം, എന്നാല്‍ അങ്ങനെ നല്‍കുന്നത് അതിന്റെ ഗൗരവം നഷ്ടപ്പെടുത്തും. യേശു ഈ പ്രസ്താവനയ്ക്ക് മുമ്പായി ഇങ്ങനെ പറഞ്ഞു: ''നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിന്‍, അവര്‍ക്ക് നന്മ ചെയ്യുവിന്‍, ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍. എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെയാകും; നിങ്ങള്‍ അത്യുന്നതന്റെ മക്കളാകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ' (വാ. 35).

എന്തെങ്കിലും ലഭിക്കാന്‍വേണ്ടി നാം നല്‍കരുത്; നമ്മുടെ ഔദാര്യത്തില്‍ ദൈവം സന്തോഷിക്കുന്നതിനാല്‍ നാംനല്‍കുക. മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹം നമ്മോടുള്ള അവന്റെ സ്‌നേഹനിര്‍ഭരമായ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു.

ഒരാണ്ടത്തെ ബൈബിള്‍ വായന

1968 ഏപ്രില്‍ 3 ന് രാത്രി, ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ''ഞാന്‍ പര്‍വതത്തിനു മുകളിലായിരുന്നു'' എന്ന തന്റെ അവസാന പ്രസംഗം നടത്തി. അതില്‍, താന്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, ''നമുക്ക് കുറച്ച് പ്രയാസകരമായ ദിവസങ്ങള്‍ മുമ്പിലുണ്ട്. പക്ഷെ ഇപ്പോള്‍ ഇത് എന്നെ സംബന്ധിച്ചിടത്തോളം പ്രശ്‌നമല്ല. കാരണം ഞാന്‍ പര്‍വതമുകളിലായിരുന്നു. ഞാന്‍ ചുറ്റും നോക്കി. വാഗ്ദത്ത ഭൂമി ഞാന്‍ കണ്ടു. ഞാന്‍ നിങ്ങളോടൊപ്പം അവിടെയെത്തിയേക്കില്ല. . . . (പക്ഷേ) ഇന്ന് രാത്രി എനിക്ക് സന്തോഷമുണ്ട്. എനിക്ക് ഒന്നിനെക്കുറിച്ചും ആകുലതയില്ല. ഞാന്‍ ആരെയും ഭയപ്പെടുന്നില്ല. കര്‍ത്താവിന്റെ വരവിന്റെ മഹത്വം എന്റെ കണ്ണുകള്‍ കണ്ടു. '' പിറ്റേന്ന് അദ്ദേഹം കൊല്ലപ്പെട്ടു.
മരണത്തിനു തൊട്ടുമുമ്പ് അപ്പൊസ്തലനായ പൗലൊസ് തന്റെ ദത്തുപുത്രനായ തിമൊഥെയൊസിന് എഴുതി: ''ഞാനോ ഇപ്പോള്‍ത്തന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.... ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ
കര്‍ത്താവ് ആ ദിവസത്തില്‍ എനിക്കു നല്‍കും' (2 തിമൊഥെയൊസ് 4:6, 8). ഡോ. കിംഗിനെപ്പോലെ ഭൂമിയിലുള്ള തന്റെ സമയം അടുത്തുവരികയാണെന്ന് പൗലൊസിന് അറിയാമായിരുന്നു. രണ്ടുപേരും അത്യധികം പ്രാധാന്യമുള്ള ജീവിതങ്ങള്‍ സാക്ഷാത്കരിച്ചു, എന്നിട്ടും മുമ്പിലുള്ള യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെട്ടില്ല. അടുത്തതായി വരാനിരിക്കുന്നതിനെ ഇരുവരും സ്വാഗതം ചെയ്തു.
അവരെപ്പോലെ, ''കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താല്ക്കാലികം, കാണാത്തതോ നിത്യം'' (2 കൊരിന്ത്യര്‍ 4:18).

വിലയേറിയ കടന്നുപോക്ക്

പ്രശസ്ത ശില്പിയായ ലിസ് ഷെപ്പേര്‍ഡ് ഒരിക്കല്‍ അവളുടെ ശില്പങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അവളുടെ ഡാഡിയുടെ മരണസമയത്ത് അദ്ദേഹത്തിന്റെ കട്ടിലില്‍ അവള്‍ ചെലവഴിച്ച വിലയേറിയ അന്ത്യ നിമിഷങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതായിരുന്നു അത്. ഇത് ശൂന്യതയും നഷ്ടവും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങള്‍ക്ക് എത്തിച്ചേരാനാവാത്തയിടത്താണ് എന്ന തോന്നലും ഉളവാക്കുന്നതായിരുന്നു.

മരണം വിലപ്പെട്ടതാണെന്ന ആശയം സാധാരണ ധാരണകള്‍ക്ക് വിരുദ്ധമായതാണെന്നു തോന്നാം; എന്നിരുന്നാലും, 'തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു' എന്നു സങ്കീര്‍ത്തനക്കാരന്‍ പ്രഖ്യാപിക്കുന്നു (സങ്കീര്‍ത്തനം 116:15). ദൈവം തന്റെ ജനത്തിന്റെ മരണത്തെ അമൂല്യമായി കരുതുന്നു, കാരണം അവര്‍ കടന്നുപോകുമ്പോള്‍ അവരെ അവന്‍ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയാണ്.

ദൈവത്തിന്റെ വിശ്വസ്തരായ ഈ ദാസന്മാര്‍ (''വിശുദ്ധന്മാര്‍'') ആരാണ്? സങ്കീര്‍ത്തനക്കാരന്റെ അഭിപ്രായത്തില്‍, ദൈവത്തിന്റെ വിടുതലിനോടുള്ള നന്ദിയോടെ ദൈവത്തെ സേവിക്കുന്നവരും അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരും അവന്റെ മുമ്പില്‍ സംസാരിക്കുന്ന വാക്കുകളെ മാനിക്കുന്നവരുമാണ് (സങ്കീര്‍ത്തനം 116:16-18). അത്തരം പ്രവൃത്തികള്‍ ദൈവത്തോടൊപ്പം നടക്കാനും അവന്‍ നല്‍കുന്ന സ്വാതന്ത്ര്യം സ്വീകരിക്കാനും അവനുമായി ഒരു ബന്ധം വളര്‍ത്തിയെടുക്കാനുമുള്ള മനപ്പൂര്‍വമായ തിരഞ്ഞെടുപ്പുകളെ പ്രതിനിധീകരിക്കുന്നു.

അങ്ങനെ ചെയ്യുമ്പോള്‍, ''ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനും അവനു വിലപ്പെട്ടവനുമായ' യേശുവിന്റെ കൂട്ടായ്മയില്‍ നാം ഉള്‍പ്പെടുന്നു. തിരുവെഴുത്ത് ഇപ്രകാരം പറയുന്നു: 'ഞാന്‍ ശ്രേഷ്ഠവും മാന്യവുമായൊരു മൂലക്കല്ലു സീയോനില്‍ ഇടുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകുകയില്ല'' (1 പത്രൊസ് 2:4-6). നമ്മുടെ വിശ്വാസം ദൈവത്തില്‍ ആയിരിക്കുമ്പോള്‍, ഈ ജീവിതത്തില്‍ നിന്ന് നാം അകന്നുപോകുന്നത് അവിടുത്തെ ദൃഷ്ടിയില്‍ വിലപ്പെട്ടതാണ്.

ദൈവം എന്ന യാഥാര്‍ത്ഥ്യം

സി.എസ്.ലൂയിസിന്റെ ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ: ദി ലയണ്‍, ദി വിച്ച് അന്‍ഡ് ദി വാര്‍ഡ്‌റോബ് എന്ന സാങ്കല്‍പ്പിക നോവലില്‍ ശക്തനായ സിംഹം അസ്‌ലാന്‍ നീണ്ട അസാന്നിധ്യത്തിനുശേഷം പ്രത്യക്ഷപ്പെടുമ്പോള്‍ നാര്‍ണിയ മുഴുവനും ആഹ്ലാദഭരിതമായി. എന്നിരുന്നാലും, ദുഷ്ടയായ വെളുത്ത മന്ത്രവാദിനിയുടെ ആവശ്യം അസ്‌ലാന്‍ അംഗീകരിക്കുമ്പോള്‍ അവരുടെ സന്തോഷം ദുഃഖമായി മാറുന്നു. അസ്‌ലാന്റെ പ്രത്യക്ഷമായ തോല്‍വി നാര്‍ണിയക്കാര്‍ പ്രതീക്ഷിക്കുന്ന സമയത്ത്, അസ്‌ലാന്റെ കാതുതുളയ്ക്കുന്ന അലര്‍ച്ച കേള്‍ക്കുകയും മന്ത്രവാദിനി ഭയന്ന് ഓടിപ്പോകുകയും ചെയ്യുന്നു. എല്ലാം നഷ്ടപ്പെട്ടതായി നാര്‍ണിയക്കാര്‍ക്ക് തോന്നിയ സന്ദര്‍ഭത്തില്‍ അസ്‌ലാന്‍ ആത്യന്തികമായി വില്ലന്‍ മന്ത്രവാദിനിയേക്കാള്‍ ശക്തനാണെന്ന് തെളിയിക്കപ്പെടുന്നു.

ലൂയിസിന്റെ കഥയിലെ അസ്‌ലാന്റെ അനുയായികളെപ്പോലെ, എലീശയുടെ ദാസനും ഒരു പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍ തന്നെയും എലീശയെയും ഒരു ശത്രുസൈന്യം വളഞ്ഞിരിക്കുന്നതായി കണ്ടു. ''അയ്യോ, യജമാനനേ! നാം എന്തു ചെയ്യും?''അവന്‍ ഭയത്തോടെ നിലവിളിച്ചു (2 രാജാക്കന്മാര്‍ 6:15). പ്രവാചകന്റെ പ്രതികരണം ശാന്തമായിരുന്നു: ''പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികം' (വാ. 16). അപ്പോള്‍ എലീശാ പ്രാര്‍ത്ഥിച്ചു, ''യഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കണമേ'' (വാ. 17). അപ്പോള്‍, ''യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു.'' (വാ. 17). ആദ്യം കാര്യങ്ങള്‍ ദാസന്റെ കണ്ണില്‍ മങ്ങിയതായി തോന്നിയെങ്കിലും, ദൈവത്തിന്റെ ശക്തി ആത്യന്തികമായി ശത്രുക്കൂട്ടത്തേക്കാള്‍ വലുതായി തെളിഞ്ഞു.

നമ്മുടെ പ്രയാസകരമായ സാഹചര്യങ്ങള്‍ എല്ലാം നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിച്ചേക്കാം, എന്നാല്‍ നമ്മുടെ കണ്ണുതുറന്ന് താന്‍ വലിയവനാണെന്ന് വെളിപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കുന്നു.

ദൈവം ഇടപെടുമ്പോള്‍

'ആ ശിശു പ്രിയപ്പെട്ടവനാണ്' എന്നു പേരുള്ള കവിതയില്‍, ഒരു ആഫ്രിക്കന്‍ പാസ്റ്റര്‍, ഗര്‍ഭാവസ്ഥയിലുള്ള ശിശുവിനെ കൊല്ലാനുള്ള മാതാപിതാക്കളുടെ ശ്രമത്തെക്കുറിച്ച് എഴുതുന്നു. ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് അവരെ പിന്തിരിപ്പിച്ച നിരവധി അസാധാരണ സംഭവങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. തന്റെ ജീവിതത്തെ ദൈവം സംരക്ഷിച്ചതിനെക്കുറിച്ചുള്ള അറിവ് ആകര്‍ഷകമായ ഒരു ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണസമയം ശുശ്രൂഷയ്ക്കിറങ്ങുവാന്‍ ഒമാവുമിയെ പ്രേരിപ്പിച്ചു. ഇന്ന് അദ്ദേഹം ഒരു ലണ്ടന്‍ സഭയില്‍ വിശ്വസ്തമായി ശുശ്രൂഷ ചെയ്യുന്നു.

ഈ പാസ്റ്ററെപ്പോലെ, യിസ്രായേല്യര്‍ അവരുടെ ചരിത്രത്തിലെ അപകടസാധ്യതയേറിയ ഒരു സമയത്ത് ദൈവത്തിന്റെ ഇടപെടല്‍ അനുഭവിച്ചു. മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ മോവാബിലെ ബാലാക്ക് രാജാവിന് അഭിമുഖമായി അവര്‍ വന്നു. അവരുടെ യുദ്ധങ്ങളെക്കുറിച്ചുകേട്ടും അവരുടെ വലിയ അംഗസംഖ്യ കണ്ടും ഭയന്നുപോയ ബാലാക്ക് നിര്‍ഭയമായി വസിക്കുന്ന സഞ്ചാരികളെ ശപിക്കുന്നതിനായി ബിലെയാം എന്ന ലക്ഷണവിദ്യക്കാരനെ നിയോഗിക്കുന്നു (സംഖ്യാപുസ്തകം 22:2-6).

എന്നാല്‍ വിസ്മയകരമായ ഒന്നു സംഭവിച്ചു. ബിലെയാം എപ്പോഴൊക്കെ ശപിക്കുന്നതിനായി വായ് തുറന്നുവോ, പകരം അനുഗ്രഹമാണ് പുറത്തുവന്നത്. 'അനുഗ്രഹിക്കുവാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക്
അതു മറിച്ചുകൂടാ. യാക്കോബില്‍ തിന്മ കാണ്മാനില്ല; യിസ്രായേലില്‍ കഷ്ടത ദര്‍ശിക്കുവാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കുന്നു;... ദൈവം അവരെ മിസ്രയീമില്‍ നിന്നു കൊണ്ടുവരുന്നു'' (സംഖ്യാപുസ്തകം 23:20-22). ശക്തിപ്പെട്ടുവരുന്നു എന്നവര്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു യുദ്ധത്തില്‍നിന്ന് ദൈവം യിസ്രായേലിനെ സംരക്ഷിച്ചു!

നാം അതു കണ്ടാലും ഇല്ലെങ്കിലും, ദൈവം ഇപ്പോഴും തന്റെ ജനത്തെ പരിപാലിക്കുന്നു. നമ്മെ അനുഗ്രഹിക്കപ്പെട്ടവര്‍ എന്നു വിളിച്ചവനെ നന്ദിയോടും ഭക്തിയോടുംകൂടെ നമുക്കു ആരാധിക്കാം.

കൃത്യസ്ഥാനത്തു വെച്ചത്

നമ്മുടെ ഭൂമി സൂര്യന്റെ ചൂട് ലഭിക്കത്തക്കവണ്ണം കൃത്യമായ അകലത്തിലാണ് നിലകൊള്ളുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ക്കറിയാം. ഒരല്പം അടുത്തുപോയാല്‍ ശുക്രനിലെപ്പോലെ ജലം മുഴുവന്‍ ബാഷ്പീകരിക്കും. ഒരല്പം അകന്നാലോ ചൊവ്വയിലെന്നപോലെ സകലവും മരവിക്കും. ശരിയായ ഗുരുത്വാകര്‍ഷണം നിലനിര്‍ത്തുന്നതിന് ഭൂമി ശരിയായ വലിപ്പത്തിലുമാണ്. ഒരല്പം കുറഞ്ഞാല്‍ ചന്ദ്രനിലെപ്പോലെ ജീവിമുക്തമാകും, കൂടിയാലോ വ്യാഴത്തെപ്പോലെ ജീവനെ ശ്വാസം മുട്ടിക്കുന്ന വിഷവാതകങ്ങള്‍ കെട്ടിക്കിടക്കും.

നമ്മുടെ ലോകം ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണമായ ഭൗതിക, രാസ, ജീവശാസ്ത്ര പരസ്പര പ്രവര്‍ത്തനം വിരല്‍ ചൂണ്ടുന്നത് ജ്ഞാനിയായ ഒരു രൂപകല്പകനിലേക്കാണ്. നമ്മുടെ അറിവിനപ്പുറമായ കാര്യങ്ങളെക്കുറിച്ച് ഇയ്യോബിനോടു സംസാരിക്കുമ്പോള്‍ ഈ സങ്കീര്‍ണ്ണമായ ശില്പവൈദഗ്ദ്ധ്യത്തിന്റെ ഒരു മിന്നലൊളി നാം കാണുന്നു: 'ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു?'' ദൈവം ചോദിക്കുന്നു. 'അതിന്റെ അളവു നിയമിച്ചവന്‍ ആര്? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂല്‍ പിടിച്ചവനാര്? ... അതിന്റെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവന്‍ ആര്?'' (ഇയ്യോബ് 38:4-6).

'ഗര്‍ഭത്തില്‍നിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാല്‍ അടച്ചവനും'' 'ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്' (വാ. 8-11) എന്നു സമുദ്രത്തോടു കല്പിച്ചവന്റെ മുമ്പില്‍ ഭൂമിയിലെ മഹാസമുദ്രം വണങ്ങി നില്‍ക്കുനതു കാണുമ്പോള്‍ സൃഷ്ടിയുടെ വ്യാപ്തിയുടെ ഒരു നേര്‍കാഴ്ച നമുക്കു ലഭിക്കുന്നു. അതിശയത്തോടെ പ്രഭാത നക്ഷത്രങ്ങളോടു ചേര്‍ന്നു നാം പാടുകയും ദൂതന്മാരോടു ചേര്‍ന്ന് ഉല്ലസിച്ചു ഘോഷിക്കുകയും ചെയ്യും (വാ. 7). കാരണം നാം ദൈവത്തെ അറിയുകയും ആശ്രയിക്കുകയും ചെയ്യേണ്ടതിന് ഈ വിശാലമായ ലോകം നമുക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ദാതാവിന്റെ ആനന്ദം

ടിക്ക്്ള്‍ മി എല്‍മോ, കാബോജ് പാച്ച് കിഡ്സ്, ദി ഫര്‍ബി എന്നിവ ഓര്‍ക്കുന്നുണ്ടോ? എന്താണ് അവയ്ക്കു പൊതുവായിട്ടുള്ളത്? എക്കാലത്തെയും ഇരുപതു മികച്ച ക്രിസ്തുമസ് സമ്മാനങ്ങളില്‍ അവ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവയില്‍ നമുക്കിഷ്ടപ്പെട്ട മോണോപ്പോളി, ദി നൈന്റെന്‍ഡോ ഗെയിം ബോയ്, വി എന്നിവയുമുണ്ട്.

ക്രിസ്തുമസിന് സമ്മാനം കൊടുക്കുന്നതില്‍ നാമെല്ലാം ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ ആദ്യ ക്രിസ്തുമസ് സമ്മാനം നല്‍കിയ ദൈവത്തിന്റെ ആനന്ദവുമായി താരതമ്യപ്പെടുത്തിയാല്‍ അതൊന്നുമല്ല. ആ സമ്മാനം വന്നത് ബേത്ത്ലഹേമിലെ ഒരു പുല്‍ത്തൊട്ടിയില്‍ പിറന്ന ഒരു ശിശുവിന്റെ രൂപത്തിലായിരുന്നു (ലൂക്കൊസ് 2:7).

അവന്റെ ജനനം താണ നിലയിലായിരുന്നുവെങ്കിലും ശിശുവിന്റെ വരവ് പ്രഖ്യാപിച്ചത് ഒരു സംഘം മാലാഖമാരായിരുന്നു. അവര്‍ പ്രഖ്യാപിച്ചു, 'ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു'' (വാ. 10-11). ഈ ഉദാത്തമായ വാര്‍ത്തയെത്തുടര്‍ന്ന് ഒരു 'സ്വര്‍ഗ്ഗീയ സംഘം'' പ്രത്യക്ഷപ്പെട്ട് 'ദൈവത്തെ പുകഴ്ത്തി.
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു
സമാധാനം എന്നു പറഞ്ഞു.'' (വാ. 13-14).

ഈ ക്രിസ്തുമസില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നതില്‍ സന്തോഷിക്കുക, എന്നാല്‍ കൊടുക്കുന്നതിന്റെ കാരണം ഒരിക്കലും മറന്നുകളയരുത്-നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുന്നതിനായി തന്റെ സ്വന്തം പുത്രനെ സമ്മാനമായി നല്‍കിയതിലൂടെ ദൃശ്യമായ തന്റെ സൃഷ്ടിയോടുള്ള ദൈവത്തിന്റെ പ്രീതി. നമുക്കവനെ നന്ദിയോടെ ആരാധിക്കാം.

ആര്‍ത്തിപൂണ്ട പിടുത്തം

ദി ബോയി ആന്‍ഡ് ദി ഫില്‍ബേര്‍ട്ട്‌സ് (നിലക്കടല) എന്ന പുരാതന മുത്തശ്ശിക്കഥയില്‍ ഒരു കുട്ടി നിലക്കടല ജാറില്‍ കൈയിട്ട് കൈനിറയെ വാരിയെടുത്തു. എന്നാല്‍ അവന്റെ കൈ നിറഞ്ഞിരുന്നതിനാല്‍ അതു ജാറില്‍ കുടുങ്ങിപ്പോയി. കൈയിലുള്ള നിലക്കടലയില്‍ കുറെ വിട്ടുകളയാന്‍ മനസ്സില്ലാതെ അവന്‍ കരയാന്‍ തുടങ്ങി. തുടര്‍ന്ന് അവന്റെ കൈയിലുള്ള നിലക്കടല കുറെ വിട്ടുകളഞ്ഞാലേ ജാര്‍ അവന്റെ കൈ വിട്ടുതരികയുള്ളു എന്ന്് അവനെ ഉപദേശിക്കേണ്ടിവന്നു. ആര്‍ത്തി ഒരു കഠിന യജമാനനാണ്.

സഭാപ്രസംഗിയിലെ ജ്ഞാനിയായ ഗുരു ഈ ഗുണപാഠത്തെ കൈകളും അവ നമ്മോടു ചെയ്യുന്ന കാര്യവും ഉപയോഗിച്ച് ചിത്രീകരിക്കുന്നു. അവന്‍ മടിയനെയും ആര്‍ത്തിയുള്ളവനെയും താരതമ്യപ്പെടുത്തിക്കൊണ്ട് എഴുതുന്നു: 'മൂഢന്‍ കയ്യും കെട്ടിയിരുന്നു സ്വയം നശിപ്പിക്കുന്നു. രണ്ടു കൈയ് നിറയെ അദ്ധ്വാനവും വൃഥാപ്രയത്‌നവും ഉള്ളതിനെക്കാള്‍ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്' (4:5-6). അലസന്‍ സ്വയം നശിക്കുന്നതുവരെ മാറ്റി മാറ്റി വയ്ക്കുമ്പോള്‍ ധനത്തിനു പിന്നാലെ പായുന്നവര്‍ 'ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ' (വാ. 8) എന്ന് ഒടുക്കം കണ്ടെത്തും.

സഭാപ്രസംഗി പറയുന്നതനുസരിച്ച്, നാം ആഗ്രഹിക്കേണ്ട അവസ്ഥ എന്നത് നമുക്കു ന്യായമായി ലഭിക്കേണ്ട സമ്പത്തില്‍ തൃപ്തി കണ്ടെത്തേണ്ടതിന് ആര്‍ത്തിപൂണ്ട് വെട്ടിപ്പിടിക്കാനുള്ള അധ്വാനത്തില്‍ നിന്നും പിന്തിരിയുക എന്നതാണ്. നമ്മുടേതായത് എന്നും നിലനില്‍ക്കും. യേശു പറഞ്ഞതുപോലെ, 'ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താല്‍ അവന് എന്തു പ്രയോജനം?' (മര്‍ക്കൊസ് 8:36).

നാം സ്തുതിക്കുമ്പോള്‍

ഒമ്പതു വയസ്സുകാരനായ വില്ലിയെ വീട്ടുമുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയപ്പോള്‍ അവന്‍ തന്റെ ഇഷ്ട സുവിശേഷ ഗാനമായ എവരി പ്രെയ്‌സ് വീണ്ടും വീണ്ടും പാടിക്കൊണ്ടിരുന്നു. അടുത്ത മൂന്നു മണിക്കൂറുകള്‍, പാട്ടുനിര്‍ത്താന്‍ അവനെ തട്ടിയെടുത്തവര്‍ ആജ്ഞാപിച്ചിട്ടും അവന്‍ വഴങ്ങിയില്ല. ഒടുവില്‍ അവര്‍ അവനെ ഉപദ്രവം ഒന്നും ഏല്പിക്കാതെ കാറില്‍നിന്ന് ഇറക്കിവിട്ടു. പിന്നീട്, സംഭവം വിവരിച്ച വില്ലി പറഞ്ഞത് അവന്റെ ഭയം വിശ്വാസത്തിനു വഴിമാറിയപ്പോള്‍ അവനെ തട്ടിയെടുത്തയാള്‍ പാട്ടു കേട്ട് കൂടുതല്‍ അസ്വസ്ഥനാകുകയായിരുന്നു എന്നായിരുന്നു.

തന്റെ അപകടകരമായ സാഹചര്യത്തില്‍ വില്ലിയുടെ പ്രതികരണം, പൗലൊസും ശീലാസും നേരിട്ട അനുഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു. ചാട്ടവാറടിയേല്‍ക്കുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തപ്പോഴുണ്ടായ അവരുടെ പ്രതികരണം, 'അര്‍ദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാര്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു' (അപ്പൊ. പ്രവൃത്തികള്‍ 16:25-26).

ശക്തിയുടെ ഈ അതിശയകരമായ പ്രദര്‍ശനത്തിനു സാക്ഷ്യം വഹിച്ച കാരാഗൃഹപ്രമാണി പൗലൊസിന്റെയും ശീലാസിന്റെയും ദൈവത്തില്‍ വിശ്വസിക്കുകയും അവന്റെ കുടുംബം മുഴുവനും അവനോടൊപ്പം സ്‌നാനമേല്‍ക്കുകയും ചെയ്തു (വാ. 27-34). സ്തുതിയുടെ പാതയിലൂടെ, ശാരീരികവും ആത്മികവുമായ ചങ്ങലകള്‍ ആ രാത്രി തകര്‍ന്നുവീണു.

പൗലൊസിനും ശീലാസിനും അല്ലെങ്കില്‍ വില്ലിക്കും ഉണ്ടായതുപോലെയുള്ള നാടകീയമായ ഒരു രക്ഷപ്പെടുത്തല്‍ നാം ഒരുപക്ഷേ എല്ലായ്‌പ്പോഴും അനുഭവിച്ചു എന്നു വരികയില്ല. എങ്കിലും തന്റെ ജനത്തിന്റെ സ്തുതിക്ക് ദൈവം പ്രതികരിക്കുന്നു എന്നു നമുക്കറിയാം! അവന്‍ ചലിക്കുമ്പോള്‍ ചങ്ങലകള്‍ അഴിഞ്ഞു വീഴും.