‘ആ ശിശു പ്രിയപ്പെട്ടവനാണ്’ എന്നു പേരുള്ള കവിതയില്‍, ഒരു ആഫ്രിക്കന്‍ പാസ്റ്റര്‍, ഗര്‍ഭാവസ്ഥയിലുള്ള ശിശുവിനെ കൊല്ലാനുള്ള മാതാപിതാക്കളുടെ ശ്രമത്തെക്കുറിച്ച് എഴുതുന്നു. ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് അവരെ പിന്തിരിപ്പിച്ച നിരവധി അസാധാരണ സംഭവങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. തന്റെ ജീവിതത്തെ ദൈവം സംരക്ഷിച്ചതിനെക്കുറിച്ചുള്ള അറിവ് ആകര്‍ഷകമായ ഒരു ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണസമയം ശുശ്രൂഷയ്ക്കിറങ്ങുവാന്‍ ഒമാവുമിയെ പ്രേരിപ്പിച്ചു. ഇന്ന് അദ്ദേഹം ഒരു ലണ്ടന്‍ സഭയില്‍ വിശ്വസ്തമായി ശുശ്രൂഷ ചെയ്യുന്നു.

ഈ പാസ്റ്ററെപ്പോലെ, യിസ്രായേല്യര്‍ അവരുടെ ചരിത്രത്തിലെ അപകടസാധ്യതയേറിയ ഒരു സമയത്ത് ദൈവത്തിന്റെ ഇടപെടല്‍ അനുഭവിച്ചു. മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ മോവാബിലെ ബാലാക്ക് രാജാവിന് അഭിമുഖമായി അവര്‍ വന്നു. അവരുടെ യുദ്ധങ്ങളെക്കുറിച്ചുകേട്ടും അവരുടെ വലിയ അംഗസംഖ്യ കണ്ടും ഭയന്നുപോയ ബാലാക്ക് നിര്‍ഭയമായി വസിക്കുന്ന സഞ്ചാരികളെ ശപിക്കുന്നതിനായി ബിലെയാം എന്ന ലക്ഷണവിദ്യക്കാരനെ നിയോഗിക്കുന്നു (സംഖ്യാപുസ്തകം 22:2-6).

എന്നാല്‍ വിസ്മയകരമായ ഒന്നു സംഭവിച്ചു. ബിലെയാം എപ്പോഴൊക്കെ ശപിക്കുന്നതിനായി വായ് തുറന്നുവോ, പകരം അനുഗ്രഹമാണ് പുറത്തുവന്നത്. ‘അനുഗ്രഹിക്കുവാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക്
അതു മറിച്ചുകൂടാ. യാക്കോബില്‍ തിന്മ കാണ്മാനില്ല; യിസ്രായേലില്‍ കഷ്ടത ദര്‍ശിക്കുവാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കുന്നു;… ദൈവം അവരെ മിസ്രയീമില്‍ നിന്നു കൊണ്ടുവരുന്നു” (സംഖ്യാപുസ്തകം 23:20-22). ശക്തിപ്പെട്ടുവരുന്നു എന്നവര്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു യുദ്ധത്തില്‍നിന്ന് ദൈവം യിസ്രായേലിനെ സംരക്ഷിച്ചു!

നാം അതു കണ്ടാലും ഇല്ലെങ്കിലും, ദൈവം ഇപ്പോഴും തന്റെ ജനത്തെ പരിപാലിക്കുന്നു. നമ്മെ അനുഗ്രഹിക്കപ്പെട്ടവര്‍ എന്നു വിളിച്ചവനെ നന്ദിയോടും ഭക്തിയോടുംകൂടെ നമുക്കു ആരാധിക്കാം.