Month: ഡിസംബര് 2019

മനോഹരമായ ഫലം

'കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള എവിടേക്കും (ഉദ്യാനത്തില്‍) ഒരു വിത്ത് എറിയാനും എന്താണ് മുളച്ചുവരുന്നതെന്നു കാണാനും കഴിയണം' സിറ്റി ബ്ലോസംസിന്റെ സ്ഥാപകയായ റെബേക്കാ ലെമോസ്-ഒറ്റെറോ നിര്‍ദ്ദേശിച്ചു. ശ്രദ്ധാപൂര്‍വ്വമായ ഉദ്യാന പരിപാലനത്തിന്റെ മാതൃക അല്ല ഇതെങ്കിലും, ഓരോ വിത്തിനും ജീവന്‍ ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെയാണ് അതു സൂചിപ്പിക്കുന്നത്. 2004 മുതല്‍ സിറ്റി ബ്ലോസംസ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും വേണ്ടി ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഉദ്യാന നിര്‍മ്മിതിയിലൂടെ കുട്ടികള്‍ക്ക് പോഷകാഹാരത്തെക്കുറിച്ചും തൊഴില്‍ നൈപുണ്യം നേടുന്നതിനെക്കുറിച്ച് പഠിക്കുന്നു. 'ഒരു നഗര പ്രദേശത്ത് ജീവസ്സുറ്റ പച്ചപ്പ് ഉണ്ടായിരിക്കുന്നത് ... കുട്ടികള്‍ക്ക് പ്രത്യുല്പാദനപരവും സുന്ദരവുമായ എന്തെങ്കിലും ചെയ്തുകൊണ്ട് തുറസ്സായ സ്ഥലത്തായിരിക്കാന്‍ ഒരു വഴി തുറക്കുന്നു' എന്ന് റെബേക്കാ പറയുന്നു.

നൂറു മേനി ഫലം കൊടുക്കാന്‍ പ്രാപ്തിയുള്ള (ലൂക്കൊസ് 8:8) വിത്ത് വിതയ്ക്കുന്നതിനെക്കുറിച്ചുള്ള ഒരു ഉപമ യേശു പറയുകയുണ്ടായി. ആ വിത്ത് നല്ല നിലത്തു വിതയ്ക്കപ്പെട്ട ദൈവത്തിന്റെ സുവിശേഷമാണ്. നല്ല നിലത്തെക്കുറിച്ചു കര്‍ത്താവു പറഞ്ഞത് 'വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ'' എന്നാണ് (വാ. 15).

നമുക്കു ഫലം പുറപ്പെടുവിക്കുന്നവരാകാന്‍ കഴിയുന്ന ഏക മാര്‍ഗ്ഗം അവനോട് ബന്ധപ്പെട്ടിരിക്കുക എന്നതാണ് എന്ന് യേശു പറഞ്ഞു (യോഹന്നാന്‍ 15:4). ക്രിസ്തുവിനാല്‍ നാം ഉപദേശിക്കപ്പെടുകയും അവനോട് ചേര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് നമ്മില്‍ 'സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം ' എന്നിങ്ങനെയുള്ള അവന്റെ ഫലങ്ങള്‍ ഉളവാക്കും (ഗലാത്യര്‍ 5:22-23). മറ്റുള്ളവരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നതിനായി നമ്മില്‍ അവന്‍ ഉല്പാദിപ്പിക്കുന്ന ഫലങ്ങളെ അവന്‍ ഉപയോഗിക്കുന്നു; തന്മൂലം അവര്‍ രൂപാന്തരപ്പെടുകയും അവരുടെ തന്നെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ഇത് മനഹരമായ ഒരു ജീവിതത്തെ സൃഷ്ടിക്കുന്നു.

രൂപകല്‍പ്പന ചെയ്ത ഒരു അപര്യാപ്തത

യെരുശലേമിന്റെ കിഴക്കു വശത്ത് പ്രകൃത്യാ ഉള്ള ഒരു ഉറവുണ്ട്.പുരാതന കാലങ്ങളില്‍ പട്ടണത്തിന്റെ ഏക ജലസ്രോതസ്സായിരുന്നു അത്, മതിലിനു പുറത്തായിരുന്നു അതു സ്ഥിതി ചെയ്തിരുന്നത് എന്നതിനാല്‍ അത് യെരുശലേമിന്റെ ഏറ്റവും വലിയ അപകട സാധ്യതയുടെ ഇടമായിരുന്നു. തുറന്ന ഉറവ് എന്നതിനര്‍ത്ഥം, പട്ടണത്തെ മറ്റു നിലയില്‍ കീഴടക്കാന്‍ കഴിയാതെ വരുമ്പോള്‍ ശത്രുക്കള്‍ക്ക് ഉറവ് വഴിതിരിച്ചു വിട്ടോ, അടച്ചുകളഞ്ഞോ കീഴടങ്ങാന്‍ പട്ടണത്തെ പ്രേരിപ്പിക്കാന്‍ കഴിയും.

പാറ തുരന്ന് 1750 അടി ദൈര്‍ഘ്യമുള്ള തുരങ്കത്തിലൂടെ വെള്ളത്തെ നഗരമധ്യത്തിലുള്ള താഴത്തെ കുളത്തിലെത്തിച്ചാണ് ഹിസ്‌കിയാ രാജാവ് ഈ പ്രശ്നം പരിഹരിച്ചത് (2 രാജാക്കന്മാര്‍ 20:20; 2 ദിനവൃത്താന്തങ്ങള്‍ 32:2-4). എന്നാല്‍ ഇതിലെല്ലാം ഹിസ്‌കീയാവ് 'അതു വരുത്തിയവങ്കലേക്ക് നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പേണ്ട അതു നിരൂപിച്ചവനെ ഓര്‍ത്തതുമില്ല'' (യെശയ്യാവ് 22:11).

എന്തു നിരൂപിച്ചവനെ? യെരൂശലേമിന്റെ ജലസ്രോതസ്സ് സംരക്ഷണമില്ലാത്ത നിലയില്‍ ആയിരിക്കണം എന്ന നിലയില്‍ നഗരത്തെ പ്ലാന്‍ ചെയ്തത് ദൈവം തന്നെയാണ്. നഗരനിവാസികള്‍ തങ്ങളുടെ രക്ഷയ്ക്കായി പൂര്‍ണ്ണമായും ദൈവത്തില്‍ ആശ്രയിക്കണം എന്നതിന്റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലായിരുന്നു മതിലിനു പുറത്തുള്ള ജലസ്രോതസ്സ്.

നമ്മുടെ അപര്യാപ്തതകള്‍ നമ്മുടെ നന്മയ്ക്കായിട്ടാണോ നിലകൊള്ളുന്നത്? തീര്‍ച്ചയായും, അപ്പൊസ്തലനായ പൗലൊസ് പറയുന്നത് തന്റെ ബലഹീനതകളില്‍ താന്‍ 'പ്രശംസിക്കും'' എന്നാണ്, കാരണം ബലഹീനതകളിലാണ് യേശുവിന്റെ ശക്തിയുടെ സൗന്ദര്യം തന്നില്‍ വെളിപ്പെടുന്നത് (2 കൊരിന്ത്യര്‍ 12:9-10) ാേരോ പരിമിതിയെയും ദൈവത്തെ നമ്മുടെ ശക്തിയായി വെളിപ്പെടുത്തുന്ന ദാനമായി കാണുവാന്‍ നമുക്കു കഴിയുമോ?

സ്നേഹത്താല്‍ കഴുകപ്പെടുക

സൗത്ത് കാലിഫോര്‍ണിയയിലെ ഒരു ചെറിയ സഭ പ്രായോഗികമായ നിലയില്‍ ദൈവസ്നേഹം വെളിപ്പെടുത്താനുള്ള ഒരു അവസരം തിരിച്ചറിഞ്ഞു. യേശുവിലുള്ള വിശ്വാസികള്‍ ഒരു അലക്കു കേന്ദ്രത്തില്‍ ഒന്നിച്ചു കൂടിയിട്ട് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ വസ്ത്രങ്ങള്‍ കഴുകിക്കൊടുക്കുവാന്‍ തയ്യാറായി. അവര്‍ ഒരുമിച്ച് വസ്ത്രങ്ങള്‍ കഴുകി, ഉണക്കി, മടക്കി നല്‍കുകയും ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമോ പലചരക്കു സാധനങ്ങളോ നല്‍കുകയും ചെയ്തു.

'ആളുകളുമായി യഥാര്‍ത്ഥ ബന്ധം സ്ഥാപിക്കുകയും ... അവരുടെ കഥകള്‍ കേള്‍ക്കുകയും'' ചെയ്യുന്നതായിരുന്നു തനിക്കു ലഭിച്ച ഏറ്റവും വലിയ പ്രതിഫലം എന്ന് ഒരു സന്നദ്ധപ്രവര്‍ത്തക തിരിച്ചറിഞ്ഞു. യേശുവുമായുള്ള അവരുടെ ബന്ധം നിമിത്തം, ഈ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ജീവനുള്ള വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തങ്ങളുടെ വിശ്വാസം ജീവിച്ചു കാണിക്കണമായിരുന്നു. അത് മറ്റുള്ളവരുമായി ആത്മാര്‍ത്ഥമായ ബന്ധം സ്ഥാപിക്കുന്നതിന് അവരെ സഹായിച്ചു.

വിശ്വാസം ഏറ്റുപറയുന്ന വിശ്വാസിയുടെ ഓരോ സേവന പ്രവൃത്തിയും യഥാര്‍ത്ഥ വിശ്വാസത്തിന്റെ ഫലമാണ് എന്ന് അപ്പൊസ്തലനായ യാക്കോബ് ഉറപ്പിച്ചു പറയുന്നു. 'വിശ്വാസവും പ്രവൃത്തികളില്ലാത്തതായാല്‍ സ്വതവെ നിര്‍ജ്ജീവമാകുന്നു'' (യാക്കോബ് 2:14-17) എന്ന് അവന്‍ പറയുന്നു. നാം വിശ്വസിക്കുന്നു എന്ന നമ്മുടെ പ്രഖ്യാപനം നമ്മെ ദൈവമക്കളാക്കിത്തീര്‍ക്കുന്നു, എന്നാല്‍ മറ്റുള്ളവരെ സേവിക്കുന്നതിലൂടെ നാം അവനെ സേവിക്കുമ്പോഴാണ് നാം യേശുവിനെ ആശ്രയിക്കുയും അനുഗമിക്കുകയും ചെയ്യുന്ന വിശ്വാസികളായി പ്രവര്‍ത്തിക്കുന്നത് (വാ. 24). വിശ്വാസവും സേവനവും ശരീരവും ആത്മാവും എന്നപോലെ അടുത്ത പരസ്പരാശ്രയത്തില്‍ വര്‍ത്തിക്കുന്നവയാണ് (വാ. 26). ക്രിസ്തു നമ്മിലും നമ്മിലൂടെയും പ്രവര്‍ത്തിച്ചുകൊണ്ട് അവന്റെ ശക്തിയുടെ മനോഹരമായ പ്രദര്‍ശനമാണ് അപ്പോള്‍ സംഭവിക്കുന്നത്.

ക്രൂശിലെ ദൈവത്തിന്റെ യാഗം നമ്മെ തികഞ്ഞ സ്നേഹത്തില്‍ കഴുകുന്നു എന്നത് വ്യക്തിപരമായി അംഗീകരിച്ചതിനുശേഷം നമുക്ക് ആധികാരികമായ വിശ്വാസത്തോടെ പ്രതികരിക്കാന്‍ കഴിയും; ആ വിശ്വാസം നാം മറ്റുള്ളവരെ സേവിക്കുന്ന മാര്‍ഗ്ഗങ്ങളിലേക്ക് കവിഞ്ഞൊഴുകിക്കൊണ്ടിരിക്കും.

ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ല

വര്‍ഷങ്ങളോളം പിയാനോയുടെ ബേസിക്സ് പരിശീലച്ചവനെന്ന് എന്റെ മക്കളെ ബോധ്യപ്പെടുത്താനായി ഞാന്‍ സി മേജര്‍ സ്‌കെയില്‍ വായിക്കാനാരംഭിച്ചു. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ വളരെ കുറച്ചു മാത്രം പിയാനോ വായിച്ചിരുന്ന എനിക്ക് എന്റെ ഓര്‍മ്മശക്തിയില്‍ അത്ഭുതം തോന്നി. ധൈര്യം വീണ്ടുകിട്ടിയ ഞാന്‍ ഏഴു വ്യത്യസ്ത സ്‌കെയിലുകള്‍ ഒന്നിനു പുറകേ ഒന്നായി വായിച്ചു. ഞാന്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങളിലെ പരിശീലനം നോട്ടുകളും ടെക്നിക്കുകളും എന്റെ വിരലുകളുടെ 'ഓര്‍മ്മയില്‍'' ആഴത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു; എന്തുചെയ്യണമെന്ന് അവ പെട്ടെന്ന് ഓര്‍ത്തെടുത്തു.

ഒരിക്കലും മറന്നുപോകാത്ത ചില കാര്യങ്ങളുണ്ട്. എന്നാല്‍ തന്റെ മക്കളോടുള്ള ദൈവത്തിന്റെ സ്നേഹം നമ്മുടെ മങ്ങിപ്പോകുന്ന ഏതൊരു ഓര്‍മ്മയെക്കാളും ആഴത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതാണ് - വാസ്തവത്തില്‍ ദൈവത്തിന് അവയെ മറക്കാന്‍ കഴികയില്ല! അവന്‍ അവരെ ഉപേക്ഷിച്ചുവെന്ന് ചിന്തിക്കാന്‍ പ്രവാസ ജീവിതം അവരെ പ്രേരിപ്പിച്ച സമയത്ത് അവര്‍ കേള്‍ക്കാന്‍ ആവശ്യമായിരുന്നത് ഇതായിരുന്നു (യെശയ്യാവ് 49:14). യെശയ്യാവിലൂടെയുള്ള അവന്റെ പ്രതികരണം അസന്ദിഗ്ദ്ധമായിരുന്നു: 'ഞാന്‍ നിന്നെ മറക്കുകയില്ല'' (വാ. 15). തന്റെ ജനത്തെ കരുതാമെന്നുള്ള ദൈവത്തിന്റെ വാഗ്ദത്തം, തന്റെ പൈതലിനോടുള്ള ഒരു മാതാവിന്റെ സ്നേഹത്തെക്കാളും കൂടുതല്‍ ഉറപ്പുള്ളതായിരുന്നു.

തന്റെ മാറ്റമില്ലാത്ത സ്നേഹത്തെക്കുറിച്ച് അവരെ ഉറപ്പിക്കുന്നതിനായി, തന്റെ സമര്‍പ്പണത്തിന്റെ ഒരു ചിത്രം അവന്‍ അവര്‍ക്കു നല്‍കി: 'ഇതാ, ഞാന്‍ നിന്നെ എന്റെ ഉള്ളംകൈയില്‍ വരച്ചിരിക്കുന്നു'' (വാ. 16). തന്റെ മക്കളെക്കുറിച്ചുള്ള ദൈവത്തിന്റെ നിരന്തരമായ ബോധ്യത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ചിത്രമാണിത്; അവരുടെ പേരുകളും മുഖങ്ങളും എപ്പോഴും അവന്റെ മുമ്പില്‍ ഇരിക്കുന്നു.

ഇന്നും, നാമും വിസ്മരിക്കപ്പെട്ടവരായും അവഗണിക്കപ്പെട്ടവരായും എളുപ്പത്തില്‍ അനുഭവപ്പെട്ടേക്കാം. എന്നാല്‍ നാം അവന്റെ കരങ്ങളില്‍ വരയ്ക്കപ്പെട്ടിരിക്കുന്നു - നമ്മുടെ പിതാവിനാല്‍ എല്ലായ്പ്പോഴും സ്മരിക്കപ്പെടുകയും കരുതപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നു - എന്നോര്‍ക്കുന്നത് എത്രമാത്രം ആശ്വാസം പകരുന്നതാണ്.

അവന്റെ വചനത്താല്‍ നയിക്കപ്പെടുക

ലണ്ടനിലെ ബിബിസിയില്‍, പോള്‍ അര്‍നോള്‍ഡിന്റെ ആദ്യത്തെ പ്രക്ഷേപണ ജോലി റേഡിയോ നാടകത്തില്‍ 'നടക്കുന്ന ഒച്ചയുണ്ടാക്കുക'' എന്നതായിരുന്നു. നടക്കുന്ന ഒരു രംഗത്തില്‍ നടന്മാര്‍ സ്‌ക്രിപ്റ്റില്‍ നിന്നു വായിക്കുമ്പോള്‍, സ്റ്റേജ് മാനേജരായ പോള്‍ തന്റെ കാലുകള്‍ കൊണ്ട് സമാനമായ ശബ്്ദം ഉണ്ടാക്കും-നടന്മാരുടെ ശബ്ദത്തിനും പറയുന്ന വരികള്‍ക്കും അനുസരിച്ച് തന്റെ ചുവടുകള്‍ ക്രമീകരിച്ചുകൊണ്ട്. മുഖ്യ വെല്ലുവിളി കഥയിലെ നടന് കീഴ്പ്പെടുക എന്നതായിരുന്നു എന്നദ്ദേഹം വിശദീകരിച്ചു, 'അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പ്രവര്‍ത്തിക്കണമായിരുന്നു.'

അത്തരത്തിലുള്ള സഹകരണത്തിന്റെ ഒരു സ്വര്‍ഗ്ഗീയ പതിപ്പാണ് 119-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് അന്വേഷിക്കുന്നത്, അതായത് ദൈവവചനത്തിന്റെ പ്രമാണപ്രകാരം ജീവിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. സങ്കീര്‍ത്തനം 119:1 ല്‍ പറയുന്നതുപോലെ 'യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്‌കളങ്കരായവര്‍ ഭാഗ്യവാന്‍മാര്‍.'' ഈ പാതയില്‍ ദൈവത്താല്‍ നയിക്കപ്പെടുകയും അവന്റെ നിര്‍ദ്ദേശങ്ങളെ പാലിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് നിര്‍മ്മലരായി ജീവിക്കാനും (വാ. 9) പരിഹാസത്തെ അതിജീവിക്കാനും (വാ. 23), അത്യാഗ്രഹത്തില്‍ നിന്നു രക്ഷപെടാനും (വാ. 36) കഴിയും. പാപത്തോടെതിര്‍ത്തു നില്‍ക്കാനും (വാ. 61), ഭക്തിയുള്ള സ്നേഹിതരെ കണ്ടെത്താനും (വാ. 63) സന്തോഷത്തോടെ ജീവിക്കുവാനും (വാ. 111) അവന്‍ നമ്മെ ശക്തീകരിക്കും.

ദൈവശാസ്ത്രജ്ഞനായ ചാള്‍സ് ബ്രിഡ്ജസ് വാ. 133 നെക്കുറിച്ചു പറഞ്ഞതിങ്ങനെ: 'അതിനാല്‍ ഞാന്‍ ലോകത്തിലേക്ക് ഒരുചുവടു വയ്ക്കുമ്പോള്‍, അതു ദൈവ വചനത്തില്‍ കല്പിച്ചിട്ടുള്ളതാണോ, ക്രിസ്തുവിനെ എന്റെ പരിപൂര്‍ണ്ണ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നതാണോ എന്ന് എന്നോടുതന്നേ ചോദിക്കണം.'

ഈ വഴിയില്‍ നടക്കുമ്പോള്‍, നാം ലോകത്തിന് യേശുവിനെ കാണിച്ചുകൊടുക്കുന്നു. ആളുകള്‍ നമ്മില്‍ നമ്മുടെ നായകനെ, സ്നേഹിതനെ, രക്ഷകനെ ദര്‍ശിക്കത്തക്കവിധം നമുക്കവനോടു ചേര്‍ന്നു നടക്കാം.