സൗത്ത് കാലിഫോര്‍ണിയയിലെ ഒരു ചെറിയ സഭ പ്രായോഗികമായ നിലയില്‍ ദൈവസ്നേഹം വെളിപ്പെടുത്താനുള്ള ഒരു അവസരം തിരിച്ചറിഞ്ഞു. യേശുവിലുള്ള വിശ്വാസികള്‍ ഒരു അലക്കു കേന്ദ്രത്തില്‍ ഒന്നിച്ചു കൂടിയിട്ട് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ വസ്ത്രങ്ങള്‍ കഴുകിക്കൊടുക്കുവാന്‍ തയ്യാറായി. അവര്‍ ഒരുമിച്ച് വസ്ത്രങ്ങള്‍ കഴുകി, ഉണക്കി, മടക്കി നല്‍കുകയും ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമോ പലചരക്കു സാധനങ്ങളോ നല്‍കുകയും ചെയ്തു.

‘ആളുകളുമായി യഥാര്‍ത്ഥ ബന്ധം സ്ഥാപിക്കുകയും … അവരുടെ കഥകള്‍ കേള്‍ക്കുകയും” ചെയ്യുന്നതായിരുന്നു തനിക്കു ലഭിച്ച ഏറ്റവും വലിയ പ്രതിഫലം എന്ന് ഒരു സന്നദ്ധപ്രവര്‍ത്തക തിരിച്ചറിഞ്ഞു. യേശുവുമായുള്ള അവരുടെ ബന്ധം നിമിത്തം, ഈ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ജീവനുള്ള വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തങ്ങളുടെ വിശ്വാസം ജീവിച്ചു കാണിക്കണമായിരുന്നു. അത് മറ്റുള്ളവരുമായി ആത്മാര്‍ത്ഥമായ ബന്ധം സ്ഥാപിക്കുന്നതിന് അവരെ സഹായിച്ചു.

വിശ്വാസം ഏറ്റുപറയുന്ന വിശ്വാസിയുടെ ഓരോ സേവന പ്രവൃത്തിയും യഥാര്‍ത്ഥ വിശ്വാസത്തിന്റെ ഫലമാണ് എന്ന് അപ്പൊസ്തലനായ യാക്കോബ് ഉറപ്പിച്ചു പറയുന്നു. ‘വിശ്വാസവും പ്രവൃത്തികളില്ലാത്തതായാല്‍ സ്വതവെ നിര്‍ജ്ജീവമാകുന്നു” (യാക്കോബ് 2:14-17) എന്ന് അവന്‍ പറയുന്നു. നാം വിശ്വസിക്കുന്നു എന്ന നമ്മുടെ പ്രഖ്യാപനം നമ്മെ ദൈവമക്കളാക്കിത്തീര്‍ക്കുന്നു, എന്നാല്‍ മറ്റുള്ളവരെ സേവിക്കുന്നതിലൂടെ നാം അവനെ സേവിക്കുമ്പോഴാണ് നാം യേശുവിനെ ആശ്രയിക്കുയും അനുഗമിക്കുകയും ചെയ്യുന്ന വിശ്വാസികളായി പ്രവര്‍ത്തിക്കുന്നത് (വാ. 24). വിശ്വാസവും സേവനവും ശരീരവും ആത്മാവും എന്നപോലെ അടുത്ത പരസ്പരാശ്രയത്തില്‍ വര്‍ത്തിക്കുന്നവയാണ് (വാ. 26). ക്രിസ്തു നമ്മിലും നമ്മിലൂടെയും പ്രവര്‍ത്തിച്ചുകൊണ്ട് അവന്റെ ശക്തിയുടെ മനോഹരമായ പ്രദര്‍ശനമാണ് അപ്പോള്‍ സംഭവിക്കുന്നത്.

ക്രൂശിലെ ദൈവത്തിന്റെ യാഗം നമ്മെ തികഞ്ഞ സ്നേഹത്തില്‍ കഴുകുന്നു എന്നത് വ്യക്തിപരമായി അംഗീകരിച്ചതിനുശേഷം നമുക്ക് ആധികാരികമായ വിശ്വാസത്തോടെ പ്രതികരിക്കാന്‍ കഴിയും; ആ വിശ്വാസം നാം മറ്റുള്ളവരെ സേവിക്കുന്ന മാര്‍ഗ്ഗങ്ങളിലേക്ക് കവിഞ്ഞൊഴുകിക്കൊണ്ടിരിക്കും.