വര്‍ഷങ്ങളോളം പിയാനോയുടെ ബേസിക്സ് പരിശീലച്ചവനെന്ന് എന്റെ മക്കളെ ബോധ്യപ്പെടുത്താനായി ഞാന്‍ സി മേജര്‍ സ്‌കെയില്‍ വായിക്കാനാരംഭിച്ചു. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ വളരെ കുറച്ചു മാത്രം പിയാനോ വായിച്ചിരുന്ന എനിക്ക് എന്റെ ഓര്‍മ്മശക്തിയില്‍ അത്ഭുതം തോന്നി. ധൈര്യം വീണ്ടുകിട്ടിയ ഞാന്‍ ഏഴു വ്യത്യസ്ത സ്‌കെയിലുകള്‍ ഒന്നിനു പുറകേ ഒന്നായി വായിച്ചു. ഞാന്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങളിലെ പരിശീലനം നോട്ടുകളും ടെക്നിക്കുകളും എന്റെ വിരലുകളുടെ ‘ഓര്‍മ്മയില്‍” ആഴത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു; എന്തുചെയ്യണമെന്ന് അവ പെട്ടെന്ന് ഓര്‍ത്തെടുത്തു.

ഒരിക്കലും മറന്നുപോകാത്ത ചില കാര്യങ്ങളുണ്ട്. എന്നാല്‍ തന്റെ മക്കളോടുള്ള ദൈവത്തിന്റെ സ്നേഹം നമ്മുടെ മങ്ങിപ്പോകുന്ന ഏതൊരു ഓര്‍മ്മയെക്കാളും ആഴത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതാണ് – വാസ്തവത്തില്‍ ദൈവത്തിന് അവയെ മറക്കാന്‍ കഴികയില്ല! അവന്‍ അവരെ ഉപേക്ഷിച്ചുവെന്ന് ചിന്തിക്കാന്‍ പ്രവാസ ജീവിതം അവരെ പ്രേരിപ്പിച്ച സമയത്ത് അവര്‍ കേള്‍ക്കാന്‍ ആവശ്യമായിരുന്നത് ഇതായിരുന്നു (യെശയ്യാവ് 49:14). യെശയ്യാവിലൂടെയുള്ള അവന്റെ പ്രതികരണം അസന്ദിഗ്ദ്ധമായിരുന്നു: ‘ഞാന്‍ നിന്നെ മറക്കുകയില്ല” (വാ. 15). തന്റെ ജനത്തെ കരുതാമെന്നുള്ള ദൈവത്തിന്റെ വാഗ്ദത്തം, തന്റെ പൈതലിനോടുള്ള ഒരു മാതാവിന്റെ സ്നേഹത്തെക്കാളും കൂടുതല്‍ ഉറപ്പുള്ളതായിരുന്നു.

തന്റെ മാറ്റമില്ലാത്ത സ്നേഹത്തെക്കുറിച്ച് അവരെ ഉറപ്പിക്കുന്നതിനായി, തന്റെ സമര്‍പ്പണത്തിന്റെ ഒരു ചിത്രം അവന്‍ അവര്‍ക്കു നല്‍കി: ‘ഇതാ, ഞാന്‍ നിന്നെ എന്റെ ഉള്ളംകൈയില്‍ വരച്ചിരിക്കുന്നു” (വാ. 16). തന്റെ മക്കളെക്കുറിച്ചുള്ള ദൈവത്തിന്റെ നിരന്തരമായ ബോധ്യത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ചിത്രമാണിത്; അവരുടെ പേരുകളും മുഖങ്ങളും എപ്പോഴും അവന്റെ മുമ്പില്‍ ഇരിക്കുന്നു.

ഇന്നും, നാമും വിസ്മരിക്കപ്പെട്ടവരായും അവഗണിക്കപ്പെട്ടവരായും എളുപ്പത്തില്‍ അനുഭവപ്പെട്ടേക്കാം. എന്നാല്‍ നാം അവന്റെ കരങ്ങളില്‍ വരയ്ക്കപ്പെട്ടിരിക്കുന്നു – നമ്മുടെ പിതാവിനാല്‍ എല്ലായ്പ്പോഴും സ്മരിക്കപ്പെടുകയും കരുതപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നു – എന്നോര്‍ക്കുന്നത് എത്രമാത്രം ആശ്വാസം പകരുന്നതാണ്.