1956 ല്‍ ജിം എലിയട്ടും മറ്റു നാലു മിഷനറിമാരും ഹുവാവോറാനി ഗോത്രക്കാരാല്‍ കൊല്ലപ്പെട്ടശേഷം അടുത്തു സംഭവിച്ചത് ആരും പ്രതീക്ഷിച്ചില്ല. ജിമ്മിന്റെ ഭാര്യ എലിസബേത്ത്, അവരുടെ ഇളയ മകള്‍, മറ്റൊരു മിഷനറിയുടെ സഹോദരി എന്നവര്‍ തങ്ങളുടെ
പ്രിയപ്പെട്ടവരെ കൊന്ന ആളുകളുടെ ഇടയില്‍ പോയി താമസിക്കുവാന്‍ തീരുമാനിച്ചു. അവര്‍ അനേക വര്‍ഷങ്ങള്‍ ഹുവാവോറാനി ഗോത്രക്കാരുടെ ഇടയില്‍ പാര്‍ക്കുകയും അവരുടെ ഭാഷ പഠിക്കുകയും അവര്‍ക്കുവേണ്ടി ബൈബിള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ആ സ്ത്രീകളുടെ ക്ഷമയുടെയും ദയയുടെയും സാക്ഷ്യം ഹുവാവോറാനികളെ അവരോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചു ബോധ്യപ്പെടുത്തുകയും അനേകര്‍ യേശുവിനെ അവരുടെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു.

എലിസബേത്തും അവളുടെ സ്‌നേഹിതയും ചെയ്തത് തിന്മയെ തിന്മകൊണ്ടു നേരിടാതെ നന്മകൊണ്ടു നേരിടുക എന്നതിന്റെ അവിശ്വസനീയ മാതൃകയാണ് (റോമര്‍ 12:17). റോമിലെ സഭയെ തങ്ങളുടെ ജീവിതത്തില്‍ ദൈവം വരുത്തിയ രൂപാന്തരത്തെ അവരുടെ പ്രവൃത്തികളിലൂടെ വെളിപ്പെടുത്താന്‍ അപ്പൊസ്തലനായ പൗലൊസ് പ്രോത്സാഹിപ്പിക്കുന്നു. എന്താണ് പൗലൊസിന്റെ മനസ്സില്‍ ഉണ്ടായിരുന്നത്? പ്രതികാരം ചെയ്യാനുള്ള അവരുടെ സ്വാഭാവിക ആഗ്രഹത്തിനപ്പുറത്തേക്ക് അവര്‍ പോകണം; പകരം അവര്‍ തങ്ങളുടെ ശത്രുക്കളോട് അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി അവരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിച്ചുകൊണ്ട് സ്‌നേഹം കാണിക്കണം.

എന്തുകൊണ്ട് ഇതു ചെയ്യണം? പൗലൊസ് പഴയ നിയമത്തില്‍നിന്നും ഒരു സദൃശവാക്യം ഉദ്ധരിക്കുന്നു: ”നിന്റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ അവനു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക” (വാ. 20; സദൃശവാക്യങ്ങള്‍ 25:21-22). വിശ്വാസികള്‍ അവരുടെ ശത്രുക്കളോടു കാണിക്കുന്ന ദയ അവരെ നേടുവാന്‍ മുഖാന്തരമാകുകയും അവരുടെ ഹൃദയങ്ങളില്‍ മാനസാന്തരത്തിന്റെ അഗ്നി കത്തിക്കുകയും ചെയ്യും എന്നാണ് അപ്പൊസ്തലന്‍ വെളിപ്പെടുത്തുന്നത്.