ചുഴലിക്കാറ്റിനെ പിന്തുടരുക എന്നത് കല്‍ക്കട്ടയിലും സമീപ പ്രദേശങ്ങളിലുമുള്ള കാലാവസ്ഥാ തല്‍പരരുടെ ഹോബിയാണ്; അവയുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിനും മിന്നലുകളുടെയും തുടര്‍ന്നുള്ള അവസ്ഥയുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി അവയെക്കുറിച്ചു പഠിക്കാനാണ് അവരിതു ചെയ്യുന്നത്. ഞങ്ങളില്‍ മിക്കവരും അപകടകരമായ കാലാവസ്ഥയില്‍ അവയില്‍ ചെന്നു ചാടുന്നതില്‍ നിന്നും വിമുഖരാണെങ്കിലും ഈ വിനോദ തല്‍പ്പരരില്‍ ചിലര്‍ വിവിധ നഗരങ്ങളില്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഒരുമിച്ചു കൂടി ചുഴലിക്കാറ്റിനെ പിന്‍തുടരുക പതിവാണ്.

എന്നിരുന്നാലും എന്റെ അനുഭവത്തില്‍, ജീവിതത്തില്‍ ഞാന്‍ ചുഴലിക്കാറ്റിനെ പിന്‍തുടരേണ്ട കാര്യമില്ല-അവ എന്നെ പിന്തുടരുകയാണ്. ആ അനുഭവം കൊടുങ്കാറ്റില്‍ അകപ്പെട്ട നാവികരുടെ അനുഭവം വിവരിക്കുന്ന സങ്കീര്‍ത്തനം 107 ല്‍ പ്രതിഫലിക്കുന്നു. അവര്‍ തങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പുകളുടെ ഭവിഷ്യത്തുകളാല്‍ ഓടിക്കപ്പെടുകയായിരുന്നു, എങ്കിലും സങ്കീര്‍ത്തനക്കാരന്‍ പറയുന്നു, ‘അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു. അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവന്‍ അവരെ എത്തിച്ചു” (സങ്കീര്‍ത്തനം 107:28-30).

ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ നമ്മുടെ തന്നെ സൃഷ്ടിയായാലും അല്ലെങ്കില്‍ തകര്‍ന്ന ഒരു ലോകത്തില്‍ പാര്‍ക്കുന്നതിന്റെ അനന്തരഫലമായാലും നമ്മുടെ പിതാവ് വലിയവനാണ്. കൊടുങ്കാറ്റുകള്‍ നമ്മെ പിന്തുടരുമ്പോള്‍, അവയെ ശാന്തമാക്കുവാന്‍ -നമ്മുടെ ഉള്ളിലെ കൊടുങ്കാറ്റിനെ ശാന്തമാക്കുവാനും – അവനു മാത്രമേ കഴിയൂ.