Month: ഫെബ്രുവരി 2020

രഹസ്യം

ചില സമയങ്ങളില്‍ എന്റെ പൂച്ച ടോം ഫോമോ (നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം) എന്ന ഒരു മോശം അവസ്ഥയാല്‍ കഷ്ടപ്പെടുന്നതായി ഞാന്‍ സംശയിക്കുന്നു. ഞാന്‍ പലചരക്ക് സാധനങ്ങളുമായി വീട്ടിലെത്തുമ്പോള്‍, ടോം ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ ഓടുന്നു. ഞാന്‍ പച്ചക്കറികള്‍ അരിയുമ്പോള്‍, അതു നോക്കിക്കൊണ്ട് അവന്‍ രണ്ടു കാലില്‍ നില്‍ക്കുകയും പങ്കിടാന്‍ എന്നോട് അപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ടോമിന് ഇഷ്ടപ്പെടുന്നതെന്തും ഞാന്‍ നല്‍കുമ്പോള്‍, അവനു പെട്ടെന്ന് താല്‍പര്യം നഷ്ടപ്പെടും, വിരസമായ നീരസത്തോടെ അകന്നുപോകുന്നു.

പക്ഷെ എന്റെ കൊച്ചു കൂട്ടുകാരനോട് കോപിക്കുന്നത് കപടമാണ്. എന്റെ സ്വന്തം തൃപ്തി വരാത്ത വിശപ്പിനെയാണ് അവന്റെ സ്വഭാവം പതിഫലിപ്പിക്കുന്നത്, അതായത് 'ഇപ്പോള്‍'' എന്നത് രിക്കലും മതിയാകില്ലെന്ന എന്റെ ധാരണ.

പൗലൊസിന്റെ അഭിപ്രായത്തില്‍, സംതൃപ്തി സ്വാഭാവികമല്ല - അത് പഠിച്ചതാണ് (ഫിലിപ്പിയര്‍ 4:11). സ്വന്തമായിട്ടാണെങ്കില്‍, തൃപ്തികരമെന്ന് നമ്മള്‍ കരുതുന്നതെന്തും നമ്മള്‍ തീവ്രമായി പിന്തുടരുന്നു, അത് തൃപ്തിപ്പെടുത്തുകയില്ല എന്നറിയുന്ന നിമിഷം അടുത്ത കാര്യത്തിലേക്ക് നീങ്ങുന്നു. മറ്റ് സമയങ്ങളില്‍, സംശയാസ്പദമായ എല്ലാ ഭീഷണികളില്‍ നിന്നും നമ്മെത്തന്നെ സംരക്ഷിക്കുന്ന ഉല്‍ക്കണ്ഠയുടെ രൂപത്തിലേക്ക് നമ്മുടെ അസംതൃപ്തി മാറുന്നു.

വിരോധാഭാസമെന്നു പറയട്ടെ, ചില സമയങ്ങളില്‍ യഥാര്‍ത്ഥ സന്തോഷത്തില്‍ എത്തുന്നതിന് നാം ഏറ്റവും ഭയപ്പെടുന്ന കാര്യങ്ങള്‍ അനുഭവിക്കേണ്ടതുണ്ട്. ഏറ്റവും മോശമായ ജീവിതത്തിന്റെ പല അനുഭവങ്ങളും അനുഭവിച്ചറിഞ്ഞ പൗലൊസിന് യഥാര്‍ത്ഥ സംതൃപ്തിയുടെ ''രഹസ്യത്തിന്'' സാക്ഷ്യം വഹിക്കാന്‍ കഴിയും (വാ. 11-12) - നിഗൂഢമായ യാഥാര്‍ത്ഥ്യം, സമ്പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള നമ്മുടെ ആഗ്രഹങ്ങള്‍ നാം ദൈവത്തിങ്കലേക്കു കൊണ്ടുവരുമ്പോള്‍, നാം വിശദീകരിക്കാനാവാത്ത സമാധാനം അനുഭവിക്കുകയും (വാ. 6-7), ക്രിസ്തുവിന്റെ ശക്തി, സൗന്ദര്യം, കൃപ എന്നിവയുടെ ആഴങ്ങളിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യുന്നു.

സഹിക്കാനുള്ള വിശ്വാസം

ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ (1874-1922) 1914-ല്‍ നടത്തിയ അന്റാര്‍ട്ടിക്ക പര്യവേഷണം പരാജയപ്പെട്ടു. എന്‍ഡുറന്‍സ് എന്ന് പേരിട്ടിരുന്ന അദ്ദേഹത്തിന്റെ കപ്പല്‍ വെഡ്ഡല്‍ കടലില്‍ കനത്ത ഹിമത്തില്‍ കുടുങ്ങിയപ്പോള്‍, അതിജീവിക്കാനുള്ള ഒരു സഹിഷ്ണുത ഓട്ടമായി ഇത് മാറി. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ആശയവിനിമയം നടത്താന്‍ യാതൊരു മാര്‍ഗവുമില്ലാതെ, ഏറ്റവും അടുത്ത തീരത്ത് - എലഫന്റ് ദ്വീപ് - എത്താന്‍ ഷാക്കിള്‍ട്ടണും സംഘവും ലൈഫ് ബോട്ടുകള്‍ ഉപയോഗിച്ചു. ഭൂരിഭാഗം ജോലിക്കാരെയും ദ്വീപില്‍ വിട്ടിട്ട്, ഷാക്കിള്‍ട്ടണും അഞ്ച് ജോലിക്കാരും സഹായം തേടി രണ്ടാഴ്ച കൊണ്ട് സമുദ്രത്തിന് കുറുകെ 800 മൈല്‍ യാത്ര ചെയ്ത് സൗത്ത് ജോര്‍ജിയയിലെത്തി. ഷാക്കിള്‍ട്ടന്റെ സംഘത്തിലെ എല്ലാവരും രക്ഷപ്പെട്ടപ്പോള്‍ ''പരാജയപ്പെട്ട'' പര്യവേഷണം ചരിത്രപുസ്തകങ്ങളിലെ വിജയകരമായ ഒരു സംഭവമായി മാറി - അവരുടെ ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും പേരില്‍.

സഹിക്കേണ്ടതിന്റെ അര്‍ത്ഥമെന്താണെന്ന് അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ വിചാരണ നേരിടാന്‍ റോമിലേക്കുള്ള കടല്‍ യാത്രയ്ക്കിടെ, കൊടുങ്കാറ്റിലകപ്പെട്ട് കപ്പല്‍ മുങ്ങുമെന്ന് പൗലൊസ് ഒരു ദൈവദൂതനില്‍ നിന്ന് മനസ്സിലാക്കി. കപ്പല്‍ നഷ്ടപ്പെട്ടിട്ടും എല്ലാവരും രക്ഷപ്പെടുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിന് നന്ദി പറഞ്ഞുകൊണ്ട് അപ്പൊസ്തലന്‍ കപ്പലിലുള്ള ആളുകളെ ധൈര്യപ്പെടുത്തി (പ്രവൃത്തികള്‍ 27:23-24).

ദുരന്തമുണ്ടാകുമ്പോള്‍, ദൈവം ഉടനടി എല്ലാം മികച്ചതാക്കണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നാല്‍ സഹിഷ്ണുതയിലൂടെ വളര്‍ച്ച പ്രാപിക്കാനുള്ള വിശ്വാസം ദൈവം നമുക്കു നല്‍കുന്നു. പൗലൊസ് റോമാക്കാര്‍ക്ക് എഴുതിയതുപോലെ, ''കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു'' (റോമര്‍ 5:3). അത് അറിയുന്നതിലൂടെ, പ്രയാസകരമായ സമയങ്ങളില്‍ ദൈവത്തെ ആശ്രയിക്കാന്‍ നമുക്ക് പരസ്പരം പ്രോത്സാഹിപ്പിക്കാം.

അപ്രതീക്ഷിത മാറ്റം

1943 ജനുവരിയില്‍, അമേരിക്കയിലെ സൗത്ത് ഡക്കോട്ടയില്‍ ഊഷ്മളമായ കാറ്റ് വീശുകയും അന്തരീക്ഷ താപനില -4 ഡിഗ്രി ഫാരന്‍ഹീറ്റില്‍നിന്ന് 45 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (-20 ഡിഗ്രി സെഷ്യല്‍സില്‍ നിന്ന് 7 ഡിഗ്രി സെഷ്യല്‍സിലേക്ക്) വരെ വേഗത്തില്‍ ഉയരുകയും ചെയ്തു. ഈ കടുത്ത കാലാവസ്ഥാ വ്യതിയാനം - 49 ഡിഗ്രിയുടെ വ്യത്യാസം - സംഭവിച്ചത് കേവലം രണ്ടു മിനിറ്റിനുള്ളിലാണ്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ യുഎസ്എയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില മാറ്റം അവിശ്വസനീയമായ 103 ഡിഗ്രിയാണ്! 1972 ജനുവരി 15 ന് മൊണ്ടാനയിലെ ലോമയില്‍ താപനില -54 ഡിഗ്രി ഫാരന്‍ഹീറ്റില്‍നിന്ന് 49 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (-48 ഡിഗ്രി സെഷ്യല്‍സില്‍ നിന്ന് 9 ഡിഗ്രി സെഷ്യല്‍സിലേക്ക്) ഉയര്‍ന്നു.

എന്നിരുന്നാലും, പെട്ടെന്നുള്ള മാറ്റം കേവലം ഒരു കാലാവസ്ഥാ പ്രതിഭാസമല്ല. ഇത് ചിലപ്പോള്‍ ജീവിതത്തിന്റെയും സ്വഭാവമാണ്. യാക്കോബ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ''ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍ക്കുവിന്‍;
നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളത്? അല്പനേരത്തേക്കു
കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ'' (4: 13-14). ഒരു അപ്രതീക്ഷിത നഷ്ടം. ഒരു അതിശയകരമായ രോഗനിര്‍ണയം. ഒരു സാമ്പത്തിക തകര്‍ച്ച. പെട്ടെന്നുള്ള മാറ്റങ്ങള്‍.

പ്രവചനാതീതമായ നിരവധി ഘടകങ്ങളുള്ള ഒരു യാത്രയാണ് ജീവിതം. അതുകൊണ്ടാണ് സര്‍വശക്തനെ കണക്കിലെടുക്കാത്ത ''വമ്പു പറയുന്ന'' (വാ. 16) തില്‍ നിന്ന് മാറാന്‍ യാക്കോബ് മുന്നറിയിപ്പ് നല്‍കുന്നത്. അദ്ദേഹം നമ്മെ ഉപദേശിക്കുന്നതുപോലെ, ''കര്‍ത്താവിന് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്'' (വാ. 15). നമ്മുടെ ജീവിതത്തിലെ സംഭവങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കാം, പക്ഷേ ഒരു കാര്യം ഉറപ്പാണ്: ജീവിതത്തിലെ എല്ലാ അപ്രതീക്ഷിത നിമിഷങ്ങളിലും നമ്മുടെ ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലുടനീളം സ്ഥിരതയുള്ളവനാണ് അവന്‍.

സന്തോഷത്തിന്റെ ചിന്തകള്‍

വിവിധ ആളുകളുമായുള്ള അഭിമുഖങ്ങളുടെ ഒരു ശേഖരത്തില്‍, അഭിമുഖകാരന്‍ അവരുമായി അവര്‍ കാത്തുസൂക്ഷിക്കുന്ന പ്രാധാന്യവും സന്തോഷവുമുള്ള ഒരൊറ്റ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ക്ക് ഒരിക്കലും വി്ട്ടുപിരിയാന്‍ കഴിയാത്ത ഒന്ന്.

ഇത് എന്നെ, എനിക്ക് ഏറ്റവും പ്രിയങ്കരമായതും എനിക്കു സന്തോഷം നല്‍കുന്നതുമായ സ്വത്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒന്ന് നാല്‍പതു വര്‍ഷം മുമ്പ് എന്റെ അമ്മ സ്വന്തം കൈയക്ഷരത്തില്‍ എനിക്കെഴുതിയ ജന്മദിന കാര്‍ഡാണ്. മറ്റൊന്ന് എന്റെ മുത്തശ്ശിയുടെ ആഭരണപ്പെട്ടിയാണ്. മറ്റ് ആളുകളും അമൂല്യമായ ഓര്‍മ്മകളെ വിലമതിച്ചേക്കാം - അവരെ പ്രോത്സാഹിപ്പിച്ച അഭിനന്ദനം, ഒരു കൊച്ചുമകന്റെ ചിരി, അല്ലെങ്കില്‍ അവര്‍ തിരുവെഴുത്തില്‍ നിന്ന് ശേഖരിച്ച പ്രത്യേക ഉള്‍ക്കാഴ്ച.

എന്നിരുന്നാലും, നാം പലപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നത് വലിയ അസന്തുഷ്ടിയെ ഉളവാക്കിയ കാര്യങ്ങളാണ്: ഉത്കണ്ഠ - മറഞ്ഞിരിക്കുന്നു എങ്കിലും എളുപ്പത്തില്‍ വീണ്ടെടുക്കാവുന്നവ. കോപം - ഉപരിതലത്തിന് താഴെയാണെങ്കിലും ആഞ്ഞടിക്കാന്‍ തയ്യാറാണ്. നീരസം - നമ്മുടെ ചിന്തകളുടെ കാതലിനെ നിശബ്ദമായി നശിപ്പിക്കുന്നു.

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ സഭയ്ക്ക് അയച്ച കത്തില്‍ ''ചിന്തിക്കാന്‍'' കൂടുതല്‍ നല്ല മാര്‍ഗം കാണിച്ചുകൊടുത്തു. സഭയിലെ ജനങ്ങളെ എപ്പോഴും സന്തോഷിപ്പിക്കാനും സൗമ്യത കാണിക്കാനും പ്രാര്‍ത്ഥനയില്‍ എല്ലാം ദൈവത്തിങ്കലേക്ക് കൊണ്ടുവരാനും അവന്‍ പ്രോത്സാഹിപ്പിച്ചു (ഫിലിപ്പിയര്‍ 4:4-9).

ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പൗലൊസിന്റെ പ്രോത്സാഹന വാക്കുകള്‍, ഇരുണ്ട ചിന്തകളെ പുറന്തള്ളാനും ക്രിസ്തുയേശുവില്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാത്തുസൂക്ഷിക്കാന്‍ ദൈവത്തിന്റെ സമാധാനത്തെ അനുവദിക്കാനും സഹായിക്കുന്നു (വാ. 7). നമ്മുടെ മനസ്സിനെ നിറയ്ക്കുന്ന ചിന്തകള്‍ സത്യവും ഘനമുള്ളതും നീതിയായതും നിര്‍മ്മലമായതും രമ്യമായതും സത്ക്കീര്‍ത്തിയായതും സത്ഗുണവും പുകഴ്ചയും ആകുമ്പോഴാണ് അവന്റെ സമാധാനം നമ്മുടെ ഹൃദയത്തില്‍ നിലനില്‍ക്കുന്നത് (വാ. 8).

ദൈവവിഷയമായി സമ്പന്നരാകുക

മഹാ സാമ്പത്തിക മാന്ദ്യകാലത്ത് വളര്‍ന്ന എന്റെ മാതാപിതാക്കള്‍ കുട്ടികളായിരിക്കുമ്പോള്‍ ആഴത്തിലുള്ള ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരുന്നു. തല്‍ഫലമായി, അവര്‍ കഠിനാധ്വാനികളും നന്ദിയോടെ പണം കൈകാര്യം ചെയ്യുന്നവരും ആയിത്തീര്‍ന്നു. അതേസമയം, അവര്‍ ഒരിക്കലും അത്യാഗ്രഹികളായിരുന്നില്ല. അവര്‍ തങ്ങളുടെ സഭയ്ക്കും ജീവകാരുണ്യ സംഘടനകള്‍ക്കും ദരിദ്രര്‍ക്കും തങ്ങളുടെ സമയം, കഴിവ്, സമ്പത്ത് എന്നിവ നല്‍കി. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യുകയും സന്തോഷത്തോടെ നല്‍കുകയും ചെയ്തു.

യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, എന്റെ മാതാപിതാക്കള്‍ അപ്പോസ്തലനായ പൗലൊസിന്റെ മുന്നറിയിപ്പ് മനസ്സില്‍ സൂക്ഷിച്ചു: ''ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു'' (1 തിമൊഥെയൊസ് 6:9) .

സമ്പത്ത് എല്ലാവരെയും ഒരുപോലെ പ്രലോഭിപ്പിക്കുന്ന ഒരു സമ്പന്ന നഗരമായ എഫെസൊസിലെ യുവ പാസ്റ്ററായ തിമൊഥെയൊസിനാണ് പൗലൊസ് ഈ ഉപദേശം നല്‍കിയത്.

''ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു
ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു'' (വാ. 10) എന്നു പൗലൊസ് മുന്നറിയിപ്പു നല്‍കി.

അപ്പോള്‍ അത്യാഗ്രഹത്തിനുള്ള മറുമരുന്ന് എന്താണ്? ''ദൈവവിഷയമായി സമ്പന്നനാകുക'' യേശു പറഞ്ഞു (ലൂക്കൊസ് 12:13-21 കാണുക). എല്ലാറ്റിനുമുപരിയായി നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനെ പിന്തുടരുകയും വിലമതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ, അവന്‍ നമ്മുടെ മുഖ്യ ആനന്ദമായി മാറുന്നു. സങ്കീര്‍ത്തനക്കാരന്‍ എഴുതിയതുപോലെ, ''കാലത്തു തന്നേ നിന്റെ ദയകൊണ്ടു ഞങ്ങളെ തൃപ്തരാക്കണമേ; എന്നാല്‍ ഞങ്ങളുടെ ആയുഷ്‌കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും'' (സങ്കീര്‍ത്തനം 90:14).

അവനില്‍ അനുദിനം സന്തോഷിക്കുന്നത് മോഹത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുകയും സംതൃപ്തി നല്‍കുകയും ചെയ്യുന്നു. യേശു നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ വീണ്ടെടുക്കുകയും ദൈവവിഷയമായി നമ്മെ സമ്പന്നരാക്കുകയും ചെയ്യട്ടെ!