മഹാ സാമ്പത്തിക മാന്ദ്യകാലത്ത് വളര്‍ന്ന എന്റെ മാതാപിതാക്കള്‍ കുട്ടികളായിരിക്കുമ്പോള്‍ ആഴത്തിലുള്ള ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരുന്നു. തല്‍ഫലമായി, അവര്‍ കഠിനാധ്വാനികളും നന്ദിയോടെ പണം കൈകാര്യം ചെയ്യുന്നവരും ആയിത്തീര്‍ന്നു. അതേസമയം, അവര്‍ ഒരിക്കലും അത്യാഗ്രഹികളായിരുന്നില്ല. അവര്‍ തങ്ങളുടെ സഭയ്ക്കും ജീവകാരുണ്യ സംഘടനകള്‍ക്കും ദരിദ്രര്‍ക്കും തങ്ങളുടെ സമയം, കഴിവ്, സമ്പത്ത് എന്നിവ നല്‍കി. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യുകയും സന്തോഷത്തോടെ നല്‍കുകയും ചെയ്തു.

യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, എന്റെ മാതാപിതാക്കള്‍ അപ്പോസ്തലനായ പൗലൊസിന്റെ മുന്നറിയിപ്പ് മനസ്സില്‍ സൂക്ഷിച്ചു: ”ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു” (1 തിമൊഥെയൊസ് 6:9) .

സമ്പത്ത് എല്ലാവരെയും ഒരുപോലെ പ്രലോഭിപ്പിക്കുന്ന ഒരു സമ്പന്ന നഗരമായ എഫെസൊസിലെ യുവ പാസ്റ്ററായ തിമൊഥെയൊസിനാണ് പൗലൊസ് ഈ ഉപദേശം നല്‍കിയത്.

”ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു” (വാ. 10) എന്നു പൗലൊസ് മുന്നറിയിപ്പു നല്‍കി.

അപ്പോള്‍ അത്യാഗ്രഹത്തിനുള്ള മറുമരുന്ന് എന്താണ്? ”ദൈവവിഷയമായി സമ്പന്നനാകുക” യേശു പറഞ്ഞു (ലൂക്കൊസ് 12:13-21 കാണുക). എല്ലാറ്റിനുമുപരിയായി നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനെ പിന്തുടരുകയും വിലമതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ, അവന്‍ നമ്മുടെ മുഖ്യ ആനന്ദമായി മാറുന്നു. സങ്കീര്‍ത്തനക്കാരന്‍ എഴുതിയതുപോലെ, ”കാലത്തു തന്നേ നിന്റെ ദയകൊണ്ടു ഞങ്ങളെ തൃപ്തരാക്കണമേ; എന്നാല്‍ ഞങ്ങളുടെ ആയുഷ്‌കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും” (സങ്കീര്‍ത്തനം 90:14).

അവനില്‍ അനുദിനം സന്തോഷിക്കുന്നത് മോഹത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുകയും സംതൃപ്തി നല്‍കുകയും ചെയ്യുന്നു. യേശു നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ വീണ്ടെടുക്കുകയും ദൈവവിഷയമായി നമ്മെ സമ്പന്നരാക്കുകയും ചെയ്യട്ടെ!