1943 ജനുവരിയില്‍, അമേരിക്കയിലെ സൗത്ത് ഡക്കോട്ടയില്‍ ഊഷ്മളമായ കാറ്റ് വീശുകയും അന്തരീക്ഷ താപനില -4 ഡിഗ്രി ഫാരന്‍ഹീറ്റില്‍നിന്ന് 45 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (-20 ഡിഗ്രി സെഷ്യല്‍സില്‍ നിന്ന് 7 ഡിഗ്രി സെഷ്യല്‍സിലേക്ക്) വരെ വേഗത്തില്‍ ഉയരുകയും ചെയ്തു. ഈ കടുത്ത കാലാവസ്ഥാ വ്യതിയാനം – 49 ഡിഗ്രിയുടെ വ്യത്യാസം – സംഭവിച്ചത് കേവലം രണ്ടു മിനിറ്റിനുള്ളിലാണ്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ യുഎസ്എയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില മാറ്റം അവിശ്വസനീയമായ 103 ഡിഗ്രിയാണ്! 1972 ജനുവരി 15 ന് മൊണ്ടാനയിലെ ലോമയില്‍ താപനില -54 ഡിഗ്രി ഫാരന്‍ഹീറ്റില്‍നിന്ന് 49 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (-48 ഡിഗ്രി സെഷ്യല്‍സില്‍ നിന്ന് 9 ഡിഗ്രി സെഷ്യല്‍സിലേക്ക്) ഉയര്‍ന്നു.

എന്നിരുന്നാലും, പെട്ടെന്നുള്ള മാറ്റം കേവലം ഒരു കാലാവസ്ഥാ പ്രതിഭാസമല്ല. ഇത് ചിലപ്പോള്‍ ജീവിതത്തിന്റെയും സ്വഭാവമാണ്. യാക്കോബ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ”ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍ക്കുവിന്‍;
നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളത്? അല്പനേരത്തേക്കു
കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ” (4: 13-14). ഒരു അപ്രതീക്ഷിത നഷ്ടം. ഒരു അതിശയകരമായ രോഗനിര്‍ണയം. ഒരു സാമ്പത്തിക തകര്‍ച്ച. പെട്ടെന്നുള്ള മാറ്റങ്ങള്‍.

പ്രവചനാതീതമായ നിരവധി ഘടകങ്ങളുള്ള ഒരു യാത്രയാണ് ജീവിതം. അതുകൊണ്ടാണ് സര്‍വശക്തനെ കണക്കിലെടുക്കാത്ത ”വമ്പു പറയുന്ന” (വാ. 16) തില്‍ നിന്ന് മാറാന്‍ യാക്കോബ് മുന്നറിയിപ്പ് നല്‍കുന്നത്. അദ്ദേഹം നമ്മെ ഉപദേശിക്കുന്നതുപോലെ, ”കര്‍ത്താവിന് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്” (വാ. 15). നമ്മുടെ ജീവിതത്തിലെ സംഭവങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കാം, പക്ഷേ ഒരു കാര്യം ഉറപ്പാണ്: ജീവിതത്തിലെ എല്ലാ അപ്രതീക്ഷിത നിമിഷങ്ങളിലും നമ്മുടെ ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലുടനീളം സ്ഥിരതയുള്ളവനാണ് അവന്‍.