സി.എസ്.ലൂയിസിന്റെ ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ: ദി ലയണ്‍, ദി വിച്ച് അന്‍ഡ് ദി വാര്‍ഡ്‌റോബ് എന്ന സാങ്കല്‍പ്പിക നോവലില്‍ ശക്തനായ സിംഹം അസ്‌ലാന്‍ നീണ്ട അസാന്നിധ്യത്തിനുശേഷം പ്രത്യക്ഷപ്പെടുമ്പോള്‍ നാര്‍ണിയ മുഴുവനും ആഹ്ലാദഭരിതമായി. എന്നിരുന്നാലും, ദുഷ്ടയായ വെളുത്ത മന്ത്രവാദിനിയുടെ ആവശ്യം അസ്‌ലാന്‍ അംഗീകരിക്കുമ്പോള്‍ അവരുടെ സന്തോഷം ദുഃഖമായി മാറുന്നു. അസ്‌ലാന്റെ പ്രത്യക്ഷമായ തോല്‍വി നാര്‍ണിയക്കാര്‍ പ്രതീക്ഷിക്കുന്ന സമയത്ത്, അസ്‌ലാന്റെ കാതുതുളയ്ക്കുന്ന അലര്‍ച്ച കേള്‍ക്കുകയും മന്ത്രവാദിനി ഭയന്ന് ഓടിപ്പോകുകയും ചെയ്യുന്നു. എല്ലാം നഷ്ടപ്പെട്ടതായി നാര്‍ണിയക്കാര്‍ക്ക് തോന്നിയ സന്ദര്‍ഭത്തില്‍ അസ്‌ലാന്‍ ആത്യന്തികമായി വില്ലന്‍ മന്ത്രവാദിനിയേക്കാള്‍ ശക്തനാണെന്ന് തെളിയിക്കപ്പെടുന്നു.

ലൂയിസിന്റെ കഥയിലെ അസ്‌ലാന്റെ അനുയായികളെപ്പോലെ, എലീശയുടെ ദാസനും ഒരു പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍ തന്നെയും എലീശയെയും ഒരു ശത്രുസൈന്യം വളഞ്ഞിരിക്കുന്നതായി കണ്ടു. ”അയ്യോ, യജമാനനേ! നാം എന്തു ചെയ്യും?”അവന്‍ ഭയത്തോടെ നിലവിളിച്ചു (2 രാജാക്കന്മാര്‍ 6:15). പ്രവാചകന്റെ പ്രതികരണം ശാന്തമായിരുന്നു: ”പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികം’ (വാ. 16). അപ്പോള്‍ എലീശാ പ്രാര്‍ത്ഥിച്ചു, ”യഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കണമേ” (വാ. 17). അപ്പോള്‍, ”യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു.” (വാ. 17). ആദ്യം കാര്യങ്ങള്‍ ദാസന്റെ കണ്ണില്‍ മങ്ങിയതായി തോന്നിയെങ്കിലും, ദൈവത്തിന്റെ ശക്തി ആത്യന്തികമായി ശത്രുക്കൂട്ടത്തേക്കാള്‍ വലുതായി തെളിഞ്ഞു.

നമ്മുടെ പ്രയാസകരമായ സാഹചര്യങ്ങള്‍ എല്ലാം നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിച്ചേക്കാം, എന്നാല്‍ നമ്മുടെ കണ്ണുതുറന്ന് താന്‍ വലിയവനാണെന്ന് വെളിപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കുന്നു.