ഒരിക്കല്‍ ഹെറോയിന്‍ ദുരുപയോഗം ചെയ്ത അതേ നഗരത്തില്‍ ഇന്ന് യൂത്ത് പാസ്റ്ററാണ് ജിയോഫ്. ദൈവം അവന്റെ ഹൃദയത്തെയും സാഹചര്യങ്ങളെയും അതിശയകരമായ രീതിയില്‍ രൂപാന്തരപ്പെടുത്തി. ”കുട്ടികളെ അതേ തെറ്റുകള്‍ വരുത്തുന്നതില്‍ നിന്നും ഞാന്‍ അനുഭവിച്ച അതേ വേദന അനുഭവിക്കുന്നതില്‍നിന്നും തടയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ജിയോഫ് പറഞ്ഞു. ”യേശു അവരെ സഹായിക്കും.” കാലക്രമേണ, ദൈവം അവനെ ആസക്തിയുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും അവന്റെ ഭൂതകാലത്തിനതീതമായി ഒരു സുപ്രധാന ശുശ്രൂഷ നല്‍കുകയും ചെയ്തു.

പ്രതീക്ഷ നഷ്ടപ്പെട്ടതായി തോന്നുന്ന സാഹചര്യങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ നന്മ പുറത്തെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ദൈവത്തിനുണ്ട്. യോസഫിനെ ഈജിപ്തിലെ അടിമത്തത്തിലേക്ക് വില്‍ക്കുകയും വ്യാജ ആരോപണം ചുമത്തി ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു, അവിടെ വര്‍ഷങ്ങളോളം അവന്‍ വിസ്മരിക്കപ്പെട്ടു. എന്നാല്‍ ദൈവം അവനെ യഥാസ്ഥാനപ്പെടുത്തുകയും ഫറവോന്റെ കീഴില്‍ നേരിട്ട് അധികാരസ്ഥാനത്ത് എത്തിക്കുകയും ചെയ്തു – അവനെ ഉപേക്ഷിച്ച സഹോദരങ്ങളുടെ ജീവന്‍ ഉള്‍പ്പെടെ നിരവധി ജീവന്‍ രക്ഷിക്കാന്‍ അവന് കഴിഞ്ഞു. ഈജിപ്തില്‍ യോസേഫ് വിവാഹം കഴിച്ചു മക്കളുണ്ടായി. അവന്‍ രണ്ടാമത്തെ മകന് എഫ്രയീം (”രണ്ടുതവണ ഫലവത്താകുന്നു” എന്നര്‍ത്ഥമുള്ള എബ്രായ പദത്തില്‍ നിന്ന്) എന്ന് നാമകരണം ചെയ്തു. അതിന് അവന്‍ പറഞ്ഞു കാരണം: ”സങ്കടദേശത്ത് ദൈവം എന്നെ വര്‍ദ്ധിപ്പിച്ചു” (ഉല്പത്തി 41:52).

ജിയോഫിന്റെയും യോസഫിന്റെയും കഥകള്‍ തമ്മില്‍ മൂവായിരമോ നാലായിരമോ വര്‍ഷത്തെ വ്യത്യാസമുണ്ട് എങ്കിലും അവ മാറ്റമില്ലാത്ത ഒരേ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു: നമ്മുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സ്ഥലങ്ങള്‍ പോലും പലരെയും സഹായിക്കാനും അനുഗ്രഹിക്കാനുമുള്ള ഫലഭൂയിഷ്ഠമായ സ്ഥലമായി മാറും. നമ്മുടെ രക്ഷകന്റെ സ്‌നേഹവും ശക്തിയും ഒരിക്കലും മാറില്ല, അവനില്‍ വിശ്വസിക്കുന്നവരോട് അവന്‍ എപ്പോഴും വിശ്വസ്തനാണ്.