‘അത്താഴത്തിന് നന്ദി, ഡാഡി,” ഞാന്‍ ഗ്ലാസ് റെസ്റ്റോറന്റ് മേശപ്പുറത്ത് വെച്ചിട്ടു പറഞ്ഞു. കോളേജില്‍ നിന്ന് ഒരു ഇടവേളയില്‍ ഞാന്‍ വീട്ടില്‍ വന്നതായിരുന്നു. വീട്ടില്‍ നിന്നും പോയി കുറച്ചുനാള്‍ കഴിഞ്ഞതിനാല്‍ എന്റെ മാതാപിതാക്കള്‍ ഇപ്പോഴും എനിക്ക്ുവേണ്ടി പണം മുടക്കുന്നത് വിചിത്രമായി തോന്നി. ”യു ആര്‍ വെല്‍ക്കം, ജൂലി,” ഡാഡി മറുപടി പറഞ്ഞു, ”എങ്കിലും നീ എല്ലായ്‌പ്പോഴും എല്ലാത്തിനും നന്ദി പറയേണ്ടതില്ല. നീ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോയതാണെന്ന് എനിക്കറിയാം, പക്ഷേ നീ ഇപ്പോഴും എന്റെ മകളും കുടുംബത്തിന്റെ ഭാഗവുമാണ്.” ഞാന്‍ പുഞ്ചിരിച്ചു, ”നന്ദി, ഡാഡി.”

എന്റെ കുടുംബത്തില്‍, എന്റെ മാതാപിതാക്കളുടെ സ്‌നേഹം നേടുന്നതിനോ അവര്‍ എനിക്കുവേണ്ടി ചെയ്യുന്നതിന് അര്‍ഹത നേടുന്നതിനോ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, ദൈവിക കുടുംബത്തിന്റെ ഭാഗമാകാനും ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എന്റെ ഡാഡിയുടെ അഭിപ്രായം എന്നെ ഓര്‍മ്മിപ്പിക്കുന്നു.

എഫെസ്യലേഖനത്തില്‍, പൗലൊസ് തന്റെ വായനക്കാരോട് ‘നാം തന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്‌കളങ്കരും ആകേണ്ടതിന്’ (1: 4). അല്ലെങ്കില്‍ ശുദ്ധയും നിഷ്‌കളങ്കയുമായി തനിക്കു തന്നേ
തേജസ്സോടെ മുന്‍നിറുത്തേണ്ടതിന് (5: 25-27) ദൈവം അവരെ തിരഞ്ഞെടുത്തു എന്നു പറയുന്നു. എന്നാല്‍ ഇത് സാധ്യമാകുന്നത് യേശുവിലൂടെയാണ്, ”അവനില്‍ നമുക്ക് അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീെണ്ടടുപ്പ് ഉണ്ട്” (1: 7). നമുക്ക് ദൈവത്തിന്റെ കൃപയോ ക്ഷമയോ അവന്റെ കുടുംബത്തിലേക്കുള്ള പ്രവേശനമോ അധ്വാനിച്ചു നേടേണ്ടതില്ല. അവന്റെ സൗജന്യ ദാനം നാം സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്.

നാം നമ്മുടെ ജീവിതം യേശുവിലേക്ക് തിരിക്കുമ്പോള്‍, നാം ദൈവമക്കളായിത്തീരുന്നു, അതിനര്‍ത്ഥം നമുക്ക് നിത്യജീവന്‍ ലഭിക്കുന്നു, സ്വര്‍ഗത്തില്‍ നമ്മെ കാത്തിരിക്കുന്ന ഒരു അവകാശമുണ്ട്. അത്തരമൊരു അത്ഭുതകരമായ സമ്മാനം നല്‍കിയതിന് ദൈവത്തെ സ്തുതിക്കുക!