പാര്‍ക്കിംഗ് സ്ഥലത്ത് എന്തുകൊണ്ടാണ് ഒരു ഫുട്‌ബോള്‍ വെച്ചിരിക്കുന്നത്? ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ അടുത്തെത്തുമ്പോള്‍, ചാരനിറത്തിലുള്ള വസ്തു ഒരു ഫുട്‌ബോള്‍ അല്ലെന്ന് ഞാന്‍ മനസ്സിലാക്കി: അതൊരു വാത്തയായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുഃഖാര്‍ത്തനായ വാത്ത.
തണുപ്പുള്ള മാസങ്ങളില്‍ എന്റെ ജോലിസ്ഥലത്തിനടുത്തുള്ള പുല്‍ത്തകിടിയില്‍ വാത്തകള്‍ ഒത്തുകൂടും. എന്നാല്‍ ഇന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ, കഴുത്ത് പിന്നിലേക്ക് വളച്ച്, തല ഒരു ചിറകിനടിയില്‍ പൂഴ്ത്തി അതിരുന്നു. നിന്റെ കൂട്ടുകാര്‍ എവിടെ? ഞാന്‍ ചിന്തിച്ചു. പാവം അത് ഒറ്റയ്ക്കായിരുന്നു. അത് വളരെ ഏകാന്തമായി കാണപ്പെട്ടു, അതിന് ഒരു ആലിംഗനം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു.
എന്റെ ഈ ഏകാന്തമായ തൂവല്‍ ചങ്ങാതിയെപ്പോലെ ഒറ്റയ്ക്ക് ഒരു വാത്തയെ ഞാന്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. വാത്തകള്‍ സമൂഹജീവികളാണ്. കാറ്റിനെ വ്യതിചലിപ്പിക്കുന്നതിനായി v ആകൃതിയില്‍ കൂട്ടമായി അവ പറക്കുന്നു. ഒരുമിച്ച് ജീവിക്കുവാന്‍ സൃഷ്ടിക്കപ്പെട്ടവയാണ്് അവ.
മനുഷ്യരെന്ന നിലയില്‍, നാമും സമൂഹത്തിനും വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് (ഉല്പത്തി 2:18 കാണുക). സഭാപ്രസംഗി 4:10-ല്‍, നാം തനിച്ചായിരിക്കുമ്പോള്‍ നാം എത്രത്തോളം ദുര്‍ബലരാണെന്ന് ശലോമോന്‍ വിവരിക്കുന്നു: ”ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാന്‍ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!” എണ്ണത്തില്‍ ശക്തിയുണ്ട്, കാരണം, ”ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്ക് അവനോട് എതിര്‍ത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തില്‍ അറ്റുപോകയില്ല’ (വാ. 12).
ഇത് ശാരീരികമായി എന്നപോലെ ആത്മീയമായും സത്യമാണ്. നാം ഒറ്റയ്ക്ക് ”പറക്കാന്‍” ദൈവം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. പ്രോത്സാഹനത്തിനും ഉന്മേഷത്തിനും വളര്‍ച്ചയ്ക്കും നമുക്ക് പരസ്പര ബന്ധം ആവശ്യമാണ് (1 കൊരിന്ത്യര്‍ 12:21 കൂടി കാണുക).
ജീവിതത്തിന്റെ കൊടുങ്കാറ്റുകള്‍ നമ്മുടെ വഴിയേ വരുമ്പോള്‍ ഒരുമിച്ചാണെങ്കില്‍ നമുക്ക് എതിര്‍ത്തുനില്‍ക്കാന്‍ കഴിയും.