നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജോൺ ബ്ലയ് സ്

ഏറെക്കുറെ ശരി എന്നത് തെറ്റാണ്

ഛായാഗ്രഹണം? നന്നായി ചെയ്തു. കാഴ്ചയ്‌ക്കെങ്ങനെ? വിശ്വസനീയം. ഉള്ളടക്കം? കൗതുകകരവും ജീവിതത്തിൽ നിന്ന് അടർത്തിയെടുത്തതും. പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാൻ രാഷ്ട്രീയ പ്രസ്താവന നടത്തുന്നതായിരുന്നു വീഡിയോ. അത്തരം പ്രസ്താവനകൾ നടത്തുന്ന ഒരു വ്യക്തിയായിരുന്നില്ല അദ്ദേഹം. ഓൺലൈനിൽ പലരും ഇത് സത്യമാണെന്ന് വിശ്വസിച്ചു. ഒരുപക്ഷേ ഇതു നടനിൽ നിന്നുള്ള പുതിയ പ്രഖ്യാപനമായിരിക്കാം എന്നു കരുതി.

എന്നാൽ വൈറലായ ഈ വീഡിയോ സത്യമല്ലായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുകൊണ്ടു നടന്റെ ഡീപ് ഫേക്ക് പ്രതിരൂപം നിർമ്മിച്ചെടുത്തതായിരുന്നു  ആ വീഡിയോ. സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുക എന്ന സ്വാർത്ഥ താല്പര്യത്തോടെ ചെയ്ത പ്രവർത്തിയായിരുന്നു അത്. യഥാർത്ഥത്തിൽ നടൻ ആ പ്രസ്താവനകൾ നടത്തിയിട്ടില്ല. വീഡിയോ വളരെ ആവേശകരമായി തോന്നിയെങ്കിലും, അത് വ്യാജത്തെ  അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

നമ്മുടെ സാങ്കേതികവിദ്യകൾ കാരണം, നുണകൾ പെരുപ്പിച്ചു കാട്ടി അവ സത്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. സത്യവും നുണയും തമ്മിലുള്ള വ്യക്തമായ വ്യത്യാസത്തെക്കുറിച്ച് ദൈവിക ജ്ഞാനത്തിന്റെ സംഗ്രഹമായ സദൃശവാക്യങ്ങളുടെ പുസ്തകം പലപ്പോഴും സംസാരിക്കുന്നു. “സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;” സദൃശവാക്യങ്ങൾ പറയുന്നു, “വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു” (12:19). “ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.” (വാക്യം 20) എന്നു അടുത്ത വാക്യം നമ്മോട് പറയുന്നു.

ദൈവത്തിന്റെ കൽപ്പനകൾക്കു മുതൽ ബോളിവുഡ് അഭിനേതാക്കളെക്കുറിച്ചുള്ള വീഡിയോകൾക്കു വരെ സത്യസന്ധത ബാധകമാണ്. സത്യം “എന്നേക്കും നിലനിൽക്കും.”

ഒരുമിച്ചു പർവ്വതങ്ങൾ കീഴടക്കുക

“വേഗത്തിൽ പോകണമെങ്കിൽ ഒറ്റയ്ക്കു പോകുക. എന്നാൽ ദൂരെ പോകണമെങ്കിൽ ഒരുമിച്ചു പോകുക.” ഈ പഴഞ്ചൊല്ലിന്റെ ചില വകഭേദങ്ങൾ നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്തിരിക്കാം. ഇതൊരു മനോഹരമായ ചിന്തയാണ്, അല്ലേ? എന്നാൽ കേവലം മനോഹരമായ കുറച്ചു വാക്കുകളല്ല, മറിച്ചു സത്യമാണെന്നു നമുക്ക് ഉറപ്പുനൽകുന്ന എന്തെങ്കിലും ശക്തമായ ഗവേഷണങ്ങൾ നടന്നിട്ടുണ്ടോ?

ഉവ്വ്! വാസ്തവത്തിൽ, ഒറ്റയ്ക്കു നിൽക്കുന്നതിൽ നിന്നു വ്യത്യസ്തമായി മറ്റാരുടെയെങ്കിലും കൂടെ നിൽക്കുമ്പോൾ പർവതങ്ങളുടെ വലുപ്പം വളരെ ചെറുതായി ആളുകൾ കണക്കാക്കുന്നതായി ബ്രിട്ടീഷ് ഗവേഷകരും അമേരിക്കൻ ഗവേഷകരും നടത്തിയ അത്തരത്തിലുള്ള ഒരു പഠനം തെളിയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “സാമൂഹിക പിന്തുണ” പ്രധാനമാണ്‌ - അതു നമ്മുടെ മനസ്സിൽ പർവതങ്ങളുടെ വലിപ്പം പോലും ചുരുങ്ങാൻ ഇടയാക്കുന്നു.

യോനാഥാനുമായുള്ള സൗഹൃദത്തിൽനിന്നു അത്തരത്തിലുള്ള പ്രോത്സാഹനം മനോഹരവും പരമാർത്ഥവുമാണെന്നു ദാവീദ് മനസ്സിലാക്കി. ശൗൽ രാജാവിന്റെ അസൂയ നിറഞ്ഞ കോപം ദാവീദിന്റെ ജീവിതകഥയിൽ തന്റെ ജീവനു ഭീഷണയാകും വിധം അതിജീവിക്കാൻ കഴിയാത്ത ഒരു പർവതം പോലെയായിരുന്നു (1 ശമൂവേൽ 19:9-18 കാണുക). ഏതെങ്കിലും തരത്തിലുള്ള പിന്തുണയില്ലെങ്കിൽ - ഈ സാഹചര്യത്തിൽ അവന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ - കഥ വളരെ വ്യത്യസ്തമാകുമായിരുന്നു. എന്നാൽ യോനാഥാൻ, “തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു” (20:34). അവൻ തന്റെ സുഹൃത്തിനൊപ്പം നിലകൊണ്ടു. “അവനെ എന്തിന്നു കൊല്ലുന്നു?” (വാ. 32) എന്നു യോനാഥാൻ ചോദിച്ചു. ദൈവനിശ്ചയ പ്രകാരമുള്ള അവരുടെ സൗഹൃദം ദാവീദിനെ താങ്ങിനിറുത്തി, അവനെ യിസ്രായേലിന്റെ രാജാവാകാൻ അനുവദിച്ചു.

നമ്മുടെ സൗഹൃദങ്ങൾ പ്രധാനമാണ്. ദൈവം അതിന്റെ കേന്ദ്രത്തിൽ ആയിരിക്കുമ്പോൾ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്കു പരസ്പരം പ്രേരിപ്പിക്കാൻ സാധിക്കും.

വീണ്ടെടുക്കൽ പരിശീലനം

ഒരു കഥ പറയുന്നതിനിടയിൽ എപ്പോഴെങ്കിലും ഒരു പേരോ തീയതിയോ പോലുള്ള വിശദാംശങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ നിങ്ങൾക്കു നിർത്തേണ്ടി വന്നിട്ടുണ്ടോ? കാലക്രമേണ ഓർമ്മകൾ മങ്ങും എന്നു വിശ്വസിച്ചുകൊണ്ടു നമ്മളതിനെ പ്രായമേറുന്നതിൽ ആരോപിക്കാറുണ്ട്. എന്നാൽ സമീപകാല പഠനങ്ങൾ ആ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നില്ല. വാസ്തവത്തിൽ, നമ്മുടെ ഓർമ്മശക്തിക്കല്ല പ്രശ്നമെന്നു അവ സൂചിപ്പിക്കുന്നു; ആ ഓർമ്മകൾ വീണ്ടെടുക്കാനുള്ള നമ്മുടെ കഴിവിനാണു പ്രശ്നം. ഏതെങ്കിലും തരത്തിലുള്ള പതിവു പ്രവർത്തനങ്ങൾ ഇല്ലാതെ, ഓർമ്മകൾ വീണ്ടെടുക്കുക പ്രയാസമാണ്.

പതിവായി നിശ്ചിത സമയത്ത് ഒരു നിശ്ചിത ഓർമ്മ ഓർത്തെടുക്കുന്ന പ്രവർത്തനങ്ങളോ അനുഭവങ്ങളോ നടത്തുന്നതാണു ആ വീണ്ടെടുക്കൽ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം. നമ്മുടെ സ്രഷ്ടാവായ ദൈവത്തിന് ഇത് അറിയാമായിരുന്നു. അതിനാൽ ആരാധനയ്ക്കും വിശ്രമത്തിനുമായി ആഴ്ചയിൽ ഒരു ദിവസം മാറ്റിവയ്ക്കാൻ അവൻ യിസ്രായേൽമക്കളോട് നിർദ്ദേശിച്ചു. അത്തരമൊരു വിശ്രമത്തിൽ നിന്ന് ലഭിക്കുന്ന ശാരീരിക വിശ്രമത്തിന് പുറമേ, മാനസിക പരിശീലനത്തിനുള്ള അവസരവും നമുക്ക് ലഭിക്കുന്നു. “ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി” (പുറപ്പാട് 20:11) എന്നത് ഓർത്തെടുക്കാൻ അതു നമുക്ക് അവസരം നൽകുന്നു. ഒരു ദൈവമുണ്ടെന്നും ഇതൊന്നും നമ്മുടെ കഴിവല്ല എന്നും ഓർമ്മിക്കാൻ അത് നമ്മെ സഹായിക്കുന്നു.

നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ദൈവം ചെയ്ത കാര്യങ്ങളുടെ ഓർമ്മകൾ നമ്മുടെ ജീവിതത്തിന്റെ തിരക്കിനിടയിൽ ചിലപ്പോഴൊക്കെ നമുക്കു നഷ്ടമായേക്കാം. നമ്മുടെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ആരാണെന്നും നമുക്ക് അമിതഭാരവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ തന്റെ സാന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്നവൻ ആരാണെന്നും നാം മറന്നുപോയേക്കാം. ഒഴിച്ചുകൂടാനാകാത്ത “വീണ്ടെടുക്കൽ പരിശീലനത്തിന്”, നമ്മുടെ ദിനചര്യയിൽ നിന്നുള്ള ഒരു ഇടവേള നമുക്ക് അവസരം നൽകുന്നു - മറ്റു കാര്യങ്ങൾക്ക് ഒരു വിരാമം നൽകിക്കൊണ്ടു നമ്മുടെ ദൈവത്തെ ഓർക്കാനും “അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു” (സങ്കീർത്തനങ്ങൾ 103:2) എന്നത് പ്രവർത്തികമാക്കാനുമുള്ള മനഃപൂർവമായ ഒരു തീരുമാനുള്ള അവസരമാണിത്‌.

 

നാലു വാക്കുകളിൽ ഒരു ജീവിതം

ജെ. ഐ. പാക്കർ എന്നറിയപ്പെടുന്ന ജെയിംസ് ഇന്നൽ പാക്കർ 2020-ൽ തന്റെ തൊണ്ണൂറ്റി നാലാമത്തെ ജന്മദിനത്തിന് വെറും അഞ്ചു ദിവസം ബാക്കിനിൽക്കെ മരണപ്പെട്ടു. പണ്ഡിതനും എഴുത്തുകാരനുമായ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം, നോയിംഗ് ഗോഡ്, 1.5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. വേദപുസ്തക ആധികാരികത, ശിഷ്യത്വ-രൂപീകരണം എന്നി വിഷയങ്ങളിൽ അഗാധ പണ്ഡിതനായിരുന്ന പാക്കർ യേശുവിനു വേണ്ടി ജീവിക്കുന്നതു ഗൗരവമായി എടുക്കാൻ ലോകത്തെമ്പാടുമുള്ള ക്രിസ്തു വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നു. സഭയോടുള്ള തന്റെ അവസാന വാക്കുകൾക്കായി ജീവിതത്തിന്റെ വൈകിയ വേളയിൽ അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി. പാക്കറിന് ഒരു വരി മാത്രമേ ഉണ്ടായിരുന്നുള്ളൂ പറയാൻ, വെറും നാലു വാക്കുകൾ: “എല്ലാ വിധത്തിലും ക്രിസ്തുവിനെ മഹത്വപ്പെടുത്തുക.”

നാടകീയമായ തന്റെ മാനസാന്തരത്തിനുശേഷം, തന്റെ മുമ്പിലുള്ള വേല വിശ്വസ്തതയോടെ ചെയ്യാൻ ഒരുങ്ങുകയും ഫലങ്ങൾക്കായി ദൈവത്തിൽ ആശ്രയിക്കുകയും ചെയ്ത അപ്പൊസ്തലനായ പൗലൊസിന്റെ ജീവിതത്തെയാണ് ആ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്. റോമർക്കെഴുതിയ ലേഖനത്തിൽ കാണപ്പെടുന്ന പൗലൊസിന്റെ വാക്കുകൾ, പുതിയ നിയമത്തിൽ ഏറ്റവും കൂടുതൽ ദൈവശാസ്ത്രം നിറഞ്ഞിരിക്കുന്നവയാണ്. അപ്പൊസ്തലൻ എഴുതിയതുമായി ചേർന്നുനിന്നു കൊണ്ടു പാക്കർ സംഗ്രഹിക്കുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു… കൃപ നല്കുമാറാകട്ടെ” (റോമർ 15:5-6).

പൗലൊസിന്റെ ജീവിതം നമുക്കൊരു മാതൃകയാണ്. നമുക്കു പല തരത്തിൽ ദൈവത്തെ മഹത്വപ്പെടുത്താൻ (ആദരിക്കാൻ) കഴിയുമെങ്കിലും നമുക്കു മുന്നിൽ വെച്ചിരിക്കുന്ന ജീവിതം നയിക്കുകയും അതിന്റെ ഫലങ്ങൾ ദൈവത്തിന്റെ മാറ്റമില്ലാത്ത കരങ്ങളിൽ ഏൽപ്പിക്കുകയും ചെയ്യുക എന്നതാണ് അതിൽ ഏറ്റവും മികച്ച ഒന്ന്. പുസ്തകങ്ങൾ എഴുതുകയോ മിഷനറി യാത്രകൾ നടത്തുകയോ പ്രാഥമിക വിദ്യാഭ്യാസം നൽകുകയോ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുകയോ ചെയ്താലും അതിന്റെയെല്ലാം ലക്ഷ്യം ഒന്നാണ്: ക്രിസ്തുവിനെ എല്ലാ വിധത്തിലും മഹത്വപ്പെടുത്തുക! നാം പ്രാർത്ഥിക്കുകയും തിരുവെഴുത്ത് വായിക്കുകയും ചെയ്യുമ്പോൾ, അർപ്പണബോധത്തോടെയുള്ള അനുസരണയിൽ ജീവിക്കാനും നാം പറയുന്നതും ചെയ്യുന്നതുമായ എല്ലാറ്റിലും യേശുവിനെ മഹത്വപ്പെടുത്തുന്നതിനായി നമ്മുടെ ദൈനംദിന ജീവിതം ഉപയോഗപ്പെടുത്താനും ദൈവം നമ്മെ സഹായിക്കുന്നു. 

ദാഹവും കൃതജ്ഞതയും

ഞാനും രണ്ട് സുഹൃത്തുക്കളും എപ്പോഴും മലകയറുവാൻ ആഗ്രഹിച്ചിരുന്നു. ഒരു ദിവസം ഞങ്ങൾ മലകയറ്റം ആരംഭിക്കുന്നതിന് മുമ്പ്,  ആവശ്യത്തിന് വെള്ളം ഉണ്ടോ എന്ന് സംശയമുണ്ടായിരുന്നു. ആശങ്കപ്പെട്ടതുപോലെ വെള്ളം വേഗത്തിൽ തീർന്നു. മുകളിലെത്താൻ  കുറെ ദൂരമുള്ളപ്പോൾ  ഞങ്ങളുടെ വെള്ളം പൂർണ്ണമായും തീർന്നു. ഞങ്ങൾ കിതയ്ക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. പിന്നെ ഞങ്ങൾ ഒരു വളവ് തിരിയുമ്പോൾ ഒരു അത്ഭുതം കണ്ടു. പാറയുടെ ഒരു പിളർപ്പിൽ മൂന്ന് വെള്ളക്കുപ്പികൾ, ഒരു കുറിപ്പോടു കൂടി, സൂക്ഷിച്ചുവച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു: “നിങ്ങൾക്ക് ഇത് ആവശ്യമാണെന്ന് അറിയാമായിരുന്നു. കുടിച്ചോളൂ!" ഞങ്ങൾ വിശ്വസിക്കാനാകാതെ പരസ്പരം നോക്കി, ദൈവത്തോട് നന്ദി പറഞ്ഞു, വളരെ ആവശ്യമുള്ള രണ്ട് കവിൾ കുടിച്ചിട്ട്, തുടർന്ന് അവസാനത്തെ കയറ്റത്തിലേക്ക് പുറപ്പെട്ടു. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും അത്രമാത്രം ദാഹിക്കുകയും നന്ദിയുള്ളവനാകുകയും ചെയ്തിട്ടില്ല.

സങ്കീർത്തനക്കാരന് ഒരു പർവ്വതാരോഹണത്തിന്റെ അനുഭവം ഉണ്ടായിരുന്നില്ല, പക്ഷേ ദാഹവും ഭയവും ഉള്ളപ്പോൾ ഒരു മാൻ എങ്ങനെ പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. "മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നു" (സങ്കീർത്തനം 42:1)—ദാഹവും വിശപ്പും മനസ്സിലേക്ക് കൊണ്ടുവരുന്ന ഒരു വാക്ക്. സാഹചര്യം മാറിയില്ലെങ്കിൽ നിങ്ങൾ മരിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നു. സങ്കീർത്തനക്കാരൻ മാനുകളുടെ ദാഹത്തിന്റെ അളവിനെ, ദൈവത്തോടുള്ള അവന്റെ ആഗ്രഹത്തിന് തുല്യമാക്കുന്നു: അതുപോലെ "എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു" (വാക്യം 1).

വളരെ ആവശ്യമായ വെള്ളം പോലെ, ദൈവം നമ്മുടെ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അവൻ നമ്മുടെ തളർന്ന ജീവിതത്തിന് പുതുശക്തിയും നവോന്മേഷവും നൽകുന്നതിനാൽ, അനുദിന യാത്രയിൽ എന്തുതന്നെ വന്നാലും നേരിടാൻ നമ്മെ സജ്ജരാക്കുന്നു.

 

ഒരു മുതിർന്നയാളിൽ നിന്നുള്ള ഉപദേശം

“ഞാൻ ഖേദിക്കുന്ന കാര്യങ്ങൾ?’’ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനായ ജോർജ്ജ് സോണ്ടേഴ്‌സ് 2013-ൽ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ തന്റെ ബിരുദാന പ്രസംഗത്തിൽ ഉത്തരം നൽകിയ ചോദ്യമാണിത്. തന്റെ ഉദാഹരണങ്ങളിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ ചെറുപ്പക്കാർക്കു (ബിരുദധാരികൾ) കഴിയേണ്ടതിന് ജീവിതത്തിൽ തനിക്ക് ഉണ്ടായ ഒന്നോ രണ്ടോ പശ്ചാത്താപങ്ങൾ പങ്കുവെക്കുന്ന പ്രായമായ ഒരാളുടെ (സോണ്ടേഴ്‌സ്) സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ദരിദ്രനായതും അതികഠിനമായ ജോലി ചെയ്യുന്നതും പോലെയുള്ള കാര്യങ്ങളിലായിരിക്കും താൻ ഖേദിക്കുന്നതെന്നായിരിക്കും ആളുകൾ കരുതുന്നത്, അദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ താൻ ഖേദിക്കുന്നില്ലെന്നും താൻ ഖേദിക്കുന്നത് ദയ കാണിക്കാൻ പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു - ആരോടെങ്കിലും ദയ കാണിക്കേണ്ട അവസരങ്ങളിൽ താൻ അവരെ കടന്നുപോയതിനെക്കുറിച്ച് - എന്നും അദ്ദേഹം പറഞ്ഞു.

ഈ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലെ വിശ്വാസികൾക്ക് എഴുതി: ക്രിസ്തീയ ജീവിതം എങ്ങനെയിരിക്കും? ഒരു പ്രത്യേക രാഷ്ട്രീയ വീക്ഷണം, ചില പുസ്തകങ്ങളോ സിനിമകളോ ഒഴിവാക്കുക, ഒരു പ്രത്യേക രീതിയിൽ ആരാധിക്കുക എന്നിങ്ങനെയുള്ളതായിരിക്കും നമ്മുടെ ഉത്തരങ്ങൾ. എന്നാൽ പൗലൊസിന്റെ സമീപനം അദ്ദേഹത്തെ സമകാലിക വിഷയങ്ങളിൽ പരിമിതപ്പെടുത്തിയില്ല. “മോശം സംസാരത്തിൽ’’ നിന്നു (എഫെസ്യർ 4:29) വിട്ടുനിൽക്കുന്നതിനെക്കുറിച്ചും കൈപ്പും കോപവും പോലുള്ള കാര്യങ്ങളിൽ നിന്ന് നമ്മെത്തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചും അവൻ പരാമർശിക്കുന്നു (വാ. 31). എന്നിട്ട് തന്റെ ''പ്രസംഗം'' ഉപസംഹരിച്ചുകൊണ്ട് അവൻ എഫെസ്യരോടും നമ്മോടും പറയുന്നു, ''നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായിരിക്കുക'' (വാക്യം 32). അതിനു പിന്നിലെ കാരണം ക്രിസ്തുവിൽ ദൈവം നിങ്ങളോട് ക്ഷമിച്ചു എന്നതാണ്.

യേശുവിലുള്ള ജീവിതത്തിന്റെ സവിശേഷത എന്ന് നാം വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളിലും, തീർച്ചയായും അവയിലൊന്ന് ദയ ആയിരിക്കണം.

 

യേശുവിനെപ്പോലെ സ്നേഹിക്കുക

അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചിരുന്നു—ഇറ്റലിയിലെ കാസ്നിഗോയിലെ ഡോൺ ഗ്യൂസെപ്പി ബെരാർഡെല്ലിയെ വിവരിക്കാൻ ഉപയോഗിച്ച വാക്കുകളായിരുന്നു അവ. ഒരു പഴയ മോട്ടോർബൈക്കിൽ പട്ടണത്തിൽ ചുറ്റിക്കറങ്ങുകയും എല്ലായ്പ്പോഴും "സമാധാനവും നന്മയും" എന്ന അഭിവാദ്യത്തോടെ നടക്കുകയും ചെയ്ത ഒരു പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഡോൺ. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ, കൊറോണ ബാധിച്ചതോടെ വഷളായി; അപ്പോൾ, അദ്ദേഹത്തിന്റെ സ്നേഹിതർ അദ്ദേഹത്തിവേണ്ടി ഒരു ശ്വസനസഹായി വാങ്ങി. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ വഷളായപ്പോൾ അദ്ദേഹം ശ്വസന ഉപകരണങ്ങൾ നിരാകരിക്കുകയും പകരം ആവശ്യമുള്ള ഒരു ചെറുപ്പക്കാരനായ രോഗിക്ക് അത് ലഭ്യമാക്കാൻ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിരാകരണം കേട്ടപ്പോൾ ആരും ആശ്ചര്യപ്പെട്ടില്ല, കാരണം അത് മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ മുൻപിൽ നിന്ന ആ വക്തിയുടെ സ്വഭാവമായിരുന്നു.

സ്നേഹിച്ചതുമൂലം സ്നേഹിക്കപ്പെട്ടു, ഇതാണ് അപ്പോസ്തലനായ യോഹന്നാന്റെ സുവിശേഷത്തിലുടനീളം മുഴങ്ങുന്ന സന്ദേശം. സ്നേഹിക്കപ്പെടുന്നതും മറ്റുള്ളവരെ സ്നേഹിക്കുന്നതും ഒരു പള്ളിമണി പോലെയാണ്, അത് കാലാവസ്ഥാ ഭേദമെന്യേ രാപ്പകൽ മുഴങ്ങുന്നു.  യോഹന്നാൻ 15-ൽ ഇത്  വളരെ പാരമ്യത്തിലെത്തുന്നു. കാരണം എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നതല്ല, എല്ലാവരെയും സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. "സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല." (വാ. 13).

ത്യാഗപരമായ സ്നേഹത്തിന്റെ മാനുഷിക ഉദാഹരണങ്ങൾ എല്ലായ്പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു. എന്നിട്ടും ദൈവത്തിന്റെ മഹത്തായ സ്നേഹവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ നിറം മങ്ങിയതാകുന്നു. ദൈവസ്നേഹം നമ്മെ വെല്ലുവിളിക്കുന്നു, കാരണം യേശു കൽപിക്കുന്നു "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക" (വാ. 12). അതെ, എല്ലാവരേയും സ്നേഹിക്കുക.

സഹായത്തിനായി ദൈവത്തോടുള്ള നിലവിളി

അഡോപ്റ്റഡ് ഫോർ ലൈഫ് എന്ന തന്റെ പുസ്തകത്തിൽ, ഡോ. റസ്സൽ മൂർ ഒരു കുട്ടിയെ ദത്തെടുക്കാൻ തന്റെ കുടുംബം ഒരു അനാഥാലയത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് വിവരിക്കുന്നു. അവർ നഴ്സറിയിൽ പ്രവേശിച്ചപ്പോൾ അവിടത്തെ നിശബ്ദത അവരെ ഞെട്ടിച്ചുകളഞ്ഞു. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങൾ ആരും കരയുന്നില്ല. അവർക്ക് ഒന്നും ആവശ്യമില്ലാത്തതുകൊണ്ടല്ല, മറിച്ച്, കരഞ്ഞാലും ആരും ശ്രദ്ധിക്കുകയില്ലെന്ന് അവർ മനസ്സിലാക്കിയതുകൊണ്ടാണ്.

ആ വാക്കുകൾ വായിച്ചപ്പോൾ എന്റെ ഹൃദയം വേദനിച്ചു. ഞങ്ങളുടെ കുട്ടികൾ ചെറുതായിരുന്നപ്പോളുള്ള അനേകം രാത്രികൾ ഞാൻ ഓർക്കുന്നു. ഞാനും ഭാര്യയും നല്ല ഉറക്കത്തിലായിരിക്കും. അപ്പോൾ, "ഡാഡീ, എനിക്ക് സുഖമില്ല!" അല്ലെങ്കിൽ, "മമ്മീ, എനിക്ക് പേടിയാകുന്നു!" എന്ന നിലവിളി കേട്ട് ഞങ്ങൾ ഞെട്ടി ഉണർന്ന്, ഞങ്ങളിൽ ഒരാൾ പെട്ടെന്ന് അവരുടെ ബെഡ്റൂമിലേക്ക് ഓടിച്ചെന്ന് അവരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യും. അവരുടെ മാതാപിതാക്കൾ അവരെ സ്നേഹിക്കുന്നു എന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണ് അവർ കരയുന്നത്.

സങ്കീർത്തനങ്ങളിൽ അധികവും ദൈവത്തോടുള്ള നിലവിളികൾ, അല്ലെങ്കിൽ വിലാപങ്ങളാണ്. ദൈവത്തിന് തങ്ങളോടുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ തങ്ങളുടെ വിലാപങ്ങൾ അവന്റെ അടുക്കൽ കൊണ്ടുവന്നത്. ദൈവം തന്റെ "ആദ്യജാതൻ" (പുറപ്പാട് 4:22) എന്ന് വിളിച്ചിരുന്ന ഒരു ജനമായിരുന്ന ഇവർ, അതനുസരിച്ച് പ്രവർത്തിക്കാൻ അവർ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. അത്തരം പൂർണ്ണമായ ആശ്രയം സങ്കീർത്തനം 25-ൽ കാണാം: “എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ;... എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.” (വാ. 16-17). പരിപാലകന്റെ സ്നേഹത്തിൽ ആത്മവിശ്വാസമുള്ള കുട്ടികൾ കരയുന്നു. യേശുവിൽ വിശ്വസിക്കുന്ന ദൈവമക്കൾ എന്ന നിലയിൽ അവനെ വിളിക്കാനുള്ള അവകാശം അവൻ നമുക്ക് നൽകിയിട്ടുണ്ട്. അവന്റെ മഹാസ്നേഹത്താൽ അവൻ കേൾക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

നമ്മുടെ സങ്കേതം

വടക്കെ അമേരിക്കയിൽ കാട്ടുപോത്തുകൾ വിഹരിച്ചിരുന്ന ഒരു സ്ഥലം. യഥാർത്ഥത്തിൽ അവ മാത്രമായിരുന്നു തുടക്കത്തിൽ അവിടെയുണ്ടായിരുന്നത്. കുടിയേറ്റക്കാർ കന്നുകാലികളും കൃഷിയുമായി അവിടെയെത്തുന്നതുവരെ സമതല ഇന്ത്യക്കാർ കാട്ടുപോത്തുകളെ വോട്ടയാടി. പിന്നീട്, രണ്ടാം ലോകമഹായുദ്ധ കാലത്തെ പേൾ ഹാർബറിനുശേഷം ഈ ഭൂമി ഒരു രാസവസ്തു നിർമ്മാണ ശാല പ്രവർത്തിക്കുന്ന സ്ഥലമായി മാറി. പിന്നീട് ശീതയുദ്ധകാലത്തെ ആയുധ നിരായുധീകരണ കേന്ദ്രമായി. എന്നാൽ ഒരു ദിവസം അവിടെ കഷണ്ടിത്തലയൻ കഴുകന്മാരുടെ കൂട്ടത്തെ കണ്ടെത്തി, താമസിയാതെ റോക്കി മൗണ്ടൻ ആഴ്‌സണൽ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ് ജനിച്ചു - കൊളറാഡോയിലെ ഡെൻവർ മെട്രോപോലീസിന്റെ അരികിലുള്ള പതിനയ്യായിരം ഏക്കർ വിസ്തൃതിയുള്ള പുൽപ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, വനഭൂമി എന്നിവ ഉൾപ്പെട്ട ആവാസ വ്യവസ്ഥയായിരുന്നു അത്. ഇത് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ, നഗരവല്ക്കരണത്തിൽ നിന്നുള്ള അഭയകേന്ദ്രങ്ങളിൽ അല്ലെങ്കിൽ സങ്കേതങ്ങളിൽ ഒന്നാണ്. മുന്നൂറിലധികം ഇനം പക്ഷിമൃഗാദികളുടെ സുരക്ഷിതമായ, സംരക്ഷിത ഭവനമാണത്. കറുത്ത കാലുള്ള ഫെററ്റുകൾ മുതൽ മാളത്തിൽ പാർക്കുന്ന മൂങ്ങകൾ മുതൽ കഷണ്ടി കഴുകന്മാർ വരെ - നിങ്ങൾ ഊഹിച്ചത് ശരിയാണ്: കാട്ടുപോത്തികളുടെയും അഭയകേന്ദ്രം.

“ദൈവം നമുക്കു സങ്കേതമാകുന്നു” (62:8) എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ഏതൊരു ഭൗമിക സങ്കേതത്തേക്കാളും വളരെ വലുതായി ദൈവം നമ്മുടെ യഥാർത്ഥ സങ്കേതമാണ്. സുരക്ഷിതവും സംരക്ഷിതവുമായ സാന്നിധ്യമാണ്. അതിൽ “നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നു” (പ്രവൃത്തികൾ 17:28). “എല്ലാ സമയത്തും” നമുക്ക് ആശ്രയിക്കാൻ കഴിയുന്ന നമ്മുടെ സങ്കേതമാണ് അവൻ (സങ്കീർത്തനം 62:8). നമ്മുടെ എല്ലാ പ്രാർത്ഥനകളും ധൈര്യത്തോടെ കൊണ്ടുവരാൻ കഴിയുന്ന നമ്മുടെ സങ്കേതമാണ് അവൻ.

ദൈവം നമ്മുടെ സങ്കേതമാണ്. അവൻ ആദിയിൽ ആരായിരുന്നോ, ഇപ്പോഴും അതുതന്നെയാണ്, എന്നും അങ്ങനെതന്നെയായിരിക്കും.

ബന്ധപ്പെട്ടിരിക്കുക

ആഴ്ചയിലൊരിക്കൽ അമ്മയെ വിളിക്കുന്നത് മഡലീൻ എൽ'എൻഗിൾ ഒരു ശീലമാക്കി. അവളുടെ അമ്മ പികൂടുതൽ വാർദ്ധക്യത്തിലേക്കു നീങ്ങിയപ്പോൾ, ആ പ്രിയപ്പെട്ട ആത്മീയ എഴുത്തുകാരി അമ്മയുമായുള്ള ബന്ധം ''ശക്തിപ്പെടുത്താൻ വേണ്ടി'' കൂടുതൽ തവണ വിളിച്ചു. അതുപോലെ, മാഡലീൻ തന്റെ മക്കളെ വിളിക്കാനും ആ ബന്ധം നിലനിർത്താനും ഇഷ്ടപ്പെട്ടു. ചിലപ്പോഴൊക്കെ കാര്യമായ ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ ഒരു നീണ്ട സംഭാഷണമായിരുന്നു അത്. മറ്റ് സമയങ്ങളിൽ ഫോൺനമ്പർ ഇപ്പോഴും സാധുതയുള്ളതാണെന്ന് ഉറപ്പുവരുത്താനുള്ള ഒരു കോൾ മാത്രമാകും. അവൾ തന്റെ വാക്കിംഗ് ഓൺ വാട്ടർ എന്ന പുസ്തകത്തിൽ എഴുതിയതുപോലെ, ''കുട്ടികൾ സമ്പർക്കം പുലർത്തുന്നത് നല്ലതാണ്. കുട്ടികളായ നമുക്കെല്ലാവർക്കും പിതാവുമായി സമ്പർക്കം പുലർത്തുന്നത് അതിലേറെ നല്ലതാണ്.''

മത്തായി 6:9-13-ലെ കർത്താവിന്റെ പ്രാർത്ഥന നമ്മിൽ മിക്കവർക്കും പരിചിതമാണ്. എന്നാൽ അതിനുമുമ്പുള്ള വാക്യങ്ങൾ വളരെ പ്രധാനമാണ്, കാരണം അവ തുടർന്നുള്ള കാര്യങ്ങൾക്ക പശ്ചാത്തലമൊരുക്കുന്നു. നമ്മുടെ പ്രാർഥനകൾ ''മറ്റുള്ളവർ കാണുന്നതിനായി'' (വാ. 5) പ്രകടനമാകരുത്. നമ്മുടെ പ്രാർത്ഥനകൾ എത്ര ദൈർഘ്യമുള്ളതായിരിക്കണം എന്നതിന് ഒരു പരിധിയുമില്ലെങ്കിലും, 'അതിഭാഷണം' (വാ. 7) സ്വയമേവ ഗുണമേന്മയുള്ള പ്രാർത്ഥനയ്ക്ക് തുല്യമാകില്ല. '[നാം] അവനോട് യാചിക്കുംമുമ്പ്'' (വാ. 8) നമ്മുടെ ആവശ്യം അറിയുന്ന നമ്മുടെ പിതാവുമായി പതിവായി സമ്പർക്കം പുലർത്തുന്നതിനാണ് ഊന്നൽ നൽകുന്നത്. നമ്മുടെ പിതാവുമായി സമ്പർക്കം പുലർത്തുന്നത് എത്ര നല്ലതാണെന്ന് യേശു ഊന്നിപ്പറയുന്നു. എന്നിട്ട് നമ്മോട് നിർദ്ദേശിക്കുന്നു: 'നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ' (വാ.9).

പ്രാർത്ഥന ഒരു നല്ലതും സുപ്രധാനവുമായ തിരഞ്ഞെടുപ്പാണ്, കാരണം അത് നമ്മുടെ എല്ലാവരുടെയും പിതാവും ദൈവവുമായവനുമായുള്ള ബന്ധം നിലനിർത്തുന്നു.