പ്രോത്സാഹനത്തിന്റെ ജലം
ഞാൻ അതിനെ "പച്ചപ്പിന്റെ അദ്ഭുതം" എന്ന് വിളിക്കുന്നു. പതിനഞ്ച് വർഷത്തിലേറെയായി എല്ലാ വസന്തകാലത്തും ഇത് സംഭവിക്കുന്നു. ശൈത്യമാസങ്ങൾ കഴിയുമ്പോൾ, ഞങ്ങളുടെ മുറ്റത്തെ പുല്ല് പൊടി നിറഞ്ഞതും തവിട്ടുനിറമുള്ളതുമായിരിക്കും, അതിനാൽ, ഒരു സാധാരണ വഴിപോക്കൻ അത് മരിച്ചുവെന്ന് വിശ്വസിച്ചേക്കാം. അമേരിക്കയിലെ ഒരു പടിഞ്ഞാറൻ സംസ്ഥാനമായ കൊളറാഡോയിൽ പർവതങ്ങളിൽ മഞ്ഞുണ്ട്, പക്ഷേ സമതലങ്ങളിലെ കാലാവസ്ഥ വരണ്ടതാണ്, ഏറ്റവും ചൂടുള്ള മാസങ്ങളിൽ വരൾച്ച ഉണ്ടാവാനും സാദ്ധ്യതയുണ്ട്. എല്ലാ വർഷവും മെയ് അവസാനത്തോടെ, ഞാൻ സ്പ്രിംഗളറുകൾ ഓണാക്കും - വലിയ അളവിലുള്ള വെള്ളമല്ല, മറിച്ച് ചെറുതും സ്ഥിരവുമായ നനവ്. ഏകദേശം രണ്ടാഴ്ച്ചക്കുള്ളിൽ, ഉണങ്ങിയതും തവിട്ടു നിറമുള്ളതുമായ പുല്ല് സമൃദ്ധവും പച്ചനിറമുള്ളതും ആയി മാറുന്നു.
ആ പച്ചപ്പിന്റെ പ്രോത്സാഹനം എത്ര വിലയേറിയതാണെന്ന് ഞാൻ ഓർക്കുന്നു. ചിലപ്പോഴൊക്കെ, നമ്മുടെ ജീവിതവും വിശ്വാസവും ആ നിർജീവമായ പുല്ലിനെ പോലെയാകാം. എന്നാൽ സ്ഥിരമായ പ്രോത്സാഹനത്തിന് നമ്മുടെ ഹൃദയങ്ങളോടും മനസ്സുകളോടും ആത്മാവുകളോടും എന്തു ചെയ്യാൻ കഴിയും എന്നത് അതിശയകരമാണ്. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ ആദ്യ ലേഖനം ഈ സത്യം ഊന്നിപ്പറയുന്നു. ജനങ്ങൾ ആശങ്കയോടും ഭയത്തോടും മല്ലിടുകയായിരുന്നു. അവരുടെ വിശ്വാസം ബലപ്പെടുത്തേണ്ടതുണ്ടെന്ന് പൗലൊസ് കണ്ടു. പരസ്പരം പ്രബോധിപ്പിക്കുകയും തമ്മിൽ ആത്മികവർധന വരുത്തുകയും ചെയ്യുന്ന നല്ല പ്രവൃത്തി തുടരാൻ അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു (1 തെസ്സ. 5:11). അത്തരം നവോന്മേഷം ഇല്ലെങ്കിൽ അവരുടെ വിശ്വാസം ഉണങ്ങുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പൗലൊസ് ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്, കാരണം അതേ തെസ്സലൊനീക്യ വിശ്വാസികൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്തിരുന്നു. നിങ്ങൾക്കും എനിക്കും ഇതുപോലെ അവസരമുണ്ട്, പ്രോത്സാഹിപ്പിക്കുവാൻ - പരസ്പരം വളരാനും പൂവിടാനും സഹായിക്കുവാൻ.
എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു
"എനിക്കറിയാം അവർ എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന്. പക്ഷെ എനിയ്ക്കു പറയാനുള്ളത്....." ഞാൻ ഒരു കുട്ടിയായിരിക്കുമ്പോൾ എന്റെ മാതാവ് ഇത് പ്രസംഗിക്കുന്നത് ഞാൻ ആയിരം തവണ കേട്ടിട്ടുണ്ട്. സമപ്രായക്കാരുടെ ഇടയിലുള്ള സമ്മർദ്ദമായിരുന്നു അതിന്റെ പശ്ചാത്തലം. കൂട്ടത്തെ പിന്തുടരുതെന്നു എന്റെ മാതാവ് എന്നെ മനസ്സിലാക്കിത്തരാൻ ശ്രമിക്കുകയായിരുന്നു. ഞാൻ ഇപ്പോൾ ഒരു കൊച്ചു കുട്ടിയല്ല, . കൂട്ടത്തിന്റെ സ്വഭാവം ഇപ്പോഴും ഊർജ്ജസ്വലമായുണ്ട്. "പോസിറ്റീവ് ആൾക്കാരുമായി മാത്രം ഇടപഴകുക" ഈ പദപ്രയോഗമായിരുന്നു" നിലനിന്നിരുന്ന ഒരു ഉദാഹരണം. ഇന്ന് ഈ പദപ്രയോഗം സാധാരണയായി കേട്ടുവരുന്നു. എന്നാൽ നമ്മൾ ചോദിക്കേണ്ട ഒന്നുണ്ട് "ഇത് ക്രൈസ്തവമാണോ"?
“എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു. . .” മത്തായി 5-ൽ യേശു ആ തലക്കെട്ട് - നിരവധി തവണ ഉപയോഗിച്ചിരിക്കുന്നു. ഈ ലോകം നിരന്തരം നമ്മോട് എന്താണ് പറയുന്നതെന്ന് അവന് നന്നായി അറിയാം. എന്നാൽ നാം വ്യത്യസ്തമായി ജീവിക്കണമെന്നാണ് അവന്റെ ആഗ്രഹം. ഈ സാഹചര്യത്തിൽ, അവൻ പറയുന്നു," നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക" (വാക്യം 44). പിന്നീട് പുതിയ നിയമത്തിൽ, അപ്പോസ്തലനായ പൗലോസ് ആ വാക്ക് തന്നെ ഉപയോഗിക്കുന്നത് ആരെ ഉദ്ദേശിച്ചായിരിക്കാം? അതെ: നമ്മളെ തന്നെയാണ് - കുറച്ചുകൂടി മുന്നോട്ടു ചിന്തിച്ചാൽ "നാം ദൈവത്തിന്റെ ശത്രുക്കളായിരിക്കെ" (റോമർ 5:10). "ഞാൻ പറയുന്നതുപോലെ ചെയ്യുക, ഞാൻ ചെയ്യുന്നതുപോലെയല്ല” യേശു തന്റെ വാക്കുകളെ പ്രവർത്തനങ്ങളിലൂടെ ഉറപ്പിച്ചു. അവൻ നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി തന്റെ ജീവൻ നൽകുകയും ചെയ്തു.
ക്രിസ്തു തന്റെ ജീവിതത്തിൽ "പോസിറ്റീവ് ആളുകൾക്ക്" മാത്രം ഇടം നൽകിയിരുന്നെങ്കിൽ? അത് നമ്മെ എവിടെ എത്തിച്ചേനെ? അവന്റെ സ്നേഹം വ്യക്തികളെ ബഹുമാനിക്കുന്നില്ല എന്നതിന് ദൈവത്തിന് നന്ദി. എന്തെന്നാൽ, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു, അവന്റെ ശക്തിയാൽ നാമും അങ്ങനെ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു.
ദൈവത്തിന്റെ ഉറപ്പായ പിന്തുടരൽ
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരാൾ എനിക്ക് ഒരു ബ്ലോക്ക് മുമ്പിലായി നടക്കുകയായിരുന്നു. അയാളുടെ കൈയിൽ നിറയെ പൊതികൾ ഉള്ളത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. പൊടുന്നനെ അയാളുടെ കാലിടറി, പൊതികൾ എല്ലാം നിലത്തു വീണുപോയി. കുറച്ച് ആളുകൾ അയാളെ എഴുന്നേല്പിച്ചു, സാധനങ്ങൾ പെറുക്കാൻ അയാളെ സഹായിച്ചു. എന്നാൽ അവർ ഒരു കാര്യം വിട്ടുപോയി - അയാളുടെ പേഴ്‌സ്. ഞാൻ അത് എടുത്ത് അപരിചിതനെ പിന്തുടരാൻ തുടങ്ങി - ആ പ്രധാനപ്പെട്ട സാധനം തിരികെ നൽകാമെന്ന പ്രതീക്ഷയിൽ. ഞാൻ “സർ, സർ!’’ എന്ന് ഉറക്കെ വിളിച്ചു. ഒടുവിൽ അയാൾ ശ്രദ്ധിച്ചു. ഞാൻ അയാളുടെ അടുത്തെത്തിയപ്പോൾ തന്നെ അയാൾ തിരിഞ്ഞു. ഞാൻ പേഴ്‌സ് നീട്ടിയപ്പോൾ, ആശ്ചര്യപ്പെടുത്തുന്ന ആശ്വാസവും അളവറ്റ നന്ദിയും നിറഞ്ഞ അയാളുടെ നോട്ടം ഞാൻ ഒരിക്കലും മറക്കുകയില്ല.
ആ മനുഷ്യനെ പിന്തുടരുക എന്ന നിലയിൽ തുടങ്ങിയ കാര്യം തികച്ചും വ്യത്യസ്തമായ ഒന്നായി മാറി. മിക്ക ഇംഗ്ലീഷ് വിവർത്തനങ്ങളും, പരിചിതമായ സങ്കീർത്തനം 23-ന്റെ അവസാന വാക്യത്തിൽ പിന്തുടരുക എന്ന വാക്ക് ഉപയോഗിക്കുന്നു: “നന്മയും കരുണയും എന്റെ ആയുഷ്‌കാലമൊക്കെയും എന്നെ പിന്തുടരും’’ (വാ. 6). “പിന്തുടരുക’’ അനുയോജ്യമാണെങ്കിലും, ഉപയോഗിച്ചിരിക്കുന്ന യഥാർത്ഥ എബ്രായ പദം കൂടുതൽ ശക്തവും തീവ്രവുമാണ്. ഈ വാക്കിന്റെ അക്ഷരാർത്ഥം “പിന്തുടരുക അല്ലെങ്കിൽ ഓടിക്കുക’’ എന്നാണ് - ഒരു വേട്ടക്കാരൻ തന്റെ ഇരയെ പിന്തുടരുന്നതുപോലെ (ആടുകളെ പിന്തുടരുന്ന ചെന്നായയെക്കുറിച്ചു ചിന്തിക്കുക).
ഒരു വളർത്തുമൃഗം നിങ്ങളെ അലസമായി അനുഗമിക്കുന്നതുപോലെ, ദൈവത്തിന്റെ നന്മയും കരുണയും വെറുതെ, തിടുക്കമൊന്നും കൂടാതെ നമ്മെ പിന്തുടരുകയല്ല. അല്ല, 'തീർച്ചയായും' നമ്മെ ഓടിക്കുകയാണ്. ഒരു മനുഷ്യന്റെ പേഴ്‌സ് തിരികെ നൽകാൻ പിന്തുടരുന്നതു പോലെ, നമ്മെ നിത്യസ്‌നേഹത്തോടെ സ്‌നേഹിക്കുന്ന നല്ല ഇടയൻ നമ്മെ പിന്തുടരുന്നു (വാ. 1, 6).
ചിന്തകളും പ്രാർത്ഥനകളും
“എന്റെ ചിന്തകളിലും പ്രാർത്ഥനകളിലും നിങ്ങൾ ഉണ്ടായിരിക്കും.’’ ആ വാക്കുകൾ കേട്ടാൽ, ആ വ്യക്തി അത് ശരിക്കും അർത്ഥമാക്കുന്നുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ എഡ്‌ന ഡേവിസ് അതു പറയുമ്പോൾ നിങ്ങൾ ഒരിക്കലും അത്ഭുതപ്പെടേണ്ടതില്ല. ആ ചെറിയ പട്ടണത്തിലെ എല്ലാവർക്കും, “മിസ്. എഡ്‌നയുടെ’’ മഞ്ഞ എഴുത്തു പാഡിന്റെ ഓരോ പേജിലും പേരുകൾ നിറഞ്ഞിരിക്കുകയാണെന്ന് അറിയാം. എല്ലാ ദിവസവും അതിരാവിലെ വൃദ്ധയായ സ്ത്രീ ദൈവത്തോട് ഉറക്കെ പ്രാർത്ഥിച്ചു. അവളുടെ ലിസ്റ്റിലുള്ള എല്ലാവർക്കും അവർ ആഗ്രഹിച്ച പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചില്ല എങ്കിലും എന്നാൽ അവരുടെ ജീവിതത്തിൽ ദൈവത്തോളം വലിപ്പമുള്ള എന്തെങ്കിലും സംഭവിച്ചുവെന്ന് അവളുടെ ശവസംസ്‌കാര ചടങ്ങിൽ പലരും സാക്ഷ്യപ്പെടുത്തി, അത് മിസ് എഡ്‌നയുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ മറുപടിയാണെന്നു സമ്മതിച്ചു.
പത്രൊസിന്റെ കാരാഗൃഹ അനുഭവത്തിൽ പ്രാർത്ഥനയുടെ ശക്തി ദൈവം വെളിപ്പെടുത്തി. അപ്പൊസ്തലനെ ഹെരോദാവിന്റെ പടയാളികൾ പിടികൂടി തടവിലാക്കുകയും “അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു’’ (പ്രവൃത്തികൾ 12:4) ഏൽപ്പിക്കുകയും ചെയ്തപ്പോൾ, അവന്റെ പ്രതീക്ഷകൾ ഇരുളടഞ്ഞതായി കാണപ്പെട്ടു. എന്നാൽ “സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു’’ (വാ. 5). അവരുടെ ചിന്തകളിലും പ്രാർത്ഥനകളിലും പത്രൊസ് ഉണ്ടായിരുന്നു. ദൈവം ചെയ്തത് തികച്ചും അത്ഭുതകരമായിരുന്നു! കാരാഗൃഹത്തിൽ ഒരു ദൂതൻ പത്രൊസിനു പ്രത്യക്ഷനായി, അവനെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കുകയും കാരാഗൃഹ വാതിലുകൾക്കപ്പുറം സുരക്ഷിതത്വത്തിലേക്കു നയിക്കുകയും ചെയ്തു (വാ. 7-10).
ചിലർ യഥാർത്ഥത്തിൽ അർത്ഥമാക്കാതെ “ചിന്തകളും പ്രാർത്ഥനകളും’’ ഉപയോഗിച്ചേക്കാം. എന്നാൽ നമ്മുടെ പിതാവ് നമ്മുടെ ചിന്തകൾ അറിയുന്നു, നമ്മുടെ പ്രാർത്ഥനകൾ ശ്രദ്ധിക്കുന്നു, അവന്റെ പൂർണ്ണമായ ഇഷ്ടപ്രകാരം നമുക്കുവേണ്ടി പ്രവർത്തിക്കുന്നു. മഹാനും ശക്തനുമായ ദൈവത്തെ നാം സേവിക്കുമ്പോൾ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രാർത്ഥന സ്വീകരിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല.
ഫലത്തെ നോക്കുക
ഒരു ജനപ്രിയ റിയാലിറ്റി ഷോയിൽ, നാല് സെലിബ്രിറ്റി ജഡ്ജിമാരുടെ ഒരു പാനൽ, ഒരേ വ്യക്തിയാണെന്ന് അവകാശപ്പെടുന്ന മൂന്നു പേരോട് ചോദ്യങ്ങൾ ചോദിക്കുന്നു. തീർച്ചയായും, രണ്ടുപേർ തട്ടിപ്പുകാരാണ്, എന്നാൽ യഥാർത്ഥ വ്യക്തിയെ തിരിച്ചറിയേണ്ടത് പാനലാണ്. ഒരു എപ്പിസോഡിൽ, “റുഡോൾഫ് ദി റെഡ്‌നോസ്ഡ് റെയിൻഡിയർ” എന്ന ജനപ്രിയ ക്രിസ്മസ് ഗാനത്തിന്റെ വരികൾ ആരാണ് എഴുതിയതെന്ന് ചോദിച്ചുകൊണ്ട് യഥാർത്ഥ വ്യക്തിയെ കണ്ടെത്താൻ സെലിബ്രിറ്റികൾ ശ്രമിച്ചു. നല്ല ചോദ്യങ്ങൾ ചോദിക്കുമ്പോൾ പോലും ശരിയായ വ്യക്തി ആരാണെന്ന് കണ്ടെത്തുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് സെലിബ്രിറ്റികൾ മനസ്സിലാക്കി. തട്ടിപ്പുകാർ സത്യത്തെ കബളിപ്പിച്ചു, അതായിരുന്നു ടെലിവിഷൻ ഷോയെ വിനോദോപാധിയാക്കിയത്.
“ദുരുപദേശകരുടെ” കാര്യത്തിൽ അവർ ആരാണെന്ന് വിവേചിച്ചറിയുന്നത് ടെലിവിഷൻ ഷോകളിൽ നിന്നു വളരെ അകലെയാണ് എങ്കിലും അത് അതുപോലെ വെല്ലുവിളി നിറഞ്ഞതും എന്നാൽ അനന്തമായ നിലയിൽ കൂടുതൽ പ്രാധാന്യമുള്ളതുമാണ്. “കടിച്ചുകീറുന്ന ചെന്നായ്ക്കൾ” പലപ്പോഴും “ആടുകളുടെ വേഷംധരിച്ച്” നമ്മുടെ അടുക്കൽ വരുന്നു, നമ്മുടെ ഇടയിലെ ജ്ഞാനികൾ പോലും “സൂക്ഷിക്കണം” എന്ന് യേശു മുന്നറിയിപ്പു നൽകുന്നു (മത്തായി 7:15). മികച്ച പരിശോധന നല്ല ചോദ്യങ്ങളല്ല, നല്ല കണ്ണുകളാണ്. അവരുടെ ഫലത്തെ നോക്കൂ, അങ്ങനെ നിങ്ങൾക്ക് അവരെ തിരിച്ചറിയാം (വാ. 16-20).
നല്ലതും ചീത്തയുമായ ഫലം കാണുന്നതിന് തിരുവെഴുത്ത് നമ്മെ സഹായിക്കുന്നു. “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം” (ഗലാത്യർ 5:22-23) എന്നിങ്ങനെയാണ് നല്ല ഫലം കാണുന്നത്. ചെന്നായ്ക്കൾ വേഷം മാറി വരുന്നതിനാൽ നാം വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. എന്നാൽ ആത്മാവിനാൽ നിറഞ്ഞ വിശ്വാസികൾ എന്ന നിലയിൽ, “കൃപയും സത്യവും നിറഞ്ഞ” യഥാർത്ഥ നല്ല ഇടയനെ നാം സേവിക്കുന്നു (യോഹന്നാൻ 1:14).
ഞങ്ങൾക്ക് യേശുവിന്റെ സഹായം വേണം
ഒടുവിൽ ആ ദിവസം വന്നെത്തി - എന്റെ പിതാവ് തകർക്കപ്പെടാത്തവനല്ലെന്നു ഞാൻ തിരിച്ചറിഞ്ഞ ദിവസം. ഒരു ആൺകുട്ടിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ ശക്തിയും നിശ്ചയദാർഢ്യവും എനിക്കറിയാമായിരുന്നു. പക്ഷേ, പ്രായപൂർത്തിയായ എന്റെ ആദ്യകാലങ്ങളിൽ, പിതാവിന്റെ പുറത്തു പരിക്കേറ്റു, എന്റെ അച്ഛൻ മർത്യനാണെന്ന് ഞാൻ മനസ്സിലാക്കി. അച്ഛനെ സഹായിക്കാനായി ഞാൻ വീട്ടിൽ നിന്നു. അച്ഛനെ കുളിമുറിയിൽ കൊണ്ടുപോകാനും വസ്ത്രം ധരിപ്പിക്കാനും ഒരു ഗ്ലാസ് വെള്ളം വായിലേക്ക് അടുപ്പിക്കാനും പോലും എന്റെ സഹായം ആവശ്യമായിരുന്നു. അത് അദ്ദേഹത്തെ വിനയാന്വിതനാക്കി. ചെറിയ ജോലികൾ ചെയ്യാൻ അദ്ദേഹം ചില പ്രാരംഭ ശ്രമങ്ങൾ നടത്തി, പക്ഷേ “നിന്റെ സഹായമില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല’’ എന്നു സമ്മതിച്ചു. ഒടുവിൽ അദ്ദേഹം ക്രമേണ തന്റെ ദൃഢസ്വഭാവം വീണ്ടെടുത്തു, എന്നാൽ ആ അനുഭവം ഞങ്ങൾ രണ്ടുപേരെയും ഒരു പ്രധാന പാഠം പഠിപ്പിച്ചു - ഞങ്ങൾക്ക് പരസ്പരം വേണം.
നമുക്കു പരസ്പരം ആവശ്യമുള്ളപ്പോൾ, നമുക്ക് യേശുവിനെ കൂടുതൽ ആവശ്യമുണ്ട്. യോഹന്നാൻ 15 ൽ, മുന്തിരിവള്ളിയുടെയും കൊമ്പുകളുടെയും ചിത്രങ്ങൾ നാം മുറുകെ പിടിക്കുന്ന ഒന്നായി തുടരുന്നു. എങ്കിലും മറ്റൊരു പദപ്രയോഗം, ആശ്വസിപ്പിക്കുന്നതോടൊപ്പം, നമ്മുടെ സ്വാശ്രയത്വത്തിന്മേലുള്ള കനത്ത പ്രഹരവുമാണ്. നമ്മുടെ മനസ്സിലേക്ക് എളുപ്പത്തിൽ കടന്നുവരുന്ന ചിന്ത, എനിക്ക് സഹായം ആവശ്യമില്ല എന്നതാണ്. യേശു പറയുന്നതു വ്യക്തമാണ് “എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല’’ (വാ. 5). ഒരു ശിഷ്യന്റെ പ്രധാന സവിശേഷതകളായ “സ്‌നേഹം, സന്തോഷം, സമാധാനം’’ (ഗലാത്യർ 5:22) എന്നിങ്ങനെയുള്ള ഫലം കായ്ക്കുന്നതിനെക്കുറിച്ചാണ് ക്രിസ്തു സംസാരിക്കുന്നത്. ഫലം കായ്ക്കുന്നതിനായിട്ടാണ് യേശു നമ്മെ വിളിക്കുന്നത്. അവനിലുള്ള നമ്മുടെ പൂർണ്ണമായ ആശ്രയം ഫലവത്തായ ഒരു ജീവിതം നൽകുന്നു, പിതാവിന്റെ മഹത്വത്തിനായി ജീവിക്കുന്ന ഒരു ജീവിതം! (യോഹന്നാൻ 15:8).
വീട്ടിൽ വിശ്വാസ സംഭാഷണങ്ങൾ
"വീടിനെ പോലെ മറ്റൊരിടമില്ല. വീടിനെ പോലെ മറ്റൊരിടമില്ല." ദി വിസാർഡ് ഓഫ് ഓസിൽ ഡൊറോത്തി പറഞ്ഞ അവിസ്മരണീയമായ വരികൾ, സ്റ്റാർ വാർസ് മുതൽ ദ ലയൺ കിംഗ് വരെയുള്ള നാം ഇഷ്ടപ്പെടുന്ന നിരവധി കഥകളിൽ കണ്ടെത്തിയ ഒരു കഥ പറയുന്ന രീതി വെളിപ്പെടുത്തുന്നു. അത് അറിയപ്പെടുന്നത് "ഒരു ജയാളിയുടെ യാത്ര" എന്നാണ്. ചുരുക്കത്തിൽ: ഒരു സാധാരണ വ്യക്തി ഒരു സാധാരണ ജീവിതം നയിക്കുന്നു, തുടർന്ന് ഒരു അസാധാരണ സാഹസികത അവതരിപ്പിക്കപ്പെടുന്നു. ആ കഥാപാത്രം വീടു വിട്ട് പരീക്ഷകളും, പരീക്ഷണങ്ങളും മാത്രമല്ല ഉപദേശകരും എതിരാളികളും കാത്തിരിക്കുന്ന മറ്റൊരു ലോകത്തിലേക്ക് യാത്രചെയ്യുന്നു. അവളോ അവനോ പരീക്ഷകളിൽ വിജയിക്കുകയും വീരശൂരപരാക്രമം തെളിയിക്കുകയും ചെയ്‌താൽ, പറയാനുള്ള കഥകളും നേടിയ വിവേകവുമായി വീട്ടിലേക്ക് മടങ്ങുന്നതാണ് അവസാന ഘട്ടം. അവസാന ഭാഗം വളരെ നിർണ്ണായകമാണ്.
ഭൂതബാധിതനായ വ്യക്തിയുടെ കഥ ജയാളിയുടെ യാത്രയുടെ സമാനമാണ്. അവസാന ഭാഗത്തു ആ മനുഷ്യൻ യേശുവിനോട് "താനും കൂടെ പോരട്ടെ" എന്ന് പറയുന്നത് ശ്രദ്ധേയമാണ് (മർക്കോസ് 5:18). എങ്കിലും യേശു അവനോട് “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെല്ലുവാൻ” പറയുന്നു (വാ.19). ഈ മനുഷ്യന്റെ ജീവിതത്തിൽ തന്റെ വീട്ടിൽ, തന്നെ നന്നായി അറിയാവുന്ന തന്റെ ജനത്തിന്റെ അടുക്കലേക്ക് മടങ്ങി തന്റെ അത്ഭുതകരമായ കഥ പറയേണ്ടത് വളരെ പ്രധാനമായിരുന്നു.
ദൈവം നമ്മെ വിവിധ വിധത്തിലും സാഹചര്യത്തിലുമാണ് വിളിക്കുന്നത്. എന്നാൽ നമ്മിൽ ചിലർക്ക്, നമ്മുടെ വീടുകളിലേക്ക് മടങ്ങി നമ്മെ നന്നായി അറിയുന്നവരോട് നമ്മുടെ കഥ പറയുക എന്നത് നിർണ്ണായകമാണ്. ചിലർക്കുള്ള വിളി "വീട് പോലെ മറ്റൊരിടമില്ല" എന്നാണ്.
നമ്മുടെ പിതാവ്
മിക്ക പ്രഭാതങ്ങളിലും ഞാൻ കർത്താവിന്റെ പ്രാർത്ഥന ഉരുവിടാറുണ്ട്. ആ പ്രാർഥനയിൽ ഞാൻ എന്നെത്തന്നെ ഉറപ്പിക്കാതെ ഒരു പുതിയ ദിവസം സാധാരണ തുടങ്ങാറില്ല. ഈയിടെ ഒരിക്കൽ ഞാൻ അതിന്റെ ആദ്യത്തെ വാക്കുകൾ - "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" – എന്നു പറഞ്ഞതേയുള്ളൂ, എന്റെ ഫോൺ റിങ്ങ് ചെയ്തു. അപ്പോൾ രാവിലെ 5:43 മാത്രമേ ആയിരുന്നുള്ളൂ എന്നതിനാൽ അത് എന്നെ ഞെട്ടിച്ചു. ഫോൺ ഡിസ്പ്ലേയിൽ "ഡാഡ് (പിതാവ്)" എന്ന് എഴുതിയിരുന്നു. ഞാൻ ഉത്തരം നൽകുന്നതിന് മുമ്പ്, കോൾ പെട്ടെന്ന് അവസാനിച്ചു. എന്റെ പിതാവ് അബദ്ധത്തിൽ വിളിച്ചതാണെന്ന് ഞാൻ ഊഹിച്ചു. തീർച്ചയായും, അങ്ങനെതന്നെ ആയിരുന്നു. എന്നാൽ ഇത് ഒരു യാദൃശ്ചികത ആയിരുന്നോ? ആയിരിക്കാം. പക്ഷേ, ദൈവകരുണയാൽ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ആ ദിവസം, സ്വർഗീയ പിതാവിന്റെ സാന്നിധ്യത്തിന്റെ ഉറപ്പ് ആവശ്യമായിരുന്നു!
ഒരു നിമിഷം അതിനെക്കുറിച്ച് ചിന്തിക്കുക. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചപ്പോൾ, പ്രാർത്ഥന ആരംഭിക്കുവാൻ ഈ വാക്കുകളാണ് തിരഞ്ഞെടുത്തത് - “.. ഞങ്ങളുടെ പിതാവേ,”(മത്താ. 6: 9). അതു യാദൃശ്ചികമാണോ? അല്ല, യേശുവിന്റെ വാക്കുകൾ ഒരിക്കലും യാദൃശ്ചികമായിരുന്നില്ല. നമുക്കെല്ലാവർക്കും നമ്മുടെ ഭൗമിക പിതാക്കന്മാരുമായി വ്യത്യസ്ത ബന്ധങ്ങളാണുള്ളത് – ചിലത് നല്ലതായിരിക്കും, ചിലത് അത്ര നല്ലതായിരിക്കില്ല. എന്നാൽ, നാം പ്രാർത്ഥിക്കുമ്പോൾ "എന്റെ" പിതാവേ അല്ലെങ്കിൽ "നിങ്ങളുടെ" പിതാവേ എന്നല്ല, മറിച്ച് "ഞങ്ങളുടെ" പിതാവേ എന്നാണ് അഭിസംബോധന ചെയ്യുന്നത് ;നമ്മെ കാണുന്നവനും നമ്മെ കേൾക്കുന്നവനും, നമ്മൾ അവനോട് യാചിക്കുംമുമ്പേ നമുക്ക് എന്താണ് വേണ്ടതെന്ന് അറിയുന്നവനും (വാ. 8) ആയ നമ്മുടെ പിതാവ്.
എന്തൊരു അത്ഭുതകരമായ ഉറപ്പ്! പ്രത്യേകിച്ച് നമ്മൾ വിസ്മരിക്കപ്പെട്ടതായോ, ഒറ്റപ്പെട്ടതായോ, ഉപേക്ഷിക്കപ്പെട്ടതായോ, അല്ലെങ്കിൽ അത്ര വിലപ്പെട്ടവരല്ലെന്നോ തോന്നുന്ന അവസരങ്ങളിൽ . ഓർക്കുക, നമ്മൾ എവിടെയാണെങ്കിലും, രാത്രിയോ പകലോ ഏതുസമയത്താണെങ്കിലും, സ്വർഗ്ഗസ്ഥനായ പിതാവ് എപ്പോഴും നമ്മുടെ സമീപം ഉണ്ട്.
വെളിപ്പെടുത്തലും ഉറപ്പും
2019-ൽ ഉണ്ടായ ചില ശിശുക്കളുടെ ലിംഗ വെളിപ്പെടുത്തലുകൾ നാടകീയമായിരുന്നു.ജൂലൈയിൽ, ഒരു കാർ നീലപുക പുറപ്പെടുവിക്കുന്നത് ഒരു വിഡിയോയിൽ കാണിച്ചു - "ഇത് ഒരു ആൺകുട്ടിയാണ്!'' സെപ്റ്റംബറിൽ, ഒരു കാർഷിക വിമാനം,"ഇത് ഒരു പെൺകുട്ടിയാണ്" എന്ന് പ്രഖ്യാപിക്കുവാൻ നൂറു കണക്കിന് ഗാലൻ പിങ്ക് വെള്ളം താഴേക്ക് ഒഴിച്ചു. എന്നാൽ, ഈ കുട്ടികൾ വളരേണ്ട ലോകത്തെക്കുറിച്ചുള്ള ഒരു സുപ്രധാന കാര്യം മറനീക്കിയ മറ്റൊരു വെളിപ്പെടുത്തൽ 2019-ന്റെ അവസാനത്തിൽ, "യൂ വേർഷൻ'' എന്ന ഓൺലൈൻ മൊബൈൽ ബൈബിൾ ആപ്പ് നടത്തി - ആവർഷത്തിൽ ഏറ്റവും കൂടുതൽ പങ്കിട്ടതും, അടയാളപ്പെടുത്തിയതും ബുക്ക്-മാർക്ക്ചെയ്യപ്പെട്ടതുമായ വാക്യം, ഫിലിപ്പിയർ 4:6 ആണെന്ന്;"ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്."
അത് തികച്ചും അതിശയകരമായ ഒരു വെളിപ്പെടുത്തലാണ്!ഇന്ന് ആളുകൾ പല കാര്യങ്ങളിലും ഉത്കണ്ഠാകുലരാണ് - നമ്മുടെ ആൺമക്കളുടെയും പെൺമക്കളുടെയും ആവശ്യങ്ങൾ മുതൽ, കുടുംബങ്ങളും സുഹൃത്തുക്കളും കടന്നുപോകുന്നഅസംഖ്യം വഴികളും, പ്രകൃതിദുരന്തങ്ങും, യുദ്ധങ്ങളും വരെഅതിനു കാരണമാകുന്നു. എന്നാൽ ഈ ആശങ്കകൾക്കെല്ലാം നടുവിൽ, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്" എന്ന് പറയുന്ന വാക്യത്തിൽ പലരും പറ്റി നിൽക്കുന്നു എന്നതാണ് നല്ല വാർത്ത. കൂടാതെ അതേ ആളുകൾ "എല്ലാറ്റിലും" അപേക്ഷകൾ ദൈവത്തോട് അറിയിക്കുവാൻ മറ്റുള്ളവരെയും തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തിലെ ഉത്കണ്ഠകളെ ധൈര്യത്തോടെഅഭിമുഖീകരിക്കുന്ന മാനസികാവസ്ഥ സ്തോത്രം കരേറ്റലിന്റേതാണ്.
"വർഷത്തിലെ വാക്യം" ആയില്ലെങ്കിലും അതിനെ തുടർന്നുള്ള വാക്യം ഇതാണ് - "എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും"(വാ.7).അത് തികച്ചും സമാധാനം നൽകുന്നതാണ്.
പിതാവിന്റെ സ്വരം
എന്റെ സുഹൃത്തിന്റെ പിതാവ് അടുത്തിടെ മരിച്ചു. പെട്ടെന്നൊരു ദിവസം അസുഖം വന്ന് സ്ഥിതി വഷളായി, ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം പോയി. എന്റെ സുഹൃത്തിനും തന്റെ പിതാവിനും തമ്മിൽ ശക്തമായ ആത്മബന്ധമുണ്ടായിരുന്നു, അവർക്കിനിയും ധാരാളം ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരങ്ങൾ തേടുവാനും സംഭാഷണങ്ങൾ നടത്തുവാനും ഉണ്ടായിരുന്നു. പറയാത്ത ഒരുപാട് കാര്യങ്ങൾ .. .ഇപ്പോൾ അവന്റെ പിതാവ്പോയി. എന്റെ സുഹൃത്ത് ഒരു പരിശീലനം ലഭിച്ച കൗൺസിലറാണ്. ദു:ഖത്തിന്റെ ഉയർച്ച താഴ്ചകൾ അവനറിയാം. മറ്റുള്ളവരുടെ വിഷമകരമായ സമയങ്ങളിൽ അവർക്കെങ്ങനെ ആശ്വാസം കൊടുക്കണമെന്നവനറിയാം. എന്നിട്ടും അവൻ എന്നോട് പറഞ്ഞു, “ചില ദിവസങ്ങളിൽ ഞാൻഎന്റെപിതാവിന്റെ സ്വരം കേൾക്കുവാൻ കൊതിക്കും. എല്ലാറ്റിലും എനിക്കേറ്റവും വലുത്, എന്റെ പിതാവിന്റെ സ്നേഹമുളള സ്വരമായിരുന്നു.”
യേശുവിന്റെ ഭൗമികശുശ്രൂഷയുടെ തുടക്കത്തിൽ നടന്ന ഒരു പ്രധാന സംഭവം, യോഹന്നാന്റെ കൈകളാൽ നടന്ന അവന്റെ സ്നാനം ആയിരുന്നു. യോഹന്നാൻ എതിർക്കുവാൻ ശ്രമിച്ചെങ്കിലും, മനുഷ്യവർഗ്ഗവുമായി താതാത്മ്യം പ്രാപിപ്പാൻ അത് അനിവാര്യമാണെന്ന് യേശു തറപ്പിച്ചുപറഞ്ഞു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” (മത്തായി 3:15). യേശു ചോദിച്ചതുപോലെ യോഹന്നാൻ ചെയ്തു. തുടർന്ന്, യോഹന്നാൻ സ്നാപകനും ജനത്തിനും യേശു ആരാണന്നു വ്യക്തമാക്കിയ ഒരു കാര്യം സംഭവിച്ചു, അത് യേശുവിന്റെയും ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരിക്കണം. സ്വർഗ്ഗത്തിൽ നിന്നുള്ള പിതാവിന്റെ ശബ്ദം ഉറപ്പുനൽകി: "ഇത് ഞാൻ സ്നേഹിക്കുന്ന എന്റെ മകനാണ്" (3:17).
വിശ്വാസികളുടെ ഹൃദയത്തിലുമുള്ള അതേ ശബ്ദം, നമ്മോടുള്ള അവന്റെ വലിയ സ്നേഹത്തിന്റെ ഉറപ്പ് നൽകുന്നു (1 യോഹ. 3: 1).