യേശുവിൽ വളരുക
കുട്ടിക്കാലത്ത്, മുതിർന്നവർ ബുദ്ധിയുള്ളവരും പരാജയപ്പെടാൻ കഴിയാത്തവരുമാണെന്ന് ഞാൻ കരുതി. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് എല്ലായ്പ്പോഴും അറിയാം. ഒരു ദിവസം, ഞാൻ വലുതാകുമ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കും എല്ലായ്പ്പോഴും അറിയാൻ കഴിയും, എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ആ, "ഒരു ദിവസം" വർഷങ്ങൾക്ക് മുമ്പ് വന്നു, അത് എന്നെ പഠിപ്പിച്ചത്, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നതാണ്. അത്, കുടുംബത്തിലെ രോഗാവസ്ഥ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, അല്ലെങ്കിൽ ഒരു ബന്ധത്തിലെ സംഘർഷം എന്നിവയിലേതാണെങ്കിലും, അത്തരം സമയങ്ങളിൽ വ്യക്തിപരമായ എല്ലാ കഴിവുകളും പരാജയപ്പെട്ടുപോയി. എന്റെ മുൻപിൽ ഒരേയൊരു വഴി മാത്രമേയുള്ളു—എന്റെ കണ്ണുകൾ അടച്ച് "കർത്താവേ, സഹായിക്കേണമേ" എന്ന് മന്ത്രിക്കുക.
അപ്പോസ്തലനായ പൌലോസ് ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ "ശൂലം," ഒരു ശാരീരിക രോഗമായിരുന്നിരിക്കാം. അത് അദ്ദേഹത്തിന് വളരെയധികം നിരാശയും വേദനയും ഉണ്ടാക്കി. എന്നിരുന്നാലും, തന്റെ ബുദ്ധിമുട്ടുകൾ സഹിക്കാനും അതിജീവിക്കാനും മതിയായ ദൈവത്തിന്റെ സ്നേഹവും വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും പൗലോസ് അനുഭവിച്ചത് ഈ ശൂലത്തിലൂടെയാണ്. (2 കൊരിന്ത്യർ 12:9). വ്യക്തിപരമായ ബലഹീനതയും നിസ്സഹായതയും പരാജയത്തെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. വിശ്വാസത്തോടെ ദൈവത്തിന് കീഴടങ്ങുമ്പോൾ, അവ എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ഉപകരണങ്ങളായി മാറുന്നു (വാ. 9-10)
നമ്മൾ വളർന്നുവെന്നതിനർത്ഥം നമ്മൾ എല്ലാം അറിയുന്നവരാണ് എന്നല്ല. തീർച്ചയായും, പ്രായത്തിനനുസരിച്ച് നാം ജ്ഞാനമുള്ളവരായി മാറുന്നു, പക്ഷേ ആത്യന്തികമായി നമ്മുടെ ബലഹീനതകൾ പലപ്പോഴും നമ്മൾ എത്രത്തോളം ശക്തിയില്ലാത്തവരാണെന്ന് വെളിപ്പെടുത്തുന്നു. നമ്മുടെ യഥാർത്ഥ ശക്തി ക്രിസ്തുവിലാണ്. "ബലഹീനനായിരിക്കുമ്പോൾതന്നെ ഞാൻ ശക്തനാകുന്നു." (വാ. 10). യഥാർത്ഥത്തിൽ “വളരുക” എന്നാൽ നാം ദൈവത്തിന്റെ ശക്തിയെ അറിയുക, വിശ്വസിക്കുക, അനുസരിക്കുക എന്നതാണ്.
യേശുവിൽ ഉറച്ചുനിൽക്കുക
വർഷങ്ങൾക്ക് മുമ്പ് ഞാൻ സെമിനാരിയിൽ പഠിക്കുമ്പോൾ, ഞങ്ങൾക്ക് ആഴ്ചതോറുമുള്ള ചാപ്പൽ സർവീസ് ഉണ്ടായിരുന്നു. ഒരു സർവ്വീസിൽ, ഞങ്ങൾ വിദ്യാർത്ഥികൾ "ദൈവം വലിയവനാണ്" എന്ന് പാടുമ്പോൾ, ഞങ്ങളുടെ പ്രിയപ്പെട്ട മൂന്ന് പ്രൊഫസർമാർ തീക്ഷ്ണതയോടെ പാടുന്നത് ഞാൻ കണ്ടു. ദൈവത്തിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്ന സന്തോഷം അവരുടെ മുഖത്ത് പ്രസരിച്ചു. വർഷങ്ങൾക്കുശേഷം, അവർ ഓരോരുത്തരും മാരകമായ രോഗങ്ങളിലൂടെ കടന്നുപോയപ്പോൾ, അത് സഹിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ പ്രാപ്തരാക്കിയത് ഈ വിശ്വാസമാണ്.
ഇന്ന്, എന്റെ അധ്യാപകർ പാടിയതിന്റെ ഓർമ്മകൾ എന്റെ പരിശോധനകളെ തരണം ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, വിശ്വാസത്താൽ ജീവിച്ച ആളുകളുടെ പ്രചോദനാത്മകമായ നിരവധി കഥകളിൽ ചിലതാണ് അവ. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു ... ക്രൂശിനെ സഹിക്കയും... ” (വാക്യം 2).
പീഢനങ്ങളോ, ജീവിതത്തിന്റെ വെല്ലുവിളികളോ തരണം ചെയ്യാൻ പ്രയാസമുള്ളപ്പോൾ, ദൈവത്തിന്റെ വാക്ക് വിശ്വസിക്കുകയും, അവന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കുകയും ചെയ്തവരുടെ മാതൃക നമുക്കുണ്ട്. യേശുവിനും, നമുക്കു മുമ്പേ പോയവർക്കും സഹിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് ഓർത്തുകൊണ്ട് നാം “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.” (വാക്യം 1). “നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ ... വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ." (വാ. 3).
ഇപ്പോൾ സ്വർഗ്ഗത്തിൽ സന്തോഷിക്കുന്ന എന്റെ അധ്യാപകർ ഇങ്ങനെ പറഞ്ഞേക്കാം: “വിശ്വാസജീവിതം വിലയേറിയതാണ്. അതിൽ മുന്നേറുക."
എന്റെ ദൈവം സമീപസ്ഥനാണ്
മുപ്പത് വർഷത്തിലേറെയായി, അദ്ധ്യാപികയായ ലൂർദസ് വിദ്യാർത്ഥികളെ അഭിമുഖമായി പഠിപ്പിച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താൻ ആവശ്യപ്പെട്ടപ്പോൾ അവൾ വിഷമിച്ചു. ''എനിക്ക് കംപ്യൂട്ടറുകളൊന്നും നന്നായി ഉപയോഗിക്കാനറിയില്ല,'' അവൾ ചിന്തിച്ചു. “എന്റെ ലാപ്‌ടോപ്പ് പഴയതാണ്, വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾ എനിക്ക് പരിചിതമല്ല.’’
ചിലർക്ക് ഇത് ഒരു ചെറിയ കാര്യമായി തോന്നുമെങ്കിലും, അത് അവൾക്ക് ഒരു യഥാർത്ഥ സമ്മർദ്ദമായിരുന്നു. ''ഞാൻ തനിച്ചാണ് താമസിക്കുന്നത്, അതിനാൽ സഹായിക്കാൻ ആരുമില്ല,'' അവൾ പറഞ്ഞു. “എന്റെ വിദ്യാർത്ഥികൾ ക്ലാസ് ഉപേക്ഷിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്, എനിക്ക് വരുമാനം ആവശ്യമാണ്.'
ഓരോ ക്ലാസിനുമുമ്പും ലൂർദസ് തന്റെ ലാപ്‌ടോപ്പ് ശരിയായി പ്രവർത്തിക്കാൻ പ്രാർത്ഥിക്കുമായിരുന്നു. ''ഫിലിപ്പിയർ 4:5-6 എന്റെ സ്‌ക്രീനിലെ വാൾപേപ്പറായിരുന്നു,'' അവൾ പറഞ്ഞു. “ഞാൻ അത്രത്തോളം ആ വാക്കുകളെ മുറുകെപ്പിടിച്ചു.’’
''കർത്താവ് സമീപസ്ഥനായതിനാൽ'' (ഫിലിപ്പിയർ 4:5) ഒന്നിനെക്കുറിച്ചും ആകുലരാകരുതെന്ന് പൗലൊസ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തം മുറുകെ പിടിക്കാനുള്ളതാണ്. നാം അവന്റെ സാമീപ്യത്തിൽ വിശ്രമിക്കുകയും പ്രാർത്ഥനയിൽ അവനോട് - ചെറുതും വലുതുമായ - എല്ലാ കാര്യങ്ങളും സമർപ്പിക്കുകയും ചെയ്യുമ്പോൾ അവന്റെ സമാധാനം നമ്മുടെ “ഹൃദയങ്ങളെയും നിനവുകളെയും . . . ക്രിസ്തുയേശുവിൽ കാക്കും'' (വാ. 7).
“കമ്പ്യൂട്ടർ തകരാറുകൾ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള വെബ്‌സൈറ്റുകളിലേക്ക് ദൈവം എന്നെ നയിച്ചു,'' ലൂർദസ് പറഞ്ഞു. “എന്റെ സാങ്കേതിക പരിമിതികൾ മനസ്സിലാക്കിയ ക്ഷമാശീലരായ വിദ്യാർത്ഥികളെയും ദൈവം എനിക്ക് നൽകി.’’ നമ്മുടെ ജീവിതത്തിന്റെ എല്ലാ ദിവസങ്ങളിലും ദൈവത്തെ അനുഗമിക്കാൻ ശ്രമിക്കുമ്പോൾ ദൈവത്തിന്റെ സാന്നിധ്യവും സഹായവും സമാധാനവും നമുക്ക് ആസ്വദിക്കാം. നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും: ''കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു!’’ (വാ. 4).
ദൈവം നിങ്ങളെ മറക്കുകയില്ല
കുട്ടിക്കാലത്ത് ഞാൻ തപാൽ സ്റ്റാമ്പുകൾ ശേഖരിക്കുമായിരുന്നു. എന്റെ ഹോബിയെക്കുറിച്ച് കേട്ട വല്യപ്പച്ചൻ എല്ലാ ദിവസവും ഓഫീസ് മെയിലിൽ നിന്ന് സ്റ്റാമ്പുകൾ സൂക്ഷിക്കാൻ തുടങ്ങി. ഞാൻ എന്റെ വല്യപ്പച്ചനെ സന്ദർശിക്കുമ്പോഴെല്ലാം, പലതരം മനോഹരമായ സ്റ്റാമ്പുകൾ നിറച്ച ഒരു കവർ അദ്ദേഹം എനിക്ക് തരുമായിരുന്നു. ''ഞാൻ എപ്പോഴും തിരക്കിലാണെങ്കിലും,'' ഒരിക്കൽ വല്യപ്പച്ചൻ എന്നോട് പറഞ്ഞു, ''ഞാൻ നിന്നെ മറക്കുകയില്ല.''
വാത്സല്യത്തിന്റെ പരസ്യമായ പ്രകടനങ്ങൾ നടത്തുന്നത് വല്യപ്പച്ചന് പതിവുള്ളതല്ല, പക്ഷേ അദ്ദേഹത്തിന്റെ സ്‌നേഹം എനിക്ക് ആഴത്തിൽ അനുഭവപ്പെട്ടു. ''ഞാൻ നിന്നെ മറക്കുകയില്ല'' (യെശയ്യാവ് 49:15) എന്ന് പ്രഖ്യാപിച്ചപ്പോൾ അനന്തമായ ആഴത്തിൽ ദൈവം യിസ്രായേലിനോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കി. കഴിഞ്ഞ നാളുകളിൽ വിഗ്രഹാരാധനയ്ക്കും അനുസരണക്കേടിനും ബാബിലോണിൽ കഷ്ടത അനുഭവിച്ച അവന്റെ ജനം ഇപ്രകാരം വിലപിച്ചു, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു’’ (വാ. 14). എന്നാൽ തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്‌നേഹത്തിന് മാറ്റമുണ്ടായിരുന്നില്ല. അവൻ അവർക്ക് പാപമോചനവും പുനഃസ്ഥാപനവും വാഗ്ദത്തം ചെയ്തു (വാ. 8-13).
“ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു,’’ ദൈവം യിസ്രായേലിനോട് പറഞ്ഞു. അവൻ ഇന്നും നമ്മോട് അതുതന്നെ പറയുന്നു (വാ. 16). അവന്റെ ഉറപ്പുനൽകുന്ന വാക്കുകളെക്കുറിച്ചു ഞാൻ ചിന്തിക്കുമ്പോൾ, അത് നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി സ്‌നേഹത്തോടെ നീട്ടിപ്പിടിച്ച യേശുവിന്റെ ആണിപ്പാടേറ്റ കൈകളെക്കുറിച്ച് എന്നെ വളരെ ആഴത്തിൽ ഓർമ്മിപ്പിക്കുന്നു (യോഹന്നാൻ 20:24-27). എന്റെ വല്യപ്പച്ചന്റെ സ്റ്റാമ്പുകളും അവന്റെ ആർദ്രമായ വാക്കുകളും പോലെ, ദൈവം അവന്റെ സ്‌നേഹത്തിന്റെ ശാശ്വതമായ അടയാളമായി ക്ഷമിക്കുന്ന കരം നമ്മുടെ നേരെ നീട്ടിയിരിക്കുന്നു. അവന്റെ സ്‌നേഹത്തിനായി - മാറ്റമില്ലാത്ത സ്‌നേഹത്തിനായി - നമുക്ക് അവനോട് നന്ദി പറയാം. അവൻ നമ്മെ ഒരിക്കലും മറക്കുകയില്ല.
ദൈവത്തിൽ ആശ്രയിക്കുക
എനിക്ക് രണ്ട് മരുന്നുകൾ അടിയന്തിരമായി ആവശ്യമായിരുന്നു. ഒന്ന് എന്റെ അമ്മയുടെ അലർജിക്കും മറ്റൊന്ന് എന്റെ മരുമകളുടെ എക്‌സിമയ്ക്കും വേണ്ടിയായിരുന്നു. അവരുടെ അസ്വസ്ഥത കൂടുതൽ വഷളായിക്കൊണ്ടിരുന്നു, പക്ഷേ മരുന്നുകൾ ഫാർമസികളിൽ ലഭ്യമല്ല. നിരാശനും നിസ്സഹായനുമായ ഞാൻ ആവർത്തിച്ച് പ്രാർത്ഥിച്ചു, കർത്താവേ, അവരെ സഹായിക്കേണമേ.
ആഴ്ചകൾക്ക് ശേഷം, അവരുടെ അവസ്ഥകൾ എനിക്കു കൈകാര്യം ചെയ്യാവുന്ന നിലയിലെത്തി. ദൈവം ഇങ്ങനെ പറയുന്നതായി തോന്നി: ''രോഗശാന്തിക്കായി ഞാൻ മരുന്നുകൾ ഉപയോഗിക്കുന്ന സമയമാണിത്. എന്നാൽ മരുന്നുകൾ അന്തിമ വാക്ക് അല്ല; ഞാനാണ് അന്തിമ വാക്ക്. നിന്റെ വിശ്വാസം അവയിൽ അർപ്പിക്കരുത്, പകരം എന്നിലർപ്പിക്കുക.''
സങ്കീർത്തനം 20-ൽ ദാവീദ് രാജാവ് ദൈവത്തിന്റെ വിശ്വസ്തതയിൽ ആശ്വസിച്ചു. യിസ്രായേല്യർക്ക് ശക്തമായ ഒരു സൈന്യം ഉണ്ടായിരുന്നു, എന്നാൽ അവരുടെ ഏറ്റവും വലിയ ശക്തി “കർത്താവിന്റെ നാമത്തിൽ” നിന്നാണെന്ന് അവർക്ക് അറിയാമായിരുന്നു (വാ. 7). അവർ ദൈവനാമത്തിൽ-അവൻ ആരാണെന്നതിലും അവന്റെ മാറ്റമില്ലാത്ത സ്വഭാവത്തിലും പരാജയപ്പെടാത്ത വാഗ്ദാനങ്ങളിലും - ആശ്രയിച്ചു. എല്ലാ സാഹചര്യങ്ങളിലും പരമാധികാരിയും ശക്തനുമായവൻ അവരുടെ പ്രാർത്ഥന കേൾക്കുകയും ശത്രുക്കളിൽ നിന്ന് അവരെ വിടുവിക്കുകയും ചെയ്യുമെന്ന സത്യം അവർ മുറുകെപ്പിടിച്ചു (വാ. 6).
നമ്മെ സഹായിക്കാൻ ദൈവം ഈ ലോകത്തിലെ വിഭവങ്ങൾ ഉപയോഗിക്കുമെങ്കിലും, ആത്യന്തികമായി, നമ്മുടെ പ്രശ്‌നങ്ങൾക്കെതിരായ വിജയം അവനിൽ നിന്നാണ് വരുന്നത്. അവൻ നമുക്ക് ഒരു പരിഹാരമോ സഹിച്ചുനിൽക്കാനുള്ള കൃപയോ നൽകിയാലും, താൻ ആരാണെന്ന് അവൻ പറയുന്നാേ അതെല്ലാം അവൻ നമുക്ക് ആയിരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. നമ്മുടെ പ്രശ്‌നങ്ങളിൽ നാം തളർന്നുപോകേണ്ടതില്ല, പകരം അവന്റെ പ്രത്യാശയോടും സമാധാനത്തോടും കൂടി നമുക്ക് അവയെ നേരിടാൻ കഴിയും.
യേശുവിനോടു പറ്റിനിൽക്കുക
ഓഫീസ് കെട്ടിടത്തിന്റെ പടിക്കെട്ടിൽ വെച്ച് തലകറക്കം എന്നെ ബാധിച്ചു. പടികൾ കറങ്ങുന്നതായി തോന്നിയതിനാൽ അമിതഭാരത്താൽ ഞാൻ കൈവരിയിൽ മുറുകെപ്പിടിച്ചു. എന്റെ ഹൃദയമിടിപ്പ് കൂടുകയും കാലുകൾ വിറയ്ക്കുകയും ചെയ്തപ്പോൾ, ഞാൻ കൈവരിയോടു ചാരി. അതിന്റെ ബലത്തിന് നന്ദി പറഞ്ഞു. വൈദ്യപരിശോധനയിൽ എനിക്ക് അനീമിയ ഉണ്ടെന്ന് കണ്ടെത്തി. അതു ഗുരുതരമല്ലെങ്കിലും എന്റെ അവസ്ഥ പരിഹരിച്ചുവെങ്കിലും, ആ ദിവസം എനിക്ക് എത്രമാത്രം ബലഹീനത അനുഭവപ്പെട്ടുവെന്നത് ഞാൻ ഒരിക്കലും മറക്കില്ല.
അതുകൊണ്ടാണ് യേശുവിനെ തൊട്ട സ്ത്രീയെ ഞാൻ ബഹുമാനിക്കുന്നത്. അവൾ ബലഹീനമായ അവസ്ഥയിൽ ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങുക മാത്രമല്ല, അവനെ സമീപിക്കാനുള്ള സാഹസത്തിൽ അവൾ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു (മത്തായി 9:20-22). അവൾക്ക് ഭയപ്പെടാൻ നല്ല കാരണമുണ്ടായിരുന്നു: യെഹൂദ നിയമം അവളെ അശുദ്ധിയായി മുദ്രകുത്തിയിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ അവളുടെ അശുദ്ധി തുറന്നുകാട്ടുന്നതിലൂടെ അവൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമായിരുന്നു (ലേവ്യപുസ്തകം 15:25-27). പക്ഷെ അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്ന ചിന്ത അവളെ മുന്നോട്ട് നയിച്ചു. മത്തായി 9:21-ൽ 'തൊടുക' എന്ന് വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന് കേവലം സ്പർശനമല്ല, മറിച്ച് 'മുറുകെ പിടിക്കുക' അല്ലെങ്കിൽ 'സ്വയം ബന്ധിപ്പിക്കുക' എന്നതിന്റെ ശക്തമായ അർത്ഥമുണ്ട്. ആ സ്ത്രീ യേശുവിനെ മുറുകെ പിടിച്ചു. അവൻ അവളെ സുഖപ്പെടുത്തുമെന്ന് അവൾ വിശ്വസിച്ചു.
ആൾക്കൂട്ടത്തിനിടയിൽ, ഒരു സ്ത്രീയുടെ നിരാശാജനകമായ വിശ്വാസം യേശു കണ്ടു. നാമും വിശ്വാസത്താൽ സാഹസികമായി പുറപ്പെടുകയും നമ്മുടെ ആവശ്യങ്ങളിൽ ക്രിസ്തുവിനോട് പറ്റിനിൽക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മെ സ്വാഗതം ചെയ്യുകയും നമ്മുടെ സഹായത്തിനായി വരികയും ചെയ്യുന്നു. തിരസ്‌കരണത്തെയോ ശിക്ഷയെയോ ഭയപ്പെടാതെ നമുക്ക് നമ്മുടെ കഥ അവനോട് പറയാൻ കഴിയും. യേശു ഇന്ന് നമ്മോട് പറയുന്നു, “എന്നോട് പറ്റിനിൽക്കുക.’’
നിങ്ങൾക്ക് ദൈവത്തിൽ ആശ്രയിക്കാൻ കഴിയും
എന്റെ പൂച്ച മിക്കിക്ക് കണ്ണിൽ അണുബാധയുണ്ടായപ്പോൾ, ഞാൻ അവന്റെ കണ്ണുകളിൽ ദിവസവും തുള്ളിമരുന്ന് ഒഴിച്ചു. ഞാൻ അവനെ ബാത്ത്‌റൂം കൗണ്ടറിൽ വയ്ക്കുമ്പോൾ, അവൻ ഇരുന്ന്, പേടിച്ചരണ്ട കണ്ണുകളോടെ എന്നെ നോക്കി, ദ്രാവകം കണ്ണിലേക്കു വീഴാനായി സ്വയം ധൈര്യപ്പെട്ടു. ''നല്ല കുട്ടി,'' ഞാൻ പിറുപിറുക്കും. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവന് മനസ്സിലായില്ലെങ്കിലും, അവൻ ഒരിക്കലും ചാടിയില്ല, കരയുകയോ മാന്തുകയോ ചെയ്തില്ല. പകരം, അവൻ എന്നോടു കൂടുതൽ ചേർന്നിരിക്കും-പരിശോധനയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയെപ്പോലെ. എന്നെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.
9-ാം സങ്കീർത്തനം എഴുതിയപ്പോൾ, ദാവീദ് ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും അനുഭവിച്ചിട്ടുണ്ടാകും. ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിനായി അവൻ ദൈവത്തിങ്കലേക്ക് തിരിഞ്ഞു, ദൈവം അവനുവേണ്ടി പ്രവർത്തിച്ചു (വാ. 3-6). ദാവീദിന്റെ ആവശ്യസമയത്ത്, ദൈവം അവനെ നിരാശപ്പെടുത്തിയില്ല. തൽഫലമായി, അവൻ എങ്ങനെയുള്ളവനാണെന്ന് ദാവീദ് മനസ്സിലാക്കി-അവൻ ശക്തനും നീതിമാനും സ്‌നേഹവാനും വിശ്വസ്തനുമായിരുന്നു. അങ്ങനെ, ദാവീദ് അവനെ വിശ്വസിച്ചു. ദൈവം വിശ്വസ്തനാണെന്ന് അവനറിയാമായിരുന്നു.
തെരുവിൽ പട്ടിണി കിടക്കുന്ന ഒരു ചെറിയ പൂച്ചക്കുട്ടിയായി ഞാൻ മിക്കിയെ കണ്ടെത്തിയ രാത്രി മുതൽ അവനെ ഞാൻ പല രോഗങ്ങളിലും പരിചരിച്ചു. അവന് എന്നെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാം-അവന് മനസ്സിലാകാത്ത കാര്യങ്ങൾ ഞാൻ അവനോട് ചെയ്യുമ്പോൾ പോലും. സമാനമായി, ദൈവം നമ്മോടും അവന്റെ സ്വഭാവത്തോടുമുള്ള വിശ്വസ്തതയെ ഓർക്കുന്നത്, അവൻ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്തപ്പോൾ പോലും അവനിൽ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു. ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളിൽ നമുക്ക് ദൈവത്തിൽ വിശ്വസിക്കുന്നത് തുടരാം.
നമ്മുടെ പ്രത്യാശയുടെ നങ്കൂരം
ഒരു ഇടുങ്ങിയ ഇടവഴിയിൽ കാർഡ്‌ബോർഡ് കഷ്ണങ്ങൾകൊണ്ടു മറച്ച കൂരയ്ക്കു കീഴിൽ ഉറങ്ങുന്ന ആളുകളുടെ ചിത്രം ഞാൻ ഉയർത്തിപ്പിടിച്ചു. “അവർക്ക് എന്താണ് വേണ്ടത്?” ഞാൻ ആറാം ക്ലാസ്സിലെ സൺഡേസ്‌കൂൾ ക്ലാസ്സിൽ ചോദിച്ചു. ''ഭക്ഷണം,'' ആരോ പറഞ്ഞു. ''പണം,'' മറ്റൊരാൾ പറഞ്ഞു. ''ഒരു സുരക്ഷിത സ്ഥലം,'' ഒരു കുട്ടി ചിന്താപൂർവ്വം പറഞ്ഞു. അപ്പോൾ ഒരു പെൺകുട്ടി പറഞ്ഞു: “പ്രത്യാശ.”
''നല്ല കാര്യങ്ങൾ സംഭവിക്കുമെന്നുള്ള പ്രതീക്ഷയാണ് പ്രത്യാശ,'' അവൾ വിശദീകരിച്ചു. വെല്ലുവിളികൾ കാരണം, ജീവിതത്തിൽ നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാതിരിക്കുക എന്നത് എളുപ്പമായിരിക്കുമ്പോൾ, നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിനെക്കുറിച്ച് അവൾ സംസാരിച്ചത് എനിക്ക് രസകരമായി തോന്നി. എന്നിരുന്നാലും, എന്റെ വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിനോടു യോജിക്കുന്ന വിധത്തിലാണ് ബൈബിൾ പ്രത്യാശയെക്കുറിച്ച് സംസാരിക്കുന്നത്. ''നാം ആശിക്കുന്നതിന്റെ ഉറപ്പാണ് വിശ്വാസം'' (എബ്രായർ 11:1), യേശുവിൽ വിശ്വസിക്കുന്ന നമുക്ക് നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയും.
ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാവുന്ന ഈ ആത്യന്തികമായ നന്മ എന്താണ്?-“അവന്റെ സ്വസ്ഥതയിൽ പ്രവേശിക്കുന്നതിനുള്ള വാഗ്ദത്തം” (4:1). വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ സ്വസ്ഥതയിൽ, അവന്റെ സമാധാനം, രക്ഷയുടെഉറപ്പ്, അവന്റെ ശക്തിയിൽ ആശ്രയിക്കൽ, ഭാവിയിലെ സ്വർഗ്ഗീയ ഭവനത്തിന്റെ ഉറപ്പ് എന്നിവ ഉൾപ്പെടുന്നു. പ്രത്യാശ, ആവശ്യമുള്ള സമയങ്ങളിൽ നമുക്കു മുറുകെപ്പിടിക്കാവുന്ന നമ്മുടെ നങ്കൂരമാകുന്നതിന്റെ കാരണം, ദൈവത്തിന്റെ ഉറപ്പും യേശു പ്രദാനം ചെയ്യുന്ന രക്ഷയുമാണ് (6:18-20). ലോകത്തിന് തീർച്ചയായും പ്രത്യാശ ആവശ്യമാണ്, നല്ലതും മോശവുമായ സമയങ്ങളിലെല്ലാം, അവനാണ് അവസാന വാക്കെന്നും നമ്മെ പരാജയപ്പെടുത്തുകയില്ലെന്നും ഉള്ള ദൈവത്തിന്റെ സത്യവും ഉറപ്പുള്ളതുമായ ഉറപ്പാണത്. നാം അവനിൽ ആശ്രയിക്കുമ്പോൾ, അവൻ തന്റെ സമയത്തു നമുക്കായി എല്ലാം ശരിയാക്കുമെന്ന് നമുക്കറിയാം.
വിട്ടുകൊടുക്കുക
കീത്ത് ജോലി ചെയ്തിരുന്ന പുസ്തകശാലയുടെ ഉടമ അവധിക്ക് പോയിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ, എന്നാൽ അദ്ദേഹത്തിന്റെ സഹായിയായ കീത്ത് അപ്പോഴേക്കും പരിഭ്രാന്തനായിരുന്നു. പ്രവർത്തനങ്ങൾ സുഗമമായിരുന്നു, എന്നാൽ സ്റ്റോറിന്റെ മേൽനോട്ടം വഹിക്കുന്ന ജോലി താൻ നന്നായി ചെയ്യുന്നില്ലെന്ന് കീത്ത് ആശങ്കാകുലനായിരുന്നു. ഭ്രാന്തമായ രീതിയിൽ, അവൻ തനിക്കാവുന്നതെല്ലാം സൂക്ഷ്മമായി കൈകാര്യം ചെയ്തു.
“ഇത് നിർത്തൂ,” അവസാനം അവന്റെ ബോസ് ഒരു വീഡിയോ കോളിലൂടെ അവനോട് പറഞ്ഞു. “ഞാൻ നിനക്ക് ദിവസവും ഇമെയിലിൽ അയയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് നീ ചെയ്യേണ്ടത്. വിഷമിക്കേണ്ട, കീത്ത്. ഭാരം നിന്റെ മേലല്ല; അത് എന്റെ മേലാണ്.”
മറ്റു രാജ്യങ്ങളുമായുള്ള യുദ്ധത്തിന്റെ കാലത്ത്, യിസ്രായേലിന് ദൈവത്തിൽ നിന്ന് സമാനമായ ഒരു വാക്ക് ലഭിച്ചു: “മിണ്ടാതിരിക്കുക” (സങ്കീർത്തനം 46:10). “ശ്രമിക്കുന്നത് നിർത്തുക,” എന്നാണവൻ പറഞ്ഞത്. “ഞാൻ പറയുന്നത് പിന്തുടരുക. ഞാൻ നിങ്ങൾക്കുവേണ്ടി പോരാടും.” യിസ്രായേലിനോട് നിഷ്‌ക്രിയരായിരിക്കാനോ സംതൃപ്തരായിരിക്കാനോ ആയിരുന്നില്ല പറഞ്ഞത്, മറിച്ച് സജീവമായി മിണ്ടാതിരിക്കുന്നു, നിശ്ചലമായിരിക്കുക-സാഹചര്യത്തിന്റെ നിയന്ത്രണവും അവരുടെ പ്രയത്‌നങ്ങളുടെ ഫലവും ദൈവത്തിനു വിട്ടുകൊടുക്കുന്നതിലൂടെ വിശ്വസ്തതയോടെ ദൈവത്തെ അനുസരിക്കുകയാണു വേണ്ടത്.
നാമും അങ്ങനെ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു. നാം വിശ്വസിക്കുന്ന ദൈവം ലോകത്തിന്റെ മേൽ പരമാധികാരിയായതിനാൽ നമുക്കത് ചെയ്യാൻ കഴിയും. ''അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി''എങ്കിൽ ''ഭൂമിയുടെ അറ്റം വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യാൻ'' അവനു കഴിയുമെങ്കിൽ (വാ. 6, 9), തീർച്ചയായും നമുക്ക് അവന്റെ സങ്കേതത്തിന്റെയും ശക്തിയുടെയും സുരക്ഷിതത്വത്തിൽ നമുക്കാശ്രയിക്കാം (വാ. 1). നമ്മുടെ ജീവിതത്തിന്റെ മേലുള്ള നിയന്ത്രണത്തിന്റെ ഭാരം നമ്മുടെ മേലല്ല - അത് ദൈവത്തിന്റെമേലാണ്.
എന്താണ് എന്റെ ഉദ്ദേശ്യം?
“ഞാൻ ഒരു പ്രയോജനവും ഇല്ലാത്തവനെന്ന് എനിക്കു തോന്നി,” ഹാരോൾഡ് പറഞ്ഞു. “വിഭാര്യനും വിരമിച്ചവനും, മക്കൾ അവരുടെ സ്വന്തം കുടുംബങ്ങളുമായി തിരക്കിലാണ്,ഉച്ചതിരിഞ്ഞുള്ള ഏകാന്ത സമയങ്ങളിൽ ഞാൻ ചുവരിലെ നിഴലുകളെ നോക്കിയിരിക്കുന്നു.” “എനിക്ക് പ്രായമായി, ജീവിതം പൂർണ്ണ അളവിൽ ജീവിച്ചു. എനിക്ക് ഇനി ഒരു ലക്ഷ്യവുമില്ല. ദൈവം എന്നെ എപ്പോൾ വേണമെങ്കിലും കൊണ്ടുപോകാം,” അദ്ദേഹം പലപ്പോഴും തന്റെ മകളോട് പറയുമായിരുന്നു.
എന്നിരുന്നാലും, ഒരു ഉച്ചകഴിഞ്ഞ്, ഒരു സംഭാഷണം ഹരോൾഡിന്റെ മനസ്സിനെ മാറ്റി. “എന്റെ അയൽക്കാരന് അവന്റെ മക്കളുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞാൻ അവനുവേണ്ടി പ്രാർത്ഥിച്ചു,” ഹരോൾഡ് പറഞ്ഞു. ''പിന്നീട്, ഞാൻ അവനുമായി സുവിശേഷം പങ്കുവെച്ചു. അങ്ങനെയാണ് എനിക്ക് ഇപ്പോഴും ഒരു ഉദ്ദേശ്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്! യേശുവിനെക്കുറിച്ച് കേൾക്കാത്ത ആളുകൾ ഉള്ളിടത്തോളം, ഞാൻ അവരോട് രക്ഷകനെക്കുറിച്ച് പറയണം.''
അവരുടെ ദൈനംദിന, സാധാരണ കൂടിക്കാഴ്ചയിൽ ഹാരോൾഡ് തന്റെ വിശ്വാസം പങ്കുവെച്ചപ്പോൾ അയൽക്കാരന്റെ ജീവിതം മാറി. 2 തിമൊഥെയൊസ് 1-ൽ, അപ്പൊസ്തലനായ പൗലൊസ് മറ്റൊരു വ്യക്തിയുടെ ജീവിതം - തന്റെ യുവ സഹപ്രവർത്തകനായ തിമൊഥെയൊസിന്റെ ജീവിതം - മാറ്റാൻ ദൈവം ഉപയോഗിച്ച രണ്ട് സ്ത്രീകളെ പരാമർശിക്കുന്നു: തിമൊഥെയൊസിന്റെ മുത്തശ്ശി ലോവീസും അവന്റെ അമ്മ യൂനീക്കയും. ഒരു “നിർവ്യാജ വിശ്വാസം” അവർ അവനു കൈമാറി (വാ. 5). ഒരു സാധാരണ വീട്ടിലെ ദൈനംദിന സംഭവങ്ങളിലൂടെ, യുവാവായ തിമൊഥെയൊസ് ഒരു നിർവ്യാജ വിശ്വാസം പഠിച്ചു. അത് യേശുവിന്റെ വിശ്വസ്ത ശിഷ്യനായുള്ള അവന്റെ വളർച്ചയെയും ഒടുവിൽ എഫെസൊസിലെ സഭയുടെ നേതാവെന്ന നിലയിലുള്ള അവന്റെ ശുശ്രൂഷയെയും രൂപപ്പെടുത്തി.
നമ്മുടെ പ്രായമോ പശ്ചാത്തലമോ സാഹചര്യമോ എന്തുമാകട്ടെ, നമുക്ക് ഒരു ഉദ്ദേശ്യമുണ്ട് - യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറയുക എന്ന ഉദ്ദേശ്യം.