ഒന്നും മിണ്ടാതെ വായടച്ചിരിക്കുന്നിടത്തോളം കാലം ഒരു തെറ്റും ഉണ്ടാകില്ല എന്ന് ഞാൻ സ്വയം പറഞ്ഞു. എന്റെ ഒരു സഹപ്രവർത്തക പറഞ്ഞത് തെറ്റിദ്ധരിച്ചിട്ട് ഞാൻ രോഷം കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ എന്നും കാണേണ്ടവരായിരുന്നത് കൊണ്ട്, അത്യാവശ്യത്തിന് മാത്രം സംസാരിച്ചാൽ മതി എന്ന് ഞാൻ തീരുമാനിച്ചു (ഇത് എന്റെ ഒരു നിശബ്ദമായ പ്രതികാരം ആയിരുന്നു). നിശബ്ദമായ പെരുമാറ്റം എങ്ങനെ തെറ്റാകും?

യേശു പറഞ്ഞത് പാപം ആരംഭിക്കുന്നത് ഹൃദയത്തിലാണെന്നാണ് (മത്തായി 15:18-20). ഞാൻ മിണ്ടാതിരിക്കുന്നത് വഴി കുഴപ്പമൊന്നുമില്ല എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാകും, എന്നാൽ ദൈവത്തെ കബളിപ്പിക്കാനാകില്ലല്ലോ. കോപം നിറഞ്ഞ ഒരു ഹൃദയം ഞാൻ ഒളിച്ച് വെച്ചിരിക്കുകയാണെന്ന് ദൈവത്തിനറിയാമായിരുന്നു. ഹൃദയം ദൂരത്ത് വെച്ചിട്ട് അധരം കൊണ്ട് ദൈവത്തെ ആദരിക്കുന്ന പരീശന്മാരെപ്പോലെയായിരുന്നു ഞാനും (വാ. 8). എന്റെ പ്രകടനങ്ങളിൽ കാണപ്പെട്ടില്ലെങ്കിലും ഹൃദയത്തിൽ കയ്പ് നിറഞ്ഞിരിക്കുകയായിരുന്നു. സ്വർഗീയ പിതാവിനോട് എനിക്കുണ്ടായിരുന്ന അടുപ്പവും സന്തോഷവും നഷ്ടപ്പെട്ടിരുന്നു. ഇത് പാപത്തെ മറയ്ക്കുന്നതിന്റെയും താലോലിക്കുന്നതിന്റെയും ഫലം!

ദൈവം കൃപ ചെയ്തതുകൊണ്ട്, എനിക്ക് ആ സഹപ്രവർത്തകയോട് എന്റെ ഹൃദയം പകരാനും ക്ഷമ ചോദിക്കാനും കഴിഞ്ഞു. അവൾ ദയാപൂർവ്വം എന്നോട് ക്ഷമിച്ചു, പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

“ദുഷ്ചിന്ത… ഹൃദയത്തിൽ നിന്ന് പുറപ്പെട്ടു വരുന്നു” (വാ.19) എന്നാണ് യേശു പറഞ്ഞത്. നമ്മുടെ ഹൃദയത്തിന്റെ സ്ഥിതി വളരെ പ്രധാനപ്പെട്ടതാണ്; കാരണം ഹൃദയത്തിൽ തിന്മ വസിച്ചാൽ അത് ജീവിതത്തിൽ പ്രകടമാകും. നമ്മുടെ ആന്തരികവും ഭൗതികവുമായ സ്ഥിതി നല്ലതായിരിക്കണം.